ADVERTISEMENT

മലയാള കഥയുടെ ഒന്നേകാൽ നൂറ്റാണ്ടിലൂടെ ഒരു സഞ്ചാരം... ലിജീഷ് കുമാർ എഴുതുന്ന പംക്തി - 'കഥകൾ  /കഥ പറഞ്ഞ മനുഷ്യർ-ഭാഗം 2'.

ഒരു രാജകുമാരൻ, പേര് ഹിക്കാര ഗെഞ്ചി. ആള് ജപ്പാനാണ്. ജാപ്പനീസ് ചക്രവർത്തിയുടെ വളർത്തു മകൻ. തന്റെ താഴ്ന്ന പദവി കൊണ്ട് സാമൂഹികമായും സാമ്പത്തികമായുമെല്ലാം ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയായിരുന്നു അവന്റമ്മ. നല്ല തന്തയ്ക്കു പിറന്നതിന്റെ സർട്ടിഫിക്കറ്റും അവനു ലോകം കൊടുത്തിട്ടില്ല. ചക്രവർത്തിയുടെ ദയ അവനെ വളർത്തി. അമ്പത്തിനാല് വാല്യങ്ങളിൽ നാലായിരത്തിലധികം പേജുകളിലായി വായിക്കാനുണ്ട് ഗെഞ്ചിയുടെ കഥ. അവനും കഥയോ എന്നു ചോദിക്കൂ; നല്ല തന്തയ്ക്ക് പിറക്കാത്തവന്, അധഃകൃതന്! ഉണ്ട്, ഇക്കഥയുടെ അമ്പത്തിനാലിൽ അമ്പത്തൊന്നു വാല്യങ്ങളും അവന്റെ വീരകൃത്യങ്ങളുടെ വർണനയാണ്.

'ഗെഞ്ചി മോണോഗതാരി' എന്ന ഈ ജാപ്പനീസ് നോവൽ വരുന്നത് പതിനൊന്നാം നൂറ്റാണ്ടിലാണ്. ശ്ശെടാ, പതിനൊന്നാം നൂറ്റാണ്ടിൽ ഇത്ര രാഷ്ട്രീയ ജാഗ്രത കാണിച്ച എഴുത്തുകാരൻ ആരെന്നല്ലേ. എടാ അല്ല എടീയാണ്, അവളുടെ പേര് മുറസാകി ഷിക്കിബു. അവൾ തന്നെയാണ് ഇക്കഥയിലെ നായികയും. എഴുത്തുകാരിയായി അവൾ വാഴ്ത്തപ്പെട്ടതിന്റെ തെളിവുകൾ ലോകചരിത്രത്തിലില്ല. പക്ഷേ ജപ്പാന്റെ ചരിത്രത്തിൽ അവളുണ്ട്, കഥാകാരിയായല്ല - ഫുജിവാറ വംശത്തിലെ രാജകുമാരിയായിരുന്ന മുറസാകി ഷിക്കിബുവായി.  

രാജകൊട്ടാരങ്ങളിൽ ജീവിക്കുന്നവർ നമുക്ക് കുലസ്ത്രീകളാണ്. ആണുങ്ങൾ മാത്രം വ്യവഹാരങ്ങൾ നടത്തിയ പതിനൊന്നാം നൂറ്റാണ്ടിലാണ്, പ്രണയവും കാമവും വിവാഹവും വിവാഹേതര ബന്ധങ്ങളും എല്ലാമുള്ള സമൃദ്ധമായ ജീവിതക്കാഴ്ചകൾ വരച്ചിട്ടുകൊണ്ട് ഒരു പെണ്ണ് പുറത്തു വരുന്നത്, ലോകം രാജകുമാരി എന്ന് വിളിച്ച പെണ്ണ് ! തലച്ചോറുള്ള പെണ്ണുങ്ങൾ കുലസ്ത്രീയുടെ കുപ്പായമഴിച്ചതിന്റെ തെളിവുകൾക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട് എന്ന് 'ഗെഞ്ചി മോണോഗതാരി' നമ്മോട് പറയുന്നു. നാനൂറോളം കഥാപാത്രങ്ങളുള്ള ഈ നോവലാണ് ലോകസാഹിത്യത്തിലെ ആദ്യത്തെ സമ്പൂർണ നോവൽ. 

തന്നെത്തന്നെ നായികയാക്കിയ കഥയിൽ ഒരധഃകൃതനെ നായകനാക്കാൻ മാത്രം പൊളിറ്റിക്കലി പ്രാപ്തയായ ഈ രാജകുമാരിയാണ് ലോകകഥയുടെ നായിക എന്നാണ് എന്റെ പക്ഷം. നല്ല തന്തയ്ക്കു പിറക്കാത്തവന് നായകത്വമുള്ള മുറസാകി ഷിക്കിബുവിന്റെ ലോകമാണ് ലോകകഥ മുന്നോട്ടു വെക്കുന്ന പരിസ്ഥിതി. ആൺ സ്വപ്നങ്ങളിൽ ഒരിക്കലുമുദിക്കാത്ത - തലച്ചോറുള്ള പെണ്ണുങ്ങൾക്ക് മാത്രമുദിക്കുന്ന സൂര്യനാണ് അവിടുള്ളത്. ആ വെളിച്ചത്തിലേക്ക് നടക്കാൻ മലയാള കഥ പിന്നെയും നൂറ്റാണ്ടുകൾ എടുത്തു. ഒന്നും രണ്ടുമല്ല, ഒമ്പത് നൂറ്റാണ്ടുകൾ. 1911 ലാണ് മലയാളി തന്റെ മുറസാകി ഷിക്കിബുവിനെ കാണുന്നത്, പേര് സരസ്വതീ ഭായ്. 

സരസ്വതീ ഭായിയുടെ നായകൻ ഒരെഴുത്തുകാരനാണ്, ഗോവിന്ദൻനായർ. എല്ലാ ദിവസവും ഗോവിന്ദൻ നായരെഴുതും. പത്രാധിപന്മാർക്ക് അയച്ചു കൊടുക്കും. മുറ തെറ്റാതെ അവയെല്ലാം തിരിച്ചുവന്നിട്ടും ഗോവിന്ദൻ നായർക്ക് ക്ഷീണമൊന്നുമില്ല. എന്തിന് ക്ഷീണിക്കണം. താനൊരു മികച്ച എഴുത്തുകാരനാണ്. തിരിച്ചയയ്ക്കുന്നത് പത്രാധിപന്മാരുടെ വിവരമില്ലായ്മ. തന്റെ സർഗ്ഗശേഷിക്ക് മാർക്കിടേണ്ടത് ഡൂക്ക്ലി പത്രാധിപരല്ല. ഗോവിന്ദൻ നായർ നിർത്താതെ എഴുതിക്കൊണ്ടേയിരുന്നു. 

കല്യാണിയമ്മയാണ് ഗോവിന്ദൻ നായരുടെ ഭാര്യ. ക്ഷയിച്ച കുടുംബത്തിൽനിന്ന് കല്യാണിയമ്മയെ ഗോവിന്ദൻ നായര് കെട്ടി. ചുമ്മാതല്ല, സ്വയം മതിപ്പിനു തന്നെ! ഗതിയില്ലാത്ത ഒരു കുട്ടിയെ രക്ഷപ്പെടുത്താൻ വേണ്ടി ത്യാഗം ചെയ്ത ഗോവിന്ദൻ നായരാവാൻ, ആത്മാദരം കൂട്ടാൻ. എഴുത്തുകാരന്റെ ഭാര്യ ശീലിക്കേണ്ട ചിട്ടകളെല്ലാം ഗോവിന്ദൻ നായർ  കല്യാണിയമ്മയെ പഠിപ്പിച്ചു. തന്റെ എഴുത്തിനെ ബഹുമാനിക്കണം, കുടുംബ ഉത്തരവാദിത്തങ്ങൾ പറഞ്ഞ് ശല്യപ്പെടുത്തരുത്, ലൗകികകാര്യങ്ങൾ ഒന്നും ഒരു എഴുത്തുകാരനോട് പറയുകയേ അരുത്. എഴുത്തുകാരന്റെ ഭാര്യ അയാൾക്ക് യൂസർ ഫ്രണ്ട്‌ലിയായ ഒരു മെഷീനായിരിക്കണം എന്ന് ചുരുക്കം. ബുദ്ധിശക്തിയും സർഗ്ഗശേഷിയുമില്ലാത്ത സ്ത്രീകൾക്ക് ഒരു മെഷീൻ ആവാൻ എന്തെളുപ്പമാണ്. വീട്ടുജോലിയെടുത്തു, കൂട്ടുകിടന്നു, മക്കളെപ്പെറ്റു.. കല്യാണിയമ്മ എന്ന മെഷീൻ നിർത്താതെ പ്രവർത്തിച്ചു കൊണ്ടിരുന്നു. 

ഭർത്താവ് മുഴുവൻ സമയ എഴുത്തായതു കൊണ്ട് വീട്ടിൽ സാമാന്യം നല്ല സാമ്പത്തിക പ്രയാസമുണ്ട്. അതൊന്നും പക്ഷേ ഗോവിന്ദൻ നായരെ തളർത്തില്ല. പഠിച്ചിട്ടൊക്കെയുണ്ട് കല്യാണിയമ്മ. അടുത്ത വീട്ടിൽ പഠിപ്പിക്കാൻ പോയാൽ പണം കിട്ടും. ഭാര്യ സമ്പാദിച്ചു കുടുംബം പുലർത്താനോ! അതിന് ഗോവിന്ദൻ നായര് ചാവണം. അയാൾ നിർത്താതെ എഴുതി. ഇതിനിടെ എവിടെ നിന്നെന്നില്ലാതെയാണ് സാഹിത്യലോകത്തേക്ക് ഒരു ബാലകൃഷ്ണൻ നായരുടെ വരവ്. ഇവൻ എവിടുത്തെ എഴുത്തുകാരനാണ്, തന്നോളമൊന്നുമില്ല - പക്ഷേ പ്രശംസ മുഴുവൻ അവനാണ് കിട്ടുന്നത്. പ്രതിയോഗിയുടെ വരവ് ഗോവിന്ദൻ നായരെ കരുത്തനാക്കി. നോവൽ മത്സരം പ്രഖ്യാപിച്ചപ്പോൾ അരയും തലയും മുറുക്കി ഗോവിന്ദൻ നായരിറങ്ങി. താനെഴുതാൻ പോവുകയാണ്, ഇനി വീടു മുഴുവൻ നിശ്ശബ്ദമായിരിക്കണം. കുഞ്ഞുങ്ങൾ കരയാതെ നോക്കണം. രാത്രി ഉറക്കമിളച്ച് എഴുതാനുള്ളതിനാൽ പാൽ അധികം വേണം. ബാലകൃഷ്ണാ, ഇത് നിന്റെ അവസാനമാണ്! 

അവാർഡ് പ്രഖ്യാപിച്ചു. സമ്മാനം തനിക്കല്ല ബാലകൃഷ്ണൻ നായർക്കാണ്. ഗോവിന്ദൻ നായർ ഞെട്ടി, സത്യത്തിൽ ആരാണീ ബാലകൃഷ്ണൻ നായർ? ആരെങ്കിലും അയാളെ കണ്ടിട്ടുണ്ടോ? കണ്ടത് താൻ മാത്രമായിരുന്നു എന്ന് ഒടുവിൽ ഗോവിന്ദൻ നായർ തിരിച്ചറിഞ്ഞു. താനെഴുതുമ്പോൾ കുഞ്ഞുങ്ങൾ കരയാതെ നോക്കിയത് ബാലകൃഷ്ണൻ നായരാണ്. രാത്രിയിൽ എഴുതിത്തളരുമ്പോൾ കുടിക്കാൻ പാൽ നിറച്ചു വെച്ചത് ബാലകൃഷ്ണൻ നായരാണ്. 'തലച്ചോറില്ലാത്ത സ്ത്രീ’ എന്ന് താൻ ഓമനപ്പേരിട്ട് വിളിച്ച തന്റെ യൂസർ ഫ്രണ്ട്‌ലിയായ മെഷീൻ, കല്യാണിയമ്മ -  ബാലകൃഷ്ണൻ നായർ എന്ന തൂലികാനാമം കല്യാണിയമ്മയുടേതായിരുന്നു. അവളൊരുക്കിയ സ്വർഗ്ഗത്തിലിരുന്ന് താനെഴുതുമ്പോൾ അകത്തെ നരകത്തിലിരുന്ന് അവളെഴുതിയ എഴുത്തിന് തന്റേതിനേക്കാൾ മൂല്യമുണ്ട്, ഗോവിന്ദൻ നായർ തീർന്നിരിക്കുന്നു. ആർക്കായിരുന്നു തലച്ചോറില്ലാത്തത്, അവൾക്കോ തനിക്കോ എന്ന ചോദ്യം അയാളെ ഇനി എക്കാലവും വേട്ടയാടിക്കൊണ്ടേയിരിക്കും. 

1911 ൽ ഭാഷാപോഷിണിയിലാണ് എം.സരസ്വതീ ഭായിയുടെ ഈ കഥ വരുന്നത്, കഥയുടെ പേര് 'തലച്ചോറില്ലാത്ത സ്ത്രീകള്‍.' മലയാളത്തിലെ ആദ്യത്തെ പെൺകഥയാണിത്. സത്യം, താനൊന്നും ഒന്നുമല്ല എന്ന് ആൺകുപ്പായത്തിലഭിരമിക്കുന്ന മുഴുവൻ ഗോവിന്ദൻ നായർമാരോടും പറഞ്ഞ ഇക്കഥ അതല്ലാതെ മറ്റെന്താണ്! പെണ്ണുങ്ങൾ ത്യജിച്ച ആനന്ദങ്ങളാണ് പലപ്പോഴും ആണുങ്ങളുടെ പുസ്തകങ്ങൾ. പെൺപുസ്തകങ്ങളിലുള്ളത് ആനന്ദങ്ങൾ ത്യജിച്ച പെണ്ണുങ്ങളുടെ ഉള്ളിലെ തീയാണ്. അതു കൊണ്ടാണ് പെണ്ണുങ്ങളുടെ എഴുത്തിന് ഇത്ര ചൂട്, ആണെഴുത്തിന് തണുപ്പും.

നോക്കൂ, മുറസാകി ഷിക്കിബുവിന് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞു. പുതിയ പുതിയ രാജകുമാരിമാരെ ജപ്പാൻ കണ്ടു. മുറസാകി ഷിക്കിബു മുതൽ ഇങ്ങ് മാകോ അകിഷിനോ വരെ. ജാപ്പനീസ് രാജകുമാരിമാർക്ക് രാജവംശത്തിനകത്തുനിന്നു മാത്രമേ വിവാഹം കഴിക്കാൻ പറ്റൂ. പുറത്തുനിന്നുള്ളയാളെ വിവാഹം ചെയ്താൽ രാജകീയ പദവികളെല്ലാം നഷ്ടപ്പെടും. എന്നിട്ടും മാകോ അകിഷിനോ ഒരു സാധാരണക്കാരനെ പ്രണയിച്ചു. ടോക്കിയോ ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയിൽ ഒപ്പം പഠിച്ച കെയ് കൊമുറോയെ. രാജകുമാരി അധികാരങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഒരു ലീഗൽ അസിസ്റ്റന്റിനെ വിവാഹം ചെയ്ത കഥയറിഞ്ഞ് ജപ്പാൻ ഞെട്ടി. എനിക്കാനന്ദം തോന്നി, ഇങ്ങനെയാണ് കഥ ഭാവിയിൽ പ്രവർത്തിക്കുന്നത്. 

പക്ഷേ മുറസാകി ഷിക്കിബുവിനെ ജപ്പാൻ പഠിച്ച പോലെ, മലയാളി സരസ്വതീ ഭായിയെ പഠിച്ചിട്ടുണ്ടോ. തനിക്ക് തലച്ചോറുണ്ടെന്ന് തിരിച്ചറിഞ്ഞ എത്ര പെണ്ണുങ്ങളുണ്ട് ഒരു നൂറ്റാണ്ടിനിപ്പുറത്ത്? പെണ്ണുങ്ങൾക്ക് തലച്ചോറുണ്ടെന്ന് തിരിച്ചറിഞ്ഞ എത്ര ആണുങ്ങളുണ്ട്!

1911 മാർച്ച് ലക്കം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച എം.സരസ്വതീ ഭായിയുടെ 'തലച്ചോറില്ലാത്ത സ്ത്രീകൾ' എന്ന കഥ-