'ഗേറ്റു കടന്നതും വേദനിച്ചെന്നതുപോലെ നിലവിളിക്കുന്ന ഒരു കാക്കയുടെ ശബ്ദം അവിടെ മുഴങ്ങി; അയാൾ പ്രതിമ പോലെ നിന്നു'
Mail This Article
കാക്ക ശാപം – അധ്യായം 2
താടിക്കു കൈയും കൊടുത്തു വിദൂരതയിലേക്കു നോക്കി ശങ്കരൻ കസേര കൈയ്യിലേക്കു ചരിഞ്ഞിരുന്നു. വാതിലിനടുത്തു ഏങ്ങിക്കരഞ്ഞുകൊണ്ടു നിൽക്കുന്ന സഹോദരിയുടെ ശബ്ദം ഉയർന്നപ്പോൾ. ജന്മനക്ഷത്ര മോതിരമിട്ട കൈയ്യുടെ വിരലുകൾ അയാൾ മുകളിലേക്കു ചൂണ്ടി 'വെറ്റില മുറുക്കാൻ' നിറഞ്ഞ വാ തുറന്നു, അവനെപ്പോഴാ ആദ്യം പ്രശ്നമുണ്ടായതെന്നോർക്കുന്നുണ്ടോ?. കഴിഞ്ഞ കർക്കിടക വാവിന് ആ ദുർനിമിത്തം കണ്ടപ്പോഴേ പറഞ്ഞില്ലായിരുന്നോ എന്തോ ഒരു ഒരു ഇത് കിടക്കുന്നുണ്ടെന്ന്. സത്യമായില്ലേ. കാര്യങ്ങൾ പറഞ്ഞാൽ ദേ നല്ല അസൽ തറവാട്, വീടുനോക്കുന്നോൻ, തരക്കേടില്ലാത്ത ജോലിയും പക്ഷേ പറഞ്ഞിട്ടു കാര്യമുണ്ടോ, തലേവര കൂടി നന്നാവണം പിന്നെ ദൈവാദീനോം. അതിച്ചിരി കുറവാ...
കാർത്യായനിയമ്മ തോളിലിട്ടിരുന്ന തോർത്തുതുമ്പുകൊണ്ടു മൂക്കു പിഴിഞ്ഞു. 11 വയസ്സുവരെ ഉറക്കത്തിൽ നടപ്പായിരുന്നു, വെള്ളത്തിലും തീയിലും വീഴാണ്ടു നോക്കി നോക്കി ഇത്രേം ആക്കി. പെങ്ങന്മാരെയെല്ലാം പറഞ്ഞു വിട്ടു ദേ കല്യാണം നോക്കിത്തുടങ്ങിയപ്പോ ഇങ്ങനെ. ഇനി ഞാൻ വഴിപാട് കഴിക്കാൻ സ്ഥലമൊന്നുമില്ല ശങ്കരാ. ഗോവണിപ്പടികൾ ഇറങ്ങി വരുന്ന ശബ്ദം കേട്ടതോടെ പൊട്ടിപ്പോയ കരച്ചിൽ സ്വിച്ചിട്ടതുപോലെ നിന്നു. കഴുകി മിനുക്കിയ സ്ളിപ്പറിട്ടശേഷം, കറ കറയെന്ന ശബ്ദവുമായി ജികെ പുറത്തേക്കിറങ്ങി പോകുന്നത് ഇരുവരും അൽപ്പം ഗൗരവത്തോടെ നോക്കി.
ഗേറ്റു കടന്നതും ഒരു ശബ്ദം അവിടെ മുഴങ്ങി. വേദനിച്ചെന്നതുപോലെ നിലവിളിക്കുന്ന ഒരു കാക്കയുടെ ശബ്ദം. നിരവധി ശബ്ദങ്ങള്‍ ഉയർന്നു. കലമ്പൽ വർധിച്ചു വന്നു. ഗോപാലകൃഷ്ണൻ പ്രതിമ പോലെ നിന്നു. കാരണം മരങ്ങളില്‍ അവനെ ചാരക്കണ്ണിട്ടു നോക്കി കാക്കക്കൂട്ടം നിരന്നിരുന്നു. അവന്‍ മതിൽ കടക്കാനായി തുടങ്ങിതും, ഒരെണ്ണം പാറിയെത്തി അതിന്റെ നഖം അവന്റെ തലയിൽ ഉടക്കി വലിച്ചു. അവൻ തിരക്കിട്ടു തിരികെ നടന്നു. അമ്മയും അമ്മാവനും താടിക്കു കൈകൊടുത്തു പരസ്പരം മുഖത്തോടുമുഖം നോക്കി. അവൻ ചെരിപ്പ് മുറ്റത്തു ചവിട്ടി ഊരിയിട്ടശേഷം അവരുടെ നേരേ മുഖം കൊടുക്കാതെ അകത്തേക്കു കയറി. മുകളിലേക്കുള്ള പടിയിലേക്കു അവൻ കയറുന്ന കാലടി ശബ്ദം അവിടെയാകെ മുഴങ്ങി.
ഒരു മിനിട്ടു കഴിഞ്ഞപ്പോൾ അസാധാരണ വലിപ്പമുള്ള ഒരു കുടയുമെടുത്തു അവൻ പുറത്തേക്കു വന്നു. ഒന്നുചുറ്റും നോക്കി. മതിലിനു പുറത്തേക്കു നടന്നു. അവന്റെ തലയും അതിനു പിന്നാലെ ഏതാനും ചിറകടി ശബ്ദങ്ങളും അങ്ങുദൂരേക്കു നീങ്ങി. വെറ്റില ചവയ്ക്കാനുള്ള മനസാന്നിധ്യം നഷ്ടമായ ശങ്കരൻ അതു പുറത്തേക്കു വലിച്ചെറിഞ്ഞു. കൈകളിൽ തല താങ്ങി അടുത്ത നടപടി ചിന്തിക്കാൻ തുടങ്ങി. അപ്പോഴേക്കും ഏങ്ങലടിക്കാൻ തുടങ്ങിയ കാര്‍ത്യായനിയെ അയാൾ രൂക്ഷമായി നോക്കി.
വെള്ളം വസ്ത്രം ധരിച്ചു, രണ്ട് ഇഞ്ചു വീതിയുള്ള കരയൻ മുണ്ടൊക്കെ ഉടുത്തു പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങവെ രഘുവിന്റെ കണ്ണുകൾ ദേവയാനിയുടെ ചിത്രത്തിലുടക്കി, അയാള്‍ ഒരു നിമിഷം നിന്നു. ദീർഘ നിശ്വാസത്തോടെ ഷർട്ടിന്റെ കൈകൾ ഒരു തവണകൂടി ചുരുട്ടിയശേഷം പുറത്തു കൂനംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്നെഴുതിയ ജീപ്പിനടുത്തേക്കു ചെന്നു, വശത്തു നിക്കുകയായിരുന്ന രാഘവൻ അകത്തേക്കുകയറി വാഹനം സ്റ്റാർട്ടുചെയ്തു. ഓഫിസിലേക്കു വിട്ടോ അയാൾ ഡ്രൈവറോടു പറഞ്ഞു. പുകതുപ്പി വാഹനം പതിയെ റോഡിവേക്കു നിരങ്ങിയിറങ്ങി.
എത്ര നേരായി നിക്യാ ഇവിടെ കാര്യങ്ങൾക്കൊന്നും നീക്കുപോക്കില്ലാതെ. എന്റെ അഞ്ച് കുട്ടികളാ പിടഞ്ഞു വീണത്. ആപ്പീസറെ കാണുമ്പോ, സെക്രട്ടറിയെ കാണാൻ. സെക്രട്ടറിയെ കാണുമ്പോ ആപ്പീസറെ കാണാൻ. വരാന്തയിൽ ഒരു വൃദ്ധൻ ബഹളമുണ്ടാക്കുന്നു.. കുറച്ച് ആളുകൾ ചുറ്റു കൂടി നിൽപ്പുണ്ട്. രഘു അവിടേക്കു ചെന്നു. എന്താ ചേട്ടാ എന്താ പ്രശ്നം. ആരോ ആ വൃദ്ധനോടു പറഞ്ഞു. പ്രസിഡന്റാ..അയാൾ മുണ്ടിന്റെ മടക്കികുത്തു അഴിച്ചിട്ടു തൊഴുതു. സാറേ ഇതൊന്നു കേൾക്കണം.
കിടാരികളെ വളർത്തി വിറ്റാ ഞാൻ ജീവക്കണേ, കഴിഞ്ഞ ആഴ്ച ആ ഡോക്ടർ സാറുവന്നു നോക്കീട്ടു പോയത്, ഒരു കുഴപ്പോം ഇല്ലാരുന്നു. ദേ ഇന്നു രാവിലെ അഴിച്ചുകെട്ടാൻ ചെന്നപ്പോൾ കണ്ട കാഴ്ച. ഹോ അഞ്ചെണ്ണം പോയി സാറേ…തള്ളകൾക്കൊന്നും കുഴപ്പമില്ല. ഇവിടുന്നു വന്നു കുത്തിവച്ചു ചെന പിടിപ്പിച്ചതുങ്ങളാ. ഞാൻ ഇവിടല്ലാതെ എവിടെപ്പോയി പറയാനാ..
രഘു അയാളുടെ തോളിൽത്തട്ടി സമാധാനിപ്പിച്ചശേഷം വെറ്റിനറി ഡോക്ടറുടെ ഓഫീസിലേക്കു ചെന്നു. അവിടെ മുന്നിൽ ഒരു തടിയൻ ബുക്കും വച്ച് ഡോക്ടർ മുരുകേഷ് ഇരുന്നിരുന്നു. ഡോക്ടറെ ആ കിളവൻ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. ഒരു റിപ്പോർട്ടു തന്നാൽ എന്തേലും ചെയ്യാം. ഡോക്ടർ കൈ വിടർത്തി ആംഗ്യം കാട്ടി. രഘു നിർത്തി. റിപ്പോർട്ടല്ല ഇവിടെ പ്രശ്നം സംഭവം പോലീസിലോ വനം വകുപ്പോ അറിയിക്കേണ്ട കേസാണ്. 5 കിടാരികളെയും ഞാൻ പോയി കണ്ടത്. ഒരു തുള്ളി രക്തം അതിന്റെ ശരീരത്തില്ല. കഴുത്തിൽ ആഴത്തിൽ മുറിവും. പുലി കടിച്ചതുപോലുള്ള പാടുകൾ. രക്തം മാത്രം ഊറ്റിക്കുടിച്ചിരിക്കുന്നു.
Content Summary: Kakka Saapam- Episode 02, Malayalam Novel Written by Sanu Thiruvarppu