ADVERTISEMENT

മാറ്റൊലി എന്നത് ഒരു വിശേഷണത്തേക്കാളുപരി ബാധ്യതയുടെ ഭാരമായി വഹിക്കേണ്ടിവന്നിട്ടുണ്ട് ഒഎന്‍വിക്ക്. കവിതയില്‍ ചങ്ങമ്പുഴ. ചലച്ചിത്രഗാനങ്ങളില്‍ വയലാര്‍. കാവ്യജീവിതത്തിലുടനീളം ഈ രണ്ടു നിഴലുകളുടെ ഭാഗമാകുകയും പിന്നീടു  മാറി നടക്കാന്‍ നടത്തിയ പരിശ്രമവുമാണ് ഒഎന്‍വിയെ മലയാളത്തിലെ വ്യത്യസ്തനായ കവിയാക്കിയത്; ഏതാനും മണിക്കൂര്‍ നീളുന്ന സിനിമയ്ക്കപ്പുറം നീളുന്ന നിലനില്‍പുള്ള ഗാനരചയിതാവാക്കിയത്. കേവലം മര്‍ത്യഭാഷ അറിയാവുന്ന മനുഷ്യരെപ്പോലും മികച്ച ശ്രോതാക്കളും സാഹിത്യാഭിരുചിയുമുള്ളവരാക്കിയത്. 

ചങ്ങമ്പുഴ പ്രണയത്തിന്റെ കാല്‍പനിക ഭംഗികളില്‍ മലരൊളി തിരളുന്ന മധുചന്ദ്രികയായെങ്കില്‍  ഒഎന്‍വി ജീവിച്ച കാലത്തോടു പ്രതികരിച്ചും മാറിവരുന്ന അഭിരുചികളോടു സമരസപ്പെട്ടും തന്റേതായ കാവ്യഭാഷ കണ്ടെത്തി. ചെറുകവിതകള്‍ക്കപ്പുറം മഹാകാവ്യങ്ങളെഴുതിയിട്ടില്ലെങ്കിലും ഉജ്ജയിനി പോലുള്ള ഖണ്ഡകാവ്യങ്ങളിലൂടെ അഗാധമായ മാനുഷിക വികാരങ്ങളുടെ വ്യാഖാതാവായും പ്രതിഭ തെളിയിച്ചു.

വയലാര്‍ കേരളത്തിന്റെ ഭൂപ്രകൃതിയുടെ തനതുകവിയായി പരിലസിക്കുകയും മലയാളി ഗൃഹാതുരതയുടെ അനശ്വരമായ അടയാളമായി മാറുകയും ചെയ്തെങ്കില്‍ ഒഎന്‍വി ചലച്ചിത്രഗാനങ്ങളില്‍ ഒരു പടി കൂടി കടന്ന് ജീവിതത്തന്റെ സമസ്തഭാവങ്ങളെയും തഴുകിയുണര്‍ത്തിയതായി കാണാം. നാടക ഗാനങ്ങളില്‍ തുടങ്ങി മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി സഞ്ചരിച്ച കവി നൈമിഷികമായ ഗാനങ്ങളെ കവിതയുടെ അര്‍ഥധ്വനികള്‍ നല്‍കി പണ്ഡിതരുടെയും പാമരരുടെയും ഇഷ്ടകവിയായി.

കവിതയില്‍ നഷ്ടപ്പെട്ടതെല്ലാം ഗാനങ്ങളിലൂടെ തിരിച്ചുപിടിച്ച കവിയാണ് ഒഎന്‍വി. അക്കാര്യത്തില്‍ അദ്ദേഹത്തിനു സമശീര്‍ഷരായി മലയാളത്തിലോ മറ്റ് ഇന്ത്യന്‍ ഭാഷകളിലോ മറ്റൊരു കവിപോലുമില്ലെന്നും കാണാം. ജ്ഞാനപീഠ പുരസ്കാരം പോലും ഒഎന്‍വിക്കു ലഭിച്ചത് കവിതകളുടെ മാത്രം പേരിലല്ല, ഗാനങ്ങളുടെ പേരില്‍കൂടിയാണെന്നതും ഇവിടെ ചേര്‍ത്തുവച്ചു വായിക്കണം. മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലായിരുന്നെങ്കില്‍ ഒരുപക്ഷേ ഓസ്കര്‍ പോലും ലഭിക്കേണ്ട ഗാനരചയിതാവു കൂടിയാണ് ഒഎന്‍വി. 

പാടുവാനായ് വന്നു നിന്റെ 

പടിവാതില്‍ക്കല്‍, ചൈത്ര 

ശ്രീപദങ്ങള്‍ പൂക്കള്‍ തോറും 

ലാസ്യമാടുമ്പോള്‍ ! 

ഏതു രാഗം, ശ്രുതി, താളം 

എന്നതറിയാതെ 

വീണയില്‍ പൊന്നിഴപാകി 

മീട്ടിടുന്നാരോ ! 

onv-002
പ്രതീകാത്മക ചിത്രം

എഴുതാപ്പുറങ്ങള്‍ എന്ന സിനിമയ്ക്കുവേണ്ടി ഒഎന്‍വി എഴുതിയ ഗാനം ആ സിനമയ്ക്കും സിനിമാ സന്ദര്‍ഭത്തിനമപ്പുറം തിയറ്ററില്‍ നിന്ന് ഒഴുകിയിറങ്ങി മലയാളിയുടെ ഹൃദ്തടങ്ങളില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. 

ലോകമെങ്ങുമുള്ള അനുരാഗികളുടെ പ്രിയപ്പെട്ട പദസമുച്ചയമാണ് ഐ മിസ്സ് യു എന്നത്. നഷ്ടപ്പെടുമ്പോഴുള്ള വേദന. ആ വേദനയെ മലയാളത്തിലാക്കാന്‍ കഴിയാതെ മലയാളികളും അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു..മിസ്സ് യൂ എന്ന്. ഒഎന്‍വിയുടെ മരണത്തിനും ശേഷമാണ് ഐ മിസ്സ് യു എന്നതിനു തത്തുല്യമായ മലയാളം കവിയുടെ പ്രശസ്തമായ പാട്ടില്‍നിന്ന് ആരോ കണ്ടെടുക്കുന്നതും അതെല്ലാവര്‍ക്കും പ്രിയമാകുന്നതും- അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍. പ്രണയത്തിന്റെ മാത്രം തീവ്രവിഷാദം തുടിക്കുന്നതല്ല ആ വരികള്‍. 

ജേസി എന്ന സംവിധായകനുവേണ്ടി ജോണ്‍ പോള്‍ എഴുതിയ കഥയ്ക്ക് അനുയോജിച്ചാണ് ഒഎന്‍വി ആ പാട്ടു രചിക്കുന്നത്. നീയെത്ര ധന്യ എന്ന സിനിമയ്ക്കുവേണ്ടി. നാലു പാട്ടുകളായിരുന്നു ആ ചിത്രത്തിനു വേണ്ടിയിരുന്നത്. മൂന്നു പാട്ടുകളും ഒഎന്‍വി അനായാസം എഴുതി. നാലാമത്തെ പാട്ട് അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചു. മനസ്സില്‍ പാട്ടിനു പകരം നിറഞ്ഞുനിന്നത് തലേന്നു രാത്രി പെയ്ത മഴ. ഈറാമ്പലിലൂടെ തെറിച്ച വെള്ളത്തുള്ളികള്‍. കാറ്റത്തുലഞ്ഞാടിയ ജനല്‍പ്പാളി. എവിടെനിന്നോ വന്നു ചിലച്ചിട്ടുപോയ കിളിയും. 

ദേവരാജനായിരുന്നു നീയെത്ര ധന്യയുടെ സംഗീത സംവിധായകന്‍. അദ്ദേഹമെത്തിയപ്പോള്‍ ഒഎന്‍വി ആദ്യം നല്‍കിയതും എഴുതാന്‍ പ്രയായസപ്പെട്ട നാലാമത്തെ ഗാനമാണ്. ദേവരാജന്‍ ആ വരികള്‍ മൂളി. ഒഎന്‍വി ഏറ്റുപാടി. തിയറ്ററില്‍ തരംഗം സൃഷ്ടിക്കാതെ ജേസി സിനിമ വിസ്മൃതമായെങ്കിലും ഒഎന്‍വിയുടെ പാട്ട് ഇന്നും നിലനില്‍ക്കുന്നു. പ്രണയത്തിനപ്പുറം സൗഹൃദത്തിന്റെ ഊഷ്മളതയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച്. 

പുതുമഴക്കുളിരില്‍ പുന്നില- 

മുഴുതമാദകമാം -ഗന്ധം 

വഴിയുമീവഴി വന്ന കാറ്റാ 

ലഹരി നുകുരുമ്പോള്‍, 

നിമിഷപാത്രത്തില്‍ ആരീ 

അമൃതു പകരുന്നൂ? എന്നും 

ഇവിടെ നില്‍ക്കാന്‍ അനുവദിക്കൂ

onv-003
പ്രതീകാത്മക ചിത്രം

പാടുവാന്‍ മാത്രം ! 

നാലുവര്‍ഷം മുമ്പ് വിടവാങ്ങിയ കവിയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത് നഷ്ടബോധമല്ല, നിറനിലാവ്. മലയാളികള്‍ക്കു പ്രിയകവിയോടു പറയാനുള്ളതുപോലും അദ്ദേഹം എന്നേ പറഞ്ഞുവച്ചിട്ടുണ്ട്. 

ഒരു മണ്‍ചുവരിന്റെ നിറുകയില്‍ നിന്നെ ഞാന്‍ ഒരു പൊന്‍തിടമ്പായെടുത്തുവച്ചൂ ! 

English Summary : In Memory of ONV Kurup