ADVERTISEMENT

മാനസികാരോഗ്യ ചികിൽസയിൽ പുസ്തകങ്ങൾക്ക് എന്താണു കാര്യം? കാര്യമുണ്ടെന്ന് പറയുന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ. പുസ്തകങ്ങളും വായനയും എക്കാലത്തും മനുഷ്യന് പ്രചോദനത്തിലേക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതവഴികളിലേക്കുമുള്ള വാതിലാണ്. മനുഷ്യ മനസ്സിന്റെ കാലുഷ്യങ്ങളെ അകറ്റി അതിൽ തെളിച്ചം നിറയ്ക്കാൻ പുസ്തകങ്ങൾക്കു കഴിയുമെന്നു ഡോക്ടർ പറയുന്നു:

 

മാനസികാരോഗ്യ ചികിൽസയുടെ ഭാഗമായി വായിക്കാൻ പുസ്തകങ്ങൾ റഫർ ചെയ്യുന്ന തെറപ്പിയുടെ പേര് ബിബ്ലിയോ തെറപ്പിയെന്നാണ്. പക്ഷേ ആ പുസ്തകങ്ങൾ തനിയെ വായിച്ചു തുടങ്ങുന്നതിന് മുൻപ് മനസ്സിൽ ഇത്തരം ഈ നെഗറ്റീവ് ചിന്തകൾ എന്തുകൊണ്ടുണ്ടായി എന്ന് കണ്ടെത്തും. എന്നിട്ട് അതു പരിഹരിക്കാൻ ശ്രമിക്കും. ആ രീതിയെ കോഗ്നിറ്റീവ് ബിഹേവിയര്‍ തെറപ്പി അഥവാ അവബോധ പെരുമാറ്റ ചികിത്സ - സിബിടി- എന്നാണ് പറയുക. വ്യക്തിയുടെ പ്രശ്നം മനസ്സിലാക്കാൻ സിബിടി സഹായിക്കും. അത്തരം കുറച്ച് സെഷൻസ് എടുത്തു കഴിഞ്ഞവർക്കാണ് പുസ്തകങ്ങൾ റഫർ ചെയ്യുക.

Ikkigai
ഇക്കിഗായ്

 

വായന ഏറ്റവും വലിയ സന്തോഷം തരുന്നതാണ്. വായന ശീലമാക്കിയിട്ടില്ലാത്തവർക്ക് ചെറിയ കഥകളും മറ്റും വായിച്ചു തുടങ്ങാം. പെട്ടെന്നു വായിച്ചുതീർക്കാനാകും. മടുപ്പനുഭവപ്പെടില്ല. പെട്ടെന്നു ഗുണമനുഭവിക്കാം എന്നതാണ് വായനയുടെ പ്രത്യേകത. വായന എന്നു പറയുന്നത് ഒരു തരത്തിൽ യാത്രയാണല്ലോ. പല കാലത്തേക്കും ദേശത്തേക്കും മനുഷ്യരിലേക്കുമൊക്കെയുള്ള യാത്രകൾ. അത്തരം വൈവിധ്യമാർന്ന, ചെറിയ ചെറിയ യാത്രാനുഭവങ്ങൾ നമ്മുടെ മനസ്സിനെ വളരെയധികം സ്വാധീനിക്കും. അതുവരെ ചിന്തിക്കാതിരുന്ന, ഉത്തരം കിട്ടാതിരുന്ന പല കാര്യങ്ങൾക്കും തനിയെ പരിഹാരങ്ങൾ കിട്ടും. ബ്രെയിനിന്റെ ഫീഡാണ് ഭാഷ. അതുകൊണ്ട് പരമാവധി ലാംഗ്വേജ് ടാസ്ക്കുകൾ ചെയ്യാൻ ശ്രമിക്കുന്നത് എല്ലാവർക്കും നല്ലതാണ്. 

 

എല്ലാവർക്കും വായിക്കാൻ പറ്റിയ ഒരു പുസ്തകമാണ് ഇക്കിഗായ്. ജീവിതത്തിനു പ്രചോദനം നൽകുന്ന ഒരു ജാപ്പനീസ് തത്വചിന്താ ആശയമാണ് ഇക്കിഗായ് എന്നു പറയുന്നത്. അതിനെ അടിസ്ഥാനമാക്കി ഹെക്ടർ ഗാർഷ്യയും ഫ്രാൻസിസ് മിറാലസും ചേർന്ന് എഴുതിയ പുസ്തകമാണ് ഇക്കിഗായ്. 

 

ചികിൽസയുടെ ഭാഗമായി അല്ലാതെയും ഇത്തരം പുസ്തകങ്ങൾ ഗുണം ചെയ്യും. നമ്മിൽ പ്രചോദനം നിറയ്ക്കാനും കാഴ്ചപ്പാടുകൾക്കു തെളിച്ചം പകരാനും വായന സഹായിക്കും. കുട്ടികൾക്ക് ഐതിഹ്യമാല, അമർചിത്രകഥ, പഞ്ചതന്ത്രം, തുടങ്ങിയവ വായിക്കാനായി നൽകാം. ഒരു റീഡിങ് ലിസ്റ്റുണ്ടാക്കി അതനുസരിച്ച് പുസ്തകങ്ങൾ വാങ്ങിനൽകി വായിക്കാൻ പ്രേരണയുണ്ടാക്കാം. മുതിർന്നവരും വായിക്കണമെന്നാണ് എന്റെ അഭിപ്രായം. പഞ്ചതന്ത്രം കഥകളൊക്കെ തൊട്ട് വായിച്ചുതുടങ്ങണം. എംബിഎയ്ക്കും മറ്റും പഠിപ്പിക്കുന്നത് അതിലെയൊക്കെ തത്വങ്ങളാണ്. 

 

ഞാൻ ചെറുകഥകളാണ് കൂടുതൽ വായിക്കുക. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും എഴുത്തുകാരുടെ കഥാസമാഹാരങ്ങൾ വായിക്കാറുണ്ട്. എംടി, എസ്.കെ. പൊറ്റെക്കാട്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരെയൊക്കെ ഇഷ്ടമാണ്. പുതിയ എഴുത്തുകാരിൽ ജി.ആർ. ഇന്ദുഗോപനും സോക്രട്ടീസ് വാലത്തും എസ്. ഹരീഷും അടക്കമുള്ളവരെ ഇഷ്ടമാണ്. അവരുടെ ചെറുകഥകൾ വായിക്കും. ഇംഗ്ലിഷ് വായന കൂടുതലും ജാപ്പനീസ് സെൻ ബുദ്ധിസ്റ്റ് പുസ്തകങ്ങളാണ്. മനഃശാസ്ത്ര പുസ്തകങ്ങൾ ധാരാളം വായിക്കാറുണ്ട്. ക്ലാസിക്കുകൾ, ജൂത ചരിത്രം , തിക് നാറ്റ് ഹാന്റെ പുസ്തകങ്ങൾ ഒക്കെ വായിക്കും. 

 

English Summary : Clinical Psychologist Dr. zaileshia Talks About Influence Of Books In Psychotherapy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com