ADVERTISEMENT

കാലം 1999. ‍‍കോട്ടയത്ത് അമലഗിരിയിലെ ഒ.വി. ഉഷയുടെ വീട്. പാർക്കിൻസൺസ് രോഗബാധിതനായി കഴിയുന്ന ഒ.വി. വിജയനെ കാണാൻ സുഗതകുമാരിയെത്തിയത് മുന്നറിയിപ്പുകളൊന്നുമില്ലാതെ. ഒപ്പം യുവകവി ഗോവിന്ദനുണ്ണിയും. സുഗതകുമാരി വരുമ്പോൾ വിജയൻ ഉച്ചയുറക്കത്തിലായിരുന്നു. മയക്കം കഴിഞ്ഞ് എഴുന്നേറ്റ വിജയൻ മൗനിയായി കാണപ്പെട്ടപ്പോൾ സുഗതകുമാരി പറഞ്ഞു– ‘വിജയനെക്കൊണ്ടു സംസാരിപ്പിച്ചിട്ടേ ഞാൻ പോകൂ’.

ഉണർന്നാലുടൻ സംസാരിക്കാൻ ബുദ്ധിമുട്ടാണെന്നു വിജയന്റെ സഹായി സുനിൽ വിശദീകരിച്ചു.

 

അക്കാലത്തിറങ്ങിയ കവിതാപുസ്തകം ‘ദേവദാസി’യുടെ ‘ഓഥേഴ്സ് കോപ്പി’ സുഗതകുമാരി ഒപ്പിട്ടു വിജയനു സമ്മാനിച്ചു. ‘ഏറെ പ്രിയപ്പെട്ടവരായ വിജയനും ഉഷയ്ക്കും. സ്നേഹത്തോടെ സുഗതകുമാരി’ ടീച്ചർ പുസ്തകത്തിൽ കുറിച്ചു. ‘നല്ല കവർ’. പുസ്തകം മറിച്ചു നോക്കുന്നതിനിടെ വിജയൻ മൗനം വെടിഞ്ഞു. ‘ദത്തന്‍ വരച്ചതാണെ’ന്നു ടീച്ചർ പറഞ്ഞു. തിരുവനന്തപുരത്തിനടുത്തുള്ള പോത്തൻകോട്ടെ കരുണാകരഗുരുവിന്റെ ആശ്രമത്തിൽവച്ചായിരുന്നു അവസാനത്തെ കൂടിക്കാഴ്ചയെന്ന് സുഗതകുമാരി ഓർമിച്ചു– ‘അന്നു കണ്ടതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. വിജയനു നല്ലത് ഈ മണ്ണും കാലാവസ്ഥയുമാണ്’.

 

അനാരോഗ്യം മൂലം ചാലിയാർ സമരത്തിൽ വിജയനെ പങ്കെടുപ്പിക്കാൻ കഴിയാത്തതിന്റെ ദു:ഖം സുഗതകുമാരി പ്രകടിപ്പിച്ചപ്പോൾ, ആ സമരത്തിൽ വിജയന്‍ വഹിച്ച ചരിത്രപരമായ പങ്കിനെപ്പറ്റി സുനിൽ വാചാലനായി.– ‘ ചാലിയാറിനെപ്പറ്റി ആദ്യം എഴുതിയത് ഒ.വി. വിജയനാണ്. വിജയൻ പോലും മറന്നുപോയ ആ ലേഖനത്തിന്റെ കാര്യം ആർ. നരേന്ദ്രപ്രസാദാണ് സമീപകാലത്തു ഓർമിപ്പിച്ചത്. ഏതാണ്ടു മുപ്പതു വർഷം മുൻപാണത്’. ചാലിയാർ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എഴുത്തുകാർ സംഘടിക്കുന്നുവെന്നറിഞ്ഞപ്പോൾ വിജയൻ ഒരു വെള്ളക്കടലാസെടുത്ത് അതിൽ തന്റെ സന്ദേശം രേഖപ്പെടുത്തി–‘ ചാലിയാർ സമരം– പ്രകൃതിക്കും ജീവനും വേണ്ടിയുള്ള സമരം. ഞാൻ എന്നും ഈ സമരത്തിൽ ഉണ്ടാകും മനസ്സുകൊണ്ട്. ഒ.വി. വിജയൻ’. നമുക്കു കുറെ നക്സലുകളെ മാവൂരിലേക്കു വിട്ടാലോയെന്നായിരുന്നു അവിടത്തെ ദുരിതങ്ങളറിഞ്ഞപ്പോൾ വിജയന്റെ പ്രതികരണം.

 

വിജയൻ വീണ്ടും പഴയതുപോലെ രാഷ്ട്രീയലേഖനങ്ങളെഴുതണമെന്നു സുഗതകുമാരി പറഞ്ഞപ്പോൾ ആയുസ്സിന്റെ പുസ്തകത്തിൽ ഏറിയാൽ നാലോ അഞ്ചോ വർഷം കൂടിയെന്ന മറുപടി കവിയെ ദു:ഖിതയാക്കി. പിന്നെ ആയുർവേദ ചികിത്സ തുടങ്ങാൻ നിർബന്ധിച്ചു. അവസാനം ചികിത്സയ്ക്കു വിധേയനാകാമെന്നു വിജയൻ സമ്മതിച്ചപ്പോൾ സുഗതകുമാരി ആഹ്ളാദത്തോടെ പറഞ്ഞു– ‘നോക്കൂ, വിജയൻ ഇനി വാക്കു മാറ്റില്ല. ഇവിടെ ആറു സാക്ഷികളുണ്ട് വിജയന്റെ വാക്കിന്’. വിജയന്റെ ഭാര്യ തെരേസ, അനുജത്തി ഒ.വി. ഉഷ, കവി ഗോവിന്ദനുണ്ണി, പത്രപ്രവർത്തകൻ സജികുമാർ കുഴിമറ്റം, വിജയന്റെ സഹായി സുനിൽ എന്നിവരായിരുന്നു എന്നെ കൂടാതെയുള്ള സാക്ഷികൾ. 

 

ഒരു കവിത ചൊല്ലി പിരിയാമെന്നു തീരുമാനിച്ചപ്പോൾ, ‘തോഴരേ നന്ദി’ മതിയെന്നു വിജയൻ നിർദേശിച്ചു. കവിത ചൊല്ലി ടീച്ചർ തിരുവനന്തപുരത്തേക്കു യാത്രയായി. 

 

English Summary: When Sugathakumari came to meet OV Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com