ADVERTISEMENT

 

 

 

 

ഹാരുകി മുറാക്കാമിയുടെ പുതിയ പുസ്തകം ഇറങ്ങുന്ന ദിവസം ജപ്പാനിലെ പുസ്തകക്കടകൾക്കു മുന്നിൽ നീണ്ട വരി കാണാം. ചെറുപ്പക്കാർ മുതൽ വയോധികർ വരെ പാതിരാത്രി തന്നെ തുടങ്ങിയിട്ടുണ്ടാകാവുന്ന ആ വരിയിൽ ഇടംപിടിച്ചിട്ടുണ്ടാകും. ചൂടപ്പം തോറ്റുപോകുന്ന വിൽപന! ജപ്പാനിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സാഹിത്യപ്രതിഭാസമെന്നു വാഴ്ത്തപ്പെടുന്ന മുറാക്കാമിക്ക് മറ്റു രാജ്യങ്ങളിലും ആരാധകർ കുറവല്ല. എല്ലാ ആണ്ടിലും സാഹിത്യ നൊബേൽ അദ്ദേഹത്തെ തേടിയെത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കിട്ടാതെ വരുമ്പോൾ അടുത്ത വർഷത്തേക്ക് മനസ്സിനെ ആശ്വസിപ്പിക്കുന്നു. 

കുറച്ചു വർഷങ്ങൾക്കു മുൻപ് മുറാക്കാമി മരിച്ചതായുള്ള വ്യാജ വാർത്ത സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്നു വികാരനിർഭരമായി അദ്ദേഹത്തിന്റെ വായനക്കാർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുകയുണ്ടായി. പക്ഷേ ചിലർ ഒരു കാര്യം പറഞ്ഞു: ‘മുറാക്കാമി മരിച്ചിട്ടില്ല. അടുത്തെങ്ങും മരിക്കാനും പോകുന്നില്ല’. ദീർഘദൂര ഓട്ടത്തിലൂടെ അദ്ദേഹം സമ്പാദിച്ചിട്ടുള്ളതു ദീർഘായുസ്സാണെന്ന് പറയുകയായിരുന്നു അവർ. What I Talk About When I Talk About Running എന്ന ഹ്രസ്വമായ പുസ്തകത്തിൽ ആ ദീർഘദൂര പ്രണയത്തിന്റെയും ജാസ്, റോക്ക് ഭ്രമത്തിന്റെയും അനുഭവങ്ങൾ അദ്ദേഹം പങ്കിട്ടിരുന്നല്ലോ. 

മുറാക്കാമിയുടെ മറ്റൊരു പുസ്തകം കൂടി ഇതാ ഇംഗ്ലിഷിലേക്കു പരകായപ്രവേശം നടത്തിയിരിക്കുന്നു. ഇത്തവണ നോവലല്ല, എഴുത്തിനെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരവുമായാണ് വരവ്. ‘നോവലിസ്റ്റ് ആസ് എ വൊക്കേഷൻ’ ഇംഗ്ലിഷിൽ ഇപ്പോഴാണ് ഇറങ്ങുന്നതെങ്കിലും ജാപ്പനീസിൽ ഏഴുവർഷങ്ങൾക്കു മുൻപേ പുറത്തിറങ്ങിയിരുന്നു. ഈ സമയവിടവിനെക്കുറിച്ച് മുറാക്കാമി മുന്നുരയിൽ ഓർമിപ്പിക്കുന്നുണ്ട്. കോവിഡും യുദ്ധങ്ങളും നിറഞ്ഞ വർഷങ്ങളിലെ ജീവിതത്തെക്കുറിച്ച് ഇതിൽ ഒന്നുമില്ല. 

വിശാല മനസ്കരാണോ നോവലിസ്റ്റുകൾ?, 

ഞാൻ ഒരു നോവലിസ്റ്റായപ്പോൾ, 

haruki-murakami-1
Image Credit: facebook/harukimurakamiauthor

സാഹിത്യ പുരസ്കാരങ്ങളെക്കുറിച്ച്, 

haruki-murakami-2
Image Credit: facebook/harukimurakamiauthor

മൗലികതയെക്കുറിച്ച്, 

haruki-murakami-3
Image Credit: facebook/harukimurakamiauthor

അതുകൊണ്ട് ഞാൻ എന്തിനെപ്പറ്റിയാണ് എഴുതേണ്ടത്? 

ആർക്കുവേണ്ടിയാണ് ഞാൻ എഴുതുന്നത്? തുടങ്ങിയ തലക്കെട്ടുകളിലൂടെ കടന്നുപോകുമ്പോൾ ഇതിന്റെ ഉള്ളടക്കം ഏതാണ്ടു പിടികിട്ടും. 

 

ഒരു വെളിപാടു പോലെ എഴുത്തിലേക്കു വരികയും വെളുത്ത താളിൽ ഒരു ദീർഘദൂര ഓട്ടക്കാരനു മാത്രം സാധ്യമാകുന്ന ക്ഷമതയോടെ നിരന്തരമായി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് മുറാക്കാമി. ആ വെളിപാടുകളുടെ മിന്നൽ നിമിഷങ്ങളെ ഈ കുറിപ്പുകളിൽ കാണാം. അതിൽ ചിലതു നാം മുൻപുതന്നെ വായിച്ചിട്ടുള്ളവയാണ്. മുറാക്കാമി എഴുത്തിലേക്കു കടന്നതിനെക്കുറിച്ചുള്ള കഥ ഏറെപ്പറഞ്ഞുപഴകിയതാണ്. 1978ലെ ഒരു ഏപ്രിൽ ദിനമായിരുന്നു അത്. ജിൻഗു സ്റ്റേഡിയത്തിലിരുന്ന് ഒരു ബേസ്ബോൾ മത്സരം കാണുകയായിരുന്നു അദ്ദേഹം. തന്റെ പ്രിയപ്പെട്ട പ്രാദേശിക ടീമിലെ ഒരു കളിക്കാരൻ ലെഫ്റ്റ് ഫീൽഡിലേക്ക് പന്തടിച്ച നിമിഷമാണ് ആ വെളിപാട് മനസ്സിലുണ്ടായത്. തനിക്കൊരു നോവലെഴുതാനാകും എന്നായിരുന്നു അത്. ഒരു ബേസ്ബോൾ മത്സരത്തിനിടെ അത്തരമൊരു തോന്നൽ ഉണ്ടാകാൻ പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ല. പക്ഷേ, സ്റ്റേഡിയത്തിലിരുന്നതു മുറാക്കാമിയാണല്ലോ, അദ്ദേഹത്തിന് അങ്ങനെയൊരു പ്രചോദനം തോന്നിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് പിൽക്കാലത്ത് എഴുതിയ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ നാം തിരിച്ചറിയും. അതിൽ നിന്നാണ് ‘ഹിയർ ദ് വിൻഡ് സിങ്’ എന്ന ആദ്യ നോവലിന്റെ പിറവി. മുറിവേറ്റൊരു പ്രാവിനെ വഴിയിൽ നിന്നു കയ്യിലെടുത്ത് പരിചരിക്കുമ്പോൾ മറ്റൊരു വെളിപാടുണ്ടാകുന്നു. ആദ്യ നോവലിന് സാഹിത്യമത്സരത്തിൽ സമ്മാനം കിട്ടും, നോവലിസ്റ്റെന്ന നിലയിൽ താൻ വിജയിക്കും. അതും ശരിയായി. 

 

ആൾക്കൂട്ടങ്ങളിലേക്ക് ആകർഷിക്കപ്പെടാത്ത, തന്നെക്കുറിച്ചും തന്റെ എഴുത്തിനെക്കുറിച്ചും പറയാൻ സങ്കോചമുള്ളയാളാണ് മുറാക്കാമി. ഈ പുസ്തകത്തിന്റെ ആകർഷണീയതയും അതാണ്. നോവലെഴുതുന്ന പ്രക്രിയയെക്കുറിച്ച് തുറന്നു സംസാരിക്കുമ്പോൾ തനിക്കുണ്ടാകുന്ന പരിഭ്രമത്തെക്കുറിച്ച് മുറാക്കാമി പുസ്തകത്തിൽ പറയുന്നുണ്ട്. രസകരമായ ഒരുപാടു നിരീക്ഷണങ്ങളും കഥകളും അദ്ദേഹം നടത്തുന്നുണ്ട്. രണ്ടെഴുത്തുകാർ അടുത്ത സുഹൃത്തുക്കളാണെന്നു പറഞ്ഞാൽ അത് ഉപ്പുകൂട്ടാതെ വിഴുങ്ങാൻ താൻ തയാറല്ലെന്ന് മുറാക്കാമി പറയുന്നു. തന്റെ നിരീക്ഷണം സ്ഥാപിച്ചെടുക്കാൻ അദ്ദേഹം ഉദ്ധരിക്കുന്നത് 1922ൽ പാരീസിൽ നടന്ന ഒരു വിരുന്നുസൽക്കാരത്തിന്റെ കഥയാണ്. അക്കാലത്തെയെന്നല്ല, ഏതു കാലത്തെയും അതികായരായ എഴുത്തുകാരിൽ രണ്ടുപേർ അതിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. അടുത്തടുത്താണ് അവർക്കു കസേരകൾ ഇട്ടിരുന്നത്.  ആ ഹാളിലുണ്ടായിരുന്ന എല്ലാ വരുടെയും ശ്രദ്ധ അവർ ഇരുവരിലുമായിരുന്നു. ആ വലിയ എഴുത്തുകാർ എന്തൊക്കെയാവും സംസാരിക്കുക? എങ്ങനെയാകും പരസ്പരം ഇടപഴകുക? അതായിരുന്നു എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരുന്നത്. പക്ഷേ വിരുന്നു തീരുവോളം അവർ ഏതാണ്ടു സംസാരിച്ചില്ലെന്നുതന്നെ പറയാം. ഇരുവരുടെയും ആത്മാഭിമാനം മറികടക്കാനാകാത്തത്ര വലിയ തടസ്സമായി മാറിയിരിക്കാമെന്നാണ് മുറാക്കാമിക്കു തോന്നുന്നത്. ആ എഴുത്തുകാർ സാക്ഷാൽ മാർസൽ പ്രൂസ്തും ജയിംസ് ജോയ്സുമായിരുന്നു!

 

എഴുത്തിനെക്കുറിച്ച്, അല്ലെങ്കിൽ സർഗാത്മകതയെ പ്രശ്നവത്കരിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ നോവലിസ്റ്റ് ആസ് എ വൊക്കേഷനും ഇടംപിടിക്കും. എന്നാൽ അത്തരം പല പുസ്തകങ്ങളെയും പോലെ കാൽപ്പനികത തുളുമ്പിക്കുന്നില്ല മുറാക്കാമി. തടിയുടെ കാതലറിയുന്ന, പണിയുപകരണങ്ങൾ അനായാസം വഴങ്ങുന്ന കയ്യടക്കമുള്ള ഒരു പെരുന്തച്ചൻ തന്റെ ആഖ്യാനകലയെ അതിന്റെ എല്ലാ അപരിചിതസൗന്ദര്യങ്ങളോടെയും ആവിഷ്ക്കരിക്കുകയാണ് ഇതിൽ. ചിലയിടങ്ങൾ മുറാക്കാമി നോവലിലെ സന്ദർഭങ്ങൾ പോലെ തോന്നിക്കാം. ലോൺലി പ്ലാനറ്റ് ഗൈഡുകൾ അപരിചിത ദേശങ്ങളെ കാട്ടിത്തരുന്നതുപോലെ എഴുത്തിന്റെ ദേശത്തെ മുറാക്കാമിയുടെ പുസ്തകം കാട്ടിത്തരുന്നു. ഈ ചെറു സമാഹാരം വായിച്ചുതീരുമ്പോൾ നമുക്കു തോന്നുക, എന്തിനാണ് മുറാക്കാമി ഒരു സ്പ്രിന്റിൽ എല്ലാം അവസാനിപ്പിച്ചത്, ഒരു മഹാ മാരത്തൺ തന്നെ ഓടാമായിരുന്നില്ലേ എന്നാകും. പക്ഷേ, മാരത്തൺ ഓട്ടക്കാരനു വേണ്ട ഒരു ഗുണം എഴുത്തുകാരനും വേണമെന്നു മുറാക്കാമി ഈ പുസ്തകത്തിൽ പറഞ്ഞുവയ്ക്കുന്നു–അതു സ്ഥിരതയാണ്. ആവേശം ചോരാതെ തുടരാനുള്ള നിശ്ചയദാർഢ്യമാണ് എഴുത്തുകാരെ വർഷങ്ങളോളം പ്രയത്നിക്കാനും ഒടുവിൽ ഫിനിഷിങ് ലൈൻ തൊടുന്ന നിമിഷത്തിന്റെ ഉൻമാദത്തോളമെത്തുന്ന ആനന്ദം നുകരാനും ക്ഷമതയുള്ളവരാക്കുന്നത്.

NOVELIST AS A VOCATION

-Haruki Murakami

Vintage Digital

 

Content Summary: ' Novelist As A Vocation' written by Haruki Murakami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com