കാൻസറിനെതിരെ വിദ്യാർഥികളുടെ ‘കാവൽ’
Mail This Article
വിദ്യാർഥികളുടെ കൂട്ടായ്മയിൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണത്തിന് പൊതുജനങ്ങൾക്കായി തയാറാക്കിയ മാഗസിൻ ‘കാവൽ’ പ്രകാശനം ചെയ്തു. മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ കൂട്ടായ്‌മയും ആസ്‌റ്റർ വൊളന്റിയർമാരുമാണ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള മാഗസിൻ തയാറാക്കിയത്. വ്യക്‌തമായ കാഴ്‌ചപ്പാടോടെയുള്ള തുടർച്ചയായ ബോധവൽക്കരണ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് മാഗസിനും അണിയറ പ്രവർത്തകരും.
കേരളത്തിനകത്തും പുറത്തുമായി കാൻസർ പ്രതിരോധ രംഗത്ത് സമഗ്ര സംഭാവന നൽകിവരുന്ന പ്രമുഖ വൈദ്യശാസ്‌ത്ര വിദഗ്‌ധരുടെയും ഡിഎം വിംസിലെ ഡോക്‌ടർമാരുടെയും കാൻസർ പ്രതിരോധ ലേഖനങ്ങളുടെയും മെഡിക്കൽ കുറിപ്പുകളുടെയും ശേഖരമാണ് കാവൽ.
കാൻസർ എന്താണ്, എങ്ങനെ പ്രതിരോധിക്കാം, രോഗനിർണയം എങ്ങനെയാകണം, എന്തൊക്കെയാണ് ചികിത്സ എന്നു തുടങ്ങി വിവിധയിനം കാൻസറിനെക്കുറിച്ചും രോഗപ്രതിരോധ രീതികളെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു.
സമൂഹത്തിൽ കാൻസറിനെപ്പറ്റി നിലനിൽക്കുന്ന കെട്ടുകഥകളെയും തെറ്റിദ്ധാരണകളെയും മാറ്റി, ശാസ്‌ത്രീയ അവബോധം സൃഷ്‌ടിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഡിഎം വിംസ് മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ ആസ്‌റ്റർ ഡിഎം ഹെൽത്ത് കെയറിന്റെയും ഡിഎം വിംസിന്റെയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മാഗസിൻ എഡിറ്റർ പ്രിയേന്ദു സുജാത ബാലചന്ദ്രന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. കാവൽ ഇ–മാഗസിന്റെ പ്രകാശനം കോളജ് ഡീൻ ഡോ. ആന്റണി സിൽവൻ ഡിസൂസയും നിർവഹിച്ചു. മാഗസിന്റെ ഡിജിറ്റൽ കോപ്പി കാവൽ ഫെയ്സ്‌ബുക് പേജിൽ ലഭ്യമാണെന്ന് കാവൽ പ്രൊജക്‌ട് കോ–ഓർഡിനേറ്റർ ഡോ. ഷാനവാസ് പള്ളിയാൽ അറിയിച്ചു.