‘മികച്ച ചിത്രകാര’നുള്ള ഒന്നാം സമ്മാനം കിട്ടിയ നോവലിസ്‌റ്റ് സി.വി. ബാലകൃഷ്ണൻ!
Mail This Article
നിറങ്ങളുടെ ഓണമാണ് ഓർമയിൽ സി. വി. ബാലകൃഷ്ണന്. നോവലിസ്‌റ്റ് സി. വി. ബാലകൃഷ്ണന് ആദ്യമായി ഒരു സമ്മാനം കിട്ടിയത് ചിത്രകാരൻ എന്ന നിലയ്ക്കായിരുന്നു. അതും ഒരോണക്കാലത്ത്. ജന്മദേശമായ പയ്യന്നൂരിനടുത്ത് അന്നൂരിലെ യുപി സ്‌കൂളിൽ ബാലകൃഷ്ണൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. തിരുവോണത്തിന് അവിടെയുള്ള കലാസമിതിക്കാർ ഓണാഘോഷം നടത്തും. ഒരു ദേശം മുഴുവൻ മൈതാനത്ത് ഒത്തു കൂടിയിട്ടുണ്ട്. അന്നവിടെ ചിത്രരചനാമത്സരം നടത്തി. 'സ്ത്രീ പൂക്കളമിടുന്നത് നോക്കി അടുത്ത് നിൽക്കുന്ന കുട്ടി' - ഇതായിരുന്നു വിഷയം. ബാലകൃഷ്ണനും ചിത്രം വരച്ചു. ഒന്നാം സമ്മാനം സി. വി. ബാലകൃഷ്ണൻ, ആറാം തരം എ ഡിവിഷൻ എന്ന് മൈക്കിലൂടെ അനൗൺസ് ചെയ്‌തപ്പോൾ അമ്പരപ്പും സങ്കോചവും അഭിമാനവും കാരണം കാൽ നിലത്തുറയ്ക്കാതെയാണ് ജനക്കൂട്ടത്തിനിടയിലൂടെ താൻ ചെന്ന് സമ്മാനം വാങ്ങിയതെന്ന് ബാലകൃഷ്ണൻ ഓർക്കുന്നു.
ബ്രഷും വാട്ടർ കളറുകളും അടങ്ങിയ ഒരു കളറിങ് ബോക്‌സ് ആയിരുന്നു സമ്മാനം. സി.വി. ബാലകൃഷ്ണൻ എന്ന പേര് ഒരാൾ മൈക്കിലൂടെ പറഞ്ഞ് കേൾക്കുന്നതും അന്നാദ്യമായിരുന്നു എന്ന് ബാലകൃഷ്ണൻ പറയുന്നു. പിന്നീട് കുറച്ചു കാലം ബാലകൃഷ്ണൻ എഴുത്തും വരയും ഒന്നിച്ചു കൊണ്ടുപോയി. സ്വന്തം കഥകൾക്കു വേണ്ടി ചില മാസികകളിലും ബാലകൃഷ്ണൻ തന്നെ ചിത്രം വരച്ചു.
Content Summary : C.V. Balakrishnan takes a walk down Onam memory lane