ഗുപ്തൻ നായർ സൗമ്യ നിരൂപകനല്ല : ഡോ.എം.എം.ബഷീർ
Mail This Article
മലയാള സാഹിത്യത്തിലെ സൗമ്യ നിരൂപകനാണോ പ്രഫ.എസ്. ഗുപ്തൻ നായർ? അല്ലെന്നാണ് പ്രശസ്ത നിരൂപകൻ ഡോ.എം.എം.ബഷീർ പറയുന്നത്. . വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ശബ്ദങ്ങൾ’ പുരോഗമന സാഹിത്യമാണെങ്കിൽ പൂരപ്പാട്ട് ഭഗവദ് ഗീതയാണ്; ഞാൻ മഹാത്മാഗാന്ധിയും എന്നു പറഞ്ഞ നിരൂപകനാണ് ഗുപ്തൻ നായർ. മഹാകവി കുമാരനാശാൻ ജനകീയ കവിയല്ലെന്ന് പറഞ്ഞ ആ വിമർശ രീതി എങ്ങിനെയാണ് സൗമ്യമാവുക? അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് കെ.പി.കേശവമേനോൻ ഹാളിൽ ഗുപ്തൻ നായർ പുരസ്കാരം സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രസംഗത്തിലാണ് ഗുപ്തൻ നായരുടെ വിമർശന ശൈലിയെപ്പറ്റി അദ്ദേഹം വിശദീകരിച്ചത്. എം.എം ബഷീറിന്റെ വാക്കുകൾ ഇങ്ങനെ. .
‘ആശാനെ ജനകീയ കവിയാക്കി തരം താഴ്ത്തരുതെന്നാണ് അന്ന് ഗുപ്തൻ നായർ അഭിപ്രായപ്പെട്ടത്. ഇക്കാര്യം വളരെ ഗൗരവമായി ചിന്തിക്കണം. ആശാൻ കവിതകളെ ആധ്യാത്മിക മണ്ഡലത്തിൽ നിന്നു വേണം കാണേണ്ടതെന്നും ജനകീയ കവിയെന്നു പറയുന്നത് ശരിയല്ലെന്നുമാണ് ഗുപ്തൻ നായരുടെ വാദം. അയ്യപ്പ പണിക്കരുടെ കുരുക്ഷേത്രം ദുർഗ്രഹമാണ്. ഇമേജുകൾക്ക് പരസ്പര ബന്ധമില്ല. ഇതു മലയാള കവിതാ സാഹിത്യത്തെ സഹായിക്കുകയില്ലെന്നാണ് 1960 കളിൽ ഗുപ്തൻ നായർ പറഞ്ഞത്. പക്ഷേ മലയാള കവിത ആധുനികവും അത്യന്താധുനികവുമൊക്കെയായി വഴി മാറിയെങ്കിലും തന്റെ
അന്നത്തെ നിലപാടിൽ തന്നെ പിൽക്കാലത്തും ഗുപ്തൻ നായർ ഉറച്ചു നിന്നു. അപ്പോൾ ആ നിരൂപണ രീതി എങ്ങിനെയാണ് സൗമ്യമെന്ന് പറയാനാവുക? അത് രൂക്ഷമായതല്ലേ.. ? .
ആ ഉഗ്ര നിരൂപണത്തിന് ഒരു നിലപാടുതറയുണ്ടായിരുന്നു. അതെ, രൂക്ഷ വിമർശത്തിന്റെ സൗമ്യ വാക്കുകളാണ് ഗുപ്തൻ നായരുടെ നിരൂപണ ശൈലി.. ആ രൂക്ഷ വിമർശത്തെ പക്ഷേ ശാന്ത ഭാവത്തോടെ അവതരിപ്പിക്കാനുള്ള പദാവലികൾ അദ്ദേഹം തെരഞ്ഞെടുത്തു.അതു കൊണ്ടാണ് മലയാള നിരൂപണസാഹിത്യത്തിൽ എക്കാലത്തും ഗുപ്തൻ നായർ വേറിട്ടു നിൽക്കുന്നത്.തന്റെ കൃതികളെക്കുറിച്ചുള്ള വിമർശനങ്ങൾ കേട്ട വൈക്കം മുഹമ്മദ് ബഷീർ പ്രതികരിച്ചത്: ‘ സ്വാഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്ന നിരൂപകനാണ്’ എന്നാണ് നിലപാടുതറയിലെ അന്തസ്സുള്ള മനുഷ്യനാണ് ഗുപ്തൻ നായർ എന്നത് അതിപ്രധാനപ്പെട്ട കാര്യമാണ്. മലയാള സാഹിത്യത്തിൽ സി.പി. അച്യുതമേനോന്റെയും ഗുപ്തൻ നായർ സാറിന്റെയും വഴികൾ വ്യത്യസ്തമായിരുന്നെങ്കിലും നിരൂപണ തത്ത്വത്തിൽ സ്വീകരിച്ച താത്ത്വിക നിലപാടിനു സാമ്യമുണ്ട്. രൂക്ഷവും ഉഗ്രവുമായനിരൂപണം - അതിന്റെ അവതരണത്തിന് സ്വീകരിച്ചത് ശാന്തവും സൗമ്യവും ഉദാരവുമായ ഭാവത്തോടെയുള്ള വാക്കുകൾ - ഇതാണ് സി.പി. അച്യുതമേനോന്റെയും ഗുപ്തൻ നായർ സാറിന്റെയും സമീപന രീതി. പുരോഗമന സാഹിത്യ ചർച്ചയിൽ കേശവദേവിന്റെ പ്രസംഗമാണ് ഗുപ്തൻ നായരെ യഥാർത്ഥത്തിൽ പ്രകോപിപ്പിച്ചതെന്നു പറയാം.രതി വിഷയങ്ങളും രതിവൈകൃതങ്ങളും മറച്ചുവയ്ക്കാതെ സാഹിത്യത്തിൽ ഉപയോഗിക്കാമെന്ന ദേവിന്റെ നിലപാടിന് മറുപടിയായാണ് ബഷീറിന്റെ ശബ്ദങ്ങൾക്കെതിരേ ഗുപ്തൻ നായർ രംഗത്തെത്തിയത്.
അന്ന് സഖാവ് വർഗീസ് വൈദ്യൻ എഡിറ്റ് ചെയ്ത് ആറ് ചീത്തക്കഥകൾ പ്രസിദ്ധീകരിച്ച ഘട്ടം കൂടിയായിരുന്നു. ദേവ്, തകഴി, ബഷീർ, പൊറ്റെക്കാട്ട് തുടങ്ങിയവരുടെ കഥകൾ ഉൾപ്പെട്ട സമാഹാരം. ബഷീറിന്റെ ശബ്ദങ്ങളെ മാത്രമാണ് ഗുപ്തൻ നായർ വിമർശിച്ചതെന്നും പ്രത്യേകം ശ്രദ്ധിക്കണം.ബാല്യകാലസഖി, ജന്മദിനം തുടങ്ങിയവയെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. ജന്മദിനം എന്ന കഥ നാടകമാക്കിയപ്പോൾ അതിലെ യാചക കഥാപാത്രമായി രംഗത്തെത്തിയത് ഗുപ്തൻ നായരാണെന്നതും ശ്രദ്ധേയമായ മറ്റൊരു പ്രധാന സംഗതിയാണ്.പുരോഗമന സാഹിത്യ സംഘത്തിന്റെ തൃശ്ശൂരിലെ യോഗത്തിൽ വച്ചാണ് ഗുപ്തൻ നായർ ആദ്യമായി ബഷീറിനെ കണ്ടത്. ‘നല്ലൊരു പാട്ടുകാരനാണ് ഗുപ്തൻ നായർ’ എന്നു പറഞ്ഞു പി.ഭാസ്കരൻ പരിചയപ്പെടുത്തി..എങ്കിൽ ഒരു പാട്ടു പാടണമെന്നായി ബഷീർ. ഗുപ്തൻ നായർ അനുസരിച്ചു ഉടനെ തന്നെ ‘ സോജാ രാജകുമാരി ....’ മനോഹരമായി ആലപിച്ചു.
ഗുപ്തൻ നായരുടെ പാട്ടിൽ ബഷീർ അങ്ങനെ ലയിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ബഷീറിനെക്കാണാൻ മകൻ എം.ജി.ശശിഭൂഷൺ ബേപ്പൂരിലെത്തി. ഫാബി ബഷീർ നല്കിയ കട്ടൻ ചായ ഇരുവരും കുടിക്കവേ ബഷീർ പറഞ്ഞു.‘നിങ്ങളുടെ അച്ഛൻ നായര് തുടക്കം മുതൽ ഇന്നുവരെ സാഹിത്യ നിരൂപണത്തിൽ ഒരേ നിലപാടുകാരനാ..’, അതെ -ആ നിലപാടു തറ തന്നെയാണ് പ്രഫ എസ്.ഗുപ്തൻ നായരെ വിമർശസാഹിത്യത്തിൽ ചിരപ്രതിഷ്ഠിതനാക്കിയത്. എം.എം. ബഷീർ പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറി ഡോ.കെ.ജയകുമാറാണു പുരസ്കാരം സമ്മാനിച്ചത്. പ്രഫ. ഗുപ്തൻ നായർ സാറിന്റെ മകനും ചരിത്രകാരനുമായ ഡോ. പ്രഫ എം.ജി.ശശിഭൂഷൺ, കവി പി.പി.ശ്രീധരനുണ്ണി, പ്രഫ കെ.വി.തോമസ് . ഡോ.സി.രാജേന്ദ്രൻ ,കെ.ജി.രഘുനാഥ്, വെങ്കിടാചലം, എസ്.പി.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡോ.എം.ജി.ശശിഭൂഷൺ എഴുതിയ‘ കലിംഗ ഹിമാലയങ്ങൾക്കിടയിൽ’ എന്ന യാത്രാവിവരണ ഗ്രന്ഥം ഡോ.എം.എം ബഷീർ പ്രകാശനം ചെയ്തു. ഡോ.ജയകുമാർ ഏറ്റുവാങ്ങി.കേരള സാഹിത്യ സമിതിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.