ADVERTISEMENT

നാഗരാജാവിന്റെ സ്വർണ്ണവിഗ്രഹത്തിനു മുമ്പിലിരുന്ന സ്വർണ്ണ ഉരുളിയിലെ ഔഷധക്കൂട്ടിൽ ഒരു തിരയിളക്കം ഉണ്ടായി. എല്ലാവരും അതിലേക്ക് നോക്കി.

കത്തിച്ചു വച്ച മൺചിരാതുകൾക്കു നടുവിൽ വരച്ച കളത്തിൽ ഈറൻ ചേല ചുറ്റി ഇരിക്കുന്ന തനുജയെ അവർ കണ്ടു. തനുജയുടെ മുൻപിൽ ഒരു ഹോമകുണ്ഡം ഒരുക്കിയിട്ടുണ്ട്. അടുത്തായി ഒരു ഓട്ടുരുളിയിൽ ഔഷധക്കൂട്ട്. ഇടതും വലതുമായി അഞ്ചു തലയുള്ള കരിനാഗവും ചെമ്പരത്തിയും.

കണ്ണുകളടച്ച് കൈകൂപ്പി ധ്യാനിച്ചിരിക്കുകയാണ് തനു.

 

"ഇവൾ ... ഇവളിത് എന്തൊക്കെയാ ചെയ്യുന്നത്?"

മഹേന്ദ്രൻ അമ്പരപ്പോടെ വിന്ധ്യാവലിയെ നോക്കി.

 

''ഇനി ഈ നിലവറ ക്ഷേത്രത്തിലെ പൂജകൾ ചെയ്യേണ്ടത് ഇവളാണ്. കന്യകമാരാണ് ഇവിടെ പൂജ ചെയ്യുന്നത്. അതിന് വിധിയുള്ളവർ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും സമയമാവുമ്പോൾ ഇവിടെ എത്തിച്ചേരും."

ഔഷധക്കൂട്ടിൽ തെളിഞ്ഞ തനുജയുടെ രൂപത്തിലേയ്ക്ക് നോക്കിക്കൊണ്ട് വിന്ധ്യാവലി പറഞ്ഞു.

 

''അതിന് തനുജയ്ക്ക് പൂജ ചെയ്യാൻ അറിയില്ലല്ലോ?.നിങ്ങളുടെ ആളുകളല്ലേ ഇവിടെ പൂജചെയ്യുന്നത്?''

മഹേന്ദ്രൻ വിന്ധ്യാവലിയെ നോക്കി.

 

''അല്ല... ഈ കാട്ടിലുള്ളവർക്ക് ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശനം ഇല്ല. എല്ലാ വർഷവും കന്നിമാസത്തിലെ ആയില്യം നാളിൽ നിലവറ വാതിൽ തുറക്കും. അന്ന് ഈ കാട്ടിലുള്ളവർക്ക് വിഗ്രഹം ദർശിക്കാം. മറ്റു ദിവസങ്ങളിൽ പൂജ ചെയ്യുന്നതും അതിനു വേണ്ട ഒരുക്കുകൾ തയ്യാറാക്കുന്നതും കന്യകയായ പെൺകുട്ടിയാണ്. പെൺകുട്ടിക്ക് അശുദ്ധിയുള്ളപ്പോൾ പൂജ ഉണ്ടാവില്ല."

പറഞ്ഞു കൊണ്ട് വിന്ധ്യാവലി ഉരുളിയിലേയ്ക്ക് നോക്കി.

 

തനുജ പതിയെ കണ്ണുതുറന്നു.

"തനുജ വിചാരിച്ചാൽ ഞങ്ങളെ രക്ഷിക്കാൻ പറ്റില്ലേ?''

 

സച്ചിൻ വിന്ധ്യാവലിയെ നോക്കി.

"തനുജ ഇനി അങ്ങനെവിചാരിക്കില്ല. ഇപ്പോൾ അവൾ നാഗരാജാവിന്റെ പ്രതിരൂപമാണ്. നാഗമന്ത്രങ്ങളും പൂജാവിധികളും മാത്രമേ അവളുടെ ചിന്തയിൽ ഉണ്ടാവൂ." പറഞ്ഞു കൊണ്ട് വിന്ധ്യാവലി നാഗരാജന്റെ അടുത്തേക്കു വന്നു. നാഗരാജന്റെ കാൽക്കൽ വീണ് വിന്ധ്യാവലി പൊട്ടിക്കരഞ്ഞു.

''നാഗപൂജ ചെയ്യുന്ന ഒരു കന്യകയ്ക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പിഴവാണ് എനിക്കു പറ്റിയത്. ഞാൻ കാരണം അപ്പായ്ക്ക് ഈ ദുർവിധി ഉണ്ടായി. എന്നോട് ക്ഷമിക്കണേ അപ്പാ....''

 

''സാരമില്ല മോളേ... എല്ലാം വിധിയാ.. ഇനി വരുന്നതൊക്കെ അനുഭവിക്കാം അല്ലാതെ എന്തുചെയ്യും?''

നാഗരാജൻ വിന്ധ്യാവലിയെ പിടിച്ച് എഴുന്നേൽപ്പിച്ചു. രക്ഷപെടാനുള്ള ഒരു പഴുതിനായി മഹേന്ദ്രൻ ചുറ്റും കണ്ണോടിച്ചു.

 

സച്ചിനും ശ്രേയയും ഫയാസും ഫാത്തിമയും ഭയന്നു വിറച്ച് നിൽക്കുകയാണ്. എഴുന്നേൽക്കാൻ പോലും ശക്തി ഇല്ലാതെ ഒരു മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുകയാണ് മാരി. തനുജ ഹോമകുണ്ഡത്തിലേയ്ക്ക് തീ പകർന്നു. നാലു ഭാഗത്തുനിന്നും നാഗങ്ങളുടെ സീൽക്കാരം ഉയർന്നു. പെട്ടെന്ന് നിലവറ ക്ഷേത്രത്തിനുള്ളിലെ വിളക്കുകൾ തെളിഞ്ഞു. നാഗരാജാവിന്റെ വിഗ്രഹത്തിൽ ചുറ്റിക്കിടന്ന ശീഷനാഗം വിഗ്രഹത്തിനടിയിലേയ്ക്ക് ഇഴഞ്ഞു പോയി.

സീൽക്കാര ശബ്ദങ്ങളും നിലച്ചു. മഹേന്ദ്രൻ ആശ്വാസത്തോടെ കൂട്ടുകാരെ നോക്കി. ഹോമകുണ്ഡത്തിലേയ്ക്ക് മരുന്നു കൂട്ടുകൾ ഇട്ട് നാഗമന്ത്രങ്ങൾ ചൊല്ലുകയാണ് തനുജ. വിന്ധ്യാവലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. നാഗമന്ത്രങ്ങൾ ചൊല്ലാൻ വന്ധ്യാവലി ശ്രമിച്ചു. എല്ലാം മറന്നു പോയിരിക്കുന്നു. ഒന്നും ഓർത്തെടുക്കാനും കഴിയുന്നില്ല.

 

പക്ഷേ....

മൂന്നു വയസുള്ള ഒരു കുട്ടിയുടെ ചിത്രം അവളുടെ മനസ്സിൽ തെളിഞ്ഞ വന്നു. നാഗപൂജയും വച്ചാരാധനയും ഉള്ള ഒരു പഴയ എട്ടുകെട്ട് തറവാട്.

മുറ്റത്തും തൊടിയിലും ഓടിക്കളിക്കുന്ന മൂന്നു വയസ്സുകാരി അനുജ ഭട്ടതിരി. അവളുടെ ഒരു വയസ്സുള്ള അനുജത്തി തനുജ ഭട്ടതിരി .

പരമഭക്തരായ മുത്തശ്ശിയും അമ്മയും. നാഗാരാധനയിലൊന്നും താല്പര്യമില്ലാതിരുന്ന അച്ഛൻ. തനുജയെ മുത്തശ്ശിയെ ഏൽപ്പിച്ചിട്ട് അച്ഛനും അമ്മയും അനുജയുമായി ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അച്ഛനും അമ്മയും മരിച്ചു.

കൊടും കാട്ടിൽ കരഞ്ഞു തളർന്നു കിടന്ന തന്നെ കണ്ടെത്തി രക്ഷപെടുത്തുന്ന നാഗരാജൻ. പിന്നെ നാഗരാജന്റ മകൾ വിന്ധ്യാവലിയായി ഈ കാട്ടിൽ വളർന്നു.ഇക്കാലമത്രയും വീടിനെ പറ്റിയോ നാടിനേപ്പറ്റിയോ ഒരു ചിന്ത പോലും ഉണ്ടായിട്ടില്ല. പിന്നെ...ഇപ്പോ... എന്താ ഇങ്ങനെ?  വിന്ധ്യാവലിക്ക് ഉത്കണ്ഠ തോന്നി. പെട്ടെന്ന് വിന്ധ്യാവലിയുടെ കണ്ണുകൾ ഒന്നു പിടഞ്ഞു.

 

തന്റെ അനുജത്തിയല്ലേ ആ ഹോമകുണ്ഡത്തിനു മുൻപിൽ ഇരിക്കുന്നത്?

പെട്ടന്ന് മുന്നിലെ സ്വർണ്ണ ഉരുളിയിൽ ഒരു നിഴൽ ചലിച്ചു. എല്ലാവരും ഉദ്വേഗത്തോടെ അതിലേക്ക് നോക്കി. തനുജ ഇടതു വശത്തേക്ക് കൈ ചൂണ്ടി.

പെട്ടന്ന് ഗുഹയ്ക്കുള്ളിലെ ഒരു കിളിവാതിൽ തുറന്നു. 

 

''നിലവറ ക്ഷേത്രത്തിനുള്ളിൽ ഉള്ളവർക്ക് ആ വാതിലിൽ കൂടി പുറത്തുകടക്കാം... " 

ഒരു പാട് ദൂരത്തു നിന്നെന്നതു പോലെ തനുജയുടെ ശബ്ദം കേട്ടു.

 

"ഞാൻ പറഞ്ഞതല്ലേ തനുജ നമ്മളെ രക്ഷപ്പെടുത്തുമെന്ന്...'' മഹേന്ദ്രൻ വിജയിയെപ്പോലെ ഉറക്കെ ചിരിച്ചു.

''ഇനി തിരിച്ചു പോകാം.. ആഗ്രഹിച്ചതു പോലെ ഈ സ്വർണ്ണവിഗ്രഹവുമായി.... '' പറഞ്ഞു കൊണ്ട് മഹേന്ദ്രൻ വിഗ്രഹത്തിനടുത്തേയ്ക്ക് നീങ്ങി.

"മഹീ... ഒന്നും വേണ്ട. വേഗം വാ.. നമുക്ക് ജീവനും കൊണ്ട് രക്ഷപെടാം..." വാതിൽക്കലേയ്ക്ക് ഓടുന്നതിനിടയിൽ ഫയാസ് പറഞ്ഞു.

 

''നിങ്ങൾ പൊയ്ക്കോളൂ..ഞാൻ ഇതും കൊണ്ടേ വരൂ.. " മഹേന്ദ്രൻ ഓടി വന്ന് വിഗ്രഹത്തിൽ പിടിച്ചു വലിച്ചു.

ചലിക്കാൻ പോലും ആവാതെ വിന്ധ്യാവലിയും നാഗരാജനും നിന്നു. മറ്റുള്ളവർ വാതിൽക്കലെത്തി. വിഗ്രഹത്തിന്റെ ചുവട്ടിൽ പതുങ്ങി കിടന്നിരുന്ന ശീഷ നാഗം മഹേന്ദ്രന്റെ കൈയ്യിൽ ആഞ്ഞു കൊത്തി.

 

"അയ്യോ.. " ഒരലർച്ചയോടെ മഹേന്ദ്രൻ കൈ പിൻവലിച്ചു. നാലു ചുറ്റിനും നിന്ന് നാഗങ്ങൾ പാഞ്ഞടുത്തു. പിൻതിരിഞ്ഞ മഹേന്ദ്രൻ വാതിൽക്കലേയ്ക്ക് ഓടി. പിന്നാലെ നഗങ്ങളും. കിളിവാതിൽ അടഞ്ഞു. വിന്ധ്യാവലിയും നാഗരാജനും പകപ്പോടെ പരസ്പരം നോക്കി.

 

''നിലവറ വാതിലിലൂടെ നിങ്ങൾക്ക് പുറത്തു കടക്കാം. വഴികാട്ടി ക്ഷേത്ര കവാടത്തിൽ ഉണ്ട്. രണ്ടാളും അതിന്റെ പിന്നാലെ പോവുക. യഥാസ്ഥലത്ത് എത്തിച്ചിട്ട് അത് മടങ്ങിപ്പോരും. ഇത്രയും നാൾ പൂജ ചെയ്തതിനുള്ള പ്രതിഫലമാണ് നിന്റെ ജീവൻ... പക്ഷേ ....നീ ചെയ്ത തെറ്റിന്റെ ഫലം നിന്റെ ഉദരത്തിൽ പിറവിയെടുത്തിട്ടുണ്ട്. ഈ കാടിനെപ്പറ്റിയോ ഇവിടെ നടന്ന സംഭവങ്ങളെപ്പറ്റിയോ പുറത്തു പറയാത്തിടത്തോളം കാലം രണ്ടാൾക്കും സമാധാനം ഉണ്ടാവും." തനുജയുടെ ശബ്ദം മുഴങ്ങി.

 

'' അപ്പോൾ മഹേന്ദ്രനും കൂട്ടുകാരും ...." വിന്ധ്യാവലി ആശങ്കയോടെ ചോദിച്ചു.

''അവർ ഇനി ഇല്ല.  നിങ്ങൾക്ക് മടങ്ങാം.'' തനുജ പറഞ്ഞു നിർത്തി.

പെട്ടെന്ന് വിഗ്രഹത്തിനു മുൻപിലെ വിളക്കുകൾ അണഞ്ഞു. ക്ഷേത്രത്തിനുള്ളിൽ ഇരുട്ടു നിറഞ്ഞു. പതിയെ ക്ഷേത്ര കവാടം തുറന്നു.

ഉദയസൂര്യന്റെ പൊൻകിരണങ്ങൾ ക്ഷേത്രത്തിനുള്ളിലേയ്ക്ക് അരിച്ചിറങ്ങി. വിന്ധ്യാവലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

വിന്ധ്യാവലിയെ ചേർത്തു പിടിച്ചു കൊണ്ട് നാഗരാജൻ വെളിയിലേയ്ക്ക് ഇറങ്ങി. വാതിൽക്കൽ അഞ്ചു തലയുള്ള കരിനാഗം കാത്തു കിടപ്പുണ്ടായിരുന്നു.

പെട്ടെന്ന് ആകാശം ഇരുണ്ടു മൂടി. ശക്തമായ കാറ്റും മഴയും തുടങ്ങി. വനത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം പ്രാണനും കൊണ്ട് പരക്കം പായാൻ തുടങ്ങി.

....                 

ഇന്നലെ വെളുപ്പിനു തുടങ്ങിയ അതിശക്തമായ കാറ്റും മഴയുമാണ്. പലയിടങ്ങളിലും ഉരുൾപൊട്ടലുകൾ ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി തുടങ്ങി.ആളുകൾ പരിഭ്രാന്തിയിലാണ്. ട്രക്കിങ്ങിന് പോയ ആറ് കോളേജ് വിദ്യാർത്ഥികളെ കുറിച്ച് നാലു ദിവസമായി ഒരു വിവരവും ഇല്ല എന്ന വാർത്ത പുറത്തുവന്നു. ആറു പേരുടെയും ഫോട്ടോയും വിശദാംശങ്ങളും ചാനലുകളിൽ നിറഞ്ഞു. ശ്രേയയുടെ പപ്പയുടെ മരണവും മകളെ പ്രതീക്ഷിച്ച് രണ്ടു ദിവസമായി ബോഡി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതിനെപ്പറ്റിയും ചാനലുകളിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു.

 

ഒരു കൊടും കുറ്റവാളിയായ സ്ത്രീയോടൊപ്പം എസിപിയും കാറപകടത്തിൽ കൊല്ലപ്പെട്ടു എന്നുള്ള വാർത്ത ഈ ബഹളങ്ങൾക്കിടയിൽ മുങ്ങിപ്പോയി.

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ദ്രുതകർമ്മ സേനയും മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും എല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഉൾവനത്തിൽ തുടർച്ചയായ ഉരുൾപൊട്ടലുകൾ ഉണ്ടായതായി വാർത്തകൾ വന്നു. കടപുഴകിയ മരങ്ങളും ചത്തുമലച്ച മൃഗങ്ങളും ഒക്കെ വെള്ളത്തിലൂടെ ഒഴുകി വന്നുകൊണ്ടിരുന്നു. കിളിവാതിലിലൂടെ പുറത്തിറങ്ങിയ മഹേന്ദ്രനും കൂട്ടുകാരും മാരിയും മൂർഖൻ ചാലിലാണ് എത്തിയത്. മലവെള്ളപ്പാച്ചിലിൽ പെട്ട് എല്ലാവരുടെയും മൃതദേഹങ്ങൾ  നാട്ടിലേയ്ക്ക് ഒഴുകി വന്നു. മൃതദേഹങ്ങൾ സർപ്പദംശനം ഏറ്റതു പോലെ കറുത്തു കരുവാളിച്ചിരുന്നു. മുങ്ങൽ വിദഗ്ധർ മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ച് പോസ്റ്റുമോർട്ടത്തിന് അയച്ചു. ഇനി ഒരു പെൺകുട്ടിയെ കൂടി കണ്ടെത്താനുണ്ട്. അവൾക്കായി തിരച്ചിൽ തുടരുന്നു എന്ന അറിയിപ്പു വന്നു.

....     

ഈ സമയം വിന്ധ്യാവലി നാഗരാജ നോടൊപ്പം സ്വന്തം തറവാട്ടു മുറ്റത്ത് എത്തിയിരുന്നു. കാവലായി വന്ന കരിമൂർഖൻ മടങ്ങിപ്പോയി.

തനുജയുടെ വരവു പ്രതീക്ഷിച്ച് പ്രാർത്ഥനയോടെ ഇരുന്ന മുത്തശ്ശി വാതിൽ തുറന്ന് ഇറങ്ങി വന്നു.

 

(അവസാനിച്ചു)

 

English Summary: E - Novel Nagayekshi - Chapter 20