ADVERTISEMENT

പിന്നീട് തിരുത്തിയെങ്കിലും ജീവിതത്തിലെ ഒരു തീരുമാനത്തെക്കുറിച്ചുള്ള കുറ്റബോധത്തിൽനിന്ന് ഒരിക്കലും രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ല കെൻസാബുറോ ഓയെയ്ക്ക്. പശ്ചാത്താപത്തിന്റെ തീയിൽ ഉരുകാത്ത ഒരു നിമിഷം പോലുമുണ്ടായിട്ടില്ല. അപമാനത്തിന്റെ ഭീതിയിൽ നിന്നു രക്ഷപ്പെടാനും കഴിഞ്ഞില്ല. അന്ന് ആ തീരുമാനം നടപ്പാക്കിയിരുന്നെങ്കിൽ....ഓയെ കണ്ണീരില്ലാതെ കര‍ഞ്ഞു. ശബ്ദമില്ലാതെ വിലപിച്ചു. വീണ്ടും വീണ്ടും സ്വയം ശപിച്ചു.  

1960 ലായിരുന്നു ഓയെയുടെ വിവാഹം. മൂന്നു വർഷത്തിനു ശേഷം ആദ്യത്തെ കുട്ടി ജനിച്ചു. ഹികാരി. മസ്തിഷ്ക പ്രശ്നങ്ങളുണ്ടായിരുന്നു അവന്. സാധാരണ ജീവിതം സാധ്യമല്ലെന്നു ഡോക്ടർമാർ തീർത്തുപറഞ്ഞു. അവനെ മരിക്കാൻ അനുവദിക്കുക... ഓയെ പാതിമനസ്സോടെ സമ്മതം മൂളി. എന്നാൽ അതിനുശേഷമായിരുന്നു ഹിരോഷിമ ദുരന്തത്തിന്റെ ഇരകളെ  നേരിൽക്കണ്ടത്. മരിച്ചു ജീവിക്കുന്നവരെ. അംഗവൈകല്യം സംഭവിച്ചവർ. ബോംബ് സ്ഫോടനത്തിൽ വികൃത രൂപികളായവർ. ഇരിക്കാനോ നടക്കാനോ പോലും കഴിയില്ലെങ്കിലും ഇഴഞ്ഞും കിടന്നും ജീവിതം തള്ളിനീക്കുന്നവർ. അവരുടെ മുഖത്തെ ജീവിതാസക്തി. ചിതറിയ വാക്കുകളിലെ പ്രതീക്ഷ. കാത്തിരിക്കാനുള്ള സന്നദ്ധത. മരണത്തോടുള്ള ഭയം. ഓയെ ആ നിമിഷം തന്നെ ഡോക്ടർമാരെ വിളിച്ചു. തന്റെ സമ്മതത്തോടെ മകനു വിധിച്ച അകാലമരണം എന്ന ശിക്ഷയിൽ നിന്നു പിന്തിരിയാൻ അഭ്യർഥിച്ചു. ഡോക്ടർമാരും സമ്മതിച്ചു. ഹികാരിക്ക് പുതുജീവൻ. 

 

വർഷങ്ങളോളം സംസാര ശേഷിയില്ലാതിരുന്ന, മസ്തിഷ്ക വളർച്ചയില്ലാതിരുന്ന ഇതേ ഹികാരി പിന്നീട് ജപ്പാനിലെ അറിയപ്പെടുന്ന ഗായകനായി. പുരസ്കാരങ്ങൾ വാരിക്കൂട്ടി. നൊബേൽ സമ്മാനം നേടിയ ഓയെക്കാളും പ്രശസ്തനായി. തന്റെ പുസ്തകങ്ങളേക്കാൾ ജനപ്രിയമാണ് മകന്റെ പാട്ടുകൾ എന്നതിൽ ഏറ്റവുമധികം സന്തോഷിച്ചത് ഓയെ തന്നെയാണ്. മറ്റാരേക്കാളുമധികം. 

 

ലോകത്തെ ഏറ്റവും ശക്തിയേറിയ വാഷിങ് പൗഡർ ഉപയോഗിച്ചു കഴുകിയാലും തന്റെ മനസ്സിലെ പാപത്തിന്റെ കറ കഴുകിക്കളയാൻ ആകില്ലെന്ന് അന്നാണ് ഓയെ ലോകത്തോടു പറഞ്ഞത്. ജനിച്ചയുടനെ ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച് മകന്റെ കൊലപാതകത്തിനു കൂട്ടുനിന്നിരുന്നെങ്കിൽ. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കാനെടുത്ത തീരുമാനത്തിൽ നിന്ന് ഒട്ടും വ്യത്യസ്തനാകകില്ലായിരുന്നു താനും. നിശ്ശബ്ദ വിലാപം(The silent cry) എന്ന കൃതിയിൽ ഭിന്നശേഷിക്കാരനായ മകനെ വളർത്തുന്ന പിതാവിന്റെ വേദന ഓയെ അവതരിപ്പിച്ചിട്ടുണ്ട്. മറ്റു പുസ്തകങ്ങളിലുമുണ്ട് ഇതേ മനോവേദന. പ്രതിസന്ധി. എ പഴ്സണേൽ മാറ്റർ എന്നത് ഓയെയുടെ ഒരു നോവലിന്റെ പേര് മാത്രമല്ല, അദ്ദേഹത്തിന്റെ സാഹിത്യ പ്രപഞ്ചത്തിനു മൊത്തം നൽകാവുന്ന വിശേഷണമാണ്. 

 

എഴുതിത്തുടങ്ങുമ്പോൾ ഞാൻ എന്നെക്കുറിച്ചാണ് എഴുതുന്നത്. സ്വകാര്യ ദുഃഖങ്ങളെക്കുറിച്ച്. വേദനകളെക്കുറിച്ച്. എന്നെ മഥിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്. പിന്നീടെപ്പോഴോ അവ ഞാൻ ജീവിക്കുന്ന സമൂഹവുമായി ബന്ധപ്പെടുന്നു. പ്രവിശ്യയുമായി. രാജ്യവുമായി. അവസാനം മാത്രം ലോകവുമായി ഞാൻ സംവദിക്കുന്നു..... ഓയെ നയം വ്യക്തമാക്കി. 

 

സ്വന്തം മകന്റെ പരിമിതി വിറ്റ് പണമാക്കുന്ന എഴുത്തുകാരൻ എന്ന് അദ്ദേഹം ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. മകന്റെ വേദനകൾ എഴുത്തിനുള്ള വിഭവമാക്കന്നെന്ന ആരോപണം പല തവണ കേട്ടു. ഞാനെഴുതുന്നത് മകനുവേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംസാര ശേഷിയില്ലാതെ ഹികാരി തളരുന്നതു കണ്ടപ്പോഴാണ് എഴുത്തുടങ്ങിയതെന്ന് അദ്ദേഹം ലോകത്തെ ഓർമിച്ചു. ശബ്ദമില്ലാത്ത മകന്റെ ശബ്ദമാണ് ഞാൻ. ഹികാരി ജപ്പാനിൽ അറിയപ്പെട്ടപ്പോൾ, പാട്ടുകളിലൂടെ ലോകത്തോട് സംസാരിച്ചുതുടങ്ങിയപ്പോൾ എഴുത്ത് നിർത്താൻ അദ്ദേഹം മടിച്ചില്ല. ഇനി ഞാൻ എന്തിന് എഴുതണം എന്നായിരുന്നു ചോദ്യം. പതിറ്റാണ്ടുകളോളം ഒരു വാക്കുപോലും എഴുതിയില്ല. എന്നാൽ, വർഷങ്ങൾക്കുശേഷം ഒരു നോവലും ലേഖനങ്ങളുടെ സമാഹാരവും കൂടി പ്രസിദ്ധീകരിച്ചു. 

 

പ്രശസ്തിയിൽ ഓയെ അഭിരമിച്ചിരുന്നില്ല. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണവും അദ്ദേഹം തികച്ചും സ്വകാര്യ സംഭവമാക്കി. വ്യക്തിപരമായ മറ്റൊരു അനുഭവം മാത്രമാക്കി. 88 –ാം വയസ്സിൽ ഈ മാസം മൂന്നാം തീയതിയായിരുന്നു മരണം. എന്നാൽ ലോകം വാർത്ത അറിഞ്ഞത് 10 ദിവസം കൂടി കഴിഞ്ഞു മാത്രം. ഓയെ മരിച്ചെന്ന് വാർത്തകൾ പറയുന്നു. മരിക്കാനുള്ള പ്രായം തന്നെയാണ് 88 വയസ്സ്. എല്ലാക്കാലത്തേക്കുമായി ആരും ജീവിച്ചിരിക്കില്ല എന്നുമറിയാം. എന്നാൽ, നിശ്ശബ്ദ വിലാപം വീണ്ടും തുറന്നു വായിക്കുമ്പോൾ ഓയെ മരിച്ചില്ലെന്നു വിശ്വസിക്കാൻ തോന്നുന്നു. തികച്ചും വ്യക്തിപരമായ കാര്യം എന്ന നോവലിലൂടെ വീണ്ടും കടന്നുപോകുമ്പോൾ ആ മനസ്സിന്റെ മിടിപ്പുകൾ കേൾക്കുന്നു. ആ അസ്ഥിമാടം സ്പന്ദിക്കുന്നു. വേദനിക്കുന്ന അച്ഛനെ കാണുന്നു. മകനു വേണ്ടി ജീവിച്ചിരുന്ന പിതാവിനെ അറിയുന്നു. ഒരു നിമിഷത്തിന്റെ പാപചിന്തയിൽ തളർന്നു ജീവിതം മുഴുവൻ മാപ്പു പറഞ്ഞ നിസ്സഹായതയിൽ പങ്കുചേരുന്നു. 

 

ഹികാരി... ഒരിക്കൽ താങ്കളെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആ തീരുമാനത്തിന്റെ തീ തിന്ന ഓയെ കടന്നുപോയെങ്കിലും താങ്കൾ ഒറ്റയ്ക്കല്ല. ഓരോ ദിവസവും ഓരോ നിമിഷവും ഞങ്ങൾ താങളെ ഓർമിക്കുന്നു. അനുതാപത്തോടെ. ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തിനും കടപ്പെട്ടവരാകുന്നു. 

ജനിച്ചതിനു നന്ദി...

ജീവിച്ചിരിക്കുന്നതിന്...

സ്നേഹിച്ചതിന്...

സ്നേഹിക്കപ്പെട്ടതിന്.... 

 

 

Content Summary : Japanise writter Kenzaburo OE