ADVERTISEMENT

നിഴലും നിശ്ശബ്ദതയും തങ്ങി നിൽക്കുന്ന ഇടനാഴികളിലൂടെ നടന്നു നീങ്ങുന്ന ഒരധ്യാപിക. കൊലുന്നനെയുള്ള ശരീരം, നെറ്റിയിലെ കുഞ്ഞു വട്ടപ്പൊട്ട്, ഇരുവശത്തേക്കും വകഞ്ഞിട്ട മുടി അഴിഞ്ഞു കിടക്കുന്നു. 

 

1965 ജനുവരി 17 വരെ ഒറ്റപ്പാലം കോളജിൽ ഇങ്ങനെ ഒരു ഫിസിക്‌സ് അധ്യാപികയുണ്ടായിരുന്നു. ചെറിയൊരു പനിയോടെ അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ കിടന്നവൾ, പിറ്റേന്നു രാവിലെ നിലവിളക്കിനു മുന്നിൽ നാമം ജപിക്കുന്ന അമ്മയ്ക്കു മുന്നിലൂടെ വീടിനു പുറത്തുള്ള കുളിമുറിയിലേക്കു പോയി. വാതിൽ ചാരി, ഈറൻ മാറാൻ കൊണ്ടുവന്ന സാരി വിടർത്തി കഴുക്കോലിൽ കെട്ടി, ബക്കറ്റ് കമിഴ്‌ത്തിവച്ച് അതിൽ കയറിനിന്നു മരണത്തിലേക്കു പോയപ്പോൾ 34 വയസ്സായിരുന്നു അവരുടെ പ്രായം. 

 

1930 ജൂൺ രണ്ടിന് ചെർപ്പുളശ്ശേരിക്കടുത്തു തേക്കത്ത് അമയങ്കോട്ടു തറവാട്ടിൽ കുട്ടിമാളു അമ്മയുടെയും അച്യുതമേനോന്റെയും അഞ്ചാമത്തെ മകളായാണ് രാജലക്ഷ്മി ജനിച്ചത്. മഹാരാജാസ് കോളജിൽനിന്ന് ഫിസിക്‌സിൽ ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി അധ്യാപനത്തിലേക്കു കടന്ന അവർ തികച്ചും ലോലഹൃദയായിരുന്നു. ആഡംബരത്തോടോ പ്രശസ്‌തിയോടോ ആസക്തിയില്ലാതിരുന്നവൾ. ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് 93 ാം പിറന്നാൾ ആഘോഷിക്കുമായിരുന്നു രാജലക്ഷ്മി.

 

rajalakshmi-books

കലുഷിതമായ മനസ്സുമായി ജീവിക്കുന്നതിനാലാവണം, സാഹിത്യപ്രതിഭകൾക്കിടയിൽ ആത്മഹത്യ പലപ്പോഴും കടന്നു വരാറുണ്ട്. സാധാരണ ഒരു വ്യക്തിയിൽ കാണുന്ന മാനസിക സംഘർഷങ്ങൾക്കപ്പുറം ആന്തരികമായ വ്യഥ അനുഭവിക്കുന്നവരാണ് പലപ്പോഴും സർഗാത്മകസൃഷ്ടികളിലേക്ക് ജീവിതത്തെ വഴിതിരിച്ചു വിട്ടവർ. അതുകൊണ്ടുതന്നെ പലപ്പോഴും അവരുടെ മരണത്തിനുള്ള കാരണങ്ങൾ അന്വേഷിക്കുമ്പോൾ സംഭവിക്കുന്ന ഒരു ശൂന്യതയോ ആശയക്കുഴപ്പമോ ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്നു. അവരുടെ മടങ്ങിപ്പോകലിനു ശേഷം ഉണ്ടാകുന്ന വായന ആ വ്യക്തികൾക്ക് നൽകുന്ന മൂല്യം വളരെ വലുതാണ്. ഇത്രനാൾ കാണാതെ, അറിയാതെ പോയ അവരുടെ മഹത്വം അവർ പോയശേഷം ലോകം കാണുന്നു, ജീവിച്ചിരുന്നിരുന്നെങ്കിൽ ഇനിയും എത്രയോ മനോഹരമായ സൃഷ്ടികൾ ഉണ്ടായേനെ എന്നു നിരാശയോടെ പറയുന്നു. അത്തരത്തിൽ ഒരാളാണ് രാജലക്ഷ്മിയും.

 

34 വർഷത്തെ ജീവിതത്തിൽ പത്തു വർഷമാണ് അവർ സാഹിത്യരചനയ്ക്കായി മാറ്റിവച്ചത്. ഒരു നീണ്ട കഥയും ഏഴു ചെറുകഥകളും ഒരു ഗദ്യകവിതയും മൂന്നു നോവലുകളുമാണ് മലയാളസാഹിത്യത്തിൽ രാജലക്ഷ്മിയുടെ സംഭാവന. പത്തുവർഷംകൊണ്ട് വളരെ കുറച്ചു മാത്രം എഴുതിയ സാഹിത്യകാരി. അപ്പോഴും‘ ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവലിന് 1968 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. 'ഞാനെന്ന ഭാവം' എന്ന നോവലും 'മകൾ' എന്ന നീണ്ട കഥയും മലയാളസാഹിത്യചരിത്രത്തിൽ വ്യക്തമായ മുദ്ര ചാർത്തി.

 

അന്തർമുഖയായിരുന്ന രാജലക്ഷ്മിയുടെ രചനകളിലെല്ലാം ആത്മാംശമുള്ള കഥാപാത്രങ്ങളെയാണ് നാം കാണുക. ഏകാന്തതയും വിഷാദാത്മകതയും നിറഞ്ഞ പച്ചമനുഷ്യർ. മനസ്സിന്റെ അലിവുകളും ആശങ്കയും പ്രകടിപ്പിക്കുവാൻ മടിക്കാത്തവർ. ഇന്നലെകളുടെ വേദനയും ഇന്നിന്റെ വ്യർഥതയും നാളെകളുടെ അർഥശൂന്യതയും അറിയാവുന്ന ആ കഥാപാത്രങ്ങളെല്ലാം രാജലക്ഷ്മിയുടെ തന്നെ ഒരു മറുപാതിയാണ്.

 

വിഭ്രമാത്മകതയും വിരഹവും രാജലക്ഷ്മിയെപ്പോലെതന്നെ പ്രകടമായ കഥാപാത്രമാണ് 'ആത്മഹത്യ' എന്ന കഥയിലെ നീരജ ചക്രവർത്തി. തൂവെള്ള നിറവും ചെമ്പിച്ച മുടിയും പൂച്ചക്കണ്ണുമുള്ള നീരജ. ഇരുപ്പിലും നടപ്പിലും വിഷാദത്തിന്റെ കഥ പറയുന്നവൾ. ചടച്ച് ഒതുങ്ങിയ ദേഹവും ഉരുണ്ട കയ്യക്ഷരവും ഉള്ളവൾ. ഭർത്താവിനാൽ തിരസ്ക്കരിക്കപ്പെട്ട്, സ്വയം ശരീരത്തെ പീഡിപ്പിച്ച് മരണത്തെ വരിക്കുന്ന നീരജ, ഉള്ളിന്റെ വിങ്ങലാകുമ്പോൾ 'പരാജിത' എന്ന കഥയിലെ നിർമല ഒറ്റയാക്കപ്പെട്ട ഒരു അമ്മയാണ്. പെൺകുട്ടിയായി ജനിച്ചിരുന്നുവെങ്കിൽ ചിത്ര എന്ന് പേരിടാൻ വച്ചിരുന്ന, 7 വയസ്സുള്ള രാജീവിന്റെ അമ്മ. രാജലക്ഷ്മിയെപ്പോലെ പഠനത്തിൽ മിടുക്കിയാണവർ. വിവാഹത്തിന് എട്ടുവർഷത്തിനുശേഷം മറൈൻ ബയോളജിയിൽ ഗവേഷണം നടത്താൻ വന്നവൾ. ഹോസ്റ്റലിൽനിന്ന് മുടങ്ങാതെ കത്തുകൾ ഇടുന്ന മകന് താൻ ആരുമല്ല എന്ന തിരിച്ചറിവിൽ അവർ തകർന്നു പോകുന്നു. മനുഷ്യരുടെ ഇടയിൽ വളരെ അകലെയാണ് താനെന്ന തോന്നൽ രാജലക്ഷ്മിയുടെ കഥാപാത്രങ്ങളെല്ലാമുണ്ട്.

 

'മാപ്പ്' എന്ന കഥയിലെ, കുട കൊണ്ട് മുഖം മറച്ചു നടക്കുന്ന രമ എന്ന അധ്യാപിക, ഏറ്റവും മനം മടിപ്പിക്കുന്ന സർവനാമം 'ഞാൻ' എന്നതാണെന്ന് വിശ്വസിക്കുന്നു. സാന്ത്വനം കൊതിക്കുമ്പോൾ പൊള്ളിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്ന ഏതൊരാൾക്കും രമയെ മനസ്സിലാക്കുവാൻ സാധിക്കും. ഒരു വിദ്യാർഥിയാൽ തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന വേദന തൊട്ടുണർത്തപ്പെട്ടപ്പോൾ, ഏകാന്തതയുടെ തീരങ്ങൾ തേടി രമ യാത്രയാകുന്നു; രാജലക്ഷ്മിയെപ്പോലെ. 

 

ഭയത്തിന്റെ നിഴൽ മാത്രമല്ല, ത്യാഗത്തിന്റെ നിശ്ചലതയും രാജലക്ഷ്‌മിയിൽ കാണാം. മൂന്നുമാസത്തെ പണിക്കൂലിയായി കിട്ടിയ നോട്ടുകളുമായി  ചെറിയ ബാഗും ഇറുക്കിപ്പിടിച്ചുകൊണ്ട് റീഡേഴ്സ് ബുക്ക് സ്റ്റാളിൽ കയറിയ ശാരദ, പച്ചയും വെളുപ്പും ചുവപ്പും നിറഞ്ഞ വിവിധ പുസ്തകങ്ങൾ ചുറ്റും കണ്ടിട്ടും നിസ്സഹായയാണ്. 12 രൂപ വില വരുന്ന പുസ്തകം എടുക്കാൻ സാധിക്കാതെ ഒടുവിൽ ബ്രദേഴ്സ് കാരോമസോവ് ഉണ്ടോ എന്ന് ചോദിച്ചു രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, അത് കാണരുതേ എന്ന് പ്രാർഥിക്കേണ്ടി വരുന്നത് വീട്ടിലെ പട്ടിണി കാരണമാണ്. ചാരുവെന്ന് വിളിപ്പുള്ള അവൾക്ക്, തന്റെ പ്രിയപ്പെട്ടവന്റെ ‘നീ എന്നെ സ്നേഹിക്കുന്നില്ലേ’ എന്ന ചോദ്യത്തെ നിശബ്ദത കൊണ്ട് നേരിടേണ്ടി വരുന്നതും ഒടുവിൽ തകർന്നുപോകുന്നതും അലിവില്ലാത്ത ഈ ലോകം കാരണമാണ്. 

 

ജീവിതത്തെ സ്നേഹിക്കുന്നവരാണ് രാജലക്ഷ്‌മിയുടെ കഥാപാത്രങ്ങളെല്ലാം. ഏകാന്തതയിൽനിന്നു ശരണം തേടി അവർ ജീവിതത്തിന്റെ കയ്പ്പിലേക്കു യാത്ര ചെയ്യുന്നു. ഹൃദയത്തിൽ മുറിപ്പാടുകളുമായി രാജലക്ഷ്‌മി പോയതും ചില ബന്ധുക്കളും സുഹൃത്തുക്കളും ‘കഥകളിലും നോവലിലുമെല്ലാം തങ്ങളെത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാരോപിച്ചപ്പോഴാണ്. ‘കഥയെഴുതാതെ ഞാൻ രണ്ടു കൊല്ലം ഇരുന്നു നോക്കി. അതെന്നെക്കൊണ്ടാവില്ല. ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? ഞാൻ പോകട്ടെ’, ജ്യേഷ്ഠത്തിക്ക് എഴുതിവച്ച കത്തിൽ രാജലക്ഷ്മി കുറിച്ചിട്ട വാചകങ്ങളാണിത്. 

 

ബാഹ്യമായ ലോകത്തോട് പൊരുത്തപ്പെടുവാൻ ശ്രമിച്ച് ദാരുണമായി പരാജയപ്പെടുമ്പോഴാണ് രാജലക്ഷ്‌മി ജീവിതത്തോടു വിട വാങ്ങിയത്. ജീവിതത്തിനുവേണ്ടിയും പ്രണയത്തിനു വേണ്ടിയും ആത്മഹത്യ ചെയ്യുന്നവരെക്കാൾ സംഘർഷഭരിതമാണ് പലപ്പോഴും ലോകത്തിന്റെ വിഷാദത്തെ സ്വന്തം വിഷാദമാക്കി മാറ്റിയ മനുഷ്യരുടെ വിട്ടുപോകൽ. അതൊടുവിൽ തീരാനഷ്ടമായി മാറുന്നു.

 

'മാപ്പ്' എന്ന കഥയിൽ രമ ടീച്ചറിനായി, പുഷ്കിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ പേജിൽ പോൾ വർഗീസ് എഴുതിയപോലെ ലോകം ഇന്ന് ആത്മഗതം പറയുന്നു... ‘ഞാൻ മുട്ടുകുത്താൻ വന്നപ്പോൾ അങ്ങ് വാതിൽ അടച്ച് കളഞ്ഞു.’

Content Summary: Remembering Rajalakshmi and her Literary Works on her Birth Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com