ആയിരം പൂർണ ചന്ദ്രനെ കണ്ട ആദ്യത്തെ രമണൻ
Mail This Article
രമണൻ എന്നത് വെറുമൊരു പേരല്ല. ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക ബിംബമാണ്, തലമുറകൾ താണ്ടിയ ആവേശമാണ്, മലയാളത്തിന്റെ സൗന്ദര്യ ലഹരിയാണ്. മലയാളത്തിന്റെയും മലയാളിയുടെയും എക്കാലത്തെയും രോമാഞ്ചമാണ് ചങ്ങമ്പുഴയുടെ രമണൻ. മലയാളി വരിനിന്ന് വാങ്ങിയ ഏക പുസ്തകമാണ് രമണൻ. ഒരു തലമുറ ഹൃദിസ്ഥമാക്കിയ കാവ്യമാണ് രമണൻ. ചങ്ങമ്പുഴയോടും രമണനോടുമുള്ള ആരാധന മൂത്ത് കുട്ടികൾക്കു രമണനെന്ന പേരിട്ട രക്ഷിതാക്കൾ ധാരാളമുണ്ടായി ഇവിടെ. അങ്ങനെയാണ് കേരളത്തിൽ എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെ രമണനെ കണ്ടു തുടങ്ങിയത്.
1936 ഒക്ടോബറിലാണ് ചങ്ങമ്പുഴയുടെ രമണൻ തിരുപ്പിറവിയെടുക്കുന്നത്. അതേവർഷം അതേ മാസത്തിലാണ് ഇടപ്പള്ളിക്കടുത്തുള്ള ചളിക്കവട്ടം എന്ന സ്ഥലത്ത് ഒരു രമണൻ ജനിക്കുന്നത് !
ചങ്ങമ്പുഴയുടെ പ്രിയ സുഹൃത്തായ എ.കെ. ഹമീദാണ് യുദ്ധത്തിന്റെയും ക്ഷാമത്തിന്റെയും ആ ദുർഘട സന്ധിയിൽ ആയിരം ഉറുപ്പിക മുടക്കി മലയാളിക്ക് മധുരം വിളമ്പാൻ തയാറായത്. ആദ്യകാലങ്ങളിൽ കവി തന്നെ പുസ്തകം കൊണ്ടുനടന്നു വിൽക്കുകയായിരുന്നു. പിന്നീട് കെടാമംഗലം സദാനന്ദനാണ് തന്റെ കഥാപ്രസംഗത്തിലൂടെ കൊച്ചിയെ ഇളക്കിമറിച്ചത്. അതുകഴിഞ്ഞ് സാംബശിവൻ തിരുവിതാംകൂറും. അങ്ങിനെയാണ് രമണന്റെ വിൽപന സർവകാല റെക്കോർഡിട്ടത്.
കെടാമംഗലത്തിന്റെ ആദ്യത്തെ വാഴക്കുല അവതരണം കേട്ടാണ് ചളിക്കവട്ടം രമണൻ ചങ്ങമ്പുഴയെയും രമണനെയും കൂടുതലറിയുന്നത് അങ്ങനെയാണ് രമണനും ചങ്ങമ്പുഴയുടെ ആരാധകനാവുന്നത്. ചങ്ങമ്പുഴ അകാലമൃത്യുവിനിരയാകുമ്പോൾ രമണനു പ്രായം പന്ത്രണ്ട്. ഒരു ദരിദ്രകുടുംബത്തിൽ ജനിച്ചതിനാൽ കരിപുരണ്ടതായിരുന്നു രമണന്റെ ബാല്യകൗമാരങ്ങൾ. ഏഴാം ക്ളാസ് വരെ മാത്രമേ പഠിക്കാനായുള്ളൂവെങ്കിലും ഉപജീവനത്തിനായി പലതരം തൊഴിലുകളിലേർപ്പെട്ടുവെങ്കിലും ജീവിതയാത്രയിൽ പുസ്തകങ്ങൾ എപ്പോഴും രമണനോടൊപ്പമുണ്ടായിരുന്നു.
ജില്ലാ ലൈബ്രറി കൗൺസിൽ മികച്ച വായനക്കാരൻ എന്ന ബഹുമതി നൽകി രമണനെ ആദരിച്ചിട്ടുണ്ട്. വിമലയാണ് രമണന്റെ ജീവിതസഖി. മൂന്നു മക്കളാണ് രമണന്– രാജീവ്, രഞ്ജിത്ത്, അജിത്. ഈ പേരുകൾക്കു പിന്നിലും ഒരു കഥയുണ്ട്. കടുത്ത കമ്യൂണിസ്റ്റുകാരനായിരുന്ന മിനർവ കേശവന്റെ സ്റ്റുഡിയോയിൽ കുറച്ചു കാലം രമണൻ ജോലി ചെയ്തിരുന്നു. കേശവന്റെ പാർട്ടി പ്രവർത്തനം കാരണം സ്റ്റുഡിയോ പൂട്ടിപ്പോയി. എങ്കിലും അദ്ദേഹത്തോടുള്ള ആദരം മൂലമാണ് അദ്ദേഹത്തിന്റെ മക്കളായ രാജീവിന്റെയും രഞ്ജിത്തിന്റെയും പേര് രമണൻ സ്വന്തം മക്കൾക്കിട്ടത്. കാവ്യത്തിലെന്നപോലെ ജീവിതത്തിലും രമണന്റെ സുഹൃത്തായി മദനൻ വന്നുപെട്ടത് മധുരമൂറുന്ന യാദൃച്ഛികതയാണ്. (ചെറുകാടിന്റെ രണ്ടു മക്കളുടെ പേര് രമണനെന്നും മദനനെന്നുമാണെന്നതും ഇത്തരുണത്തിൽ സ്മരണീയം).
കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നത് ജോൺ എബ്രഹാമിന്റെ പ്രശസ്തമായ കഥയാണെങ്കിൽ കേരളത്തിലെത്ര രമണൻമാരുണ്ട് എന്നത് കുഴൽമന്ദം രമണന്റെ യഥാർഥത്തിലുള്ള അന്വേഷണമായിരുന്നു. അങ്ങനെ ലോക ചരിത്രത്തിലാദ്യമായി, ഒരു കവി സൃഷ്ടിച്ച കഥാപാത്രത്തിന്റെ പേരുള്ളവർ കവിയെ അനുസ്മരിക്കാനായി സംഘടിച്ചു. മഹാകവി ചങ്ങമ്പുഴയ്ക്കു മാത്രം ലഭിച്ച മരണാനന്തര ബഹുമതിയാണിത്.
2017 ജനുവരി ഒന്നിന് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മൃതികുടീരത്തിനരികെ ചേർന്ന അഖില കേരള രമണ സംഗമത്തിൽ ചളിക്കവട്ടം രമണനും പങ്കെടുത്തു. പിന്നീട് രമണനാമധാരികളുടെ കൂട്ടായ്മയായ രമണീയത്തിന്റെ രക്ഷാധികാരിയുമായി! ഒക്ടോബർ 31 ന് രമണന് എൺപത്തിനാലുവയസ്സ് പൂർത്തിയായി.
കോവിഡിന്റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾ മാത്രമായ കൂടിച്ചേരലാണു നടന്നത്. എങ്കിലും കേരളത്തിലെ രമണൻമാരുടെ കാരണവരായ വി.ജി. രമണന് മധുരം നൽകാൻ ചെയർമാൻ എം.സി. രമണൻ ഇരിങ്ങാലക്കുടയിൽനിന്നും സെക്രട്ടറി എസ്. രമണൻ കുഴൽമന്ദത്തുനിന്നും ട്രഷറർ കെ. രമണൻ പാലക്കാട് നിന്നും രമണന്റെ വീട്ടിലെത്തി. ഒപ്പം മൂന്നു വിശിഷ്ടാതിഥികളും. ഒന്ന്, നഗരപിതാവ് അനിൽകുമാർ. രണ്ടാമത്തേത് സാക്ഷാൽ ചങ്ങമ്പുഴയുടെ മകൾ ലളിത. രമണന്റെ ആദ്യ പ്രസാധകൻ എ.കെ. ഹമീദിന്റെ മകൻ ഡോ: ഫൈസിയാണ് മൂന്നാമൻ
Content Summary: Persons with the name of Ramanan meet