കവിതയെ കൂടെയാക്കി മിണ്ടിയും മിണ്ടാതെയും നടക്കുന്നൊരു കവി
Mail This Article
വർഷങ്ങൾക്കു മുൻപ് മലയാളത്തിറങ്ങിയ ഒരു കവിതയെക്കുറിച്ച് സാഹിത്യവാരഫലത്തിൽ എം. കൃഷ്ണൻ നായർ ഉപമിച്ചത് ഗുന്തർഗ്രാസിന്റെ ‘ടിൻ ഡ്രം’ എന്ന കൃതിയുമായി ചേർത്തുവച്ചാണ്. ‘നദി കലങ്ങുന്നു’ എന്ന ആ കവിത എഴുതിയത് ഇന്നത്തെ ശ്രദ്ധേയനായ കവികളിൽ ഒരാളായ അസീം താന്നിമൂട് ആയിരുന്നു. ശക്തമായ കവിതകളെഴുതിയിരുന്ന അസീം പിന്നീട് കുറച്ചുകാലം നിശബ്ദനായി നിന്നു. പലരും ഈ കവിയെ തിരഞ്ഞു. 2017 –ൽ അതിനു വിരാമമായി. ശ്രദ്ധേയമായ മൂന്നു പുസ്തകങ്ങളിലൂടെ മൗനം വെടിഞ്ഞ് അസീം താന്നിമൂട് കവിതയിൽ വീണ്ടും സജീവമായി. കവിത തനിക്ക് എഴുതാനും എഴുതാതിരിക്കാനുമുള്ള കലയാണെന്ന് അദ്ദേഹം പറയുന്നു. അസീം താന്നിമൂടുമായുള്ള എഴുത്തുവർത്തമാനം.
∙ അസീമിന്റെ ആവിഷ്കാരം കവിതയിലാണ്. എങ്ങനെയാണ് കവിതയെ സമീപിക്കുന്നത്?
എന്നെ സംബന്ധിച്ച് ആവിഷ്കാരം എന്നത് തുടരുന്നതിനുള്ള സ്വാഭാവികതയല്ല. അതിജീവനത്തിനുള്ള കലോറിയാണ്. തൃപ്തമായ സാമൂഹികതയോടുള്ള ഇഴുകലോ മുഴുകലോ അല്ല. അതൃപ്തമായ അവസ്ഥകളോടുള്ള ഇടയലോ കുതറലോ ആണ്. എന്‍റെ ആവിഷ്കാരം എന്നത് കവിതയാണ്. അതിനാല്‍ തന്നെ മേല്‍പറഞ്ഞ അവസ്ഥകളോടുള്ള എന്‍റെ സമീപനം അതിലുണ്ടാകും. കവിത എനിക്ക് എഴുതാനുള്ളതും എഴുതാതിരിക്കാന്‍ കൂടിയുള്ളതും ആണെന്ന് ഒപ്പം പറയാതെ വയ്യ. കാരണം, പറഞ്ഞാലേ കഴിയൂ, പ്രകടിപ്പിച്ചേ മതിയാകൂ, മൗനം പാലിച്ചേ നിര്‍വാഹമുള്ളൂ എന്ന അനവധി ഘട്ടങ്ങളിലൂടെയല്ലാതെ ഒരാള്‍ക്കും ഇന്ന് മുന്നോട്ടു പോകാനാവില്ല. വളരെക്കാലമായി ആ നിലയാണെങ്കിലും സമകാലിക സാമൂഹികാന്തരീക്ഷം അത്തരം ഘട്ടങ്ങളുടെ കാഠിന്യത്തിലാണ്. അതിനാല്‍, പറഞ്ഞേ കഴിയൂ എന്ന ഘട്ടത്തില്‍ ഞാന്‍ പേനയെത്തേടും. പ്രകടിപ്പിച്ചേ ആകൂ എന്ന ഘട്ടത്തില്‍ കൊടിയെടുക്കും. മൗനം പാലിക്കണമെന്ന തിക്തതയില്‍ നെടിയ കുറേ നെടുവീര്‍പ്പുകളോടെ നിശ്ശബ്ദനാകും. മൂന്നും എന്നെ സംബന്ധിച്ച് എന്‍റെ ആവിഷ്കാരങ്ങളാണ്; വെവ്വേറെ തലങ്ങളില്‍ നിന്നുള്ള കവിത എഴുത്തുകളാണത്. നിശ്ശബ്ദത എന്നതും അതിലെ നെടുവീര്‍പ്പുകളെന്നതും നിരാശയുടേതല്ല. ശബ്ദപ്പെടാനുള്ള ഉപാധികളാകാനേ തരമുള്ളൂ. അത്ര തിട്ടമില്ലാത്തവിധം അതിനെ പറഞ്ഞതെന്തെന്നാല്‍ ദീര്‍ഘമായൊരു നിശ്ശബ്ദതയ്ക്കു ശേഷം ഞാന്‍ വീണ്ടും ശബ്ദപ്പെട്ടിരിക്കുന്നു, ഞാന്‍ പോലും പ്രതീക്ഷിക്കാതെ. ആ നിശ്ശബ്ദവേളയിലും ഞാന്‍ ഈ ഒച്ചയ്ക്കുവേണ്ടിയുള്ള എന്തൊക്കെയോ ആണ് ചെയ്തുകൊണ്ടിരുന്നത് എന്നു സാരം (അങ്ങനെ തരിമ്പും ആഗ്രഹിച്ചല്ലെങ്കിലും). എന്നോട്, എന്താണ് കവിത എന്ന് കോമണായി ചോദിച്ചാല്‍ ഫാന്‍റം ലിംബ് പോലെയോ യൂണികോണ്‍ പോലെയോ ഉള്ള എന്തോ ഒന്ന് എന്നേ മറുപടി പറയാനാകൂ. എനിക്കെന്താണ് കവിത എന്നാണ് ചോദ്യമെങ്കില്‍ ഒത്തിരി വാചാലമായി എന്‍റെ സമാഹാരങ്ങളുടെ മുഖവുരകളില്‍ സൂചിപ്പിച്ചിട്ടുള്ള ചിലത് പറയുകയേ നിര്‍വാഹമുള്ളൂ...
എനിക്കു കവിത നേരം പോക്കിനുള്ള ഉപാധിയല്ല. ആഡംബരങ്ങള്‍ക്കുള്ള ആവരണവുമല്ല. കൊടി കുത്താനുള്ള കൊടുമുടി തേടിപ്പോകുന്ന ചെമ്മണ്‍ പാതകളുമല്ല. വരയ്ക്കാനും മായ്ക്കാനുമുള്ള കാന്‍വാസാണ്. പറയാനും പറയാതിരിക്കാനുമുള്ള മാധ്യമമാണ്. അറിയാനുള്ള ആഴമേറിയ ഒരിടമാണ്. എഴുതുക, നവീകരിക്കുക എന്നതിനപ്പുറം എഴുതാതിരിക്കാനും ഇടം നല്‍കുന്ന ഒന്ന്...തീര്‍ത്തും ഗൗരവമുള്ള സംഗതിയാണ് എനിക്കത്. ഹൃദ്യമായതെന്തോ തേടുന്നതിന്‍റെ ആവേശമാണ്. തൃപ്തമായതെന്തോ ലഭ്യമാകേണ്ടതിന്‍റെ പരവേശമാണ്....ഏതില്‍ നിന്നൊക്കെയോ ഉള്ള മുക്തിയുമാണത്.. എഴുതിയും എഴുതാതിരുന്നും ഞാനതില്‍ അഭിരമിക്കുന്നു. എഴുത്തൊരു സങ്കല്പമാണ്.... ആ സങ്കല്പമുള്ളതുകൊണ്ടാണു ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നത്....അത് ആസകലം അടങ്ങിപ്പോകാത്തതിനാലാവാം ഞാന്‍ വീണ്ടും എഴുത്തിലേക്കു മടങ്ങി വന്നത്.
എഴുത്തില്‍ എനിക്കാഗ്രഹം രാത്രിയുടെ ആകാശത്തെ ആഗ്രഹിക്കുന്ന ഒരു കുട്ടിയാകാനാണ്. ആകാശത്തെ അത്രമേല്‍ ആഗ്രഹിക്കുന്ന ആ കുട്ടി തന്‍റെ ക്യാന്‍വാസില്‍ രാത്രിയുടെ ആകാശത്തെ ഒരു നക്ഷത്രം പോലും ചോര്‍ന്നു പോകാതെ വരച്ചു വച്ചിട്ടുണ്ടാകും. പകല്‍ അധിക നേരവും ആ കുട്ടി നേരിയൊരു പുഞ്ചിരിയോടെ അതില്‍ത്തന്നെ നോക്കിയിരിക്കും; ഇടയ്ക്കിടെ ഓരോ തിരുത്തലുകള്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും. രാത്രിയില്‍ മെല്ലെ എഴുന്നേറ്റ് ജാലകം വഴി ആകാശത്തേക്കു നോക്കി അതേ പുഞ്ചിരിയോടെ കുറേനേരം നില്‍ക്കും. ഉറങ്ങുമ്പോഴും, പകലിനെ അധികമൊന്നും കണ്ടിട്ടില്ലാത്ത ആ കുട്ടിയുടെ മുഖത്ത് പുലരി പോലൊരു പുഞ്ചിരിയുണ്ടാകും... അതാണ് എനിക്കു കവിത. എന്തിന് എഴുതണം എന്നത് ഞാന്‍ എന്നോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ്. എന്നിലെ എന്നോടതു ഞാന്‍ പറഞ്ഞു വ്യക്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പുഴയോട് ഒഴുകുന്നതെന്തേ, കരകവിയുന്നതിന്‍റെ പൊരുളെന്തേ, വറ്റിപ്പോകാന്‍ കാരണമെന്തേ...? എന്നൊക്കെ ചോദിച്ചാല്‍, നിങ്ങളും ഈ പ്രപഞ്ചവും പാരിടത്തിലെ സകലമാന ജീവജാലങ്ങളും എന്നില്‍ പ്രതിബിംബിക്കാനുള്ളതുകൊണ്ട് എന്നാവും ആ ഉത്തരമെന്ന് ഞാന്‍ അനുമാനിക്കുന്നു. ഒന്നും അതില്‍ പ്രതിബിംബിക്കാനില്ലെങ്കില്‍ അതു വറ്റിപ്പോകും. ആവോളം മറ്റുള്ളവയെ ബിംബിപ്പിച്ചുകൊണ്ടിരിക്കാന്‍ ആഗ്രഹിച്ചാഗ്രഹിച്ചാണ് ചിലപ്പോഴൊക്കെ അതു കരകവിഞ്ഞു പോകുന്നത്. ഈ പ്രപഞ്ചത്തേയും സകലമാന ജീവജാലങ്ങളെയും പ്രതിബിംബിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഏതെഴുത്താണ് കരകവിയാതിരുന്നിട്ടുള്ളത്..? ആകാശത്തിന്‍റെ അതിര് അളന്നെടുക്കാന്‍ പ്രയത്നിച്ചു കൊണ്ടിരിക്കു ന്നത് സങ്കൽപങ്ങളാണ്. അതിനാലാണ് എഴുത്തൊരു സങ്കൽപമാകുന്നത്...
∙ വളരെ വിശദമായിത്തന്നെ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് താങ്കളുടെ ദേശം. സാംസ്കാരികമായും പുരോഗനമപരമായും േവരുകളാഴ്ന്നു നിൽക്കുന്ന പ്രദേശം. ദേശം താങ്കളുടെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?
നെടുമങ്ങാട് തിരുവനന്തപുരം ജില്ലയിലെ സുപ്രധാന മലയോര നഗരമാണ്. ജൈവികതയുടെ തിരുശേഷിപ്പുകള്‍ അധികമുള്ള നഗരം. അതുകൊണ്ടുതന്നെ ജീവിതവുമായി ബന്ധപ്പെട്ട എന്തിലും ഒരു പച്ചച്ച സൗന്ദര്യവും നനവും ഉണ്ടാകും. അങ്ങനെയൊരിടത്തു ജനിച്ചു ജീവിക്കാനാകുന്നതിന്‍റെ കരുത്ത് എളുതല്ല. മലഞ്ചരക്കു വ്യാപാരത്തിനു പേരുകേട്ട ഇടമാണ്. ആയതിന്‍റെ മൊഴിമുദ്രയില്‍ നിന്നും സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ മേഖലയിലേക്ക് നഗരവും പരിസര ഗ്രാമങ്ങളും പുരോഗമിച്ചിട്ട് അധികം നാളായില്ല. അങ്ങനെയൊരു പരിണാമത്തിന്‍റെ ഘട്ടത്തിനിടയിലാണ് എനിക്കു ജനിക്കാനായത്. കൃത്യമായി പറഞ്ഞാല്‍ അടിയന്തരാവസ്ഥയുടെ ആ അരക്ഷിതമായ വേളയില്‍. സമൂഹത്തിലെന്തോ പന്തികേടു പെരുകുന്നുണ്ടെന്ന ആധി അതിനാല്‍ കുട്ടിക്കാലത്തേ വന്നുപെട്ടിട്ടുണ്ടാകണം. അതില്‍നിന്നുള്ള മുക്തിക്കുള്ള പോംവഴി പുസ്തകങ്ങളിലുണ്ടെന്ന് ആരെങ്കിലുമൊക്കെ പറഞ്ഞതു കേട്ടിട്ടുണ്ടാകണം.
പിതാവ് സജീവ ഇടതുപക്ഷ പ്രവര്‍ത്തകനും സിപിഎം പ്രാദേശിക നേതാവും ലൈബ്രറി ഭാരവാഹിയും പ്രവര്‍ത്തകനും ഒക്കെ ആയിരുന്നതിനാല്‍ അതിനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടാവണം സ്കൂള്‍ പഠനവേളയിലേ വീടിനു സമീപമുള്ള ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയില്‍ പോകുക എന്ന ശീലം വന്നു ഭവിച്ചതും അവിടെയുള്ള ഏറെ പഴഞ്ചന്‍ കൃതികളിലെന്തൊക്കെയോ കൗതുകത്തോടെ പരതാന്‍ ശ്രമിച്ചതും. അന്ന് അവിടെ വച്ചാണ് നെടുമങ്ങാട് സ്വദേശികളായ എഴുത്തു പ്രേമികളായവരുടെ ഒറ്റപ്പെട്ട ചില കൃതികളെക്കുറിച്ച് അറിയുന്നതും അവ കണ്ടെത്തി വായിക്കാന്‍ ശ്രമിച്ചതും. അതില്‍ ‘കന്നിത്തുടിപ്പുകള്‍’ എന്ന കവിതാ സമാഹാരമാണ് ആദ്യം കൈയില്‍ കിട്ടിയത്. ആറ് പ്രാദേശിക കവികള്‍ ചേര്‍ന്ന് സ്വന്തം കവിതകളില്‍ ചിലത് ഉള്‍പ്പെടുത്തി തുന്നിക്കെട്ടി സമാഹരിച്ചതാണത്. 1987ലോ മറ്റോ കടമ്മനിട്ടയാണത് പ്രകാശനം ചെയ്തത്.
പ്രഫ. ഉത്തരംകോട് ശശി, ഇരിഞ്ചയം സെബാസ്റ്റ്യന്‍, എന്‍റെ അധ്യാപകനായിരുന്ന കരുവാറ്റ തങ്കപ്പന്‍ സാര്‍ തുടങ്ങിയവരായിരുന്നു കവികള്‍. അതിലെ ഉത്തരംകോട് ശശി സാറിന്‍റെ മൂന്നു കവിതകളും ഇരിഞ്ചയം സെബാസ്റ്റ്യന്‍റെ ‘പത്രമാരണം’ എന്ന കവിതയും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടാകണം. അതാണല്ലോ`ഞങ്ങള്‍ ചെയ്‌വതെന്തെന്നു/ ഞങ്ങളിന്നറിയുന്നു/ ഞങ്ങള്‍ ഞങ്ങളോടെത്ര/ പ്രാവശ്യം ക്ഷമിക്കുന്നു.. എന്നു തുടങ്ങുന്ന ഉത്തരംകോട് ശശി സാറിന്‍റെയും ‘ഹേ പത്രക്കാരാ...ഹേ... പത്രക്കാരാ..’ എന്നാരംഭിക്കുന്ന ഇരിഞ്ചയം സെബാസ്റ്റ്യന്‍ സാറിന്‍റെ പത്രമാരണം എന്ന കവിതയിലെ വരികളുമൊക്കെ ഇപ്പോഴും ഓര്‍മയിലുള്ളത്. ‘ശരിയാണെന്നുള്ളിലെ/ ജന്തു ചത്തുപോയ് ഞാനി/ ന്നൊരു തൊണ്ടാകാം ഖേദ/ മില്ലെനിക്കതിലൊട്ടും. ഒച്ചയല്ലാതൊന്നിനു/ മല്ലാതാ കടല്‍ക്കുള്ളി/ ലൊച്ചായിക്കിടക്കെ ഞാ/നൊന്നുമായിരുന്നില്ല...’ എന്ന പ്രംജിയുടെ കവിത ‘ശംഖനാദ’ത്തിലെ ഈരടികള്‍ പോലുള്ള അനേകം കാവ്യശകലങ്ങള്‍ ലൈബ്രറിയുടെ ഇരുണ്ട മുറികളില്‍ നിന്നും കണ്ടെത്തി മനസ്സില്‍ നിന്നും ഒരിക്കലും അഴിഞ്ഞുപോകാത്ത വിധം കുടിയേറിയത്.
നിരന്തരം ഉരുവിട്ടു നടന്ന ആ ഈരടികളുടെ സ്വാധീനത്തിലാകാതെ ഒരു തരവുമില്ല. ‘കടമതന്‍ കയര്‍/കുരുക്കു കൊണ്ടാരോ/വലിച്ചിഴയ്ക്കുന്നു/വരണ്ടൊരീയെന്നെ...’ എന്നു തുടങ്ങിയുള്ള വരികളന്ന് മനസ്സില്‍ മുളപൊട്ടിയതും അതില്‍ കവിതയുണ്ടാകുമെന്ന തോന്നല്‍ വന്നു ഭവിച്ചതും അതിനെ രഹസ്യമായി മാതൃഭൂമിയുടെ ബാലപംക്തിക്ക് അയയ്ക്കാന്‍ ധൈര്യമുണ്ടായതും... ആ കവിതയെ ചൂണ്ടി അന്നു ബാലപംക്തി കൈകാര്യം ചെയ്തിരുന്ന കെ.പി. ശങ്കരന്‍ മാഷിന്‍റെ ഒരു നെടുനീളന്‍ കത്ത് പോസ്റ്റില്‍ ലഭിച്ച ആ നിമിഷമാകണം ലൈബ്രറിയില്‍നിന്നു വീടുവരെയുള്ള ചെറിയ ദൂരമാണ് ജീവിതത്തിന്‍റെ വലിയ ദൂരമെന്ന എന്‍റെ എളിയ തോന്നലിനെ എറിഞ്ഞുടച്ചത്. ആ കവിത ബാലപംക്തിയില്‍ അച്ചടിച്ചു കണ്ടപ്പോഴത്തെ ആ നിമിഷത്തെ അവസ്ഥയില്‍ നിന്നാകണം അതുവരെ അഭിനിവേശപ്പെട്ടിരുന്ന ഒന്നിലുമല്ല ജീവിതത്തിന്‍റെ അത്രമേല്‍ തൃപ്തിയുള്ള സംഗതികളൊന്നും അടങ്ങിയിരിപ്പുള്ളതെന്നു വ്യക്തമായത്.
∙ കവിതയിലെ ആദ്യകാലത്തെക്കുറിച്ചു പറയാമോ?
കവിതയിലേക്കുള്ള ആദ്യവരവ് മേല്‍പറഞ്ഞ ആ അവസ്ഥയില്‍നിന്നു തന്നെ. ബാലപംക്തിയില്‍ കവിതകള്‍ വരാന്‍ തുടങ്ങിയതോടെ എന്തിലും കവിതയുണ്ടെന്ന തോന്നല്‍ വന്നുപെട്ടു. ഉള്ളതിലല്ല ഉള്ളതിലെ ഇല്ലായ്മയിലോ, ഉള്ളതില്‍ അധികമുള്ളതിലോ ആണ് കവിതയെന്നും അപ്പോഴേ തോന്നിത്തുടങ്ങിയിരുന്നു. അങ്ങനെയാണ് ഉള്ള ഒന്നിനേയും ശ്രദ്ധിക്കാതെ അതിലുള്ളതോ ഇല്ലാത്തതോ ആയ അധികങ്ങളെ ആവോളം ശ്രദ്ധിച്ചു തുടങ്ങിയത്. അത്തരം മാനസിക വ്യാപാരം എന്തിനേയും ഏറെ ആഴത്തില്‍ സമീപിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിച്ചു. പ്രത്യേകിച്ചും കവിതകളെ. ഏറെക്കാലം അതില്‍ അഭിരമിച്ചു. പിന്നീട് എഴുത്തുകാരായി മാറിയ ഷിനിലാലും ഷിനു സുകുമാരനുമൊക്കെ കുട്ടിക്കാലം മുതലേ കൂട്ടുകാരായുണ്ട്.
കവിത അവരുടെ പ്രിയപ്പെട്ട മേഖലയായിരുന്നില്ല. അതിനാല്‍ തനിയെയാണല്ലോ ആഴത്തിലറിയാത്ത ആ മേഖലയില്‍ താന്‍ എന്ന തോന്നലായിരുന്നു ആ ഘട്ടങ്ങളിലെ സ്ഥിരം നോവ്. കൂട്ടോ കൂട്ടായ്മയോ ഇല്ലാതെ പറ്റില്ലെന്നായി. ആ ഘട്ടത്തിലാണ് മാതൃഭൂമി വിഷു മത്സരം ശ്രദ്ധിക്കുന്നത്. സമ്മാനം കിട്ടുന്നവരുടെ കൃതികള്‍ ആവര്‍ത്തിച്ചു വായിച്ച് ഹരം കൊള്ളുകയും പതിവായിരുന്നു. കൃതികളില്‍ അടങ്ങിയിട്ടുള്ള അപാരമായ മാജിക് എന്നെ ആ മത്സരങ്ങള്‍ക്ക് കവിത അയക്കുന്നതില്‍ നിന്നും വിലക്കി. അതിന്‍ പ്രകാരം പരുവപ്പെടാന്‍ പരിശ്രമിച്ചു. മത്സര ഘട്ടമെത്തുമ്പോഴെല്ലാം ഒരപാകം വന്ന് വിലങ്ങിക്കൊണ്ടിരുന്നു. അതുകൊണ്ടാവണം വിഷു സമ്മാനിതരായ എഴുത്തുകാരോട് നൊബേല്‍ സമ്മാന ജേതാക്കളേക്കാളും എനിക്കന്ന് ബഹുമാനമുണ്ടായിരുന്നത്.
സ്വന്തം ദേശത്തേക്ക് ആ സമ്മാനം എത്തണേയെന്നൊരു ആശയും അന്ന് ജനിക്കാതിരുന്നില്ല. 95 ലോ മറ്റോ ആണ് ആ ആശ നിറവേറ്റപ്പെട്ടത്. അക്കൊല്ലത്തെ വിഷുപ്പതിപ്പ് ആവേശത്തോടെ മറിച്ചു നോക്കി കലാലയ വിഭാഗത്തില്‍ സമ്മാനം കിട്ടിയ കവിത ‘ദാരികന്‍’ വായിച്ച് അതിശയിച്ച് സമ്മാനിതന്‍റെ വിലാസം നോക്കി. കവിതയേക്കാള്‍ അർഥഗര്‍ഭമായ വരികള്‍ പോലെയായിരുന്നു വിലാസവും. മനോജ് കെ.എസ്., കൂനന്‍വേങ്ങ, പനവൂര്‍, നെടുമങ്ങാട്... മറ്റൊന്നും ആലോചിച്ചില്ല.അടുത്ത നിമിഷം ബസ്സുകയറി കൂനന്‍വേങ്ങയ്ക്ക്. മനോജ് കെ.എസിന്‍റെ വീട്ടിലെത്തി അതുവരെ പരിചയമില്ലാത്ത കവിയെ കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് തൃപ്തനായി മടങ്ങി.
അന്നു മുതലാവണം തനിയെയെന്ന തോന്നല്‍ ഒഴിഞ്ഞു പോയതും നെടുമങ്ങാടന്‍ കവികളുടെ കൂട്ടായ്മ എന്ന ആശയം വന്നുപെട്ടതും യാഥാർഥ്യമാക്കാന്‍ പരിശ്രമിച്ച് വിജയിച്ചതും. ഡോ. ചായം ധര്‍മ്മരാജന്‍, ബി.എസ്. രാജീവ്, കുറിഞ്ചിലക്കോട് ബാലചന്ദ്രന്‍, ഉഴമലയ്ക്കല്‍ മൈതീന്‍ തുടങ്ങിയവരോടൊപ്പം വര്‍ഷങ്ങളോളം ആ കൂട്ടായ്മ നിലനിര്‍ത്തി. അതിന്‍റെയും അവരുടെയും സ്വാധീനംകൂടി എന്‍റെ എഴുത്തിലുണ്ടാവണം. അത്രവേഗം അടങ്ങിപ്പോകാത്തപോലെ എന്തോ ഒന്ന് കവിതയില്‍ നിന്നും എന്നെ വന്ന് ആവേശിച്ചതും അങ്ങനെയാവണം. അതിന്‍റെ ആവേശം അധിക കാലം നിലനിര്‍ത്താന്‍ എനിക്കായില്ല. 2002 ആയപ്പോഴേക്കും വല്ലാത്തൊരു ശൂന്യതയോ ചെടിപ്പോ വേട്ടയാടാന്‍ തുടങ്ങി. സജീവമായിരിക്കുമ്പോള്‍ത്തന്നെ എഴുത്തുപേക്ഷിച്ച് എനിക്ക് ഉള്‍വലിയേണ്ടി വന്നു. പുതുതായി ഒന്നും പറയാനില്ലാത്തതുപോലെ കടുത്ത ശൂന്യതയാണ് ആ ഘട്ടത്തിലെന്നെ വേട്ടയാടിയത്.
എഴുത്തിനെക്കാള്‍ തൃപ്തി വായനയിലും അന്വേഷണത്തിലുമൊതുക്കി നിശ്ശബ്ദനായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ‘തുള്ളികള്‍’ ആണ് ആ ഘട്ടത്തില്‍ അവസാനം എഴുതിയ കവിത. എഴുതുകയെന്ന ക്രിയ തന്നെ ദീര്‍ഘകാലം മറക്കുകയോ, കഴിയാതാവുകയോ ചെയ്തു. സുഹൃത്തുക്കളോടൊപ്പം അനവധി കാലം ചെലവഴിച്ച നെടുമങ്ങാട് നഗരത്തിലെ ഇടവഴികളും സൗഹൃദത്തിന് സമാനതകളില്ലാത്ത മുദ്രകള്‍ ചാര്‍ത്തിത്തന്ന നെടുമങ്ങാട്ടെ എസ്ആര്‍ബി റസ്റ്ററന്റിന്റെ പിന്നാമ്പുറവും പാടേ മറന്നു. അപ്പോഴേയ്ക്കും നൂറിലധികം കവിതകള്‍ എഴുതിക്കഴിഞ്ഞിരുന്നു. മിക്ക കവിതകളും പ്രസിദ്ധീകരിച്ചു വന്നത് മാതൃഭൂമിയുള്‍പ്പടെയുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍. വൈലോപ്പിള്ളി, വി.ടി .കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയങ്ങളായ കുറേ പുരസ്കാരങ്ങളും അന്ന് ലഭിച്ചിരുന്നു.
സാഹിത്യ വാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ സാര്‍ പ്രമുഖ എഴുത്തുകാരില്‍ അധികം പേരെയും എഴുതി ആക്രമിക്കുന്ന ഘട്ടത്തിലാണ് എന്‍റെ ‘നദി കലങ്ങുന്നു’ എന്ന കവിതയെ ഗുന്തര്‍ഗ്രാസിന്‍റെ ടിൻ ഡ്രമ്മുമായി ബന്ധിപ്പിച്ചു പറഞ്ഞ് പ്രശംസിച്ചത്. തുടര്‍ന്ന് ആ കവിത ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും കൂടുതല്‍പേര്‍ ശ്രദ്ധിക്കും വിധം എന്‍റെ എഴുത്തുകള്‍ വിപുലപ്പെടുകയും ചെയ്തിരുന്നു...എന്നിട്ടും.....!! കാരണമറിയാത്ത എന്തോ ഒന്നാണ് നമ്മെ നില നിര്‍ത്തുന്നതും നിലംപതിപ്പിക്കുന്നതും എന്നു തന്നെ ഞാന്‍ കരുതുന്നു. പലപ്പോഴുമതു ബോധപൂര്‍വുമായിരിക്കും.
∙ ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വരവിൽ ഏറെ ശ്രദ്ധേയമായ രചനകൾ കൊണ്ട് താങ്കൾ ശ്രദ്ധേയനായി?
ഒരു വനവാസക്കാലമാണ് കവിതയില്‍നിന്നു ഞാന്‍ വിട്ടുനിന്നത്. 2017 ലാണ് എഴുത്തിലേക്കു മടങ്ങി വന്നത്. സുഹൃത്തുക്കള്‍ ചിലരുടെയും ഞാന്‍ അത്രമേല്‍ ബഹുമാനിക്കുന്ന ചില എഴുത്തുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അത്. വീണ്ടും എഴുതിയില്ലേലും എഴുതിക്കഴിഞ്ഞ കവിതകളെ കലക്‌ഷനാക്കിയെങ്കിലും കരുതണമെന്ന് അവര്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.അങ്ങനെ ചെയ്യാമെന്നു ഞാനും കരുതി. സമാഹാരം എന്ന ആശ വന്നപ്പോഴേയ്ക്കും നൂറിലധികം കവിതകളെഴുതിയ എന്‍റെ പക്കല്‍ കവിതകള്‍ അച്ചടിച്ചു വന്ന പ്രസിദ്ധീകരണങ്ങളോ എഴുതിയ ഡയറികളോ ഒന്നുമുണ്ടായിരുന്നില്ല.
ഒരു യാത്രയ്ക്കിടയില്‍ ഡയറിയടങ്ങുന്ന ബാഗു നഷ്ടപ്പെട്ടു. കരുതിവെച്ചിരുന്ന പ്രസിദ്ധീകരണങ്ങള്‍ കവിസുഹൃത്തായ പി.എസ്. ഉണ്ണികൃഷ്ണന്‍ വായിക്കാനെന്ന് ആഗ്രഹം പറഞ്ഞ് പണ്ടെങ്ങാണ്ടോ വാങ്ങിപ്പോയിയിരുന്നു. പ്രസിദ്ധീകരണങ്ങള്‍ ഉണ്ണിയോടു ചോദിച്ചെങ്കിലും ഒരു പതിറ്റാണ്ടു കാലത്തെ ഇടവേളയ്ക്കിടെ അവനില്‍നിന്ന് അവ നഷ്ടപ്പെട്ടു. ഏറെ പണിപ്പെട്ടാണ് ആദ്യ സമാഹാരമായ 'കാണാതായ വാക്കുകള്‍'ക്കുള്ള കവിതകള്‍ കണ്ടെത്തിയത്. കിട്ടാത്തവയായി പിന്നെയും കുറേ ബാക്കിയുണ്ട്. അവയൊക്കെ എവിടെയെങ്കിലും ആരുടെയെങ്കിലും പക്കലുണ്ടാകും. കിട്ടിയവയില്‍ ഉള്ളിനിണങ്ങിയ ചിലതു ചേര്‍ത്ത് 'കാണാതായ വാക്കുകള്‍' എന്ന തലക്കെട്ടില്‍ (ആ തലക്കെട്ടില്‍ ഒരു കവിത ഒരു നിമിത്തമെന്നോണം അക്കാലത്ത് ഞാന്‍ എഴുതിയിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 99 ലോ മറ്റോ ആണ് പ്രസിദ്ധീകരിച്ചത്) ഡി സി ബുക്സിന് അയയ്ക്കുകയായിരുന്നു. ഒരു വനവാസക്കാലം നിശ്ശൂന്യനായിരുന്ന, മുഖ്യധാരയില്‍ പേരോ പെരുമയോ ഇല്ലാത്ത ഒരാളുടെ കൃതി ആയിരുന്നിട്ടും അയച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുത്ത വിവരം അറിയിച്ച് എഡിറ്റോറിയല്‍ ബോര്‍ഡിന്‍റെ കത്തു വന്നു. അതാവണം വീണ്ടും എഴുതാനുള്ള ഉണര്‍വു തന്നത്. പുസ്തകം ശ്രദ്ധിക്കപ്പെടും വിധം തന്നെ ഡിസി പബ്ലിഷ് ചെയ്തു. പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വൈകാതെ തന്നെ രണ്ടാം പതിപ്പു പുറത്തു വരികയും ചെയ്തു. ബഷീര്‍, തിരുനെല്ലൂര്‍, മൂടാടി തുടങ്ങിയ പ്രമുഖരുടെ പേരിലുള്ള ചില പുരസ്കാരങ്ങളും പുസ്തകത്തിനു ലഭിച്ചു. അതിലെ ചില കവിതകള്‍ ചില സര്‍വകലാശാലകളിലെ പാഠ്യപദ്ധതികളിലും കേന്ദ്രസാഹിത്യ അക്കാദമിയുടെ ആന്തോളജിയിലും ഉള്‍പ്പെട്ടു. വീണ്ടും സജീവമാകുക എന്ന വിനീതമായ നിര്‍ദേശമാണതെന്നു ഞാന്‍ കാണുന്നു.. അതിനാല്‍ കൂടിയാവണം ഈ വിധം വീണ്ടും...
∙ മലയാള കവിത ഇപ്പോൾ താങ്കൾ ഉൾപ്പെടെയുള്ള കവികളുടെ ഇടപെടലുകൾ കൊണ്ട് ഏറെ തെളിച്ചത്തിലാണല്ലോ നീങ്ങുന്നത്?
തെളിച്ചക്കുറവ് മലയാള കവിതയില്‍ നിലവില്‍ അധികമായി സംഭവിച്ചതായി തോന്നുന്നില്ല. കവിത എല്ലാ കാലത്തും മങ്ങിയ നിലയിലോ അരണ്ട ഇടത്തിലോ ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. തുടരുന്നതും അങ്ങനെ തന്നെ. ആകയാല്‍ അതിന്മേലുള്ള ശങ്കകളില്ല. പകരം കവികള്‍ക്കു മുമ്പുണ്ടായിരുന്ന തെളിവിനു മങ്ങലേല്‍ക്കുന്നുണ്ടോ എന്ന് ശങ്കിക്കാതിരിക്കുന്നുമില്ല. പക്ഷേ, കൂടുതല്‍ പേരിപ്പോള്‍ കാവ്യ രംഗത്തേക്കു കടന്നു വരുന്നുണ്ട് എന്നതും കാണണം. അത് കവിതയുടെ തെളിച്ചക്കുറവിനെയല്ല കാണിക്കുന്നത്; തെളിച്ചത്തെയാണ്. കവിതകള്‍ വായിച്ചു പ്രീതിപ്പെടാത്തവര്‍ക്ക് അതിലേക്കു കടന്നു വരാനാകില്ലല്ലോ. എഴുതുന്നതില്‍ കവിതയുണ്ടോ എന്നതാണ് പ്രശ്നം. അതിന്മേലുള്ള ശങ്കകളാണ് വേണ്ടതെന്നാണ് എന്‍റെ പക്ഷം.
∙ എഴുത്തിനെ സമൂഹമാധ്യമങ്ങൾ ഏതുവിധമാണ് സ്വാധീനിക്കുന്നത്? സോഷ്യൽ മീഡിയയിലും സജീവമായ ഒരാൾ എന്ന നിലയിലാണ് ഈ ചോദ്യം?
പ്രതീതി യാഥാർഥ്യം വലിയൊരു പ്രകോപനമാണ്. ഒരു തോന്നലെങ്കിലും സൃഷ്ടിക്കൂ എന്ന് അവിടം സദാ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. അതില്‍ വീഴാതെ അധികമാര്‍ക്കും ഇക്കാലത്ത് അടങ്ങിയിരിക്കാനാകില്ല. ആവിഷ്കാര മോഹമുള്ളവര്‍ക്കു പ്രത്യേകിച്ചും. സമൂഹമാധ്യമങ്ങളിലെല്ലാം വിര്‍ച്വല്‍ റിയാലിറ്റിയുടെ ആ പ്രലോഭനങ്ങള്‍ പേറുന്നവയാണ്. എഴുത്തുകാരില്‍ അധികംപേരും അതില്‍ അഭിരമിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ക്കും പ്രതീതിയില്‍ പെട്ടുപോകാനോ പ്രതീതി സൃഷ്ടിച്ച് പ്രിയപ്പെട്ടവരെ പ്രലോഭിപ്പിക്കാനോ ശ്രമിക്കേണ്ടി വരുന്നു. അതൊരു മോശം പ്രവണത എന്നല്ല. അതു പ്രതീതി മാത്രമാണെന്ന ബോധ്യമുണ്ടാകണം എന്നേ വേണ്ടൂ.
കവിത ഒരു പ്രതീതിയാണെന്ന യാഥാർഥ്യത്തെ മറന്നല്ല ഈ മറുപടി. കവിതയ്ക്ക് അങ്ങനെയേ പെരുമാറാനാകൂ. പെരുമാറേണ്ടതും അങ്ങനെ തന്നെ. കവികള്‍ അങ്ങനെ ആകാന്‍ പാടില്ല എന്നാണ് ഉദ്ദേശിച്ചത്. കവിതയ്ക്ക് സമൂഹമാധ്യമങ്ങൾ ഏറെ സാധ്യതകളാണ് തുറന്നിട്ടിട്ടുള്ളത്. ചുരുക്കം ചിലര്‍ അതിനെ ആ നിലയില്‍ സംശുദ്ധമായിത്തന്നെ പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഞാന്‍ ഏറെ പ്രിയത്തോടെ സമീപിക്കുന്ന ഒത്തിരി ബ്ലോഗുകളും കവിതാ സൈറ്റുകളും ഓണ്‍ലൈന്‍ മീഡിയകളുമുണ്ട്. അനവധി പേരാണ് അവയെ നിരന്തരം സമീപിക്കുന്നത് എന്നും കാണാം. അവയൊക്കെ കവിതയുടെ തെളിച്ചത്തെയാണ് കാണിക്കുന്നത്. എന്നാല്‍ കൂടുതല്‍ എഴുത്തുകാരും ആ അവസരത്തെ സംശുദ്ധമായല്ല പ്രയോജനപ്പെടുത്തുന്നത്. അതില്‍ ആശങ്കപ്പെടേണ്ട കാര്യമേയില്ല. കാരണം ഈടുള്ളതൊന്നും ഊതിനിറച്ച കെട്ട വായുവിന്‍റെ ആയത്തിലല്ല നിലനില്‍ക്കുക, പിന്നിലേല്‍ക്കുന്ന കൊടിയ പ്രഹരത്തിന്‍റെ നോവിലാണ്.
English Summary : Ezhuthuvarthamanangal Talk With Poet Azeem Thannimoodu