ADVERTISEMENT

ഇന്നലെകളുടെ അനുഭവപരിസരങ്ങളിലൊന്നുമില്ലാത്ത വിധം വ്യത്യസ്തമായ ഒരു വർഷം കടന്നുപോകുന്നു. ജീവൻ മുറുകെപ്പിടിച്ച് വീട്ടിൽ അടച്ചിരിക്കുമ്പോഴും എങ്ങനെ ജീവിക്കുമെന്നോർത്തു പതറിപ്പോയ മനുഷ്യർ. കാലത്തിന്റെ പുസ്തകം മറിച്ചുനോക്കുമ്പോൾ 2020 എന്ന അധ്യായത്തിൽ ‘ബുക്മാർക്ക്’ ചെയ്തു വച്ച ചിലത് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ.

 

ജനക്കൂട്ടത്തിൽനിന്നു പിൻവലിഞ്ഞ് ലോകം മുഴുവൻ വീടിനുള്ളിൽ ഒതുങ്ങിക്കൂടിയ കാലത്തും സമൂഹമാധ്യമങ്ങളിലൂടെ വായനക്കാർക്കൊപ്പം നിന്ന എഴുത്തുകാരനാണ് ബെന്യാമിൻ. കോവിഡ് കാലത്ത് മനസ്സുമടുത്തുപോകാതെ ഓരോ ചലഞ്ചിലൂടെയും വായനക്കാരെ സജീവമാക്കാൻ ബെന്യാമിന് കഴിഞ്ഞു. 2020 അനുഭവങ്ങൾ ബെന്യാമിൻ മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു–

 

2020– സമ്മിശ്ര അനുഭവങ്ങളുടെ വർഷം

bennyamin

 

എന്നെ സംബന്ധിച്ചിടത്തോളം സമ്മിശ്രഅനുഭവങ്ങളുടെ വർഷമായിരുന്നു 2020. പല പരിപാടികളുമായി നിരന്തരം പുറത്തുകറങ്ങിയിരുന്ന അവസ്ഥ മാറി പെട്ടെന്ന് വീട്ടിൽ ഇരിക്കേണ്ടി വരുന്നു. വീട്ടിലിരിക്കാൻ കഴിഞ്ഞു എന്ന സന്തോഷം. അതിനൊപ്പം മറ്റു പ്രതികൂല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഭാര്യയ്ക്ക് ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കഴിയേണ്ടി വന്നു, ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ മഹാമാരി... ഇങ്ങനെയൊക്കെ സന്തോഷങ്ങളും സങ്കടങ്ങളും സമ്മാനിച്ച വർഷമാണ് കടന്നു പോകുന്നത്.

 

selected-books

ലോക്ഡൗൺ കാലഘട്ടം സന്തോഷകരമായിത്തന്നെ മുന്‍പോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. വായനക്കാരുമായി ചേർന്ന് സമൂഹമാധ്യമങ്ങളിലൂടെ പല ലോക്ഡൗൺ ചലഞ്ചുകളും കളികളുമായി മനസ്സുമടുക്കാതെ ലോക്ഡൗൺ ആസ്വദിച്ചു. വായനക്കാരുമായി സംവദിക്കാൻ സമയം കിട്ടി എന്നത് സന്തോഷം നൽകിയ കാര്യമാണ്.

 

കൃഷിയും പാചകവും പരീക്ഷിച്ചു. പാചകം മുൻപും ചെയ്തിട്ടുണ്ടെങ്കിലും പാചകപരീക്ഷണങ്ങൾ ആദ്യമായിട്ടായിരുന്നു. ലോക്ഡൗണിൽ സ്വന്തമായി പാചകം ചെയ്തെടുത്ത സ്വാദിഷ്ടമായ പൊറോട്ട വരെ കഴിക്കാൻ സാധിച്ചു. കൃഷിയിൽ കൈവയ്ക്കുന്നതും ആദ്യമായിട്ടാണ്. ലോക്ഡൗണിൽ നട്ടു പരിപാലിച്ച പാഷൻ ഫ്രൂട്ട് ഇപ്പോൾ നിറയെ ഫലങ്ങളുമായി നിൽക്കുന്നു. 

nisabdha-sancharangal

 

bennyamin-books

ലോകത്തിന്റെ പല കോണുകളിലും കോവിഡ് സാരമായി ബാധിച്ച നിരവധി പ്രദേശങ്ങളുണ്ട്. കോവിഡ് പ്രതിസന്ധികൾ ഇപ്പോഴും തുടരുന്നു. എല്ലാ മേഖലയിലും ഒരു തകിടം മറിച്ചിലുണ്ടായി. കോവിഡ് കാലഘട്ടത്തിൽ ഇ റീഡിങ് കൂടി. ഇ ബുക്കുകളുടെ വിൽപനയിൽ വർധനവുണ്ടായി. സാഹിത്യ ചർച്ചകളും കൂട്ടായ്മകളും ഓൺലൈൻ ലോകത്തേക്കു ചേക്കേറി. സൂമിലും മറ്റുമായി നിരവധി സാഹിത്യ ചർച്ചകളാണ് ഈ കാലഘട്ടത്തിൽ നടന്നത്. ഇവയൊക്കെ നല്ല മാറ്റങ്ങളാണ്.

 

അസ്ഥികളുടെ മേൽ ഉഴുന്നുമറിക്കട്ടെ നിന്റെ കലപ്പകൾ

 

വായനയ്ക്കും ഏറെ സമയം കിട്ടിയ വർഷമാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം വായിച്ചതിൽ ഏറെ ഇഷ്ടമായ ഒരു പുസ്തകം David Niven എന്ന ഹോളിവുഡ് നടന്റെ ആത്മകഥാപരമായ The Moon's a Balloon എന്ന പുസ്തകമാണ്. മനസ്സിൽ തങ്ങി നിൽക്കുന്ന മറ്റൊരു പുസ്തകം Olga Tokarczuk എഴുതിയ Drive Your Plow Over the Bones of the Dead എന്ന നോവലാണ്. മലയാളത്തിൽ വിനോയ് തോമസിന്റെ പുറ്റ് ഏറെ ആസ്വദിച്ച് വായിച്ച പുസ്തകമാണ്.

 

നഴ്സുമാർക്കുള്ള ആദരം ഈ പുസ്തകം

 

കേരളത്തിൽ നിന്ന് പലനാടുകളിലേയ്ക്ക് കുടിയേറിയ നഴ്സുമാരുടെ കഥപറയുന്ന നിശബ്ദസഞ്ചാരങ്ങൾ എന്ന നോവൽ പ്രസിദ്ധീകരിച്ചു. ലോകമെമ്പാടും കോവിഡിനോട് പൊരുതിക്കൊണ്ടിരിക്കുന്ന നഴ്സുമാർക്കുള്ള ആദരവാണ് ഈ പുസ്തകം. ജോലിക്കായി പല നാടുകളിലേക്കു കുടിയേറിയ നഴ്സുമാർ കേരളത്തിനും ലോകത്തിനും നൽകിയ സംഭാവനകളും അവരുടെ കഥയും ചരിത്രവുമാണ് ഈ നോവലിന്റെ ഇതിവൃത്തം. മൂന്നു വർഷം മുന്‍പ് എഴുതിത്തുടങ്ങിയ ഈ നോവൽ കോവിഡ് കാലത്തുതന്നെ പൂർത്തിയാക്കാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞു. 

 

പരീക്ഷണാടിസ്ഥാനത്തിൽ 13 യുവ എഴുത്തുകാരുമായി ചേർന്ന് എഴുതിയ ‘പുഴമീനുകളെ കൊല്ലുന്ന വിധം’ എന്നൊരു കുറ്റാന്വേഷണ നോവൽ പൂര്‍ത്തിയാക്കി. പല ഇടങ്ങളിൽ പലസന്ദർഭങ്ങളിലായി നടത്തിയ പ്രഭാഷണങ്ങൾ ചേർത്ത് ‘അകത്തെ ക്രിസ്തു പുറത്തെ ക്രിസ്തു’ എന്ന പുസ്തകവും ഈ വർഷം പുറത്തിറങ്ങി. ഫെയ്സ്ബുക് ചലഞ്ചിൽ വായനക്കാരോട് പ്രിയ എഴുത്തുകാർക്ക് ഒരു കത്ത് എഴുതാൻ ആവശ്യപ്പെട്ടിരുന്നു. അതിനു നല്ല പ്രതികരണമാണ് ലഭിച്ചത്. അങ്ങനെ ലഭിച്ച കത്തുകളിൽനിന്ന് തിരഞ്ഞെടുത്തവ ചേർത്ത് ‘എന്ന് സ്വന്തം’ എന്ന പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. അങ്ങനെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ക്രിയാത്മകമായി ഈ വർഷം വിനിയോഗിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. 

 

English Summary: Writer Benyamin on his life, writing and book reading in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com