ADVERTISEMENT

ആട് പുല്ലു തിന്നു നടക്കുകയായിരുന്നു. പെട്ടെന്ന് വേട്ടക്കാരൻ തന്നെ ഉന്നംവയ്ക്കുന്നത് ആടു കണ്ടു. അത് ഓടി ഒരു വള്ളിപ്പടർപ്പിനുള്ളിൽ ഒളിച്ചിരുന്നു. ആടിനെ കാണാതെ നിരാശനായി വേട്ടക്കാരൻ തിരിഞ്ഞുനടന്നു. ആട് തന്നെ മറച്ചുനിന്ന വള്ളിപ്പടർപ്പിലെ ഇലകൾ തിന്നുതുടങ്ങി. ആ വള്ളിപ്പടർപ്പ് ചോദിച്ചു: ഞങ്ങൾ നിന്റെ ജീവൻ രക്ഷിച്ചതല്ലേ; എന്നിട്ടും എന്തിനാണു ഞങ്ങളെ നശിപ്പിക്കുന്നത്? ആട് പറഞ്ഞു: ‘ജീവൻ രക്ഷപ്പെടുത്തിയതൊക്കെ പഴയ കഥ. 

എനിക്കിപ്പോൾ വിശക്കുന്നുണ്ട്’. ആട് തീറ്റ തുടർന്നു. വള്ളിപ്പടർപ്പ് അനങ്ങുന്നതുകണ്ട് തിരിച്ചെത്തിയ വേട്ടക്കാരൻ ആടിനെ അമ്പെയ്തു വീഴ്ത്തി. 

ഉപകാരസ്മരണ ഇല്ലാത്തവരുടെ ഉപദ്രവങ്ങളാണ് നന്മയുടെ തുടർച്ച നഷ്ടമാക്കുന്നത്. പരസ്പരബന്ധിതമാണ് ഓരോ ജീവനും. സ്വാശ്രയരായി ആരുമില്ല. എല്ലാം എന്തിനെയെങ്കിലും ആശ്രയിക്കുന്നുണ്ട്. ആശ്രിതർ വരുത്തിയ കേടുപാടുകളാണ് ആശ്രയം നൽകിയ പലരുടെയും അന്ത്യം കുറിച്ചത്. സഹായിച്ചവർ തിരിച്ചുനൽകിയ നിന്ദനങ്ങൾകൊണ്ട് സ്വാർഥരായി മാറിയവരുമുണ്ട്. 

ആരുമില്ലാത്തപ്പോഴും അർഹതയില്ലാത്തപ്പോഴും അത്താണിയാകുന്ന ചിലരുണ്ട്. അവർക്കുള്ള സമർപ്പണം കൂടിയാകണം പിന്നീടുള്ള ജീവിതം. ആശ്രയമാകുന്നവർക്കെല്ലാം പകരം നൽകാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, തണലേകുന്നവന്റെ തണ്ടു  മുറിക്കരുത്. വെയിൽ ആവർത്തിക്കും, ചൂട് അസഹനീയമാകും; ഒരിക്കൽ മുറിച്ചുകളഞ്ഞ തണ്ട് പിന്നൊരിക്കലും തണലാകില്ല. ചേർത്തുനിർത്തിയവരുടെ വേരറുക്കുന്നവരെ കൂടെ നിർത്താൻ മറ്റാർക്കും താൽപര്യവുമുണ്ടാകില്ല. 

അപരൻ അവസാനിക്കുന്നിടത്ത് അവനവൻ ആരംഭിക്കും എന്ന വികലചിന്തയാണ് വളർച്ച അസാധ്യമാക്കുന്നത്. ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാണ്; ഒന്ന് ഇല്ലാതായാൽ മറ്റുള്ളവയിലും ആ നഷ്ടം പ്രകടമാകും. കാര്യം കാണാൻ വേണ്ടി ആരെയെങ്കിലും ഉപയോഗിക്കുന്നതിലല്ല തെറ്റ്; കാര്യം കണ്ടശേഷം വലിച്ചെറിയുന്നതിലാണ്. ഒരാൾക്കു മാത്രമായി ഒരിടത്തും നിലനിൽപില്ല. 

English Summary : Subhadinam : Never forget those who helped you along the way.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com