ADVERTISEMENT

പിറക്കാതെ പോയ ചോദ്യങ്ങൾ... (കഥ)

വൈകിട്ട് നിന്നെ കാണണമെന്നുണ്ടായിരുന്നു, അതോണ്ടാ എക്സാം കഴിഞ്ഞ് അത്രയും ദൂരം താണ്ടി അങ്ങ് വന്നത്. നീയില്ലാത്ത വീട്ടിൽ നിന്നെയും കാത്തു പടിയിലിരിക്കുമ്പോൾ ഉള്ളിൽ ആധിയായിരുന്നു. ഇനിയെങ്ങാനും ഇറങ്ങിപ്പോവാൻ പറഞ്ഞാലോ...? ഏയ് നിനക്കങ്ങനെ പറയാൻ കഴിയോ? ഇല്ല, നിനക്കേ അങ്ങനെ പറയാൻ കഴിയൂ. വന്നിട്ടുണ്ടെന്ന് ഒന്നു വിളിച്ചു പറഞ്ഞേക്കാം.. 

ഹലോ.. അതേയ്... ഞാൻ വീട്ടിലുണ്ട്, എനിക്കു വിശക്കുന്നു വരുമ്പോൾ എരിവുള്ളത് വല്ലതും വാങ്ങിക്കൊണ്ട് വരണം.

എന്താ വേണ്ടേ...?

വല്ല പക്കവടയോ മറ്റോ മതി. അല്ലാ നമുക്ക് പുറത്തൂന്ന് ചായ കുടിച്ചാൽ പോരെ...? 

പറ്റില്ല.. ചായ ഞാൻ ഉണ്ടാക്കിക്കോളാം.

ആഹ് ശരി.

പടിയിലിരുന്നു. നോട്ടം മുഴുവൻ റോഡിലേക്കായതോണ്ട് അങ്ങ് ദൂരേന്നു വരുന്നത് എളുപ്പം കണ്ടു. പക്ഷേ കൈയിലൊന്നും ഇല്ലല്ലോ..? വീടിന്‍റെ ഗേറ്റ് എത്തിയിട്ടും കയറാതെ വീണ്ടും നടന്നപ്പോൾ മനസിലായി കടയിലേക്കാണെന്ന്. പറഞ്ഞപോലെ തന്നെ പക്കവടയും വാങ്ങിയാണ് വരവ്. നീയെന്തിനാ പടിയിലിരിക്കുന്നെ? ഡോർ തുറന്ന് അകത്തിരുന്നൂടെ? പക്കവടയുടെ പാക്കറ്റ് കൈയിൽ തന്ന് ഡോർ തുറക്കുമ്പോൾ ഞാൻ ആ കണ്ണിൽ നോക്കുന്നുണ്ടായിരുന്നു. പക്ഷേ അലക്ഷ്യമായി എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു ആ കണ്ണുകൾ ഒരിക്കലും എന്നെ നോക്കിയതേയില്ലായിരുന്നു. പതിവ് ശൈലിയിൽ യാതൊരു മാറ്റവുമില്ല ഷൂ പോലുമഴിക്കാതെ കസേരയിൽ കാലിന്മേൽ കാൽ കയറ്റി ഇരുന്നു. ഞാൻ പോയി ചായ ഇടാം. ഇടനാഴിയിലൂടെ അടുക്കളയിലെത്തിയപ്പോ മുഴുവൻ ഇരുട്ടായിരുന്നു. ചുമരിലെ സ്വിച്ചെല്ലാം അമർത്തിയിട്ടും ഒരൊറ്റ ബൾബുപോലും കത്തിയില്ല. അതേയ്... ഇവിടെ വെട്ടമില്ലാ... എന്തെന്നറിയില്ല ഒന്നും കത്തുന്നില്ല... കൈയിൽ മൊബൈലിന്‍റെ ഫ്ലാഷ് കത്തിച്ചു കിച്ചൺ സ്ലാബിൽ വച്ചോണ്ട് പറഞ്ഞു ഫിൽ ലൈറ്റാ... ഇങ്ങോട്ടുള്ള കണക്ഷന് എന്തോ പറ്റി ബൾബൊന്നും കത്തുന്നില്ല. 

ചായക്ക് വെള്ളം വച്ചത് അവനാണ് ഞാൻ പഞ്ചസാരക്കുപ്പിയും പാൽപ്പൊടി കുപ്പിയും ഒരു കണക്കിന് ഇരുട്ടിൽ തപ്പിയെടുത്തു. ചായപ്പൊടി....? ഇവിടുണ്ട്. ഓഹ് ശരിയാണല്ലോ സ്ഥിരം വയ്ക്കാറുള്ളിടത്തുതന്നെയുണ്ട്‌ സ്ഥാനം മാറി തപ്പിയത് ഞാനാണ്. വെള്ളം തിളയ്ക്കുന്നതിനു മുൻപേ പഞ്ചസാരയിട്ടാൽ മധുരം കുറയുമെന്ന് പുറകിൽനിന്ന് അവൻ പറയുന്നുണ്ടായിരുന്നു. മനസ്സിൽ ഉത്തരം പറഞ്ഞു 'എനിക്കിങ്ങനെയേ ചായയിടാനറിയൂ' പക്ഷേ മിണ്ടിയില്ല. തേയിലയും പാൽപ്പൊടിയും ഒക്കെയിട്ട് ചായ തിളച്ചപ്പോ അവൻ ഗ്യാസ് ഓഫ്‌ ചെയ്തു. ഫ്ലാഷ് ലൈറ്റുമായി മുന്നേ നടന്നു ഹാളിലേക്ക്. ചായക്ക് മധുരം കൂടുതലാണ്. പക്ഷേ ഇന്നെന്തോ ചീത്ത പറയുന്നില്ലല്ലോ.

എന്തൊക്കെയോ പറയുന്നുണ്ട്. ആരൊയൊക്കെയോ കുറിച്ച്. പതിവുപോലെ തർക്കിക്കാൻ നിന്നില്ല. പക്കവടയും കഴിച്ചു ചായയും കുടിച്ചു മിണ്ടാതെ എല്ലാം കേട്ടിരുന്നു... എന്തിനാ ഇതൊക്കെ പറയുന്നേ... ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ ചോദ്യങ്ങളേയും ഉത്തരങ്ങളെയും മധുരം കൂടിയ ചായക്കൊപ്പം കുടിച്ചിറക്കി. 

എട്ടുമണിയായി എനിക്ക് പോണം... 

ഉം.. പൊക്കോ.

ബാഗുമെടുത്തിറങ്ങി, തിരിഞ്ഞുനോക്കിയില്ല. ഗേറ്റ് വരെ പുറകിൽ വന്നിരുന്നു പക്ഷേ ഒന്നും മിണ്ടിയില്ല. തിരിഞ്ഞു നോക്കരുതെന്ന് ഞാൻ എന്നെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. ഇല്ല നോക്കിയില്ല. പക്ഷേ കണ്ണുനിറയുന്നുണ്ടായിരുന്നു. പറഞ്ഞറിയിക്കാൻ വയ്യാത്ത സങ്കടം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു. ഇല്ല ഒന്നും പറഞ്ഞില്ല. കണ്ണിലെ വെള്ളത്തുള്ളികൾ കവിളിലൂടെ കൈവഴികൾ തീർക്കുന്നുണ്ടായിരുന്നു. ഇല്ല ഞാൻ ഇനി വിളിക്കില്ല. പക്ഷേ ഇത്രക്കും ഒഴിവാക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തെന്നു ചോദിച്ചാലോ...? വേണ്ട ഇതിനുള്ള ഉത്തരം അന്നും കിട്ടിയിട്ടില്ലല്ലോ ഇന്ന് കിട്ടാനും പോവുന്നില്ല. അപ്പോൾ പിന്നെ ജനിക്കാതെ പോയ ചോദ്യങ്ങളുടെ ഇനിയും പിറക്കാത്ത ഉത്തരങ്ങളിലൊന്നായി ഇതുമിരിക്കട്ടെ...

****   ****   ****   ****

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com