വഴിവിട്ടു പോയ കവിത
Mail This Article
കവി പോലും കരുതിയതിനപ്പുറത്തേക്ക് ഒരു കവിത വളർന്നതിനേക്കുറിച്ചാണ്. കവിയുടെയും,രാജ്യത്തേതന്നെയും ഏറ്റവും പ്രശസ്ത കവിതയായി മാറിയ ഒന്നിനെക്കുറിച്ച് -
കവികൾക്ക് സൗഹൃദങ്ങളിൽ നിന്നു കവിതകളുടെ വിത്തുകൾ കിട്ടിയേക്കാം. വിത്ത് എങ്ങനെ പാകി മുളപ്പിക്കുന്നു എന്നതിൽ ആണ് കാര്യം. വളക്കൂറുള്ളിടത്താണ് വിതച്ചതെങ്കിൽ, ആ സൗഹൃദവും സുഹൃത്തുക്കളും മൺമറഞ്ഞാലും കവിത നിലനിൽക്കുകയും ചെയ്യും. റോബർട്ട് ഫ്രോസ്റ്റിന്റെ 'ദ റോഡ് നോട്ട് ടേക്കൺ' എന്ന കവിത ഇന്നും നിലനിൽക്കുന്നതു പോലെ .
മഞ്ഞ മരക്കാട്ടിൽ വച്ച് മുന്നോട്ടുള്ള പാത രണ്ടായി പിരിയുമ്പോൾ, അവിടെ സംശയിച്ചു നിന്നിട്ട്, അധികമാരും കടന്നുപോയിട്ടില്ലാത്തത് എന്നു തോന്നുന്ന പാതയിലൂടെ യാത്ര തുടരുന്ന പഥികനെയാണ് ഈ കവിതയിൽ കാണുന്നത്. പിന്നീടൊരിക്കൽ ഒരു ദീർഘ നിശ്വാസത്തോടെ പിന്നിലേക്ക് നോക്കുമ്പോൾ, ആ തിരഞ്ഞെടുപ്പായിരുന്നു ജീവിതത്തിൽ പിന്നീട് ഉണ്ടായിട്ടുള്ളതിനൊക്കെ കാരണം എന്ന് പറയാനാകും എന്ന് കവി പറയുന്നു.
റോബർട്ട് ഫ്രോസ്റ്റിന്റെ സമകാലികനായ കവിയായിരുന്നു എഡ്വേർഡ് തോമസ്. യുദ്ധത്തെക്കുറിച്ചല്ല ഭൂരിഭാഗം കവിതകളും എങ്കിലും അത്തരം കുറച്ചു കവിതകളുടെ പേരിൽ യുദ്ധകാല കവിയായി അദ്ദേഹം അറിയപ്പെടുന്നു. കവിതാ ലോകത്തേക്ക് കാൽവയ്ക്കുന്നതിനു മുൻപു തന്നെ എഴുത്തുകാരൻ, നിരൂപകൻ എന്നീ നിലകളിൽ പേരെടുത്തിരുന്നു അദ്ദേഹം.
ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കകാലത്ത് ആരംഭിച്ച സൗഹൃദമാണ് ഫ്രോസ്റ്റും എഡ്വേർഡ് തോമസും തമ്മിൽ. കൃഷിയും എഴുത്തും അധ്യാപനവും ഒന്നിച്ചു ചേർത്ത സുഹൃത്തുക്കൾ ഇംഗ്ലണ്ടിലെ ഗ്ലൂസെസ്റ്റർഷൈറിൽ അടുത്തടുത്തായിരുന്നു താമസവും .
തോമസിലെ കവിയെ പുറത്തേക്ക് കൊണ്ടുവരുന്നതിൽ റോബർട്ട് ഫ്രോസ്റ്റും ഇംഗ്ലീഷ് ഗ്രാമഭംഗിയും ഒരു പോലെ പങ്കു വഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഫ്രോസ്റ്റിന്റെ കവിതകൾ അംഗീകരിക്കപ്പെടുന്നതിന് തോമസും കാരണക്കാരനായി. അതിനു മുൻപുതന്നെ നിരൂപകൻ എന്ന നിലയിൽ തോമസ് പേരെടുത്തിരുന്നുവല്ലോ.
ഏതൊരു കാര്യത്തെക്കുറിച്ചും തീരുമാനമെടുക്കുന്നതിൽ തോമസിനുണ്ടാകുമായിരുന്ന ആശയക്കുഴപ്പം ഫ്രേസ്റ്റിന് അദ്ദേഹത്തെ കളിയാക്കുവാനുള്ള സ്ഥിരം വിഷയമായിരുന്നു. രണ്ടാളും ഒന്നിച്ചുള്ള പ്രഭാത സവാരികളിൽ ഏത് വഴി തിരഞ്ഞെടുക്കണം എന്നതു പോലും തോമസിനെ അങ്കലാപ്പിലാക്കിയിരുന്നു. ഒടുവിൽ ഏതു വഴി തിരഞ്ഞെടുത്താലും തോമസിന് തോന്നും തിരഞ്ഞെടുക്കാതിരുന്ന വഴി ഇതിലും നല്ലതായിരുന്നിരിക്കും എന്ന്.
അതിനിടെ 1914 ൽ ഒന്നാം ലോക മഹായുദ്ധം ആരംഭിക്കുകയും അതിനെക്കുറിച്ച് ഇരുവരും കാര്യമായി ചർച്ച ചെയ്യുകയും ചെയ്തു. ഉടൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഫ്രോസ്റ്റിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. സകുടുംബം അമേരിക്കയിലേക്ക് കുടിയേറുകയാണ് അദ്ദേഹം ചെയ്തത്. തോമസാകട്ടെ യുദ്ധത്തിൽ ചേരുകയാണോ അതോ അമേരിക്കയിലേക്ക് പോകുകയാണോ വേണ്ടത് എന്ന് തീരുമാനിക്കാനാവാതെ വിഷമിച്ചു. ഫ്രോസ്റ്റ് തോമസിന്റെ മകനേയും ഒപ്പം കൂട്ടിയിരുന്നു. അമേരിക്ക എന്ന തീരുമാനം തോമസ് എടുക്കാൻ അതൊരു കാരണമാകട്ടെ എന്നദ്ദേഹം കരുതി.
അമേരിക്കയിൽ, ന്യൂഹാംപ്ഷയറിൽ നിന്ന് ഫ്രോസ്റ്റ് തോമസിന് അയച്ച കവിതയാണ് 'ദ റോഡ് നോട്ട് ടേക്കൺ'. ഒപ്പം തന്നെ അമേരിക്കയിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
കവിത ലഭിച്ചത് തോമസ് യുദ്ധത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്ന സമയത്തു തന്നെയായിരുന്നു. ഒരു ഭീരുവായി ജീവിച്ചു എന്ന് പിന്നീട് കുറ്റബോധം തോന്നിയേക്കാം എന്ന ചിന്തയായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. തിരഞ്ഞെടുത്ത യുദ്ധത്തിന്റെ വഴിയെക്കുറിച്ച് ഓർത്ത് തോമസ് പതിവു പോലെ പശ്ചാത്തപിക്കുകയുണ്ടായില്ല. അതിനദ്ദേഹം ബാക്കിയായില്ല. വളരെ കുറച്ചു നാളുകൾക്കകം യുദ്ധത്തിൽ എഡ്‌വേർഡ് തോമസ് മരണമടഞ്ഞു.
അമേരിക്കൻ കവിതകളിൽ ഏറ്റവും പ്രശസ്തമായവയിൽ ഒന്നായ 'ദ റോഡ് നോട്ട് ടേക്കൺ' ലോകമാകെ ഗൗരവമായി എടുത്ത ഒന്നാണ്. പക്ഷേ, എഴുതിയ കവിയാകട്ടെ അതിനെ വളരെ ലാഘവത്തോടെയാണ് കണ്ടിരുന്നത്. സുഹൃത്തിന്റെ സ്ഥിരം ആവലാതിയെക്കുറിച്ച് തമാശ രൂപേണയാണ് താൻ അത് എഴുതിയത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരു കോളേജിൽ ആ കവിത വായിക്കാനിടയായപ്പോൾ വിദ്യാർത്ഥികൾ വളരെ ഗൗരവമായിട്ടാണ് കവിതാ ചർച്ചയിൽ പങ്കെടുത്തത്. " ഞാനതിനെ സരസമായിട്ടേ കണ്ടിട്ടുള്ളു എന്നെത്ര വ്യക്തമാകും വിധം സംസാരിച്ചിട്ടും അവർ അതിനെ ഗൗരവമായി തന്നെയെടുത്തു. എന്റെ തെറ്റ് തന്നെ" എന്നദ്ദേഹം പറയുകയുണ്ടായി.
തീരുമാനമെടുക്കാനവാതെ ശങ്കിച്ചു നിൽക്കുന്നതും ഒടുവിൽ ഒരു വഴി തിരഞ്ഞെടുക്കുന്നതും ജീവിതത്തിൽ ഒരിക്കലെങ്കിലും വേണ്ടി വന്നിട്ടില്ലാത്തവർ ഉണ്ടാകില്ല. പലപ്പോഴും തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് പശ്ചാത്തപിച്ചിട്ടുമുണ്ടാകും. വേണ്ട എന്നു വച്ചതിനെക്കുറിച്ച് ഓർത്ത് ഇടയ്ക്കെങ്കിലും ആശ്വസിച്ചും കാണും. ഇത്തരം അനുഭവങ്ങളുടെ സാർവ്വലൗകികത തന്നെയാണ് കവി വിചാരിച്ചതിനുമപ്പുറമായി ലോകം ഈ കവിതയെ ഏറ്റെടുക്കാൻ കാരണം.
ഗ്രീക്ക് ട്രാജഡികളിൽ ധീരോദാത്തനും അതി പ്രതാപ ഗുണവാനുമായ നായകൻ ജീവിതത്തിൽ പരാജയപ്പെടുന്നത് സ്വഭാവത്തിൽ ഉള്ള ഒരെറ്റ പാകപ്പിഴ കാരണമാണ്. ഹമാർഷ്യ എന്ന് ഗ്രീക്ക് ഭാഷയിലും പിന്നീട് ഇംഗ്ലീഷിലുമൊക്കെ പറയപ്പെട ഈ പാകപ്പിഴ ഷേക്സ്പിയറുടെ ട്രാജഡികളിൽ കാണാം. ഷേക്സ്പിയറുടെ അതിപ്രശസ്തനായ നായകൻ, ഹാംലറ്റിന്റെ ഹമാർഷ്യ തീരുമാനമെടുക്കാൻ അമാന്തിച്ചിരുന്നു എന്നതാണ്. അങ്ങനെ എക്കാലവും യഥാർത്ഥ മനുഷ്യരിലും, കഥാപാത്രങ്ങളിലും വരെ പ്രകടമായിരുന്ന ഒരു സ്വഭാവത്തെയാണ് കവിതയിലൂടെ ലളിതമായി ഫ്രോസ്റ്റ് കുറിച്ചിട്ടത്. പക്ഷേ, ഇവിടെ അത്തരമൊരു അനിശ്ചിതത്വം അല്പനേരം ഉണ്ടായെങ്കിലും അധികമാരാലും സഞ്ചരിക്കപ്പെടാത്ത വഴി ഒരു ന്യായീകരണത്തോടു കൂടി കവി തിരഞ്ഞെടുക്കുന്നുണ്ട്.
റോളണ്ട് ബാർത്ത് 'ഡെത്ത് ഓഫ് ദ ഓഥർ' എന്ന ലേഖനത്തിൽ പറയുന്നത് ഒരു കൃതി വായിക്കപ്പെടുമ്പോഴാണ് പൂർണ്ണമാകുന്നത് എന്നാണ്. എഴുതിക്കഴിയുന്നതോടെ എഴുത്തുകാരൻ മാറി നിൽക്കുന്നു. അയാളുടെ റോൾ അവിടെ തീരുകയാണ്. ആ കൃതിയെ സംബന്ധിച്ചിടത്തോളം സൃഷ്ടാവ് അവിടെ മരിക്കുന്നു, വായനക്കാരൻ ജനിക്കുന്നു. വായനക്കാർ ഏറ്റെടുത്ത് മറ്റൊരു മാനമേകിയ 'റോഡ് നോട്ട് ടേക്കൺ' അമേരിക്കൻ കവിതകളിൽ ഏറ്റവും പ്രശസ്തമായതു പോലെ. ബാർത്തിനെ ശരിവയ്ക്കുന്നു വായനാലോകം.
English Summary : Kadhasthu / About Poet Robert Frost