ഭാഷയിലൂടെ നാം തിരഞ്ഞുപോകുന്ന സ്നേഹങ്ങൾ
Mail This Article
ഫോൺ സിഗ്നൽ കിട്ടാനായി ഒരു കുന്നിനുമുകളിലേക്കു വണ്ടിയോടിച്ചു പാഞ്ഞുപോകുന്ന ഒരു മനുഷ്യനെ അബ്ബാസ് കിയറോസ്താമിയുടെ സിനിമയിൽ കണ്ടത് ഞാൻ ഓർക്കാറുണ്ട്. നാമെവിടെനിൽക്കുന്നുവോ അവിടേക്കു നമ്മുടെ ഭാഷ വരില്ലെന്ന സർഗബോധമുണ്ടാകുമ്പോഴാണ് ഒരുവൻ മറ്റൊരിടത്തേക്ക്, ഒരു കുന്നിനുമുകളിലേക്കു ഭാഷ തിരഞ്ഞുപോകാൻ വെമ്പൽകൊള്ളുന്നത്. ഈ ഓട്ടത്തിലാണു നമ്മിൽ സാഷാത്കാരത്തിന്റെ ആനന്ദം സംഭവിക്കുന്നത്.
അബ്ബാസ് കിയറോസ്താമിയുടെ മറ്റൊരു സിനിമയിൽ ഒരു ബാലൻ അവന്റെ സഹപാഠിക്കു നോട്ട്പുസ്തകം കൊടുക്കാനായി ഒരു സന്ധ്യയ്ക്കു അപരിചിതമായ അയൽഗ്രാമത്തിലേക്കു പോകുന്നു. ഒരു വാതിലിൽനിന്നു മറ്റൊന്നിലേക്ക്, ഒരു തെരുവിൽനിന്ന് അടുത്തതിലേക്ക്, പടികൾ കയറുകയും ഇറങ്ങുകയും ചെയ്ത്, ഇടനാഴികൾ പിന്നിട്ട് അവൻ കൂട്ടുകാരന്റെ വീടന്വേഷിക്കുന്നു. ആ നടത്തത്തിൽ രാത്രിയാകുന്നു, ഇരുട്ടുവീഴുന്നു...
ഇങ്ങനെ ഇരുട്ടിൽനിൽക്കുമ്പോഴാണ് ഒരാളുടെ സ്വത്വമെന്നത് അയാളുടെ ഭാഷയാണെന്നു നാം മനസ്സിലാക്കുന്നത്. നമ്മുടെ സ്നേഹമോ കരുതലോ അറിയിക്കാനുള്ള ഒരു സിംബോളിസം കൂടിയാണത്. എന്നാൽ, ഇരിക്കുന്നിടത്തുമാത്രം തുടർന്നാൽ ഹൃദയമിടിപ്പുകൾ ഉയരുന്ന ആ നടത്തം നമുക്കു നഷ്ടമാകുന്നു. നാം ഒരിടത്തേക്കും എത്തിച്ചേരുകയില്ല. മറുവശത്തു സ്വന്തം ഭാഷ തിരയുന്നവർ അന്തിയാകുന്നതറിയാതെ പലവാതിലുകൾ മുട്ടുന്നു, സുഹൃത്തിന്റെ വീടു കണ്ടുപിടിക്കാനാവുന്നില്ല, പക്ഷേ അവർ അന്വേഷണം അവസാനിപ്പിക്കുന്നില്ല.
എഴുത്തുകാർ ഇതേപോലെ ഒരുപാട് അലഞ്ഞശേഷമാണു സ്വന്തം ഭാഷയിലേക്ക് എത്തുന്നത്. ഷുസെ സരമാഗോയുടെ ആദ്യ നോവലായ 'സ്കൈലൈറ്റ്സ്' മരണാനന്തരമാണു പ്രസിദ്ധീകരിച്ചത്. നോവലിസ്റ്റ് ഇരുപത്തിയാറാം വയസ്സിലെഴുതിയ ആ നോവലിന്റെ കയ്യെഴുത്തുപ്രതി ഒരു പ്രസാധകശാലയിൽ നഷ്ടപ്പെട്ടുപോകുകയായിരുന്നു. 30 വർഷമോ മറ്റോ കഴിഞ്ഞാണു ആ മാനുസ്ക്രിപ്റ്റ് കണ്ടെടുക്കുന്നത്. എന്നാൽ നോവലിസ്റ്റ് ആ നോവൽ തന്റെ മരണശേഷം പ്രസിദ്ധീകരിച്ചാൽ മതിയെന്നു ഭാര്യയോടു പറഞ്ഞു. സരമാഗോയുടെ മരണത്തിനുശേഷമിറങ്ങിയ 'സ്കൈലൈറ്റ്സ്' വായിക്കുമ്പോൾ അതിൽ നാം വായിക്കുന്ന ഭാഷ, ബ്ലൈൻഡ്നസിലോ ദി ഇയർ ഓഫ് ദ് ഡെത്ത് ഓഫ് റിക്കാർഡോ റെയ്സിലോ ഉള്ളതല്ല. അതായത് മറ്റൊരു സരമാഗോ ആണത്. ആദ്യ നോവൽ നഷ്ടമായശേഷം കാൽനൂറ്റാണ്ടോളം ആ മനുഷ്യൻ നിശ്ശബ്ദനായിരുന്നു. അൻപതു വയസ്സിനുശേഷം സരമാഗോ വീണ്ടുമെഴുതാൻ തുടങ്ങിയപ്പോഴേക്കും ആദ്യഭാഷ അവസാനിച്ച് മറ്റൊന്നു പിറന്നിരുന്നു.
സാഹിത്യഭാഷ അല്ലെങ്കിൽ എഴുത്തുഭാഷ സുപ്രധാനമാണ്. ബദൽലോകങ്ങൾ അതിലാണു പിറക്കുക. പക്ഷേ ഓരോ കാലത്തും മേധാവിത്വം നേടിയ ഒരു എഴുത്തുഭാഷാശൈലിയാകും ഭൂരിപക്ഷം എഴുത്തുകാരും പിന്തുടരുക. കാരണം അവർ സ്നേഹിതരുടെ വീട് അന്വേഷിച്ചു പോകുന്നില്ല. സിഗ്നലിനായി ഒരു കുന്നും കയറാൻ താൽപര്യമില്ല. അന്തിയാകും മുൻപേ അവർ വീടെത്തുകയും ചെയ്യുന്നു. ഈ അഭിജാതസുഖത്തിനു പുറത്താണു ബഷീറോ ചങ്ങമ്പുഴയോ സ്വന്തം എഴുത്തുണ്ടാക്കിയത്. ഇത്തരം ഭാഷാന്വേഷണം വല്ലപ്പോഴും സംഭവിക്കുന്നതാകയാൽ സാമാന്യനിലയിൽ പരമ്പരാഗത സാഹിത്യഭാഷയിൽനിന്നു മുന്നോട്ടുപോകാമെന്നു പലരും കരുതാറില്ല. വായനക്കാർക്ക് എന്തുതോന്നും, പാരായണക്ഷമത നഷ്ടമാകുമോ എന്ന വേലലാതിയില്ലാതെ സ്വയം ഖനനം ചെയ്തുണ്ടാക്കിയ ഭാഷയാണു മേതിലും ടിആറും വിപി ശിവകുമാറും പട്ടത്തുവിളയും നമുക്കു നൽകിയത്. അതിലേക്ക് എത്തിയവർ അതിൽ ആനന്ദം നേടുകയും ചെയ്തു.
തമിഴും മലയാളവും കലർന്ന ഒരു സംസാരരീതി ചെറുപ്പത്തിൽ നാട്ടിൽ ഞാൻ കേട്ടിരുന്നു. അതിൽനിന്ന് ഒരു എഴുത്തുശൈലി ഉണ്ടായിവരുന്നതു ഞാൻ സങ്കൽപിച്ചിട്ടുണ്ട്.വർഷങ്ങൾക്കുശേഷം ശ്രീനാരായണഗുരുവിന്റെ കാവ്യങ്ങൾ വായിക്കാൻ തുടങ്ങിയപ്പോൾ അതിലെ തമിഴ്മൊഴികൾ എനിക്കു ഗൃഹാതുരത്വം പകരുകയാണു ചെയ്തത്. "അയ്യോ! നീയെന്നുള്ളും / പൊയ്യേ! പുറവും പൊതിഞ്ഞുപോകുന്നു;/ മെയ്യാറാനായ് വന്നേൻ,/ കൈയേന്തിക്കൊണ്ടൊഴിഞ്ഞുപോകുന്നു" എന്നു പകരുന്ന ഭാഷാസത്തയിലൂടെയാണ് ഗുരു അകംപുറം കവിയുന്നത്.
എന്റെ ആദ്യകൂട്ടുകാരിക്ക് തമിഴായിരുന്നു മാതൃഭാഷ. എനിക്ക് തമിഴ് സംസാരിക്കാൻ അറിയില്ലായിരുന്നു. അവൾക്കു മലയാളവും. ഭാഷയ്ക്ക് അകത്തോ പുറത്തോ എന്നറിയാത്ത സിംബലുകളായിരുന്നു ഞങ്ങൾക്ക് ആശ്രയം. ആ വർഷങ്ങളെപ്പറ്റി വിചാരിക്കുമ്പോൾ, തമിഴകത്തെ സമതലങ്ങളും വീടുകളും പെരുവഴികളും വെയിലും രാത്രിയും അതിനോടുചേർന്നുവരുന്നു. അത് എഴുതിവയ്ക്കാൻ കഴിയാത്തവിധം എന്റെ ഭാഷ ദുർബലമായിരുന്നു. ഇളയരാജയുടെ ചില ഗാനങ്ങൾ കേൾക്കുമ്പോൾ അക്കാലത്തെ വികാരങ്ങൾ ആ ഈണത്തിലുണ്ടെന്നു ഞാൻ സങ്കൽപിക്കാറുണ്ട്. ജനപ്രിയഭാവുകത്വത്തോടു ലയിച്ചുചേർന്ന ദളപതിയിലെ പ്രസിദ്ധമായ ആ ഡ്രംസ് ബീറ്റ് പോലും അപാരമായ തിരയേറ്റം എന്റെ വിചാരത്തിലുണ്ടാക്കിയിട്ടുണ്ട്. അത് എഴുതാനാകുമെന്ന ഒരു മിഥ്യാബോധം അപ്പോഴെനിക്കുണ്ടാകുകയും ചെയ്യുന്നു. എന്നാൽ ആ ഈണം അവസാനിക്കുന്നതോടെ അതു നഷ്ടമാകുകയും ചെയ്യുന്നു.
പ്രശസ്തനായ സ്കോട്ടിഷ് ഗായകൻ ലൂയിസ് കപാൽഡി മാനസികാരോഗ്യപ്രശ്നങ്ങളാൽ ശബ്ദതടസ്സം നേരിട്ടുചികിത്സയിലായിരുന്നു. അടുത്തിടെ അദ്ദേഹം ഒരു ഇടവേളയ്ക്കുശേഷം വീണ്ടും അരങ്ങിലെത്തി. ആയിരങ്ങൾ തിങ്ങിനിറഞ്ഞ മൈതാനത്ത് അദ്ദേഹം പാടിത്തുടങ്ങിയതും സ്വരം നിലച്ചുപോയി.തനിക്കു പാടാനാവുന്നില്ലെന്ന് അദ്ദേഹം ആംഗ്യങ്ങളിലൂടെ അറിയിച്ചു. ആ നിമിഷം അവിടെ അദ്ഭുതകരമായ ഒരു വിനിമയം സംഭവിച്ചു. ജനക്കൂട്ടം ആ ഗാനത്തിന്റെ തൊട്ടടുത്ത വരികൾ പാടാൻ തുടങ്ങി. പാടിന്റെ ഒരു അല, പിന്നെയും അല, അതു തിരമാലകളായി ഉയർന്നു സ്റ്റേഡിയം നിറഞ്ഞു.
ദൈനംദിനജീവിതത്തിൽ ഇത്തരം ചില അദ്ഭുതങ്ങൾക്ക് കലയുടെയും സംഗീതത്തിന്റെയും അനുഭവം നമ്മെ പ്രാപ്തരാക്കാറുണ്ട്. അതിനുകാരണം അവ നമ്മുടെ പ്രേമവികാരങ്ങളാൽ പ്രേരിതമാണെന്നതുകൂടിയാണ്. വിനിമയത്തിനുള്ള ദാഹമാണു ഭാഷയോടുള്ള പ്രേമമായി അതിന്റെ അഗാധതയിലേക്കു പോകാൻ എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. അങ്ങനെ ചെല്ലുന്ന സ്ഥലങ്ങളിലെ വിനിമയരീതി അടിസ്ഥാന ഭാഷാവ്യവഹാരങ്ങൾക്കു പുറത്തായിരിക്കും. മേതിൽ രാധാകൃഷ്ണന്റെ രചനകളിൽ ഇപ്രകാരം ഒരു മാട്രിക്സ് രൂപപ്പെടുന്നുണ്ട്. അത് അയാളുടെ എല്ലാ രചനകളെയും പരസ്പരം ബന്ധിപ്പിക്കുന്നുണ്ട്. അതിനാൽ ഈ രചനയുടെ ഏതെങ്കിലും ഒരറ്റത്തുനിൽക്കുന്നവർക്ക് അതിന്റെ വ്യാപ്തിയിലേക്കു പ്രവേശിക്കാൻ കഴിയാതെ പോകുന്ന സ്ഥിതിയും ഉണ്ടാകാം.
എഴുത്തുകാരൻ ഇങ്ങനെ നിർമിക്കുന്ന ഭാഷ അയാളുടെ സർവസ്വവുമാണ്. അതിൽനിന്നു പുറത്തുകടക്കാൻ അയാൾക്കാവില്ല. ഒ.വി. വിജയൻ താനെഴുതിയ രാഷ്ട്രീയലേഖനങ്ങളിൽവരെ തന്റെ സാഹിത്യഭാഷയെ എടുത്തുവച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം വന്ന ജനതാസർക്കാരിന്റെ പതനത്തെപ്പറ്റി വിജയൻ എഴുതിയതു വായിക്കുക - "ജനാധിപത്യത്തിന്റെ നിമിഷം ഒരു മിന്നൽപോലെ പൊട്ടിവിടരുകയും അവസാനിക്കുകയും ചെയ്തു. ആ നിമിഷത്തെ സാഷാത്കരിച്ച ഒരു സാത്വിക ജനത അതിന്റെ പ്രാചീനദുഃഖങ്ങളിലേക്കും, ആ നിമിഷത്തിന്റെ ജീവനായിരുന്ന ജയപ്രകാശ്നാരായണൻ ഡയാലിസിസ് യന്ത്രത്തിന്റെ ഇരുണ്ട ആശ്ളേഷത്തിലേക്കും തിരിച്ചുപോയി. ആ നിമിഷത്തിൽനിന്നു മുതലെടുത്തവർ അധികാരത്തിന്റെ നിഷേധാത്മകമായ മരാമത്തിൽ മുഴുകി."
വിജയന്റെ ഭാഷയിലെ സിംബോളിസം പരിചിതമായവർക്കു വേഗം ഗ്രഹിക്കാനാവുന്ന ഒരു സാരള്യമാണ് ഈ രാഷ്ട്രീയഗദ്യത്തിലുള്ളതെന്നു കാണാം. അതിലെ പദങ്ങളുടെ (സാത്വികം, പ്രാചീനദുഃഖം,യന്ത്രം, മുഴുകൽ) വേരുകൾ സാഹിത്യത്തിലേക്ക് ആണ്ടുകിടക്കുകയും ചെയ്യുന്നു. അങ്ങനെ ഫിക്ഷനിൽ പ്രവർത്തിക്കുന്ന ഒരു സിംബോളിസം രാഷ്ട്രീയവിശകലനങ്ങളിലും ഇടം നേടുന്നു. ഒരുപക്ഷേ, 1970-80കളിൽ അദ്ദേഹമെഴുതിയ രാഷ്ട്രീയവിശകലനങ്ങൾ ഇപ്പോൾ വായിക്കുമ്പോൾ അതിലെ സ്വേച്ഛാധികാരവിരുദ്ധമായ ഘടകമാണു ഉയർന്നുനിൽക്കുന്നത്. അതാകട്ടെ ആ ഗദ്യശൈലിയുടെ വിനിമയശേഷി കൊണ്ടുകൂടിയാണ്.
Content Summary: Ezhuthumesha Column by Ajay P Mangatt