ADVERTISEMENT

ഉരുളൻ കല്ലുകൾ, ലാവെൻഡർ വള്ളികൾ, വയലറ്റ് പൂക്കള്‍, പേനകൾ, പെൻസിലുകൾ, മധുര ഭരണികൾ, വീഞ്ഞു കുപ്പികള്‍... കല്ലറയില്‍ സമ്മാനങ്ങള്‍ കുന്നുകൂടുകയാണ്. തുറന്നിട്ട  ജാലകത്തിലൂടെ മാത്രം ലോകം കണ്ട കവയിത്രിക്കുള്ള സമ്മാനങ്ങള്‍. യുഎസില്‍ മസ്സാച്ചുസെറ്റ്സിലെ ആംഹെര്‍സ്റ്റില്‍. 134 വര്‍ഷമായി മേയ് 15 ന്  ആവര്‍ത്തിക്കുന്ന ചടങ്ങ്. 

 

പ്രിയപ്പെട്ട എമിലീ , ഇതും ഒരു സമ്മാനം തന്നെ. ആ കവിതകളാല്‍ വശീകരിക്കപ്പെട്ടുപോയൊരാള്‍, ഭൂഖണ്ഡങ്ങള്‍ക്കിപ്പുറത്തു നിന്ന് ദുര്‍ബലമായ വാക്കുകളാല്‍ കോര്‍ത്തെടുക്കുന്ന ഹൃദയഹാരം.  

 

എമിലി ഡിക്കിന്‍സണ്‍. ഏകാന്തതയുടെ പ്രണയിനി. നിഗൂഢതകളുടെ പ്രിയസഖി. ആംഹെർസ്റ്റിന്റെ കടംകഥ. 

 

എമിലി പ്രണയവും വിരഹവും പാടി. ജനാല കടന്നുവന്ന വെളിച്ചത്തിലിരുന്ന് ജീവിതത്തേയും മരണത്തേയും കുറിച്ചു പറഞ്ഞു. അനശ്വരതയെ കുറിച്ചെഴുതി. അതീന്ദ്രിയമായതെല്ലാം ആ പേനത്തുമ്പിലെ പ്രിയ വിഷയങ്ങളായി. കണ്ണിൽപ്പെട്ട കടലാസുകളില്‍ കവിതകൾ നിറഞ്ഞു. ഉപയോഗ ശൂന്യമായ കവറുകളുടെ മറുപുറങ്ങളില്‍. കടയിൽ നിന്നു വാങ്ങേണ്ട സാധനങ്ങളുടെ പേരെഴുതിയ പേപ്പറുകളില്‍ വരെ. 

 

‘‘ഞാനൊരു പുസ്തകം വായിക്കുകയും ഒരു തീയ്ക്കും ചൂടു പകരാൻ കഴിയാത്ത വിധം അതെന്നെ മരവിപ്പിക്കുകയും ചെയ്താൽ എനിക്കറിയാം, അതു കവിതയാണെന്ന്’’. അത്രമേൽ കവിതകളെ സ്നേഹിച്ചിരുന്ന ഒരാളുടെ വാക്കുകള്‍. 

 

വിഷാദമായിരുന്നു എമിലിയുടെ ഹൃദയഭാവം. ചിന്തകളെ ചെമ്മരിയാടുകളെപ്പോലെ അഴിച്ചു വിട്ട്, ഒരു ചിലന്തിയെപ്പോലെ കവിതകളുടെ വല നെയ്തുകൂട്ടി. മനസ്സിൽ കറുപ്പ് വീണിരുന്നെങ്കിലും വെളുത്ത ഫ്രോക്കുകളിൽ മാത്രം കാണപ്പെട്ടു. പകുത്തു ചീകി പിന്നിലേക്ക് കെട്ടിയ ചെമ്പൻ മുടിയും കയ്യിലൊരു പേനയുമായി മുറിയിൽ തന്നെയിരുന്നു. പാതി ചാരിയ വാതിലിനിപ്പുറം നിന്നു മാത്രം പുറത്തുള്ളവരോട് സംസാരിച്ചു. വീട്ടിൽ പിതാവിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോഴും മുറിയ്ക്കകത്തായിരുന്നു എമിലി. ഉയര്‍ന്നുകേട്ട പ്രാര്‍ഥനകളില്‍ എമിലി പങ്കുകൊണ്ടതു മനസ്സുകൊണ്ടുമാത്രം. ഒന്നും രണ്ടുമല്ല, 15 വര്‍ഷത്തെ സ്വയം വിധിച്ച ഏകാത്തത്തടവ്. 

 

ഉല്ലാസവതിയായിരുന്നു ഒരിക്കല്‍ എമിലി. പൂന്തോട്ടത്തെ സ്നേഹിച്ച കൗമാരക്കാരി. ആപ്പിളും ചെറിയും പിയർ മരങ്ങളും ആ കുട്ടിയുടെ പരിലാളനയിൽ വളർന്നു. കവിതകളില്‍ ചെടികളും പൂക്കളും പ്രതീകങ്ങളായി. സസ്യങ്ങളുടെ ശേഖരവും പ്രിയ വിനോദമായിരുന്നു. സുഹൃത്തക്കൾക്കും ബന്ധുക്കള്‍ക്കുമെഴുതുന്ന കത്തുകൾക്കൊപ്പം പൂവുകളും സഞ്ചരിച്ചു. ആംഹെർസ്റ്റിലെ ബോട്ടണി വിദ്യാർത്ഥിനിയായിരുന്ന എമിലിയുടെ പ്രകൃതി സ്നേഹത്തിന് മറ്റു കാരണങ്ങൾ തേടേണ്ടതില്ലോ.

 

ഞായറാഴ്ചകളോടായിരുന്നു പ്രിയം. ആത്മീയതയിൽ  ആകൃഷ്ടയായിരുന്നെങ്കിലും പള്ളിയാരാധനകളിൽ സംബന്ധിച്ചിരുന്നില്ല. മതം മുന്നോട്ടു വച്ച വിശ്വാസങ്ങളെ തനിക്കിണങ്ങുന്നതു പോലെ മാത്രം വായിച്ചെടു ത്തു. ലെമണേഡും വൈനും കേക്കും മണക്കുന്ന ഉച്ചനേരങ്ങൾ ഞായറാഴ്ചകൾക്ക് രസം പകർന്നു. സംഗീത ക്ലാസ്സിലെ വൈകുന്നേരങ്ങളിൽ എമിലി  ആവേശഭരിതയായി. ജ്യേഷ്ഠനൊപ്പമുള്ള  നീണ്ട രാത്രി സംഭാഷണങ്ങളിൽ സൂര്യനു താഴെയുള്ളതെല്ലാം ചർച്ച ചെയ്തു.

 

പറന്നു നടന്ന യുവതി ഒറ്റയ്ക്കിരുപ്പുകളിൽ അഭിരമിച്ചു തുടങ്ങിയത് പ്രായം നാല്‍പതോട് അടുക്കുമ്പോൾ. ഏകാന്തതയിലേക്ക് ഉൾവലിയാൻ കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. കവിതകളുടെ കൂട്ടുള്ളപ്പോൾ മറ്റൊരു കൂട്ട് വേണമെന്ന് തോന്നാഞ്ഞതിലും അത്ഭുതമില്ലല്ലോ. പക്ഷേ എമിലിയ്ക്കുമുണ്ടായിരുന്നു പ്രണയം. ഇരുപതു വർഷങ്ങൾക്കും മുന്നെയൊരു ഗ്രീഷ്മത്തിൽ ജീവിതത്തിൽ സ്നേഹം നിറച്ച കൂട്ടുകാരി - സൂസൻ ഗിൽബെർട്. എമിലിയുടെ നൂറു കണക്കിനു കത്തുകൾ സൂസനു വേണ്ടി മാത്രം എഴുതപ്പെട്ടതാണ്; കവിതകളും.  ‘‘അനന്തമായ ആകാശത്തിൽ നിന്ന് ഞാന്‍  ഒറ്റ നക്ഷത്രത്തെ മാത്രമെടുക്കുന്നു - സൂസൻ, അത് എന്നെന്നേക്കും നീയാണ്’’ എന്നവർ പാടി. ഉള്ളിലൊഴുകിപ്പരന്ന ആ  സ്നേഹമായിരിക്കണം വിഷാദം മൂടിയ  ആത്മാവില്‍ പ്രതീക്ഷയുടെ പക്ഷിയ്ക്ക് കൂടൊരുക്കാൻ എമിലിയെ പ്രാപ്തയാക്കിയത്.

 

പ്രണയത്തെക്കുറിച്ചു  മാത്രമല്ല മരണത്തെക്കുറിച്ചും എമിലി വാചാലയായി. രണ്ടു ഭാവങ്ങളുടെയും തീവ്രത ഒന്നാണെന്ന് തോന്നിയിട്ടുണ്ടാകണം.!  രഥമേറി വരുന്ന മരണത്തെ കുലീനനായ യുവാവായി കണ്ടു. തിരക്കുകളും വിശ്രമവും മാറ്റി വെച്ച് അയാൾക്കൊപ്പമിരുന്നു. കഴിഞ്ഞു പോയ നാളുകളൊക്കെ ആ യാത്രയിൽ എമിലിക്ക്  പുനരനുഭവങ്ങളായി. അന്നും ധരിച്ചിരുന്നത് ഒരു നേര്‍ത്ത ഗൗണ്‍- അതും വെളുത്തിട്ടായിരിക്കണം.

 

കവിതയ്ക്കും കവയിത്രിക്കും പേരില്ലാതെ  ആയിരത്തിലധികം രചനകൾക്ക് എമിലി ജന്മം നൽകി. വ്യവസ്ഥാപിത കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് കാലത്തിനും മുന്നേ സഞ്ചരിച്ച അമൂല്യമായ രചനകള്‍. എന്നാല്‍ ജീവിച്ചിരുന്നപ്പോൾ വെളിച്ചം കണ്ടത് 10-ല്‍ താഴെ കവിതകള്‍ മാത്രം. എഴുതിയതെല്ലാം കിടപ്പുമുറിയിലെ വലിയ പെട്ടിക്കുള്ളിൽ താഴിട്ട് പൂട്ടിയിരുന്നു. നശിപ്പിച്ചു കളയണം എന്ന് അനുജത്തി വിന്നിയോട് പറഞ്ഞേല്‍പിച്ചിരുന്നു. എന്നാല്‍ മറിച്ചു ചിന്തിച്ച വിന്നിക്ക് സ്തുതി ! 

 

‘‘തിരികെ വിളിക്കപ്പെട്ടത്’’ എന്ന ശിലാലിഖിതത്തിനു താഴെ എമിലിയുടെ മരണത്തീയതി എഴുതിച്ചേർത്തി ട്ടുണ്ട്. അവിടെയൊരു നിഗൂഢ കവിത മയങ്ങുന്നുവെന്ന് മാത്രമേ എഴുത്തുകാരിയെ സ്നേഹിക്കുന്നവർ വിശ്വസിക്കുകയുള്ളൂ.

 

എമിലിക്ക് പ്രിയമായിരുന്നതൊക്കെ സമ്മാനിച്ചു കാഴ്ചക്കാർ മടങ്ങുമ്പോഴും ആംഹെർസ്റ്റിലെ കല്ലറയ്ക്കുള്ളിൽ അവര്‍  തനിച്ചല്ല. എമിലിക്കും മരണത്തിനുമൊപ്പം ഇഴഞ്ഞു നീങ്ങിയ  രഥത്തിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നല്ലോ; അനശ്വരത. എമിലിയെങ്ങനെ തനിച്ചാകാന്‍ ! എവിടേക്ക് തിരികെപ്പോകാന്‍ ! 

 

English Summary : Emily Dickison Strange Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com