ADVERTISEMENT

‘‘ ഇതൊക്കെ പിള്ളേരു കളിയാണെടോ.. പിള്ളേരെ മുന്നിൽ നിർത്തി ചില മുതിർന്നവർ കളിക്കുന്നത്. ജി. സുധാകരൻ സംശുദ്ധനാണ്. അങ്ങനെയൊന്നും സുധാകരനെ തകർക്കാൻ ആർക്കും കഴിയില്ല’’.

മലയാള മനോരമ വാർഷികപ്പിലേക്ക് എഴുതിയ ‘സഖാവ്’ എന്ന കഥയിലെ നായകനും മുൻമന്ത്രി ജി. സുധാകരനുമായുള്ള സാമ്യവും ചർച്ചയായ സാഹചര്യത്തിൽ ടി. പത്മനാഭൻ പറഞ്ഞു. 

 

‘‘എന്റെ മനസ്സിലെ സംശുദ്ധരായ രണ്ടുപേരാണ് ‘സഖാവ്’ കഥയിലുള്ളത്. മലയാള മനോരമയിലെ വാർത്ത വായിച്ച് സുധാകരൻ എന്നെ വിളിച്ചിരുന്നു. അല്ലാതെയും അദ്ദേഹം വിളിക്കാറുണ്ട്. മന്ത്രിയാകുന്നതിനു മുൻപേയുള്ള ബന്ധമാണ്. അതിൽ രാഷ്ട്രീയമൊന്നുമില്ല. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്’’– പത്മനാഭൻ തുടർന്നു.

 

‘സഖാവ്’ കഥ എഴുതി പൂർത്തിയാക്കിയ ഉടൻ പത്മനാഭൻ പറഞ്ഞിരുന്നു. ‘‘ഈ കഥ പലർക്കും ഇഷ്ടമാകില്ല. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഉള്ളിലെ കാര്യമാണ് ഞാൻ കഥയിലെഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കഥയൊരു ചർച്ചയാകും’’.

g-sudhakaran-tpPadmanabhan-story
ജി. സുധാകരൻ

 

കോവിഡ് ചികിത്സ കഴിഞ്ഞ് പള്ളിക്കുന്നിലെ വീട്ടിൽ ക്വാറന്റീൻ കഴിഞ്ഞുള്ള വിശ്രമത്തിലാണ് കഥാകൃത്ത്. അസുഖം വരുന്നതിനു മുൻപു തന്നെ വാർഷിക പതിപ്പുകളിലേക്കുള്ള കഥയെല്ലാം എഴുതി പൂർത്തിയാക്കിയിരുന്നു. ആദ്യം എഴുതിയത് ‘സഖാവ്’ ആയിരുന്നു. എഴുതി ഒരു മാസം പൂർത്തിയാകും മുൻപേ കഥയിൽ പറയുന്നതുപോലെയുള്ള സംഭവങ്ങൾ അരങ്ങേറിക്കഴിഞ്ഞു.

 

സിപിഎം സംസ്ഥാന സമിതിയംഗമായ ജി. സുധാകരനുമായി സാമ്യമുള്ള ആളാണ് കഥയിലെ നായകൻ. അദ്ദേഹവും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത കൃഷ്ണപിള്ളയുമായുള്ള സംഭാഷണവുമാണു കഥയിലെ പ്രധാനവിഷയം. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചുമതലയിൽ സുധാകരനു വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വച്ച സാഹചര്യത്തിലാണു കഥ ചർച്ചയാകുന്നത്.

 

‘‘ ഞാനൊരു കോൺഗ്രസുകാരനാണ്. ചെറുപ്പംതൊട്ടേ. ഇപ്പൊഴും. ഖദറിടുന്ന കോൺഗ്രസുകാരൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ എനിക്ക് അടുപ്പമുള്ള ഒട്ടേറെ നേതാക്കൾ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമാണ്. അതുപോലെ തന്നെയാണു സുധാകരനുമായിട്ടും. രാഷ്ട്രീയവും സാഹിത്യവുമൊക്കെ ഞങ്ങൾ ചർച്ച ചെയ്യും. 

 

കോൺഗ്രസ് നേതാക്കളായിരുന്ന കെ. കേളപ്പനെയും മൊയ്തുമൗലവിയെയും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെയും ആദരപൂർവം നോക്കുമ്പോൾ തന്നെ ഞാൻ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഏറ്റവും വലിയ നേതാവ് പി.കൃഷ്ണപിള്ളയാണ്. നിയമപഠനം കഴിഞ്ഞ് ഞാൻ കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന സമയം. 1948ൽ കണ്ണൂരിൽ വച്ച് കൃഷ്ണപിള്ളയ്ക്ക് അതിഭയങ്കരമായ മർദനമേറ്റു. എന്നെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അത്. സജീവ കോൺഗ്രസുകാരനായിരുന്ന ഞാൻ ദേശാഭിമാനിയിൽ ഈ സംഭവത്തെക്കുറിച്ച് ലേഖനമെഴുതി. 

 

കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത നേതാവ് എന്ന നിലയിലല്ല ഞാൻ കൃഷ്ണപിള്ളയെ കാണുന്നത്. അദ്ദേഹം മഹാനായ ഒരു മനുഷ്യനായിരുന്നു. അന്നും ഇന്നും എന്നും എന്റെ ആരാധനാപാത്രം കൃഷ്ണപിള്ള തന്നെ. 

 

അദ്ദേഹത്തെ പോലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ മനുഷ്യത്വമുള്ള മറ്റൊരു നേതാവായിരുന്നു ടി.കെ.ബാലൻ. ബാലന്റെ കുടുംബത്തോട് എനിക്കു വളരെ അടുത്ത ബന്ധമാണ്. ബാലനുമായുള്ള അടുപ്പത്തെക്കുറിച്ച് ഞാൻ ഒരു കഥയെഴുതിയിട്ടുണ്ട്– ‘ഒരു കള്ളക്കഥ’.

 

ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ഓഫിസിലേക്ക് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ. അത് ബാലൻ മരിച്ചപ്പോൾ മൃതദേഹം അവിടെ പൊതുദർശനത്തിനു വച്ചപ്പോഴാണ്. അതിനു മുൻപും അതിനുശേഷവും ആ ഗേറ്റ് കടന്നു ഞാൻ പോയിട്ടില്ല. 

 

ബാലനുമായി ഞാനൊരിക്കലും രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. മനുഷ്യരെക്കുറിച്ചായിരുന്നു ബാലൻ സംസാരിച്ചിരുന്നതൊക്കെ. കണ്ണൂരിലോ കൊച്ചിയിലോ ചിലപ്പോൾ ഷൊർണൂരിലോ വച്ചായിരിക്കും ബാലനെ കാണുക. ആകസ്മികമായ കാഴ്ചയിൽ ബാലൻ ആദ്യം ചോദിക്കുക എന്തെങ്കിലും കഴിച്ചോ എന്നായിരിക്കും. എന്നെക്കൊണ്ട് എന്തെങ്കിലും കഴിപ്പിച്ചേ ബാലൻ അടങ്ങൂ. മനുഷ്യന്റെ പ്രാഥമികമായ കാര്യങ്ങൾക്കായിരുന്നു ബാലൻ പ്രാധാന്യം നൽകിയിരുന്നത്. വിശക്കുന്നവനു ഭക്ഷണം, വീടില്ലാത്തവനു വീട്, വസ്ത്രമില്ലാത്തവനു വസ്ത്രം.. ഇതൊക്കെയായിരുന്നു ബാലന്റെ പ്രാഥമിക പരിഗണന.

ബാലന്റെ വീടിനു നേരെ രാഷ്ട്രീയ എതിരാളികൾ ബോംബെറിഞ്ഞപ്പോൾ ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു. ആ സംഭവമാണ് ഒരു കള്ളക്കഥ എന്ന കഥയിലെ പ്രമേയം. 

കൃഷ്ണപിള്ള, എ.കെ.ബാലൻ, പിണറായി വിജയൻ, ജി.സുധാകരൻ ഇവരെയൊക്കെ രാഷ്ട്രീയത്തിനതീതമായി കാണാൻ എനിക്കു സാധിക്കും. അങ്ങനെയുള്ള ഒരാൾക്കുണ്ടാകുന്ന അനുഭമാണ് ‘സഖാവ്’ എന്ന കഥയും. ബാക്കിയെല്ലാം കാലം തീരുമാനിക്കട്ടെ’’– പത്മനാഭൻ പറഞ്ഞു.

 

English Summary: Writer T. Padmanabhan on his new story ‘Sagavu’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com