ADVERTISEMENT

‘‘എത്ര എമൗണ്ടെന്ന് ഞാനെങ്ങനെയാ അമ്മേ പറയുക. ഓരോ പുസ്തകത്തിന്റേം പ്രൈസ് എനിക്കറിയ്യോ. അമ്മ തന്നെ തീരുമാനിക്ക്. ഏതായാലും ചുളുവിലയ്ക്കൊന്നും കൊടുക്കേണ്ട’’.

ഗ്രന്ഥ ശേഖരമുള്ള മുറിയിലേക്ക് കയറി ആകെയൊന്ന് ദൃഷ്ടിപായിച്ചപ്പോൾ ഉണ്ണീനാപ്പയ്ക്ക് അതിശയപ്പെടാതെ കഴിഞ്ഞില്ല.

 

‘‘ഈ പുസ്തകങ്ങളൊക്കെ മൂപ്പര് വായിച്ചതാ? ഉള്ള സമയം മുഴ്വനും വായന മാത്രമായിരുന്നോ? വേറെ ജാവാരം ഒന്നുല്ലേ? സമ്മതിക്കണം മൂപ്പരെ.’’

 

ജനലിനടുത്തുള്ള ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഏകാഗ്രചിത്തതയോടെ ഒരു പുസ്തകം വായിക്കുന്ന നിലയിൽ ഭവദാസൻ അവിടെ ഉണ്ടായിരുന്നു. രാധമ്മയുടെയോ രണ്ടാം കൈ പുസ്തകവിൽപനക്കാരൻ ഉണ്ണീനാപ്പയുടെയോ സാന്നിധ്യം അയാളെ അലോസരപ്പെടുത്തിയില്ല. അയാളുടെ ആത്മാവും പുസ്തകത്തിന്റെ ആത്മാവും ഒരേ ദേഹക്കൂറിൽ ഒന്നായിത്തീർന്നിരുന്നു...

(പുസ്തകങ്ങളേ നിങ്ങൾ– സി.വി. ബാലകൃഷ്ണൻ).

 

ഭാഷയുടെയും സ്വീകരിക്കുന്ന പ്രമേയത്തിന്റെയും പുതുമ കൊണ്ട് ശ്രദ്ധേയമാണ് സി.വി. ബാലകൃഷ്ണന്റെ കഥകൾ. ഏറ്റവും പുതിയ കഥയായ ‘പുസ്തകങ്ങളേ നിങ്ങൾ’ പ്രമേയ വൈവിധ്യം കൊണ്ട് ഇതിനകം ഏറെ ചർച്ച ചെയ്യപ്പെട്ടു. പുസ്തകത്തെ ജീവനോളം സ്നേഹിച്ച ഒരാളുടെ മരണാനന്തരം നടക്കുന്ന സംഭവങ്ങളെ അത്യധികം വ്യഥയോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 

 

‘‘ഒരു പുസ്തക പ്രേമിയുടെ ആത്മകഥ എന്നാണ് ഈ കഥയെ ഞാൻ വിശേഷിപ്പിക്കുക. അത് എന്റേതാകാം, പുസ്തകത്തെ സ്നേഹിക്കുന്ന ആരുടതുമാകാം. കഥ വായിച്ച് എന്നെ വിളിച്ച എല്ലാവരും ഇതേയൊരു വികാരമാണ് പങ്കുവച്ചത്’’– സി.വി.ബാലകൃഷ്ണൻ  കഥയെക്കുറിച്ചു പറഞ്ഞുതുടങ്ങി. 

 

‘‘മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരൻ. അത്രയധികം ആരാധകരും ശിഷ്യന്മാരും ഉണ്ടായിരുന്ന കോളജ് അധ്യാപകൻ. ഞാൻ അദ്ദേഹത്തെ കാണുമ്പോഴെല്ലാം പുസ്തകങ്ങളുടെ ഇടയിലായിരുന്നു. പുസ്തകങ്ങളെ അത്രയധികം സ്നേഹിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. എത്രയോ വിശേഷപ്പെട്ട പുസ്തകങ്ങൾ ആ അലമാരയിൽ അദ്ദേഹത്തോടു സംവദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണാന്തരം ഉണ്ടായ കാര്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഏതോ ലൈബ്രറിക്ക് ആ പുസ്തകങ്ങളെല്ലാം കൈമാറുകയായിരുന്നു ബന്ധുക്കൾ...

ഇതുപോലെ പല പല സംഭവങ്ങൾ. കഥ വായിച്ചു വിളിച്ച പലരും പറഞ്ഞത് അവരുടെയെല്ലാം അനുഭവത്തിൽ ഇതുപോലെയുള്ള ഭവദാസന്മാർ ധാരാളമുണ്ടായിരുന്നു. പുസ്തകങ്ങളെ ജീവനുള്ളതായി കാണുന്ന എത്രയോ പേരുണ്ട്. കഥയിൽ പറയുന്നതുപോലെ ‘കാടിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരാൾ കാട്ടിലൂടെ നടക്കുന്നതുപോലെയായിരുന്നു ഭവദാസൻ മാഷ് പബ്ലിക് ലൈബ്രറിയിലെത്തിയാൽ. ഇടയ്ക്ക് ഓരോ വൃക്ഷത്തെ തലോടി, വനപുഷ്പങ്ങളുടെ സുഗന്ധമറിഞ്ഞ്, ഭ്രമരങ്ങളുടെ മൂളലാസ്വദിച്ച് ഇലപ്പച്ചയിൽ വിരൽചേർത്ത് അങ്ങനെയങ്ങനെ ഒരു നടത്തം. 

 

തന്റെ സ്വകാര്യ ഗ്രന്ഥശേഖരത്തിൽ അങ്ങനെ ഏകാകികളായി കാണപ്പെടുന്ന പുസ്തകങ്ങളെ ഭവദാസൻ പ്രത്യേകമായി പരിഗണിച്ചിരുന്നു. വായിക്കാനല്ലെങ്കിലും അവ കൂടെക്കൂടെ കയ്യിലെടുക്കും. തുറന്നിട്ട ജനലിലൂടെ ചിലപ്പോൾ ആകാശം കാണിച്ചുകൊടുക്കും. അല്ലെങ്കിൽ അവയെക്കൊണ്ട് പാർക്കിലോ ബീച്ചിലോ ചെല്ലും. ഉല്ലസിക്കുന്ന മനുഷ്യരെയും  ഇരമ്പുന്ന കടൽത്തിരകളെയും കാട്ടിക്കൊടുക്കും’.

 

ഇതുപോലെയുള്ള പലരെയും പരിചയമുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കഥ ഒറ്റയിരുപ്പിന് എഴുതാൻ സാധിച്ചത്. മുൻകൂട്ടി തയാറാക്കിയ പ്രമേയവുമായി എഴുതാനിരുന്നതല്ല. ഒരു രാവിലെ കഥ എന്നിലേക്കു വരികയായിരുന്നു’’.

 

English Summary: ‘Pusthakangale ningal’ Malayalam short story written by C.V. Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com