' കണ്ടാൽ ഓടിച്ചിട്ട് കൊത്തിക്കൊല്ലാൻ നോക്കുന്ന ഒരു കാക്ക, പരിഹാരം തേടി അവർ കോമരത്തിനടുത്തേക്ക്... '
Mail This Article
രഘു അമ്പരന്നു: പുലിയോ, ഇവിടെയോ?. വനപ്രദേശം അത്ര അകലെയല്ലല്ലോ?. ഡോക്ടർ തലയുടെ ഇരുവശങ്ങളിലും അസ്വസ്ഥതയോടെ അമർത്തി തടവി. പക്ഷേ പുലിയെന്നും എനിക്കു ഉറപ്പിച്ചു പറയാനാവില്ല, ആ ജീവികളൊന്നും ഇത്രയും ബ്ളഡ് സക്കിംഗ് കഴിവുകളുള്ളവയല്ല. പിന്നെ ഇത് ചെയ്തത് ഒരു കുളയട്ടയാണെന്നു ഞാൻ പറഞ്ഞാൽ നിങ്ങളെനിക്കു പ്രാന്താണെന്നും പറയും. അതായത് നോർമലി നമുക്കറിയാവുന്ന ജീവികളുടെ ഒരു ആക്രമണ രീതിയല്ല. 5 മൃഗങ്ങളുടെ രക്തം ഒറ്റ രാത്രി കൊണ്ട്. അതീവ രക്ത ദാഹിയായ ഒരു മൃഗം. എന്തായാലും ഉടനെ അലർട്ട് കൊടുക്കുന്നത് നല്ലതാണ്. രഘു ഡോക്ടറുടെ മുറിയിൽനിന്നു പുറത്തേക്കിറങ്ങി. ആ വൃദ്ധൻ പിന്നാലെ ചെന്നു. എന്നാൽ അയാൾ പറയുന്നതൊന്നും കേൾക്കാതെ ഏതോ ചിന്തയിലായിരുന്നു അയാൾ.
ഹീയ്..യാ…കോമരം ക്ഷേത്രമുറ്റത്ത് ഉറഞ്ഞാടി. ചിലമ്പൊലിയാട്ടത്തിന്റെയും പതിഞ്ഞ ചെണ്ടയുടെയും താളത്തിൽ കൂടി നിന്ന ഭക്തരുടെ തലകളും ആടിയുലഞ്ഞു. തൊഴുകൈകളോടെ കാർത്യായനിയമ്മയും ജികെയും നിന്നു. മക്കളെ കാണാനായി അമ്മ വന്നിരിക്കുന്നു. നാട്ടിലും വീട്ടിലും നടക്കുന്നതെല്ലാം അമ്മ കാണുന്നു. കാർത്യായനി മുന്നോട്ടു ചെന്നു ഒരു സങ്കടമുണ്ട് അമ്മേ. പറയൂ മകളേ നിന്റെ സങ്കടത്തിനെല്ലാം പരിഹാരം ഈ അമ്മ കാണാം.
േദ ഇവനെ ഒരു കാക്ക കൊത്തിക്കൊല്ലാൻ നോക്കുന്നു, ഏതോ ബാധയാ, അമ്മ അതിനു നിവൃത്തിയുണ്ടാക്കണം. കോമരം ഉറയൽ നിർത്തി ഒന്നു നിന്നു. ' അമ്മയെ പരീക്ഷിക്കുന്നോ?, കാക്കയെ ഓടിക്കാൻ വല്ല കോലോം വയ്ക്കുക' ക്ഷേത്രകാര്യക്കാരൻ ഇടപെട്ടു. അമ്മേ ഇവർ പരീക്ഷിച്ചതല്ല. സംഭവം ഉള്ളതാണ്. കോമരം ഇരുത്തി മൂളി. ശനിയുടെ വാഹനമാണ് കാക്ക, ശനിദോഷ പരിഹാരാർഥം എള്ളുതിരി കത്തിക്കുക, ശനിയാഴ്ച വൃതമെടുക്കുക അപ്പോൾ മാറിക്കോളും. കോമരം തലയൊന്നു കുടഞ്ഞു വീണ്ടും നടന്നു. അമ്മേ ഭഗവതി കാക്കണേ. കാർത്യായനി അമ്മ തൊഴുതു നിന്നു.
കണ്ണാടിയിൽ നോക്കി ചുരുളൻ മുടി വശത്തേക്കു ചീകി മൂളിപ്പാട്ടും പാടി ജികെ പുറത്തേക്കിറങ്ങി. ഗോപിക നീലയിൽ നെടുകെ വരയുള്ള അവന്റെ പ്രിയപ്പെട്ട ഷർട്ടു തേച്ചു മടക്ക കൈകളൊക്കെ മടക്കിശേഷം അവനു നേരേ നീട്ടി. അവൻ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചശേഷം ഷർട്ടിടാൻ തുടങ്ങി. അവൾ പിന്നിൽ വന്നു കോളർ നേരേയാക്കി നൽകി. എന്താടി പതിവില്ലാതെ ഒരു സ്നേഹം. എന്തോ കാര്യം സാധിക്കാനുണ്ടല്ലോ.
ഓ..അങ്ങനെയാണല്ലേ കരുതിയേ. എന്നാൽ ഞാനില്ല. ഒന്നു സഹായിക്കാമെന്നു കരുതിയപ്പോ മൊശടു സ്വഭാവം. അവൻ ചിരിച്ചു നിന്നെ എനിക്കറിയില്ലേ മോളേ. അവൾ അവന്റെ കൈയ്യുടെ മടക്കിയവശം ഒന്നഴിച്ചശേഷം വീണ്ടും മടക്കിക്കൊണ്ടു പറയാൻ തുടങ്ങി. അതേ എട്ടാ എന്റെ കൂട്ടുകാരനുണ്ട് ജിനു അവൻ ഇന്നലെ എന്നെ വിളിച്ചാരുന്നു. ആ എന്നിട്ട്..അവനിപ്പം ഒരു ചാനലിലാ. ഏട്ടനെ കാക്ക ഉപദ്രവിക്കുന്ന വാർത്ത ചാനലിൽ ന്യൂസ് ആയി കൊടുത്താൽ നന്നായിരിക്കുമെന്നു പറയുന്നു.
അവൻ അവൾ തേച്ചു കൊടുത്ത ഷർട്ടൂരി. ആഹ്ഹാ കൊള്ളാല്ലോ ഈ നാട്ടിലോ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാ. വേറെങ്ങും പോയി ജീവിക്കാൻ പോലും നീയൊന്നും സമ്മതിക്കില്ലല്ലേ. അവൻ അയയിൽ നിന്നും തേക്കാത്ത വേറൊരു ഷർട്ടെടുത്തിട്ടു മുഖം വെട്ടിച്ചു പുറത്തേക്കു പോയി.
…………
മുഖത്തു ചുട്ടി വരയ്ക്കുന്ന അരുണിനെ നോക്കി ജികെ ഇരുന്നു. മുഖത്തെ ചുവന്നു വളഞ്ഞ കത്തിപോലുള്ള അടയാളത്തിനു ചുറ്റും അരിമാവ് കൊണ്ടു അതിരുപിടിപ്പിക്കുകയാണ് അവൻ. വരച്ചശേഷം അവൻ കണ്ണാടിയിലേക്കു നോക്കിയപ്പോൾ ജികെയുടെ വിഷണ്ണമായ മുഖം പിന്നിൽ കണ്ടു.
'നാട്ടിലൊക്കെ നിനക്കൊരു വട്ടപ്പേര് വീണിട്ടുണ്ടടാ. കാക്ക ഗോപാൽ. കൊള്ളാം. ഏതോ ഗുണ്ടയാണെന്നേ തോന്നൂ'
തമാശിക്കടാ മനുഷ്യനിവിടെ വെന്തുരുകിയാ നടക്കുന്നേ.
എടാ നീ ഇങ്ങനെ വിരളാതെടാ.
അടുത്തമാസം ഞാൻ കലാമണ്ഡലത്തില്‍ പോകുമ്പോ കൂടെ വാ. അവിടെ അടുത്തൊരു ഗൺഷോപ്പുണ്ട്. നല്ല ഒരു എയർഗൺ മേടിച്ചോണ്ടു പോരാം. ഒരു രണ്ടു തവണ പണി കൊടുത്താൽ മതി ഇവറ്റയൊന്നും അടുക്കില്ല പിന്നെ…
അതൊന്നും ശരിയാവില്ലെടാ. ഞാനായിട്ടൊരു ജീവിയേം ഉപദ്രവിച്ചിട്ടില്ല. പിന്നവറ്റയ്ക്ക് എന്നോടെന്താണാവോ ദേഷ്യം.
എന്നിപ്പിന്നെ ഞാൻ നോക്കീട്ട് വേറൊരു വഴിയുണ്ട്. തൃശൂർ നമ്മടെ ഹോസ്റ്റലിനടുത്തു ഒരു പെറ്റ് സ്റ്റോറുണ്ട്. അവിടെ ഒരു യശോധരൻ മാഷുണ്ട് മൂപ്പർക്ക് പക്ഷികളെക്കുറിച്ചൊക്കെ നല്ല ധാരണയാ എന്തായാലും നീ പോര്ടാ..
Content Summary: Kakka Saapam- Episode 03, Malayalam Novel Written by Sanu Thiruvarppu