ADVERTISEMENT

ഗാഢനിദ്രയിലായിരുന്ന ശ്രേയയും ഫാത്തിമയും ഞെട്ടി ഉണർന്നു. "എന്താ ... ആരാ?" ചോദിച്ചുകൊണ്ട് ശ്രേയ ചാടി എഴുന്നേറ്റു. ഒപ്പം ഫാത്തിമയും.

"എടീ.. ഞാൻ മഹിയാ.തനുജ എവിടെ? അവളെ വിളിക്ക്. ഉടനെ പോകണം." മഹേന്ദ്രൻ ധൃതിവച്ചു.

 

"അയ്യോ തനുജ എവിടെ? ഞങ്ങൾ ഒന്നിച്ചാ ഉറങ്ങാൻ കിടന്നത്"

 

"അവളിത് എവിടെ പോയി?" ഫാത്തിമ ചുറ്റും നോക്കി.

 

"വെളിയിലേയ്ക്ക് എങ്ങാനും ഇറങ്ങിയതാവും. നിങ്ങളൊന്ന് നോക്ക്. നേരം പുലരും മുൻപ് ക്ഷേത്രത്തിൽ എത്തിയില്ലെങ്കിൽ കഷ്ടപെട്ടതെല്ലാം വെറുതെയാവും. ഞാൻ അവൻമാരെ കൂടി വിളിക്കാം"

 

മഹി വെളിയിലേയ്ക്ക് ഇറങ്ങി.

 

e-novel-nagayekshi-chapter-19-special-image

"തനു... നീ ഇത് എവിടാ... ദാ മഹി വന്നിട്ടുണ്ട്."

 

പറഞ്ഞുകൊണ്ട് ശ്രേയയും ഫാത്തിമയും പിന്നാലെ ഇറങ്ങി വന്നു.

 

കൈയ്യിലുണ്ടായിരുന്ന പെൻടോർച്ചിന്റെ വെളിച്ചത്തിൽ കുടിലിനു ചുറ്റും നടന്ന് അവർ തനുജയെ വിളിച്ചു. ഒരു പ്രതികരണവും ഉണ്ടായില്ല.

 

"അവള് ഈ രാത്രിയിൽ മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഇതെങ്ങോട്ടു പോയി?" ശ്രേയ ദേഷ്യപ്പെട്ടു.

 

"ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോ തോന്നുന്നു. സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങിയിട്ടു തന്നെ ദിവസങ്ങളായി. കണ്ണടച്ചാൽ ദു:സ്വപ്നങ്ങളാ. മരണവും സെമിത്തേരീം ഒക്കെയാ എപ്പോഴും കാണുന്നത്.പപ്പയ്ക്ക് എന്തോ അപകടം പറ്റീന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നു."

 

ഫാത്തിമയുടെ കൈകളിൽ ഇറുകെ പിടിച്ചു കൊണ്ട് ശ്രേയ നെടുവീർപ്പെട്ടു.

 

"ഞാനും ഇങ്ങനെയുള്ള സ്വപ്നങ്ങൾ മാത്രമാ ഇപ്പോ കാണുന്നത്. നിങ്ങളൊക്കെ ദേഷ്യപ്പെടുമല്ലോ എന്നു വിചാരിച്ചാ ഞാൻ ഒന്നും പറയാതിരുന്നത്. എന്തായാലും എനിക്ക് മടുത്തു.വന്നകാര്യം നടന്നാലും ഇല്ലെങ്കിലും നേരം വെളുത്താലുടൻ നമുക്ക് തിരിച്ചു പോകണം. ഫയാസും സച്ചിനും നമ്മുടൊപ്പം വരും. മഹേന്ദ്രനും തനുജയും വരുന്നില്ലെങ്കിൽ വരണ്ട." ഫാത്തിമ ശ്രേയയെ നോക്കി.

 

"നീ വാ... എന്തിനും നേരം വെളുക്കട്ടെ. തനുജ എന്തൊരു പണിയാ ഈ കാണിച്ചത്.ആരോടും മിണ്ടാതെ അവളിത് എവിടെ പോയി. ഈ നട്ടപ്പാതിരയ്ക്ക് എവിടെപ്പോയി തിരക്കാനാ?" പറഞ്ഞു കൊണ്ട് ശ്രേയ തിരിഞ്ഞു നടന്നു. ഒപ്പം ഫാത്തിമയും.

 

"തനുജയെ കണ്ടോ?" മഹേന്ദ്രൻ ഓടി അവർക്കടുത്ത് എത്തി.

 

"ഇല്ല..." ശ്രേയ മഹേന്ദ്രനെ നോക്കി.

 

"അവൾക്ക് എന്തെങ്കിലും അപകടം പറ്റിക്കാണുമോ?" ഫയാസ് ചുറ്റും നോക്കി.

 

"ഈ രാത്രി ഇനി എവിടെച്ചെന്ന് അന്വേഷിക്കും? നേരം വെളുത്തിട്ട് നോക്കാം.അല്ലെങ്കിൽ നമ്മളും കൂടെ അപകടത്തിൽ പെടും"

 

സച്ചിൻ മഹേന്ദ്രനെ നോക്കി.

 

"ങാ... അതു മതി. അല്ലെങ്കിൽ തന്നെ ആരോടും പറയാതെ ഇറങ്ങി പോയതല്ലേ... അതു പോട്ടെ.. നമുക്ക് കളയാൻ സമയമില്ല. ഞാൻ പറഞ്ഞില്ലേ. സ്വർണ്ണവിഗ്രഹം ഞാൻ കണ്ടു. ഒരു കന്യകയ്ക്കു മാത്രമേ അത് എടുക്കാൻ പറ്റൂ... നിങ്ങളിൽ ആരെങ്കിലും എന്റെ ഒപ്പം വരണം. സൂര്യോദയത്തിനു മുമ്പ് വിഗ്രഹവുമായി നമുക്ക് കാടിറങ്ങണം. അല്ലെങ്കിൽ അപകടമാ.."

 

ശ്രേയയും ഫാത്തിമയും പരസ്പരം നോക്കി.

 

"എനിക്കു പേടിയാ... ഞാൻ വരില്ല" സച്ചിനടുത്തേയ്ക്ക് നീങ്ങി നിന്നുകൊണ്ട് ശ്രേയ പറഞ്ഞു."

 

"എനിക്കും പേടിയാ.." ഫാത്തിമയും പിന്നിലേയ്ക്ക് മാറി.

 

"ഈ മിഷന് ഇറങ്ങി പുറപ്പെടുമ്പോൾ ആർക്കും ഈ പേടി ഇല്ലായിരുന്നല്ലോ. എന്തുവന്നാലും ഒന്നിച്ച് നേരിട്ടേ പറ്റൂ... ഇനി കുറച്ചു മണിക്കൂറുകൾ കൂടിയേ ഉള്ളു. അതിനകം വിഗ്രഹവുമായി കാടിറങ്ങണം.അല്ലെങ്കിൽ.... ആരും ഈ കാടുവിട്ട് ജീവനോടെ പുറത്തു കടക്കില്ല" പറഞ്ഞിട്ട് മഹേന്ദ്രൻ മുൻപോട്ടു നടന്നു.

 

"വാ.. നമുക്കും പോകാം. വരുന്നതു വരട്ടെ..." ഫയാസ് മറ്റുള്ളവരെ നോക്കി. മഹേന്ദ്രനു പിന്നാലെ നാലുപേരും നിലവറ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.

 

******

 

ഈ സമയം തനുജയുമായി തന്റെ കുടിലിൽ എത്തിയിരുന്നു ചെമ്പരത്തി. പെൻടോർച്ചിന്റെ വെളിച്ചം മരങ്ങൾക്കിടയിലൂടെ കണ്ട തനുജ ചെമ്പരത്തിയെ നോക്കി.

 

"ദാ... എല്ലാവരും ഉണർന്നെന്നു തോന്നുന്നു. എന്നെ തിരക്കുകയാവും. എനിക്ക് പോകണം"

 

"പറ്റില്ല... നിന്റെ ജീവൻ അപകടത്തിലാണ്" ചെമ്പരത്തി തനുജയെ നോക്കി.

 

"എന്നെ സംരക്ഷിക്കാൻ നീ ആരാ...എന്റെ കൂട്ടുകാരാ അവർ. അവരെ അപകടപ്പെടുത്തിയിട്ട് എനിക്ക് രക്ഷപെടണ്ട. ഞാൻ പോകും."

 

പറഞ്ഞു കൊണ്ട് തനുജ വാതിലിനടുത്തേയ്ക്ക് നടന്നു. പെട്ടന്ന് അഞ്ചു തലയുള്ള കരിനാഗം ഫണം വിരിച്ച് മുൻപോട്ട് ആഞ്ഞു.

 

തനുജ തറഞ്ഞു നിന്നു.

 

"അവിടെ ഇരുന്നോളൂ കുട്ടീ... ഇന്നു മുതൽ ഇവനാണ് നിന്റെ കാവൽക്കാരൻ..." തനുജ പകപ്പോടെ ചെമ്പരത്തിയെ നോക്കി.

 

ചെമ്പരത്തി തനുജയുടെ അടുത്തേയ്ക്കു വന്നു.

 

"നിങ്ങൾ ആറുപേരും കൂടി ഈ കാട്ടിൽ എത്തിയത് എന്തിനാണെന്ന് എനിക്കറിയാം.അത് നടക്കില്ല. നിങ്ങൾക്ക് അത് കുറച്ചു സ്വർണ്ണത്തിൽ തീർത്ത വിഗ്രഹം മാത്രമായിരിക്കും... പക്ഷേ ഞങ്ങൾക്ക് അത് ജീവനാണ്. ആ വിഗ്രഹം അവിടുന്ന് മാറ്റിയാൽ ഈ നാടിന്റെ നിലനിൽപു തന്നെ ഇല്ലാതാവും. നാഗ ലോകത്തേയ്ക്ക് പ്രവേശിക്കാനുള്ള വഴിയാണത്. വിഗ്രഹത്തിൽ ചുറ്റി ശീഷ നാഗം കിടക്കുന്നതുകൊണ്ടാണ് ഉഗ്ര വിഷമുള്ള സർപ്പങ്ങൾ ഭൂമിയിലേയ്ക്ക് കടക്കാത്തത്നി. നിങ്ങൾ പറയുന്നതൊക്കെ ശരിയായിരിക്കും. ഞങ്ങളെ ഉപദ്രവിക്കാതെ വിട്ടു കൂടേ... അവരെ കാര്യങ്ങൾ പറഞ്ഞ് ഞാൻ മനസ്സിലാക്കാം. ഞങ്ങൾ തിരിച്ചു പൊയ്ക്കോളാം" തനുജ ചെമ്പരത്തിയെ നോക്കി.

 

"സാധ്യമല്ല കുട്ടീ.. ഇന്നലെ വരെ നിങ്ങൾക്ക് മടങ്ങി പോകാൻ സമയമുണ്ടായിരുന്നു. ഇനി പറ്റില്ല. ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ എല്ലാവരും അനുഭവിക്കണം.ക്ഷണിക്കപ്പെടാതെ ഇവിടേയ്ക്കു വന്ന് ഞങ്ങളുടെ സ്വസ്ഥത നശിപ്പിച്ചവരാണ് നിങ്ങൾ. നാഗ ലോകത്തിന്റെ മുഴുവൻ ശാപവും ഏറ്റുവാങ്ങിയവർ... നിങ്ങൾ ശിക്ഷ അനുഭവിക്കും. എല്ലാവരുടെയും കുടുംബങ്ങളിൽ പടു മരണം സംഭവിക്കും. നിങ്ങളുടെ വംശം തന്നെ നശിച്ചുപോകും." ചെമ്പരത്തി കിതച്ചു കൊണ്ട് തിരിഞ്ഞു.

 

"പക്ഷേ നിനക്കു മാത്രം മരണശിക്ഷ ലഭിക്കില്ല. കാരണം നാഗങ്ങളെ തലമുറകളായി പൂജിക്കുന്നവരാണ് നിന്റെ കുടുംബക്കാർ. നൂറും പാലും തന്ന് കാത്തു പരിപാലിക്കുന്നവരെ ഉപദ്രവിക്കാൻ നാഗങ്ങൾക്ക് ആവില്ല. നീ ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് നിന്റെ കൂട്ടുകാർക്ക് ഇതുവരെ അപകടം ഉണ്ടാവാതിരുന്നത്." പറഞ്ഞു കൊണ്ട് ചെമ്പരത്തി മുറ്റത്തേയ്ക്ക് ഇറങ്ങി. വിങ്ങിപ്പൊട്ടി കരഞ്ഞുകൊണ്ട് തനുജ തറയിലേയ്ക്ക് ഇരുന്നു. കാവലായി കരിമൂർഖനും.

 

****

സമയം വെളുപ്പിന് രണ്ടു മണി. നെടുമ്പാശേരി എയർപോർട്ടിലെ പാർക്കിങ്ങ് ഏരിയയിൽ അക്ഷമയോടെ കാത്തു നിൽക്കുകയാണ് എ.സി. പി. ആന്റണി തേവക്കൻ. ഇന്നലെ മുംബൈക്കു പോയ കബനീ ദേവി രഹസ്യമായി മടങ്ങിവരുന്നു. അവരെ പിക്ക് ചെയ്യാൻ വന്നതാണ് എ.സി. പി. ഈ സഹായത്തിന് പ്രത്യുപകാരമായി കബനീ ദേവി ഓഫർ ചെയ്തിരിക്കുന്നത് കോടികൾ വിലമതിക്കുന്ന ഒരു ബംഗ്ലാവാണ്.

 

ജീൻസും സ്ലീവ് ലെസ് ടോപ്പും ധരിച്ച് തലയിലൂടെ ഒരു സ്കാർഫ് ചുറ്റി കൂളിംഗ് ഗ്ലാസ്സും വച്ച് കൈയ്യിൽ ഒരു വാനിറ്റി ബാഗുമായി വന്ന കബനീ ദേവി കാറിന്റെ ഡോർ തുറന്ന് അകത്തേയ്ക്ക് കയറി. പെട്ടെന്ന് മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങി.

 

"ഹലോ.. സാർ.. പോകാം.." കബനീ ദേവി എ.സി.പി.യെ നോക്കി

 

"പോകാം..." പറഞ്ഞു കൊണ്ട് എ.സി.പി. കാർ മുൻ പോട്ടെടുത്തു.

 

സീറ്റിലേയ്ക്കു ചാരി കണ്ണുകളടച്ച് കബനീദേവി ഇരുന്നു. കനത്ത മഴയത്ത് വിജനമായ സീപോർട്ട് – എയർപോർട്ട് റോഡിലൂടെ കാർ ഓടിക്കൊണ്ടിരുന്നു. ആലുവ പുഴയ്ക്കു കുറുകെയുള്ള പാലത്തിലേയ്ക്ക് കാർ കയറിയതും ഭാരമുള്ള എന്തോ വസ്തു വണ്ടിയുടെ മുകളിലേയ്ക്കു വീണതുപോലെ ഒരു ശബ്ദമുണ്ടായി. ഒപ്പം വണ്ടി ഒന്നു കുലുങ്ങി.

 

മയക്കത്തിലായിരുന്ന കബനീ ദേവി ഞെട്ടി ഉണർന്നു

 

"എന്താ... സാർ?"

 

പെട്ടെന്ന് അഞ്ചു തലയുള്ള മൂർഖൻ കാറിന്റെ ബോണറ്റിലേയക്ക് ഇഴഞ്ഞിറങ്ങി.

 

"അയ്യോ..." കബനീ ദേവി അലറി വിളിച്ചു.

 

കരിമൂർഖൻ ഗ്ലാസിലേയ്ക്ക് ആഞ്ഞു കൊത്തി.

 

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്റെ കൈവരി തകർത്തു കൊണ്ട് ആലുവ പുഴയിലേക്ക് മറിഞ്ഞു

 

****

 

ഒരു വലിയ ഉരുളിയിൽ മഞ്ഞളും ചുണ്ണാമ്പും പച്ചില ചാറുകളും നിറച്ച വെള്ളം ചെമ്പരത്തി ഒരുക്കി വച്ചു. അടുത്തായി ഒരു കളം വരച്ച് ചുറ്റിനും ചിരാതുകൾ നിരത്തി. തേനും മഞ്ഞളും പച്ചമരുന്നുകളും കാട്ടുപൂക്കളും പല കൂടകളിലായി കൊണ്ടു വച്ചു.ഉരുളിയുടെ മുമ്പിലായി ഒരും തടുക്കും ഇട്ടു.

 

"കുട്ടി വരൂ..." വാതിൽക്കലേയ്ക്കു വന്ന ചെമ്പരത്തി തനുജയെ വിളിച്ചു.

 

തനുജ പിടഞ്ഞെഴുനേറ്റു. കണ്ണും മുഖവും തുടച്ചു കൊണ്ട് ചെമ്പരത്തിയുടെ അടുത്തേയ്ക്കു വന്നു. പിന്നാലെ കരിനാഗവും.

 

"വേഗം താമരക്കുളത്തിൽ പോയി മുങ്ങി കുളിച്ചു വാ.. ഈ ചേല ചുറ്റി വേണം കുളിക്കാൻ. എന്നിട്ട് ഈറനോടെ വന്ന് ഈ തടുക്കിൽ ഇരിക്കണം." കൈയ്യിൽ കരുതിയിരുന്ന ചേല തനുജയുടെ കൈയ്യിലേയ്ക്ക് കൊടുത്തുകൊണ്ട് ചെമ്പരത്തി പറഞ്ഞു.

 

പകപ്പോടെ തനുജ ചെമ്പരത്തിയെ നോക്കി. ചെമ്പരത്തി തിരിഞ്ഞു നടന്നു. തനുജയെ ഒന്നു നോക്കിയിട്ട് കരിനാഗം മുൻപോട്ട് ഇഴഞ്ഞു.

 

പിന്നാലെ ഒരു സ്വപ്നാടകയെപ്പോലെ തനുജയും.

****

 

മഹേന്ദ്രനും കൂട്ടരും നിലവറ വാതിൽക്കൽ എത്തി. തുറന്നു കിടന്ന വാതിലിലൂടെ അവർ അകത്തെത്തി. വിന്ധ്യാവലിയും നാഗരാജനും മാരിയും മാത്രമേ ക്ഷേത്രത്തിൽ ഉണ്ടായിരുന്നുള്ളു. കാവൽ നിന്നിരുന്ന നാഗങ്ങളൊന്നും അവിടെ ഇല്ലായിരുന്നു. അഞ്ചു തലയുള്ള നാഗ വിഗ്രഹം കണ്ട് എല്ലാവരുടെയും കണ്ണു തള്ളി. മഹേന്ദ്രൻ ഒരു വിജയിയെപ്പോലെ തല ഉയർത്തി നിന്നു. പെട്ടന്ന് ഒരു ഹുങ്കാരശബ്ദത്തോടെ നിലവറ വാതിൽ അടഞ്ഞു. മഹേന്ദ്രനും കൂട്ടുകാരും ഞെട്ടലോടെ തിരിഞ്ഞു. വിഗ്രഹത്തിൽ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഗുഹയിൽ പരന്നു .ഉന്മാദം പിടിപെട്ടവളെ പോലെ വിന്ധ്യാവലി ഉറക്കെ ചിരിക്കാൻ തുടങ്ങി. നാലു ചുറ്റിൽ നിന്നും നാഗങ്ങളുടെ സീൽക്കാര ശബ്ദം ഉയർന്നു.

 

 

(തുടരും)

 

 

 

English Summary: E - Novel Nagayekshi - Chapter 19