ADVERTISEMENT

അതൊരു ആഘാതം തന്നെയായിരുന്നു. അപ്രതീക്ഷിതമായ തിരിച്ചടി. ഒരു നിമിഷം തരിച്ചുപോയി. പുസ്തകം ഒന്നുകൂടി തിരിച്ചും മറിച്ചും നോക്കി. തെറ്റിപ്പോയിട്ടില്ലല്ലോ. ഓരോ വാക്കിലും സ്നേഹത്തിന്റെ നെയ്ത്തിരി കൊളുത്തിയ എൻ. മോഹനൻ തന്നെയല്ലേ. സ്നേഹചാരുതയുടെ തരളഭാവങ്ങൾക്ക് ഭാഷയുടെ മഴവില്ലണയിച്ച പ്രിയപ്പെട്ടയാൾ. കണ്ടിട്ടില്ലെങ്കിലും കേട്ടില്ലില്ലെങ്കിലും വായിച്ചല്ലാതെ ഒരു ബന്ധവുമില്ലെങ്കിലും എഴുത്തുകാരൻ എന്ന അപരിചിത്വത്തിൽ തളിച്ചിടാൻ തോന്നാത്തയാൾ. അകലേയേക്കാൾ അകലെയല്ലേ. അരികിലേക്കാൾ അരികിൽ തന്നെ. അതേ പ്രിയസ്വരമാണു പറയുന്നത്. അമിതമായ സ്നേഹമുള്ളിടത്ത് വെറുപ്പും നീരസവും താനേ ഉണ്ടാകുന്നു. ഞെട്ടാതിരിക്കുന്നതെങ്ങനെ. ശരീരത്തിലൂടെ വിറയൽ പടർന്നുകയറാതിരിക്കുന്നതെങ്ങനെ. വിശ്വസിക്കുന്നതെങ്ങനെ. 

ഞാൻ കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. 

എനിക്കതറിയാമായിരുന്നു.

അതെങ്ങനെ ? 

എനിക്കും കാണണമെന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ. 

വരുമെന്ന് ഉറപ്പുള്ള കാമുകനെ കാത്തിരിക്കുന്ന മറിയക്കുട്ടി. മതവും ജാതിയും പ്രായവും എതിര്. എങ്കിലെന്ത്.

മിസ് എന്നു വിളിക്കണംന്നോ. മിസ് എന്നാൽ നഷ്ടപ്പെടുക എന്നല്ലേ അർഥം. I never want to miss you. 

n-mohanan-books

കളങ്കമില്ലാത്ത സ്നേഹത്തിനു മലയാളം നൽകിയ ഉറച്ച മറുപടിയാണ് എൻ.മോഹനൻ. ഒരിക്കൽ മാത്രമല്ല. ഇല കൊഴിഞ്ഞ ജീവിതം, ബാലപാഠങ്ങൾ, ശാശ്വതമൊന്നേ ദുഃഖം, മിസ് മേരി തെരേസ പോൾ, അഹല്യ, കത്താത്ത കാർത്തികവിളക്ക്, വിലാസിനി, ചാമ്പയ്ക്ക, ടിബറ്റിലേക്കുള്ള വഴി, അവസാനമായി, ആദ്യം വരേണ്ട കഥ: മറിയക്കുട്ടി. ഓരോ കഥയും ഒരു നക്ഷത്രമാണ്. രാത്രി മാതമല്ല പകലും തെളിഞ്ഞുകത്തുന്ന താരങ്ങൾ. സവിതാവിനു പോലും മറയ്ക്കാനാവാത്ത വെളിച്ചം. നിർഗന്ധ പുഷ്പത്തിനു പോലും മോഹത്തിന്റെ വർണരേണുക്കൾ പകരുന്ന വെളിച്ചത്തിന്റെ നാഥനു മുന്നിലും വിറയാതെ തെളിയുന്ന താരങ്ങൾ. കാലുഷ്യമില്ല. കറുപ്പില്ല. വെറുപ്പില്ല. ശാപമില്ല. എന്നും എന്നെന്നും ഒരേ സ്നേഹം തന്നെ. അടുത്തിരുന്നാലും അകന്നുമറഞ്ഞാലും എല്ലാം ഉള്ളിൽ തന്നെ. ശ്വാസം തന്നെ. പിരിഞ്ഞിരിക്കാനാവാത്ത പ്രിയം. അതത്രേ എൻ. മോഹനൻ എന്നു വായിച്ചവർക്കെല്ലാം അറിയാം.

അറിയുന്നു, നീ എന്നിൽ നിറയുന്നു, നീയെന്റെ അമൃതമീ നിൻ സ്മൃതികൾ മാത്രം എന്നെഴുതിയതും മോഹനന്റെ സുഹൃത്താണ്; അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു വിഷാദിച്ച ഒഎൻവി. എന്നിട്ടും സ്നേഹത്തിനൊപ്പം വെറുപ്പും നീരസവും ചേർത്തെഴുതാൻ മോഹനന് എങ്ങനെ കഴിഞ്ഞു. 

ഒരിക്കലും പൂത്തുകണ്ടിട്ടില്ലാത്ത ആ കാട്ടുവാകയുടെ ചുവട്ടിലെ കാത്തുനിൽപ് അവസാനിപ്പിക്കൂ... 

കിട്ടാത്ത വാത്സല്യത്തിന്റെ അനുസ്മരണമെന്ന് സ്വയം വിശേഷിപ്പിച്ച് ഇനി കൈതപ്പൂമ്പോളകൾ നീട്ടാതിരിക്കൂ. 

സ്നേഹത്തിന്റെ ആയിരത്തിരികൾ പോലുള്ള കണ്ണുകൾ കൊണ്ടെന്നെ ഉഴിയാതിരിക്കൂ... 

ഓരോ പ്രണയവും പൂർത്തിയായ കൊത്തുപണിയാണെന്നു പറഞ്ഞത് സ്നേഹത്തിനു വേണ്ടി എന്തിനും തയാറാണെന്നു എഴുത്ത് കൊണ്ടു മാത്രമല്ല ജീവിതം കൊണ്ടും തെളിയിച്ച മാധവിക്കുട്ടി ആണ്. പ്രണയത്തിനെവിടെ മാപ്പ് എന്നും. പ്രണയിച്ച ആരാണു യാത്ര പറഞ്ഞിട്ടുള്ളത്. അവർക്കറിയാത്ത വാക്കല്ലേ വിട. അവർ ഒരിക്കലും എങ്ങോട്ടും പോയിട്ടില്ലല്ലോ. പോയി എന്നു തോന്നിപ്പിച്ചിരിക്കാം. അല്ല, തോന്നിയിരിക്കാം. പോകില്ലെന്ന് ഉറപ്പിച്ചോളൂ. പോകാനാവില്ലെന്ന് അറിഞ്ഞോളൂ. സംശയം ബാക്കിയാണെങ്കിൽ മറിയക്കുട്ടി വീണ്ടും വായിക്കുക. 

എൻ. മോഹനൻ. ചിത്രം: മനോരമ
എൻ. മോഹനൻ. ചിത്രം: മനോരമ

കാറ്റടിച്ചുലഞ്ഞിരുന്ന അയാളുടെ മുടിച്ചുരുളുകളുടെ മധ്യത്തിൽ, ഒത്ത നെറുകയിൽ മൃദുലമധുരമായി ചുണ്ടുകളമർത്തി. ജൻമാന്തരങ്ങളുടെ ആ സംഗമവേളയിൽ മന്ത്രിച്ചു: ജീവിതത്തിലാദ്യമായി ഞാനൊരു പുരുഷനെ ചുംബിക്കുകയാണ്. ഈ സ്നേഹത്തിന് ഞാനെങ്ങനെയാണ് നന്ദി പറയുക. 

വയസ്സിനേക്കാൾ പ്രായമായി. പ്രായത്തേക്കാൾ വയസ്സുമായി. അത്രയ്ക്കുണ്ട് ജീവിതത്തിന്റെ ഭാരം. എന്നിട്ടും മറിയക്കുട്ടി കാത്തിരിക്കുക തന്നെയായിരുന്നു. ആ കാത്തിരിപ്പ് ആരും അറിഞ്ഞില്ലെന്നാണോ കരുതുന്നത്. വരാതിരുന്നില്ലെന്നാണോ വിചാരിക്കുന്നത്. വരാനല്ലെങ്കിൽ പിന്നെന്തിന് കാത്തിരിപ്പ്. ആ ഒളിച്ചോട്ടം ഒഴിവാക്കാൻ ആവുമായിരുന്നില്ല. അല്ലെങ്കിൽ അതായിരുന്നേനേം ഏറ്റവും വലിയ തെറ്റ്. പാപം. സ്നേഹത്തിലും പാപമോ. അൾത്താരയുടെ പിന്നിൽനിന്നേതോ അരൂപിയുടെ വെളിപാടുണ്ടായി: നീയോ പാപത്തിൽ ജൻമമായവൻ. പാപത്തിന്റെ സ്വരം കർത്താവിങ്കൽ എത്തുന്നതേയില്ല. മഴയും മഞ്ഞും പെയ്തുതീർന്നിരിക്കുന്നു. എല്ലാം കഴിഞ്ഞിരുന്നു. നിനക്കിനി പോകാം. 

കയ്പില്ലാത്ത കൽക്കണ്ടം പോലെ സ്നേഹത്തിന്റെ മാധുര്യം പകർന്ന മോഹനൻ തന്നെയാണ് വിഷാദത്തെ വിഗ്രഹമാക്കി ആരാധിച്ചതും. ഒരിക്കലിൽ നിറഞ്ഞുതൂവുന്ന നിരാധാര സങ്കടം. ഒരിക്കലും പെയ്തുതീരാത്ത മഴ. ഇന്നലത്തെ മഴയും മോഹനൻ തന്നെയാണ് എഴുതിയത്. പ്രണയത്തിന്റെ പരാഗരേണുക്കളുമായി നമ്മൾ പൂമ്പാറ്റകളെ കാത്തിരുന്ന ദുഃഖ പുഷ്പങ്ങൾ. കരയാനാവില്ല. കരഞ്ഞുതീർക്കേണ്ടതുമല്ല.ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ഇനിയും ഏറെ ദൂരം പോകാനുമുണ്ട്. കരയാതെ തളർന്ന മുഖം. ഉള്ളൊഴുക്ക് പുറത്തുകാണിക്കാനാവാത്ത ഭാവം. തകരുന്നത്, തകർന്നു പൊടിയുന്നത്, ഇടിഞ്ഞുവീഴുന്നത് ഇന്നലെകൾ മാത്രമല്ല. ഇന്നു മാത്രമല്ല. നാളെകളുമാണ്. 

book-minnaminungu-by-n-mohanan

അല്ല. അമിതമായ സ്നേഹമുള്ളിടത്ത് വെറുപ്പും നീരസവും കൂടിയുണ്ടെന്ന് എഴുതി തെറ്റിധരിപ്പിക്കുക മാത്രമായിരുന്നു. സത്യം അതൊന്നുമല്ല. ഒരേയൊരു സത്യമേയുള്ളൂ. അത് ഇതാണ്. മറിയക്കുട്ടി പറയുന്നതു കേൾക്കൂ: എന്തെങ്കിലും നഷ്ടപ്പെട്ടതായി ഇന്ന് തോന്നുന്നുവെങ്കിൽ ഞാൻ വീണ്ടും പറയുന്നു. ഈശ്വരനത് തിരിച്ചുതരാതിരിക്കയില്ല. എന്റെ പ്രാർഥന അത്രമേൽ ശക്തവും തീവ്രവുമാണ്. ഞങ്ങൾക്കു പുനർജൻമത്തിൽ വിശ്വാസമില്ല. പക്ഷേ, സ്നേഹത്തിന് ജൻമാന്തരങ്ങളിൽ ആവർത്തനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ വീണ്ടും വരാം... കാണാം....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com