ADVERTISEMENT

അനശ്വരം എന്നതു കലയും സാഹിത്യവുമായി ബന്ധപ്പെടുത്തി നാം കേൾക്കുന്നു. മരണാനന്തരം തന്റെ രചനകളിലൂടെ താൻ സ്മരിക്കപ്പെടുമെന്ന വിശ്വാസം എഴുത്തുകാർക്കുണ്ട്. കാലത്തെ ജയിക്കുമെന്ന അല്ലെങ്കിൽ നശ്വരതയ്ക്കുമേൽ വിജയം നേടുമെന്ന തോന്നൽ എഴുത്തുകാരുടെ അഹന്തയാണ്‌. എന്നാൽ ഏതാനും പേരുകൾ ഒഴികെ മറ്റെല്ലാത്തിനെയും ലോകം മറവിയിലേക്കാണു വിടുക.

എങ്കിലും എഴുത്തുകാരുടെ ഒരു ആശ്വാസം ഏതെങ്കിലും വായനശാലയുടെ അലമാരയിൽ തന്റെ കൃതികൾ വർഷങ്ങളോളം ഇരിക്കുമെന്നതാണ്. സത്യമാണ്. കാലഹരണപ്പെട്ട എഴുത്തുകാരുടെ കല്ലറകളാണ് ലൈബ്രറികൾ. ശവപേടകങ്ങൾക്കുള്ളിലെ രഹസ്യങ്ങൾ തിരഞ്ഞുചെല്ലുന്ന നിധിമോഹികളായ ചിലർ അവിടേക്ക് ഒരിക്കൽ എത്തിയേക്കാം. നിങ്ങളുടെ പുസ്തകം കണ്ടെത്തുകയും. അതുമായി ലോകത്തിന്റെ സ്മരണയിലേക്കു തിരിച്ചുപോകുകയും ചെയ്തേക്കാം. ഇങ്ങനെ വിസ്മൃതിയിൽനിന്ന് നിത്യസ്മരണയിലേക്ക്‌ മടങ്ങിയെത്തുന്നവരുമുണ്ട്‌. 

തന്റെ കാലത്തുതന്നെ താൻ വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഈയിടെ റസ്കിൻ ബോണ്ട് പറഞ്ഞു. 90–ാം പിറന്നാൾ പ്രമാണിച്ച് ഉത്തരാഖണ്ഡിലെ വസതിയിൽ അഭിമുഖം ചെയ്യാനെത്തിയ വാർത്താ ഏജൻസിയുടെ പ്രതിനിധിയോട് റസ്കിൻ ബോണ്ട് പറഞ്ഞത് ഇതാണ്; ‘99 ശതമാനം എഴുത്തുകാരും കാലക്രമേണ വിസ്മരിക്കപ്പെടുന്നു. ഭാവിതലമുറ നമ്മെ ഓർക്കാനാണു നാമെഴുതുന്നത്. എന്നാൽ നമ്മുടെ കാലശേഷം ആരും നമ്മെ ഓർമിക്കാനിടയില്ല. എന്റെ കുടുംബം എന്നെ ഓർക്കുമെങ്കിൽ, കുറച്ചു വായനക്കാരെങ്കിലും എന്നെ വായിക്കുമെങ്കിൽ ഞാൻ സന്തോഷവാനാണ്. ഒരു സൈനികൻ ഒരിക്കലും മരിക്കുന്നില്ല. അയാൾ മാഞ്ഞുപോകുകയാണ് എന്ന ഒരു ചൊല്ലുണ്ട്. അതേപോലെ വയസ്സുചെന്ന എഴുത്തുകാർ പോലും മരിക്കുന്നില്ല പകരം അവരുടെ പുസ്തകങ്ങൾ ഔട്ട് ഓഫ് പ്രിന്റ് ആകുന്നു’

റസ്കിൻ ബോണ്ട്. Image Credit: twitter/RealRuskinBond
റസ്കിൻ ബോണ്ട്. Image Credit: twitter/RealRuskinBond

ബ്രിട്ടിഷ് ഇന്ത്യയിൽ ബ്രിട്ടിഷുകാരുടെ മകനായി ജനിച്ച റസ്കിൻ ബോണ്ട് പിന്നീട് ഇന്ത്യയിൽ താമസം തുടർന്നു. നോവൽ, കവിത, ലേഖനം തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ഞൂറോളം പുസ്തകങ്ങൾ ഇംഗ്ലിഷിൽ എഴുതി. ഇതിൽ 60 പുസ്തകങ്ങൾക്കു കുട്ടികൾക്കുവേണ്ടിയുള്ളതാണ്. താനെഴുതിയ പുസ്തകങ്ങൾ ഔട്ട് ഓഫ് പ്രിന്റ് ആകുന്നതു കാണേണ്ടിവരുന്നതാണ് ഒരു എഴുത്താൾ നേരിടുന്ന ശരിയായ മരണമെന്ന് അദ്ദേഹം പറയുകയായിരുന്നു. മോശം എഴുത്തുകാർക്ക് അംഗീകാരവും തനിക്കു തിരസ്കാരവും ലഭിക്കുന്നുവെന്ന് പരാതി പറയുകയോ തോന്നുകയോ ചെയ്യാത്ത ആരുണ്ട് എഴുത്തുകാർക്കിടയിൽ? പുസ്തകമിറങ്ങാത്തതും ഇറങ്ങിക്കഴിഞ്ഞാൽ പുതിയ പതിപ്പുകൾ വരാത്തതും എഴുത്തുകാരെ അലട്ടുന്നു. 

താങ്കളെ ലോകം എങ്ങനെ ഓർമിക്കുമെന്നാണു കരുതുന്നത് എന്ന് ഈയിടെ ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയോട് ഒരു ചോദ്യമുയർന്നു. ‘ലോകം എന്നെ ഓർമിക്കുമോ?, മമ്മൂട്ടി തിരിച്ചുചോദിക്കുന്നു. ‘ഒരു വർഷം, പത്തു വർഷം അല്ലെങ്കിൽ പതിനഞ്ചു വർഷം? ലോകാവസാനം വരെ നിങ്ങൾ ഓർമിക്കപ്പെടുമെന്നു പ്രതീക്ഷിക്കരുത്. ഒരാളും അങ്ങനെ സ്മരിക്കപ്പെടുകയില്ല.’

അനശ്വരത എന്ന പ്രതീക്ഷയെക്കാൾ മനോഹരമാണു അവസാനശ്വാസം വരെ നടനായിരിക്കുന്നതിന്റെ സൗന്ദര്യം എന്നാണു നടൻ പറഞ്ഞത്. താനൊരിക്കലും അഭിനയിച്ചു മടുത്തിട്ടില്ല. ലോകത്ത്‌ തന്റെ കീർത്തി നിലനിൽക്കുമോയെന്നതു തന്നെ അലട്ടുന്നില്ലെന്നും മനോഹരമായി പറയാൻ മമ്മൂട്ടിക്കായി.

റസ്കിൻ ബോണ്ടും മമ്മൂട്ടിയും വിജയിച്ച പ്രതിഭകളാണ്. നശ്വരതയെ സർഗാത്മകതമായി നേരിടാൻ അവർക്കായി. എന്നാൽ ജനപ്രിയ ഭാവനാമണ്ഡലത്തിനു പുറത്ത് എഴുത്തുമായി നിൽക്കുന്നവരോ? അവർക്ക്‌ വലിയ പ്രശസ്തി കിട്ടുന്നില്ല. അഥവാ കിട്ടിയാലും വരുമാനമുണ്ടാകണമെന്നില്ല. കാരണം അതു ഭേദപ്പെട്ട വരുമാനം തരുന്ന ഒരു തൊഴിലായി എഴുത്ത് ഇവിടെ പരിണമിച്ചിട്ടില്ല. ഒരുപാടുപേർ ഇഷ്ടപ്പെടുന്ന എഴുത്തുകാർ പോലും മറ്റൊരു തൊഴിൽ ഇല്ലെങ്കിൽ ദരിദ്രരായി ജീവിക്കേണ്ടിവരും.

ബഷീറും പി. കേശവദേവും ഈ പ്രതിസന്ധിയെപ്പറ്റി നിരന്തരം എഴുതിയിരുന്നു. എഴുത്തുകാരുടെ പ്രശസ്തിതന്നെയും വേറൊന്നാണ്‌, അത്‌ സിനിമ നടന്റെയോ ഇൻസ്റ്റയിൽ റീൽ ചെയ്യുന്നവരുടെയോ പോലെയല്ല. വേഗം എണ്ണിയെടുക്കാം. മലയാളത്തിലെ ഒരു പ്രധാനപ്പെട്ട എഴുത്തുകാരൻ ഒരു വെബ്സൈറ്റിൽ കോളം എഴുതുന്നുണ്ടായിരുന്നു. സമയപരിധി കഴിഞ്ഞതിനാൽ പെട്ടെന്നു കോളം നിർത്താൻ അവർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വിഷമിച്ചു. അതെപ്പറ്റി എഴുത്തുകാരൻ എനിക്ക് ഒരു സന്ദേശമയച്ചു – ഒരുപക്ഷേ ഒരാളും എന്നെ വായിക്കുന്നുണ്ടാവില്ല.

ruskin-bond-famous-books

ജർമൻ എഴുത്തുകാരനായ ഡബ്ല്യൂ ജി സെബാൾഡിന്റെ കല്ലറ യുകെയിൽ നോർഫോക്കിൽ ഫ്രെയിമിങ്ഹാം ഏളിലെ ഒരു പള്ളിസെമിത്തേരിയിലാണ്. ബ്രിട്ടിഷ് എഴുത്തുകാരനായ തേജു കോൾ ഒരിക്കൽ ഈ കല്ലറ തേടി ഒരു ടാക്സിയിൽ അവിടേക്കു യാത്ര ചെയ്തുപോകുന്നുണ്ട്. ആ കല്ലറ എവിടെയെന്ന് അദ്ദേഹത്തിനു കണ്ടുപിടിക്കാനാവുന്നില്ല. ആർക്കുമതു പറഞ്ഞുകൊടുക്കാനുമാകുന്നില്ല. ഒടുവിൽ കാടുപടർന്ന ഒരിടത്ത് അദ്ദേഹമതു കണ്ടെത്തുന്നുണ്ട്. വായനക്കാർ സെബാൾഡിനെ മറന്നുപോയതുകൊണ്ടല്ല, ഒരാളും എന്നെ വായിക്കുന്നുണ്ടാവില്ല എന്ന് സന്ദേശമയച്ച എഴുത്തുകാരനെയും വായനക്കാർ മറക്കുകയില്ല.

പക്ഷേ ആ കമ്യൂണിറ്റി പക്ഷേ വളരെ ചെറുതാണ്. ഇങ്ങനെ കുറച്ചു വായനക്കാർക്കിടയിൽ ജീവിക്കേണ്ടിവരുന്ന ഉന്നതരായ എത്രയോ എഴുത്തുകാരാണു ലോകത്ത് മറവിക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്നത്. ചിലപ്പോൾ ഈ കമ്യൂണിറ്റി- ഉന്നതായ വായനക്കാരുടെ കൂട്ടം - തന്നെ കാലാന്തരത്തിൽ വിപുലമാകുകയോ ഇല്ലാതായിപ്പോകുകയോ ചെയ്യാം. അനന്തശൂന്യമായ പ്രപഞ്ചത്തിനകത്തു നമ്മുടെ ജീവിതം എന്ന ഈ കളിക്കൊരു അർത്ഥമുണ്ടാക്കാൻ നടത്തുന്ന വൃഥാശ്രമങ്ങളാണിത്. അതിന്റെ അൽഗരിതം എപ്പോഴും ഒരേപോലെയല്ല. അതിനാൽ നാമെല്ലാം പിന്തുടരുന്ന ഓർമ്മ എങ്ങനെ സംഭവിക്കുന്നുവെന്ന് കണ്ടെത്തുന്നതും പ്രയാസകരമാണ്‌.

English Summary:

Ezhuthumesha Column by Ajay P Mangattu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com