ADVERTISEMENT

രാഖിയുടേയും അരവിന്ദിന്റേയും കാറിപ്പോള്‍ വിവാഹ ഘോഷയാത്രയെ കടന്ന് വിജനമായ വഴിയിലൂടെ ഓടിക്കൊണ്ടിരിക്കുന്നു. രാഖി നടന്ന സംഭവം വിവരിച്ചു. ആണുംപെണ്ണും ഇടകലര്‍ന്ന് ഡാന്‍സ് ചെയ്യുന്നതിനിടയ്ക്ക് ഒരുത്തന്‍ അവളെ കയറി പിടിച്ചു. ഒന്നു രണ്ടുപ്രാവശ്യം തട്ടിമാറ്റി. കൈ അരുതാത്ത സ്ഥലത്തേക്ക് നീണ്ടപ്പോള്‍ കുതികാലിട്ട് നിലത്ത് വീഴ്‍ത്തിച്ചവിട്ടി. അത്രേയുള്ളൂ !

സംഭവിച്ചത് അവള്‍ക്ക് നിസാരം!

 

‘‘നിനക്ക് ലജ്ജയില്ലേ ?”- അവളുടെ ജീന്‍സിന്റെ സിബ്ബ് പൂട്ടിയിട്ടുണ്ടെന്ന് നോക്കി ഉറപ്പുവരുത്തുന്നതിനിടയില്‍ നാവിന്റെ തുമ്പുവരെവന്ന ചോദ്യം അരവിന്ദ് ചോദിച്ചില്ല.

‘‘അവരെല്ലാംകൂടി നിന്നെ അക്രമിച്ചിരുന്നെങ്കിലോ ?”

‘‘പിന്നേ... അവരിങ്ങ് വരട്ടെ, രാഖി ആരെന്നു കാണിച്ചുകൊടുക്കും’’

 

അവര്‍ വന്നു.

രാഖിയേയും അരവിന്ദിനെയും പിന്തുര്‍ന്ന് ഒരു ജീപ്പിലും ഫൊര്‍ച്യൂണറിലുമായി. ജീപ്പ് കുറുകയിട്ട് കാര്‍ തടഞ്ഞ് ആറേഴുപേരുടെ സംഘം രാഖിയെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ച് പുറത്തിറക്കി. കൈകള്‍ പുറകോട്ട് പിടിച്ചുകെട്ടി കാലുകളും ബന്ധിച്ച് ജീപ്പിലേക്ക് എടുത്തിട്ടു. ഡ്രൈവര്‍ സീറ്റിലിരുന്ന അരവിന്ദിനെ ഒരാള്‍ തോക്കുകൊണ്ട് തട്ടിമാറ്റി അവിടെ കയറി. ടാര്‍ റോഡ് വിട്ട് മണ്‍പാതയിലൂടെ കുറേദൂരമോടി കാർ ഒരു ഷെഡിനു മുമ്പില്‍ ചെന്നുനിന്നു. 

 

കരിമ്പ് പാടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ ഷെഡ്. ഒരു ബള്‍ബ്മാത്രം ഇരുട്ടില്‍ മങ്ങിക്കത്തുന്നു. രാഖിയെ രണ്ടുപേര്‍ ചേര്‍ന്ന് ഷെഡിനകത്തേക്ക് എടുത്തുകൊണ്ടുപോയി. വായില്‍ തുണിതിരുകിയിട്ടുണ്ട്. പുറത്തേക്ക് പോവാത്ത അലര്‍ച്ചകൊണ്ട് അവളുടെ തൊണ്ട വിങ്ങി. 

 

ഫൊര്‍ച്യൂണറില്‍നിന്ന് ഒറ്റക്കയ്യന്‍ ഇറങ്ങി. ബക്കറ്റില്‍ നിന്ന് ഒരു കൈപ്പടത്തിൽ കൊള്ളുന്നത്ര വെള്ളമെടുത്ത് മുഖം തുടച്ചു. ഒരുകൈ വെള്ളം കൂടി എടുത്ത് കുലുക്കിത്തുപ്പി. സംഘത്തിലൊരാളോട് ചീപ്പുവാങ്ങി മുടിയൊതുക്കി, തോക്കിൻമുനയിൽ കാറിലിരിക്കുന്ന അരവിന്ദിനെ സൂക്ഷിച്ച് നോക്കിയിട്ട് അയാൾ വാതിലില്ലാത്ത ഷെഡിലേക്ക് കയറി.

 

അരവിന്ദിന് ഇപ്പോള്‍ രാഖിയുടെ അലര്‍ച്ച വ്യക്തമായി കേള്‍ക്കാം. നിസഹായതയും ദൈന്യതയുംകൊണ്ട് അവന്‍ മരവിച്ചിരുന്നു. 

 

കുറച്ചു കഴിഞ്ഞ് ഒറ്റക്കയ്യന്‍ ഷെഡിന് പുറത്തിറങ്ങി. ഇപ്പോള്‍ രാഖിയുടെ ഒച്ച കേള്‍ക്കുന്നില്ല. വേറൊരാള്‍ അകത്തേക്ക് കയറി അവളെ ഉന്തിത്തള്ളിക്കൊണ്ടുവന്നു. അരവിന്ദ് ഇരുന്ന കാറിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കുതറി. അയാള്‍ അവളെ അടിക്കാനോങ്ങി. ഒറ്റക്കയ്യന്‍ ശബ്ദമുയര്‍ത്തി അത് തടഞ്ഞിട്ട് ഫൊര്‍ച്യൂണറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. ഒറ്റക്കയ്യന്‍ കയറിയ കാര്‍ അവരുടെ അടുത്തുവന്നുനിന്നു.  

 

‘വഴിയില്‍ കൊണ്ടുവിട്, അവളെ ഉപദ്രവിക്കരുത്’ -അനുചരനോട് നിര്‍ദ്ദേശിച്ച് അയാള്‍ വേഗത്തില്‍ ഒാടിച്ചുപോയി. 

 

ഒരുവന്‍ തോക്കുകൊണ്ട് താടി മുകളിലേക്ക് തള്ളിപ്പിടിച്ചിരുന്നതിനാല്‍ അരവിന്ദിന് എതിര്‍ വശത്തുകൂടിപ്പോയ ഒറ്റക്കയ്യന്റെ മുഖം കാണാന്‍ കഴിഞ്ഞില്ല. രാഖി കണ്ടിട്ടുണ്ടാവണം അവള്‍ വീണ്ടും മുരണ്ടു. രാഖിയുടെയും അരവിന്ദിന്റെയും പോളോയില്‍ അവര്‍ക്കൊപ്പം മൂന്നുപേര്‍കൂടി കയറി. തോക്ക് ചൂണ്ടിയിരുന്നവന്‍ കയറിവന്ന ഒരുവന് അത് കൈമാറിയിട്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ബാക്കിയുള്ളവര്‍ പിന്നിലെ ജീപ്പില്‍ പിറകേ. നഗരത്തിന്റെ വിളക്കുകള്‍ ദൂരനിന്നേ കാണാവുന്ന ഒരു പോയിന്റില്‍ രാഖിയേയും അരവിന്ദിനേയും ഉപേക്ഷിച്ച് സംഘം കടന്നു.

 

രാഖിയുടെ കൈകളിലെ കെട്ടഴിക്കാന്‍ അരവിന്ദ് പ്രയാസപ്പെട്ടു. ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാനൊരുങ്ങിയപ്പോൾ അവൾ കുതറി. അവിടെനിന്ന് എത്രയും വേഗം രക്ഷപെട്ടാൽമതി എന്ന ചിന്തയോടെ ഡ്രൈവ് ചെയ്യാനൊരുങ്ങിയ അരവിന്ദിനെ തടഞ്ഞ് രാഖി ഡ്രൈവിങ് സീറ്റിൽക്കയറി. അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. എപ്പോഴും  തെളിഞ്ഞുകാണാറുള്ള ആ മുഖം ഇനിയൊരിക്കലും വിടരില്ലെന്ന് അരവിന്ദിന് തോന്നി.

 

‘‘ഒരു ഭ്രാന്തന്‍ നിന്റെ ശരീരത്ത് ഒാടയിലെ ചെളിവെള്ളം മുക്കിയൊഴിച്ചു. ഡെറ്റോള്‍ ഒഴിച്ച് ഒന്നു കുളിച്ചാല്‍ തീരുന്നതേയുള്ളൂ...’’ രാഖി ശ്രദ്ധിക്കുന്നില്ലന്നുകണ്ട് അരവിന്ദ് കൂടുതൽ സംസാരിച്ചില്ല. നഗരത്തിലേക്ക് കടക്കുംവരെ അവരൊന്നും മിണ്ടിയില്ല. 

 

എതിരെ വന്ന പട്രോളിനെയും വിട്ട് , പിന്നീട് കണ്ട പൊലീസ് സ്റ്റേഷനിലും കയറാൻ ഭാവമില്ലെന്നായപ്പോൾ അരവിന്ദ് ചോദിച്ചു – പരാതി കൊടുക്കേണ്ടേ ?

 

‘‘നാളെ രാവിലെ കൊടുക്കാം.’’

കേസ് കൊടുക്കുമ്പോൾ വേണ്ടിവരുന്ന മെഡിക്കൽ പരിശോധന അത്രയും നേരം കഴിഞ്ഞു നടത്തിയാൽ മതിയോ എന്ന് അരവിന്ദ് സംശയിച്ചു. കൂടുതൽ ചോദിച്ചിട്ട് കാര്യമില്ല, രാഖി തീരുമാനം മാറ്റാൻ പോകുന്നില്ല.

 

കാര്‍ അവളുടെ ഫ്ലാറ്റിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ അരവിന്ദിന് ആശ്വാസം തോന്നി.

 

റൂമിലേക്ക് കയറിയ ഉടന്‍ രാഖി ലാപ്‍ടോപ്പെടുത്ത് ഇന്റര്‍നെറ്റില്‍ വാഹന നമ്പര്‍ വിരങ്ങള്‍ തിരയാന്‍ തുടങ്ങി. ആക്രമിച്ചവരുടെ രണ്ട് വണ്ടികളുടെയും നമ്പര്‍ അവള്‍ മനസില്‍ കുറിച്ചിട്ടിരുന്നു. മോട്ടാര്‍ വാഹന വകുപ്പിന്റെ ഡേറ്റാബേസില്‍ നിന്ന് വിവരങ്ങള്‍ കിട്ടി. രണ്ടും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരു കമ്പനിയുടെ പേരിലാണ് ‘‘മധുര്‍ ഡിസ്റ്റലറീസ്.’’ ഡിസ്റ്റിലറിയുടെ വെബ്സൈറ്റില്‍ പോയി നോക്കി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ - " ‘‘മന്‍സുഖ് ഛദ്ദ ’’. പന്നിമാംസം കയറ്റുമതി ചെയ്യുന്ന ഒരു ഉപ കമ്പനിയുമുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗത്ത് , കടക്കെണിയിലായ കര്‍ഷകര്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഇറിഗേഷന്‍ പമ്പ് വിതരണം ചെയ്യുന്ന മന്‍സുഖ് ഛദ്ദയുടെ ചിത്രം കണ്ട് രാഖി കലികൊണ്ടു.

 

രാഖിയുടെ ശരീരത്തിലെങ്ങും മുറിവില്ല. കൈകാലുകള്‍ കെട്ടിയിട്ടതിന്റെ തിണര്‍പ്പ് പോലും കാണാനില്ല. 

‘‘നിനക്കൊന്നും സംഭവിച്ചിട്ടില്ല ..’’ അരവിന്ദ് അവളെ ആശ്വസിപ്പിച്ചു. 

 

‘‘എന്റെ ശരീരത്തിന് ഒന്നും സംഭവിച്ചിട്ടില്ല അരവിന്ദ്’’, ‘‘നിന്നെ നോക്കിനിർത്തിയാണ് എന്റെമേൽ അതിക്രമം കാട്ടിയത്. അവന്റെ പന്നിക്കൂട്ടിലെ ഒരു ജന്തുവിനെ കൂട്ടത്തിലിട്ട് തുലയ്ക്കുന്നപോലെ. അതാണെന്നെ നീറ്റുന്നത്, എന്റെ ആത്മാവിനാണ് മുറിവേറ്റത്, അവന്റെ ചോര കാണാതെ ആ മുറിവ് കൂടില്ല’’

 

പിറ്റേന്ന് പരാതി കൊടുക്കാന്‍ അരവിന്ദ് രാഖിയെ നിർബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി. മന്‍സുഖ് ഛദ്ദ എന്ന പേര് കണ്ട് കോണ്‍സ്റ്റബില്‍ പോക്കറ്റില്‍നിന്ന് ഫോണെടുത്തുകൊണ്ട് മാറിനിന്ന് ആരെയോ വിളിച്ച് സംസാരിച്ചു. തിരികെവന്ന് സീറ്റിൽ ഇരിപ്പുറയ്ക്കാതെ അസ്വസ്ഥതയോടെ പറഞ്ഞു– ‘‘എസ്ഐ ഇപ്പോള്‍ വരും. പരാതി നേരിട്ട് അദ്ദേഹത്തിന് കൊടുക്ക്’’

 

ഒരു മണിക്കൂറെടുത്തു എസ്ഐ വരാന്‍. ഇന്‍സ്പക്ടര്‍ സൗമ്യനായി പരാതികേട്ടു. കുറ്റാരോപിതന്റെ സ്ഥാനത്തുനിന്ന് ഛദ്ദയുടെ പേര് ഒഴിവാക്കി, കണ്ടാല്‍ അറിയാവുന്ന ആള്‍ എന്ന് ചേര്‍ക്കാന്‍ അവരെ ഉപദേശിച്ചു. അതിന് വഴങ്ങാതെ വന്നപ്പോള്‍ ക്രുദ്ധനായി.

 

‘‘മാന്യമായി ബിസിനസ് ചെയ്ത് ജീവിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്യാനാണോ നിങ്ങളുടെ ശ്രമം? ഛദ്ദ ഒരാഴ്ചയായി പഞ്ചാബിലാണെന്ന് എനിക്ക് നേരിട്ടറിയാം. തെളിവുണ്ട്.’’ തര്‍ക്കം ഭീഷണിയായി മാറിയപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസഥരെ കണ്ട് പരാതികൊടുക്കാം എന്ന വിശാസത്തോടെ അവര്‍ തിരിച്ചുപോന്നു. ആ മാര്‍ഗവും നടന്നില്ല. താഴേത്തട്ടിലേക്ക് അവരെ തിരികെ അയച്ച് ഉന്നതര്‍ കൈയ്യൊഴിഞ്ഞു.

 

രാഖയുടെ ഫ്ലാറ്റില്‍ അവള്‍ക്കൊപ്പം മൂന്നുനാള്‍ അരവിന്ദ് കൂട്ടിരുന്നു. താഴത്തെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുന്നത് കാണാന്‍ ബാല്‍ക്കണിയിലേക്ക് പോലും പോയിനിന്നില്ല. അരവിന്ദിന് മുഖംകൊടുക്കാത്ത,  ഉൽസാഹം കെട്ട, ചിന്തയിൽ തറഞ്ഞുപോയ രാഖിയെ ആദ്യമായി അവൻ അറിയുകയായിരുന്നു. അക്രമിക്ക് നിയമത്തിന്റ വഴിയിൽ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനെക്കുറിച്ചല്ല ആലോചനയെന്ന് അരവിന്ദിന് ഉറപ്പായിരുന്നു. 

  

നാലാം ദിവസം ആശച്ചേച്ചിയുടെ ഫോണ്‍വന്നു. ‘‘അരവിന്ദാ അമ്മയ്ക്ക് തീരവയ്യ.. ഐസിയുവിലാണ്. ഇന്നുതന്നെ പുറപ്പെടണം’’

 

വിവരമറിഞ്ഞ് രാഖിതന്നെയാണ് അരവിന്ദിന് യാത്രക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്കുചെയ്തു കൊടുത്തത്. സമയം വൈകിയതിനാല്‍ ഇന്റര്‍നെറ്റ് ബുക്കിങ്ങ് വഴി സീറ്റ് കിട്ടിയില്ല. എയര്‍ലൈന്‍ ഒാഫീസിലെ അവളുടെ സുഹൃത്തിനെ പലവട്ടം കോണ്‍ടാക്ട് ചെയ്തിട്ടാണ് ടിക്കറ്റ് കിട്ടിയത്. രാഖിയില്‍ അല്‍പം മാറ്റം വന്നപോലെ തോന്നി. യാത്രയാക്കാന്‍ വാതില്‍വരെപ്പോലും ചെന്നില്ലെങ്കിലും അവള്‍ സാധാരണ നിലയില്‍ ആകുന്നതിന്റെ ആശ്വാസത്തോടെ അരവിന്ദ് നാട്ടിലേക്ക് തിരിച്ചു.

 

(തുടരും)

 

Content Summary: Lajja Gauri, Tantric novel by Sreekumar V.S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com