സുൽത്താൻ പഴം പോലത്തെ ആലിപ്പഴം, എന്താ മധുരം!
Mail This Article
ആലിപ്പഴം (കഥ)
ഹൈദ്രോസ് പള്ളിക്കു പിറകിലൂടെ ഉസ്കൂളിലേക്കു പോവുന്ന വഴിയിൽ വെച്ചാണ് നാടിനെ പ്രകമ്പനം കൊള്ളിച്ച ആ ഇടി മുഴങ്ങിയത്. വെളിച്ചം പതിയെ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി. ഇരുണ്ട കാർമേഘങ്ങൾ ആകാശത്ത് വട്ടമിട്ടു നിന്നു.
യൂനസും ഫാത്തിമയും അതിവേഗം ഉസ്കൂളിലേക്ക് നടന്നു നീങ്ങി. മഴ മെല്ലെ പൊടിയുന്നുണ്ട്. ഖാദറാക്കാന്റെ പൂട്ടിക്കിടക്കുന്ന ചായപ്പീടിയയുടെ കോലായിൽ അവർ അഭയം തേടി. പീടിയ പൂട്ടിയിട്ട് വർഷം ഒന്നു പിന്നിട്ടിരിക്കുന്നു. തട്ടിൽ നിറയെ വണ്ണാമ്പാലയാണ്. പൊടി പിടിച്ചിരിക്കുന്ന ഒരു ബെഞ്ച് പുറത്തിട്ടിട്ടുണ്ട്.
ആ സമയം ഭീമാകാരമായ ഒരു മിന്നൽ അവർക്കു നേരെ പാഞ്ഞടുത്തു. ഇരുള് നിറഞ്ഞ ഭൂമി ഒരു നിമിഷം പ്രകാശിച്ചു. ആകാശം വിണ്ടുകീറി.
ലാ ഹൗലു വലാ.....
അപ്രതീക്ഷിതമായി പെയ്ത മഴയാണ്. സമയം കഴിയും തോറും മഴയുടെ ശക്തി ക്രമാതീതമായി വർധിച്ചു. ഓടിട്ട മേൽക്കൂരയിൽനിന്ന് റോഡിലേക്ക് ഒഴുകി വീഴുന്ന വെള്ളത്തിനിടയിലേക്ക് യൂനുസ് കൈകൾ നീട്ടി.
കൈമുട്ടിലൂടെ ചാലിട്ട വെള്ളം കുപ്പായത്തിലും ട്രൗസറിലും പടർന്നു. കുഞ്ഞു വിരലുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികൾ യൂനുസ് ഫാത്തിമയുടെ മുഖത്തേക്ക് വീശി.
'ഞാ ഉമ്മിനോട് പറയുഏ...' ഫാത്തിമയുടെ ഉണ്ടക്കണ്ണുകൾ യൂനുസിനെ തുറിച്ചു നോക്കി.
"ഈയ് എന്തിട്ടാ കൊട എട്ക്കാനെ ". യൂനുസ് ഇക്കാക്കയുടെ മട്ടേ ചോദിച്ചു.
'ഇഞ്ഞെല്ലെ ആണ്. ഇനിക്ക് എട്ത്തൂടെ '
" ആണുങ്ങൾ ആരെങ്കിലും കൊട എട്ക്കോ ബെഗ്ഡേ "
'പിർർർ... ബില്ലൊരു ആണ് ബന്നിന് '
യൂനുസ് പതിയെ കോളറ് മുകളിലേക്ക് ഉയർത്തി വെച്ചു. ഫാത്തിമയുടെ ദേഷ്യം വിട്ടു പോയിട്ടില്ല. ഓള് മുഖം ചെരിച്ച് തിരിഞ്ഞു നിന്നു.
" ഈയ് ആലിപ്പഴം തിന്നിനാ " യൂനുസിന്റെ ചോദ്യം കേട്ട് ഫാത്തിമ തിരിഞ്ഞു നോക്കി.
'പേഷൻ ഫ്രൂട്ട് പോൽത്തെ അല്ലെ..? അമ്മളും തിന്നിന്.' ഫാത്തിമ വിട്ടു കൊടുത്തില്ല.
" അയ്യേ ... ഇത് ആകാശത്തു നിന്ന് വീഴുന്ന പഴമാണ് മണ്ടൂസേ " ഫാത്തിമയുടെ ഉള്ളിൽ കൗതുകം നിറഞ്ഞു.
' പുളു '
" സത്യം !! ഏഴാനാകശത്ത് നിന്ന് പടച്ചോന്റെ ആൾക്കാര് നടുന്നതാണ്."
' നേര് ? '
' ആ.. നേര്. പടച്ചോന് ഇഷ്ടുളള നാട്ടിലൊക്കെ മഴന്റെ കൂടെ ഓര് ആലിപ്പഴവും ഇട്ടോട്ക്കും.'
ഫാത്തിമയ്ക്ക് വിശ്വാസമായില്ല.
' പുളു '
" മൊയ്തീ ഷൈക്ക് തങ്ങളാണെ സത്യം !"
' നീ തുന്നിനാ ?'
" പിന്നില്ലാണ്ട്..! ഞാ ഇന്നാള് ഉപ്പാന്റെ പൊരീല് നിക്കാൻ പോയില്ലേ? അന്ന് ഇതോലൊരു മഴീല് ആലിപ്പഴവും ആകാശത്ത് നിന്ന് ശറപറേ മുറ്റത്തേക്ക് വീണ്. "
'എന്നിട്ട് ?'
" ഞാനും പെറ്റാച്ചാന്റെ മക്കളും കൂടി ബില്യൊരു കിണ്ണത്തിൽ നിറയുവോളം ബാരിയിട്ടു."
'എന്നിട്ട് ?'
ഫാത്തിമയുടെ കൗതുകം മുതലെടുത്ത് യൂനുസ് ഗമയോടെ തുടർന്നു.
" സുൽത്താൻ പഴം പോൽത്തെ പഴമാണ്. എന്താ മധുരം..! എന്താ ടേസ്റ്റ്...!"
യൂനുസിന്റെ വാക്കുകൾ ഫാത്തിമ കൊതിയോടെ കേട്ടു നിന്നു.
' എന്നിട്ട് ഹംസാക്കാന്റെ പീടിയിൽ ഒന്നും ഇല്ലാല്ലോ.'
" ഇത് ആകാശത്ത് നടുന്ന മരമല്ലേ പൊട്ടീ. പിന്നെങ്ങനാ പിടീല് കിട്ടാ."
' ഇഞ്ഞി കിട്ടിയ അൻകും തരോ '
'' ഇല്ല ''
യൂനുസിന്റെ പൊങ്ങച്ചം കണ്ട് ഫാത്തിമ വീണ്ടും മുഖം ചെരിച്ച് തിരിഞ്ഞു നിന്നു.
" നോക്കിയേ "
ഫാത്തിമ തിരിഞ്ഞു നോക്കാതെ പറഞ്ഞു.
' ഇല്ല നോക്കൂലാ '
" നോക്ക് "
ഫാത്തിമ മിണ്ടിയില്ല.
" ഇഞ്ഞി കിട്ടിയ ഇനിക്കും തരാ "
ശവ്വാലമ്പിളി തെളിഞ്ഞതു പോലെ ഫാത്തിമയുടെ മുഖത്ത് ചിരി വിടർന്നു.
' അല്ലാഹാണേ? '
ഫാത്തിമ യൂനുസിന്റെ കണ്ണുകളിലേക്ക് നോക്കി.
മഴ ചോർന്നു തുടങ്ങിയിട്ടുണ്ട്. മേൽക്കൂരയിൽനിന്നു മഴത്തുള്ളികൾ താഴേക്ക് ഇറ്റിവീഴുന്ന നേർത്ത ശബ്ദം ചുറ്റിലും കേൾക്കാം. തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്.
റോഡിന്റെ ഇരുവശത്തും തളംകെട്ടിയ വെള്ളത്തിനു നടുവിലൂടെ അവർ വീണ്ടും ഉസ്കൂളിലേക്ക് നടന്നു.