ADVERTISEMENT

തൊണ്ണൂറുകളിൽ ഹൈസ്കൂൾ ക്ലാസുകളിൽ മുഴങ്ങിയിരുന്നു, ആവണിപ്പാടവും അവിടെയെത്തുന്ന വിരുന്നുകാരുമൊക്കെ ചേർന്ന ഒരു കവിത. കവി ഒ. എൻ. വി.  കുറുപ്പ്. കവിക്ക് എത്രയോ മുമ്പു തന്നെ ആവണിപ്പാടവും അവിടെയത്തിയിരുന്ന വിരുന്നുകാരും എവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു. പക്ഷേ ഇടവേളകളിലെപ്പൊഴൊക്കെയോ മനസ്സു മൂളുന്നില്ലേ ഈ വരികൾ..  

ആവണിപ്പാടം കുളിച്ചു തോര്‍ത്തി

മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു..

പെറ്റഴുന്നേറ്റു വേതിട്ടു കുളിച്ചൊരു

പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു..

ജൈവവൈവിധ്യവും ഹരിതാഭയും കൊണ്ടു സമൃദ്ധമായ ഒരു വയലും അവിടെയെത്തുന്ന വിരുന്നുകാരെയും അതിമനോഹരമായി വര്‍ണിക്കുന്ന കവിതയാണ് ഒ.എൻ.വി. കുറുപ്പിന്റെ ആവണിപ്പാടം. കാവ്യാത്മകതകൊണ്ടും ഗാനാത്മകത കൊണ്ടും ശ്രദ്ധേയമാണ് ഈ കാവ്യം. പെറ്റെഴുന്നേറ്റ് വേതിട്ടു കുളിച്ചുനില്‍ക്കുന്ന ഒരു സ്ത്രീയുടെ സൗന്ദര്യത്തികവും പൂര്‍ണതയുമാണ് കവി ആവണിപ്പാടത്തിനു നല്‍കുന്നത്. മലയാളത്തനിമയ്ക്കൊപ്പം മലയാളിയുടെ സംസ്കാരവും ഇടകലർന്നു കിടക്കുന്ന വരികളിലൂടെയാണ് കവിത മുന്നോട്ടു പോകുന്നത്.  

ഉപജീവനത്തിനായി മണ്ണു കൊത്തിക്കിളച്ച് വിത്തു നട്ടു നനച്ച് വിളവെടുപ്പു നടത്തി ആഘോഷമാക്കുന്നവനല്ല നല്ല കർഷകൻ; കൃഷിക്കൊപ്പം പ്രകൃതിയിലെ ഓരോ ജീവിയും അതിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ് അവരെയും ചേർത്തുപിടിച്ചു ജീവിക്കുന്നവനാണ്. അവനോളം മണ്ണിനെയും മരങ്ങളെയും കിളികളെയും സ്നേഹിക്കുന്നവനാണ് കവി. പക്ഷേ കവിക്കു മാത്രം തിരിച്ചറിയാൻ കഴിയുന്ന ചിലതൊക്കെ അവനു ചുറ്റിലുമുണ്ട്. ആ തിരിച്ചറിവിലെ വിരുന്നുകാരാണ് ആവണിപ്പാടത്ത് കലപില കൂട്ടുന്നത്. പരസ്പരം പായാരം പറഞ്ഞെത്തുന്ന കിളികളും പരിഭവം പറയുന്ന കുളക്കോഴികളും പ്രാകിപ്രാകി നടക്കുന്ന താറാവുമെല്ലാം മലയാളിയുടെ കൃഷിസംസ്‌കാരത്തിന്റെ ഭാഗമാണെന്നു കൂടിയാണ് ആവണിപ്പാടം ഓര്‍മിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ കൃഷിസംസ്കാരമറിയാത്ത പുതുതലമുറയ്ക്ക് ആവണിപ്പാടത്തിലെ പദപ്രയോഗങ്ങൾ വായിച്ചുതന്നെ മനസ്സിലാക്കേണ്ടിവരും. ഉതിര്‍മണി, ചളിവരമ്പ്, പുത്തരി, പുന്നെല്‍ക്കതിര്, മുണ്ടകൻകൊയ്ത്ത്, കുളക്കോഴി, കൊറ്റി തുടങ്ങി പദങ്ങൾ ഒരുപാടുണ്ട് ഈ കവിതയിൽ.  

തണ്ടോടുകൂടി മുറിച്ചെടുക്കുന്ന വിളഞ്ഞ നെല്‍ച്ചെടി നെല്‍ക്കതിര്. മകരക്കൊയ്ത്തിനായുള്ള കൃഷിയാണ് മുണ്ടകന്‍. ചിങ്ങം കന്നിയോടെ തുടങ്ങി മകരത്തില്‍ അവസാനിക്കുന്ന ഈ വിളവെടുപ്പ് മകരക്കൊയ്ത്തെന്നും അറിയപ്പെടുന്നു. പരമ്പരാഗത നെല്‍ക്കൃഷിയില്‍ വര്‍ഷത്തിലെ രണ്ടാമത്തെ വിളവാണിത്. കുളക്കരകളിലും വയല്‍ത്തീരത്തും വസിക്കുന്ന ചെറിയ പക്ഷിയാണ് കുളക്കോഴി. മുണ്ടക്കോഴി എന്നും ഇതിനെ വിളിക്കാറുണ്ട്. കൊക്കുകള്‍ തന്നെയാണ് കൊറ്റി. പാടവരമ്പത്തും കായല്‍ത്തീരങ്ങളിലും ഇവയെ യഥേഷ്ടം കാണാം. വയലുകളുടെ അതിരു നിശ്ചയിക്കുന്ന, മണ്ണു കൊണ്ടുണ്ടാക്കിയ ചെറിയ തിട്ടയെ വരമ്പ് എന്നു പറയും. പശിമയുള്ള മണ്ണ് കുഴഞ്ഞുകിടക്കുന്ന വരമ്പ് ചളിവരമ്പ്. കൊയ്തെടുത്ത പുതിയ നെല്ലാണ് പുന്നെല്ല്. പുന്നെല്ലു കുത്തിയെടുത്ത അരി പുത്തരി. പുത്തരി കൊണ്ടുണ്ടാക്കിയ ഊണ് പുത്തരിയൂണ്. കൃഷിസംസ്കാരത്തിലെ ഈ വാക്കുകളിൽ പലതും കഥകളിലും കവിതകിളിലും ഇന്ന് ആലങ്കാരികമായി നിറയുന്നുണ്ട്. പക്ഷേ അതൊക്കെ മനസ്സിലാക്കി ആസ്വദിക്കാൻ കഴിയുന്നവരുടെ എണ്ണം കുറയുന്നു എന്നു മാത്രം.

കവിയുടെ ഭാഷയിൽ പറഞ്ഞാൽ, ഓരോരോ പായാരം തങ്ങളില്‍ ചൊല്ലി ഓരായിരം കിളി ഒത്തുവന്നു. ആയിരം കിളികളുടെ ആ കാഴ്ചവസന്തം കണ്ടുനിന്ന കവി അതൊക്കെ ഉപേക്ഷിച്ച് യാത്രയായി. ഒപ്പം വന്നവരും പിന്നാലെ വന്നവരുമൊക്കെ മടങ്ങിക്കൊണ്ടിരിക്കുന്നു. എന്നേ നികത്തപ്പെട്ടുപോയ ആവണിപ്പാടത്തിനു മുകളിലെ കോൺക്രീറ്റ് സൗധങ്ങളിൽ  കലപില കൂട്ടുന്നുണ്ട് ഒരായിരം മനുഷ്യൻമാർ...

Content Summary: Article on Avanipadam Poem by O N V Kurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com