നക്സലൈറ്റുകളെ ആർക്കാണു പേടി; അഥവാ പേടിയില്ലാത്തവരുമുണ്ടോ?
Mail This Article
നക്സലൈറ്റുകൾ ദയനീയമായി പരാജയപ്പെട്ട നാടാണ് കേരളം. മറ്റേതെങ്കിലും നാട്ടിൽ അവർ വിജയിച്ചുവെന്ന് അവർ പോലും അവകാശപ്പെടില്ലെങ്കിലും. നക്സലൈറ്റ് പ്രസ്ഥാനം പരാജയപ്പെട്ടു എന്നതിനപ്പുറം അവർ സജീവമായിരുന്ന കാലത്തുപോലും കേരളത്തിന്റെ മനസാക്ഷിയുടെ അംഗീകാരം നേടാൻ കഴിഞ്ഞിട്ടില്ല എന്നതു ചരിത്രവസ്തുതയാണ്. നക്സലൈറ്റുകൾ ഭീകരമായി വേട്ടയാടപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലും അതിനു ശേഷവും. അവരോട് സഹതപിച്ചവർ, അഭയം കൊടുത്തവർ, സംശയിക്കപ്പെട്ടവർ പോലും ക്രൂരമർദനങ്ങൾക്കിരയായി. പേരുകളുടെ സമാനത കൊണ്ടുപോലും വേട്ടയാടപ്പെട്ടവരുണ്ട്. ജീവൻ നഷ്ടപ്പെട്ടവർ പോലുമുണ്ട്. രാജൻ തന്നെ ഏറ്റവും നല്ല ഉദാഹരണം. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ ഉൾപ്പെട്ട രാജൻ എന്ന പേരുള്ളയാളെത്തേടിയുള്ള അന്വേഷണമാണ് കോഴിക്കോട് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ രാജനിൽ എത്തിച്ചേർന്നതും ആ വിദ്യാർഥി കണ്ണുകെട്ടിയ ഭരണകൂടത്തിന്റെ ഇരയായതും. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ പേരിൽ, സംശയത്തിന്റെ പേരിൽ നിരന്തരം ചോദ്യം ചെയ്തതിന്റെ പേരിൽ ജീവനൊടുക്കിയവരും ജീവൻ നഷ്ടപ്പെട്ടവർ പോലുമുണ്ട്. ചരിത്രമാണത്, നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നാൽ അക്കാലത്തും നക്സലൈറ്റുകൾ ഒറ്റുകൊടുക്കപ്പെട്ടിട്ടുമുണ്ട്. ചുരുക്കം ചിലർ മാത്രമാണ് സ്വന്തം സുരക്ഷയെ കരുതാതെ വിപ്ലവകാരികൾക്ക് അഭയം കൊടുത്തതും അവരെ രക്ഷപ്പെടാൻ സഹായിച്ചതും. അടിന്തരാവസ്ഥയിലെ പൊലീസ് ക്രൂരതയെയും ഭരണകൂട മർദനത്തെയും തള്ളിപ്പറയുമ്പോൾ തന്നെ അതിനുശേഷം വന്ന തിരഞ്ഞെടുപ്പിൽ ആരാണ് കേരളത്തിൽ വിജയിച്ചതെന്നത് എല്ലാവർക്കുമറിയാവുന്ന യാഥാർഥ്യമാണ്. പിന്നീടിങ്ങോട്ട്, ഇടയ്ക്ക് വല്ലപ്പോഴും മാത്രം നക്സലൈറ്റുകൾ വാർത്തയിൽ നിറഞ്ഞു. ഒറ്റപ്പെട്ട ശബ്ദങ്ങളെ എതിർക്കാൻ കാലാകാലങ്ങളിൽ വന്ന ഇടതു, വലതു സർക്കാരുകൾ മടി കാട്ടിയിട്ടില്ല. ആ ശ്രമത്തിൽ അവർ വിജയിച്ചിട്ടുമുണ്ട്.
എന്നാൽ അന്നുമിന്നും നക്സലൈറ്റുകൾ, വിപ്ലവകാരികൾ, മാവോയിസ്റ്റുകൾ എന്നിവർ സംസ്ഥാനത്ത് ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുമുണ്ട്.
വിപ്ലവത്തെ വാഴ്ത്തിപ്പാടിയ കവിതകൾ സ്വീകരിക്കപ്പെട്ടു. നോവലുകളും കഥകളും അനുഭവങ്ങളും ഓർമക്കുറിപ്പുകളും പല പതിപ്പുകളിൽ വിറ്റഴിഞ്ഞു. നിത്യഹരിത ചലച്ചിത്രം പോലെ ഇന്നും, പരാജയപ്പെട്ട വിപ്ലവം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചുകൊണ്ടുമിരിക്കുന്നു. നക്സലൈറ്റുകളെയും മാവോയിസ്റ്റുകളെയുമൊക്കെ അകമഴിഞ്ഞു പിന്തുണയ്ക്കാതിരിക്കുകയും ആവശ്യത്തിന് അവരെ ഒറ്റിക്കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കാൽപനിക സ്മരണയുടെ മധുരവും നൊമ്പരവും പേറി അവർ ഇന്നും ജീവിക്കുന്നു.
കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാളാണ് ഗ്രോ വാസു. വിപ്ലവത്തിന്റെ തീക്കനലുകൾ അദ്ദേഹത്തിൽ എവിടെയൊക്കെയോ ആവശേഷിക്കുന്നതുകൊണ്ടാണ് വാസുവേട്ടന് കേരളം സ്വന്തം ഹൃദയത്തിൽ ഇടംകൊടുത്തത്. മാവോയിസ്റ്റുകളോടുള്ള ക്രൂരത ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ, താൻ ശരിയാണെന്നു വിശ്വസിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ഏറ്റു പറഞ്ഞ് മാപ്പു പറയാത്തതിന്റെ പേരിൽ ജാമ്യം നിഷേധിക്കപ്പെട്ട് അദ്ദേഹം ജയിലിലാണ്. അദ്ദേഹത്തോടുള്ള ഇടതുപക്ഷ സർക്കാരിന്റെ സമീപനം തെറ്റാണെന്നു പറയേവേയാണ് കവി സച്ചിദാനന്ദൻ തുറന്നു പറഞ്ഞ അപ്രിയ സത്യങ്ങളുടെ പേരിൽ കുരിശിലേറ്റപ്പെട്ടതും പറഞ്ഞതെല്ലാം പിൻവലിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ടതും. നക്സലൈറ്റ് സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചതിന്റെ പേരിലും അവർക്കു വേണ്ടി പ്രകടനം നടത്തിയതിന്റെ പേരിലും ഒരിക്കൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തി കൂടിയാണദ്ദേഹം. എന്നാൽ, പറഞ്ഞതോ പറയാത്തതോ ആയ പരാമർശങ്ങളുടെ പേരിൽ വിവാദ പുരുഷനായപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് മാവോയിസ്റ്റുകൾ കൂടിയാണ്. അവരോടുള്ള സഹതാപവും അനുകമ്പയും അവർ വേട്ടയാടപ്പെടേണ്ടവരല്ലെന്ന ചിന്തയും. ചോര ചൊരിയുന്ന വിപ്ലവം, സമ്പന്ന വർഗത്തിന്റെ ഉൻമൂലനം എന്നിവയൊന്നും ഇന്ന് ഏതെങ്കിലും പ്രസ്ഥാനത്തിന്റെ മാർഗമോ ലക്ഷ്യമോ അണെന്നു തോന്നുന്നില്ല. അഥവാ അതാണ് ലക്ഷ്യമെങ്കിൽപ്പോലും എന്നെങ്കിലും അതു യാഥാർഥ്യമാവുമെന്ന് അവർ പോലും വിശ്വസിക്കുമെന്നും തോന്നുന്നില്ല. രഹസ്യ പ്രവർത്തനം എന്ന വസ്തുതയുണ്ട്. പ്രചരിപ്പിക്കുന്ന ആശയങ്ങൾ ഭരണകൂടത്തിനു ഭീഷണിയാണെന്നതിലും തർക്കമില്ല. എന്നാൽ, ചില അഴിമതികൾക്കും അനീതികൾക്കും എതിരെ ശബ്ദമുയർത്തുകയോ ചെറിയ പോരാട്ടങ്ങൾ നടത്തി ശ്രദ്ധ ക്ഷണിക്കുകയോ ചെയ്യുന്നതിനപ്പുറം വലിയൊരു വിപ്ലവം സ്വപ്നം കാണാൻ പോലുമുള്ള ശേഷി കേരളത്തിലെ മാവോയിസ്റ്റുകൾക്കുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുകൂടിയായിരിക്കാം പൊതു മനസാക്ഷി അവരെ ഭീകരൻമാരായി കാണാതിരിക്കുന്നതും.
2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സംഘം ചേർന്നതിനും മാർഗ്ഗതടസ്സം സൃഷ്ടിച്ചതിനുമാണ് ഗ്രോ വാസു കേസിൽ ഉൾപ്പെട്ടത്. 8 പേരെ വെടിവച്ചു കൊന്നതിൽ കേസില്ല, കുറ്റമില്ല, ശിക്ഷയില്ല എന്നദ്ദേഹം പറയുന്നു. എന്നാൽ അതിനെതിരെ പ്രതിഷേധിച്ചത് വലിയ കുറ്റമായി കണ്ട് ശിക്ഷ വിധിക്കുന്നത് അനുവദിക്കാനാവില്ലെന്നും നിലപാടെടുത്തു. ഇതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ റിമാൻഡ് നീട്ടിയത്. ഈ നടപടി തെറ്റാണെന്നു വാദിക്കവേയാണ് സച്ചിദാനന്ദൻ വിവാദത്തിൽപ്പെട്ടതും. സഖാവ് വർഗീസിനൊപ്പം തിരുനെല്ലിയിൽ വിപ്ലവ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും 7 വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത വ്യക്തിയാണദ്ദേഹം. 94–ാം വയസ്സിലും തെറ്റ് ചെയ്യുന്ന, തെറ്റ് ഏറ്റുപറയാത്ത ഭരണകൂടത്തിനു മുന്നിൽ മുട്ടുമടക്കാതെ ജയിലിൽ പോകാൻ അദ്ദേഹത്തിനു മടിയുമില്ല. ആ ധീരതയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മനസ്സ് മലയാളികൾക്ക് ഇനിയും കൈമോശം വന്നിട്ടില്ല. അതുകൊണ്ടു കൂടിയാണല്ലോ വിഷയം പൂർണമായി അതല്ലെങ്കിലും അദ്ദേഹവും അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും പോലും വിവാദത്തിലാകുന്നതും പലരും വിമർശിക്കപ്പെടുന്നതും.
നക്സലൈറ്റുകൾ പരാജയപ്പെട്ടിരിക്കാം. മാവോയിസ്റ്റുകളുടെ ആശയം കാലാഹരണപ്പെട്ടിരിക്കാം. വിപ്ലവം എന്നത് ചൂടും ചൂരുമില്ലാത്ത സാധാരണ വാക്ക് മാത്രമായി ഒതുക്കപ്പെട്ടിരിക്കാം. എന്നാൽ, ആർക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല വിപ്ലവം. ഗ്രോ വാസുവിനെപ്പോലുള്ളവർ തലയുയർത്തി ജയിലിലേക്കു പോകുന്നതു കാണുന്നില്ലേ. അതുകണ്ട് അഭിമാനിക്കുന്നരുടെ മനസ്സിലെങ്കിലും വിപ്ലവത്തോട് അനുകമ്പ വറ്റിയിട്ടില്ല. നക്സലൈറ്റുകളെ ആർക്കാണു പേടിയെന്നു ചോദിച്ചാൽ, മടിക്കേണ്ട, പേടിക്കുന്നവർ ഇന്നുമുണ്ടെന്ന് ഉറപ്പിച്ചോളൂ. അവരിൽ കവികളുമുണ്ടോ എന്ന ചോദ്യത്തിന് ആര് ഉത്തരം പറയും. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതും വിപ്ലവം തന്നെയല്ലേ. ഇനി ആര് തെളിയിക്കും വിപ്ലവം അവസാനിച്ചിട്ടില്ലെന്ന്. വസന്തത്തിന്റെ ഇടിമുഴക്കം ഇനിയും കേൾക്കാമെന്ന്...?
Content Highlights: Sachidanandan | Naxalite