ഐൻസ്റ്റീനും പാർക്കിൻസണും ജീവൻമശായിമാരും
Mail This Article
ഡോ. കെ. രാജശേഖരൻ നായർ
ഡി സി ബുക്സ്
വില: 380 രൂപ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി എമിരിറ്റസ് പ്രൊഫസർ ഡോ. കെ. രാജശേഖരൻ നായരുടെ ഈ പുസ്തകം ശാസ്ത്രസാഹിത്യം എന്നതിലുപരി ആത്മകഥാപരവുമാണ്. ലോക വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം പോലൊരു ചെറിയ പട്ടണത്തിൽനിന്ന് ഏറ്റവും മികച്ച വൈദ്യഗവേഷണകേന്ദ്രങ്ങളിലെത്തിപ്പെട്ട് ബഹുമതികള്‍ നേടിയതും പിന്നെ തന്റെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചുവന്ന് അവിടേക്കു തന്റെ സുഹൃത്തുക്കളെ ആനയിച്ചതും അസാധാരണ കഥകളാണ്. ലോകത്ത് പലയിടത്തുമുള്ള തന്റെ പഠനമേഖലയിലുള്ള പഥികൃത്തുക്കളോടും ഗുരുക്കന്മാരോടും പ്രഖ്യാതരോടുമൊപ്പം വൈദ്യശാസ്ത്രഗവേഷണത്തിലും പരിചരണത്തിലും പ്രവർത്തിക്കാനായതിന്റെ അപൂർവ്വ വിവരണങ്ങൾ ഇതിലുണ്ട്. അതെക്കാളും ശ്രദ്ധ ആകർഷിക്കുന്നതാണ് ആല്‍ബര്‍ട്ട് ഐൻസ്റ്റീന്റെ അവസാനകാല രോഗത്തെക്കുറിച്ചുള്ളത്.
കോട്ടയത്തുകാരൻ ഡോ. ജേക്കബ് ചാണ്ടിയുടെ സർജിക്കൽ ടെക്നിക്കാണ് ഐൻസ്റ്റീനെ രക്ഷിച്ചതെന്നുള്ള കഥ ആദ്യമായാവും രേഖപ്പെടുത്തുന്നത്. സൗരയൂഥത്തെക്കാൾ സങ്കീർണ്ണമായ മനുഷ്യ മസ്തിഷ്കത്തിന്റെ ധര്‍മ്മങ്ങളും കൈവല്യങ്ങളും ശാസ്ത്രരീത്യാമാത്രമല്ല കവികളുടെയും ദാർശനികരുടെയും വീക്ഷണകോണിലൂടെയും കാണുന്നു ഈ കൃതി.