നാട്ടുപള്ളി പെരുന്നാളും ഇത്തിരി വീട്ടുകാഴ്ചകളും
Mail This Article
സെപ്റ്റംബർ 8. മണര്‍കാട് പള്ളി പെരുന്നാൾ. പെരുന്നാൾ പ്രഭാതത്തില്‍ കാരോട്ടെ പള്ളിയിൽ വിശുദ്ധ ബലി. തുടര്‍ന്നു താഴെ പള്ളിയിൽ മൂന്നിന്മേൽ കുര്‍ബാന.
പാച്ചോറാണ് മണർകാട് പള്ളിയിലെ നേർച്ച. പെരുന്നാൾ തലേന്ന് വൈകിട്ട് പള്ളിപ്പറമ്പിലെത്തി പള്ളികൾ ചുറ്റിയുള്ള പ്രദിക്ഷണത്തിൽ കുടയെടുത്ത് കിഴക്കേ മൈതാനത്ത് മഴമരത്തണലിൽനിന്ന് മരച്ചില്ലകൾക്കിടയിലൂടെ വെടിക്കെട്ടും ആകാശകാഴ്ചകളും പിന്നെ പള്ളി നാടകശാലയിലെത്തി അവിടെ നടക്കുന്ന മാർഗ്ഗംകളിയും പരിചമുട്ടുകളിയും കണ്ട് വെളുപ്പാന്‍ കാലത്ത് വഴിവക്കിൽനിന്നു വാങ്ങിയ വെളുത്ത പ്ലാസ്റ്റിക് കൂടിൽ കലം നിറയെ പാച്ചോർ നേർച്ചയുമായി വീട്ടിലേക്കു മക്കളെക്കൂട്ടി മടങ്ങുന്ന ഭക്തരുടെ നിര മണർകാട് ദേശത്തെ പെരുന്നാൾ പ്രഭാതത്തിലെ മധുരവും മണവും ചൂടുമുള്ള കാഴ്ചയാണ്..
മണർകാട്ട് പള്ളിക്കാർക്ക് പാച്ചോർ കറിനേർച്ചയാണ്. പെരുന്നാളിനോളം പഴക്കമുണ്ട് ഈ കറിനേർച്ചക്കും. പായ്‌ക്കറ്റിലെ പാച്ചോർ വിതരണം, കലത്തിൽ നിറയ്ക്കാൻ യന്ത്രവൽക്കരണം, പായസം ഉണ്ടാക്കുന്ന പാചക വിദഗ്ധരെക്കൊണ്ട് പാച്ചോറുണ്ടാക്കൽ പോലുള്ള പാളിപ്പോയ പഴയ പരിഷ്ക്കാരങ്ങൾ പാഠമാക്കി തേച്ചുമിനുക്കിയതാണ് പള്ളിയിലെ ഇപ്പോഴത്തെ പാച്ചോർ പാചക– വിതരണ രീതികൾ.
ഏഴാംനാൾ നടതുറന്നു കഴിഞ്ഞാൽ പിന്നെ പള്ളിപ്പെരുന്നാളിന്റെ പ്രധാന ചടങ്ങ് പാച്ചോർ നേർച്ചക്കുള്ള പന്തിരുനാഴി എഴുന്നള്ളത്താണ്. ചെണ്ട-ബാൻഡു മേളങ്ങളുടെ അകമ്പടിയോടെയാണ് പള്ളിമേടയിൽനിന്നുള്ള ഘോഷയാത്ര. പാച്ചോർ കമ്മിറ്റി കണ്‍വീനറുടെ കയ്യിലെ നെയ്യ്നിറച്ച തേങ്ങമുറിയിലെ തിരിയിൽ പള്ളിയിലെ തൂക്കുവിളക്കിൽനിന്ന് തീ പകരുന്നത് പള്ളിവികാരി. പള്ളിക്ക് വലത്തുവയ്ക്കുമ്പോൾ ചെറുപ്പക്കാർ പന്തിരുനാഴി താളത്തിൽ മുകളിലേക്കെറിഞ്ഞു പിടിക്കുന്നത് പെരുന്നാളിന്റെ കൗതുകകാഴ്ചകളിൽ ഒന്നാണ്.
പന്തിരുനാഴിക്കൊപ്പം ആറുപറ മുതൽ വിവിധ വലിപ്പത്തിലുള്ള ചെമ്പുകൾ. ശർക്കര പൊടിക്കാൻ തടിയിൽ ചെത്തിയുണ്ടാക്കിയ ഇടിമന്ത്. ചെമ്പുകളിൽ പാച്ചോറു പകരുന്ന ഇരുമ്പുവലയങ്ങൾ കൈപിടികളായുള്ള നീണ്ട ഇടുങ്ങിയ മരത്തോണികൾ. ചെമ്പിൽനിന്ന് തോണിയിലേക്ക് പാച്ചോർ കോരി ഒഴിക്കാനുള്ള മരവികൾ. ഇളക്കാൻ നീണ്ട കൈപിടിയുള്ള ഇരുമ്പ് ചട്ടുകങ്ങൾ. തോണിയിൽ കൊണ്ടുവരുന്ന പാച്ചോർ നിറക്കാൻ കുറിയകാലുള്ള മൂടിയില്ലാത്ത തടിപ്പെട്ടികൾ. പാച്ചോർ നിറച്ച തോണികൾ അടുപ്പിൽനിന്ന് മരപ്പെട്ടിവരെ കൊണ്ടുപോകാനുള്ള ടയർ ചക്രങ്ങളുള്ള ഇരുമ്പ് ട്രോളികൾ. സ്റ്റീൽ തവികൾ. അമ്പതിനായിരത്തോളം മൺകലങ്ങളും കോപ്പച്ചട്ടികളും. എല്ലാം പള്ളിയിൽ തയാറാണ്.
പന്ത്രണ്ടു ടണ്‍ അരി. പഴയ കണക്കിൽ ആയിരത്തി അഞ്ഞൂറ്റൊന്നു പറ നെല്ലിന്റെ അരി. പന്ത്രണ്ടു ടണ്‍ ശർക്കര. നാട്ടുകണക്കിൽ അറുപതിനായിരം മറയൂർ ശർക്കര ഉണ്ടകൾ. ഇരുപത്തയ്യായിരം (പന്ത്രണ്ടു ടണ്‍) തേങ്ങ പിന്നെ രുചികൂട്ടാൻ ഏലക്ക, ചുക്ക്, അടിയിൽ പിടിക്കാതിരിക്കാൻ ആദ്യം ചെമ്പിൽ ഒഴിക്കാനുള്ള നെയ്യ്... ഇവ പെരുന്നാൾ പാച്ചോറിന്റെ പതിവ് ചേരുവകൾ. ആളും കാലാവസ്ഥയും നോക്കി അളവിൽ അല്ലറചില്ലറ ഏറ്റക്കുറച്ചിലുകൾ.
പന്തിരുനാഴി വയ്ക്കുന്ന വലിയ അടുപ്പിൽ പുരോഹിതൻ തീ പകർന്നാൽ ചെമ്പുകളൊക്കെ മറ്റടുപ്പുകളിലും തയാറാക്കും. അങ്ങനെ നാല്‍പ്പതോളം അടുപ്പുകള്‍. വലിപ്പത്തിനനുസരിച്ച് ഒരു ചെമ്പിനുവേണ്ട വിവിധ ചേരുവകൾക്ക് കൃത്യമായ കണക്കുണ്ട്. ആദ്യം അടിയിൽ പിടിക്കാതിരിക്കാൻ നെയ്യും തേങ്ങാപ്പീരയും, പിന്നീട് വെള്ളം നിറയ്ക്കും. തിളച്ചു കഴിഞ്ഞാൽ അരിയിടും. അരി വെന്തു കഴിഞ്ഞാൽ തേങ്ങാപ്പീര. പിന്നെ പൊടിച്ച ശർക്കര. ഒടുവിൽ പൊടിച്ച ഏലക്കയും ചുക്കും. പാച്ചോർ തയാറായാൽ ആദ്യം തോണിയിലേക്ക്. തോണിയിൽനിന്ന് ട്രോളിയിൽ തടിപ്പെട്ടികളിലേക്ക്. പിന്നെ മൺകലങ്ങളിലേക്കും കോപ്പചട്ടികളിലേക്കും. പെരുന്നാള്‍ തലേന്നു റാസകഴിഞ്ഞാൽ കറിനേർച്ച വിളമ്പിത്തുടങ്ങും.
പണ്ട് ഒരുകലം, അരക്കലം, കാൽക്കലം, ചെറിയ കോപ്പച്ചട്ടി ഇങ്ങനെ വിവിധ വലിപ്പത്തിലുള്ള മൺപാത്രങ്ങളിൽ ആയിരുന്നു പാച്ചോർ വിതരണം. 2015 മുതൽ അത് ചെറുകലം, ചെറിയ കോപ്പച്ചട്ടി ഇങ്ങനെ രണ്ടു തരം മാത്രം. ബദ്ധപ്പാടും ധൂർത്തും ഒഴിവാക്കുന്നതിനാൽ മാറ്റം മാറ്റമില്ലാതെ തുടരുന്നു.
പെരുന്നാള്‍ പ്രഭാതത്തിന്റെ വിശേഷപ്പെട്ട വഴിവാണിഭക്കാഴ്ച്ചകളിൽ ഒന്നാണ് പള്ളിപ്പറമ്പിലെ പ്ലാസ്റ്റിക് കൂടുവിൽപ്പനക്കാർ. വെടിക്കെട്ട് കഴിഞ്ഞു പള്ളി നാടകശാലയിൽ മാർഗ്ഗംകളിക്കും പരിചമുട്ടുകളിക്കുമൊക്കെ വിളക്ക് തെളിയുംമുമ്പേ തെക്കേ വഴിയിൽ കൂടുവിൽപ്പനക്കാർ നിരന്നിട്ടുണ്ടാവും. നാട്ടുകാർ, പല ദേശക്കാർ, പല ജാതിക്കാർ, പല പ്രായക്കാർ, പെണ്ണുങ്ങൾ, കുട്ടികൾ... വർഷങ്ങളായി പാച്ചോർ കൂടുകൾ വിൽക്കുന്ന പ്രായത്തിലും വലിപ്പത്തിലും മാത്രം ഏറ്റക്കുറച്ചിലുകളുമായി നൂറു കണക്കിന് കൂടുവിൽപ്പനക്കാർ. പച്ചോർ വിതരണം തുടങ്ങിയാൽപ്പിന്നെ മെഴുകുതിരിയും രൂപവും കടുംകാപ്പിയും എന്തിന് ലോട്ടറി വിൽപ്പനക്കാർ പോലും പ്ലാസ്റ്റിക് കൂടുവിൽപനക്കാരായി മാറും. ഇവരുടെയൊക്കെ ഇടതു കയ്യിൽ മടക്കിയിട്ടുരിക്കുന്ന നൂറു കണക്കിന് പ്ലാസ്റ്റിക് കൂടുകൾ. വലതുകയ്യിൽ ഒരു കൂടു നിവർത്തി പിടിച്ചിട്ടുണ്ടാവും. വില്‍പ്പനക്കാരിൽ ഭൂരിപക്ഷവും ഒരു നേരത്തെ വകയ്ക്കു വഴിതേടുന്നവർ.
മണ്ണുകൊണ്ടുള്ള കലങ്ങളിലും കോപ്പച്ചട്ടികളിലും വിതരണം ചെയ്യുന്ന മണർകാട്ട് പള്ളിയിലെ ചൂടുള്ള പാച്ചോർ നേർച്ച വീട്ടിൽ എത്തിക്കണമെങ്കിൽ ഒരു കൂടു കൂടിയേ തീരു. അതറിയാവുന്ന പതിവായെത്തുന്നവർ ഒന്ന് കയ്യിൽ കരുതിയിട്ടുണ്ടാവും. ദൂരെദിക്കിൽനിന്നും ആദ്യമായെത്തുന്നവർ, പഴയകാര്യം മറന്നവർ, എല്ലാം കളിയായി കാണുന്നവർ ഇവരൊക്കെയാണ് ഈ വഴിവാണിഭക്കാരിൽനിന്ന് പറയുന്ന വിലയ്ക്ക് കൂടുവാങ്ങുക.
ആദ്യം വില ഒരു കൂടിനു പത്തു രൂപാ. എല്ലാവർക്കും ഒരേ വിലയാണ്. പിന്നെ ആവശ്യക്കാർ കുറയുമ്പോൾ വിലയും കുറയും. ഒടുവിൽ അഞ്ചു രൂപയ്ക്കു രണ്ടു കൂട് അങ്ങനാവും പെരുന്നാള്‍ കച്ചവടം. താഴത്തെ പള്ളിയിലെ മൂന്നിൻമേല്‍ കുർബാന കഴിഞ്ഞാലും കറിനേർച്ച വിതരണ കൗണ്ടറുകള്‍ അടയുന്നതുവരെ ഇവരുടെ കൂടുവിൽപ്പന തുടരും..
രാവിലെ മണർകാട്ടെ പോത്തിറച്ചിക്കടകളിൽ വൻ തിരക്കാണ്. കവലയിലെ സോമന്റെയും കൊച്ചിന്റെയും കടകളിൽ മാത്രമല്ല മാലത്തെ മാട്ടിറച്ചി കടയിലും അതുതന്നെയാണ് സ്ഥിതി. കോടിമതയിലെ മത്സ്യമാർക്കറ്റ് മണർകാട്ടുകാർ കയ്യടക്കും. കോഴിക്കടകളും കോൾഡ് സ്റ്റോറേജുകളും കച്ചവടം കത്തിക്കയറും. ഒരാഴ്ചക്കാലത്തെ മടുപ്പിന്റെ മറുപുറം.
നോമ്പായതോടെ അടുക്കള അലമാരിയിൽ നിരനിരയായെത്തിയ അച്ചാറുകുപ്പികൾ ഒഴിയും. ഏഴുദിവസമായി പയറും പപ്പടവും പച്ചക്കറികളും പൊടിച്ചമ്മന്തിയും പതിവായിരുന്ന അടുക്കളകളിൽ ഉളുമ്പുമണം തിരികെയെത്തും.
മണർകാട്ടെ പെരുന്നാൾ പ്രഭാതത്തിന് ആദ്യം പാച്ചോറിന്റെ മണം. പുലർന്നാൽ കള്ളപ്പത്തിന്റെയും കോഴിക്കറിയുടെയും. ചിലയിടത്തത് പുട്ടാകും പ്രധാന വിഭവം. കൂടെ പുഴുങ്ങിയ മുട്ട നൂൽകൊണ്ട് നടുവേ പകുത്തതില്‍ ഉപ്പും കുരുമുളകും വെളുത്ത പാത്രങ്ങളില്‍ ചിത്രം വരക്കും. പുഴുങ്ങിയ ഏത്തപ്പഴം രണ്ടായി മുറിച്ചതാണ് മിക്ക വീട്ടിലെയും മറ്റൊരു വിഭവം.
മണ്ണാർകാട്ടെ മധ്യാഹ്നത്തിന് ഉലത്തിറച്ചിയുടെയും കുടമ്പുളിയിട്ടുവറ്റിച്ച മീൻ കറിയുടെയും മണമാണ്. ഉച്ചയായാൽ ഉലത്തിറച്ചിയുടെയും കുടമ്പുളിയിട്ടുവച്ച മീൻ കറിയുടെയും മണമാണ്. വൈകുന്നേരങ്ങൾ ആഘോഷാരവങ്ങളുടെയും.
വൈകുന്നേരം പള്ളികൾ ചുറ്റിയുള്ള പ്രദിക്ഷണത്തോടും ആശിർവാദത്തോടും നേർച്ച വിളമ്പോടെയുമാണ് എട്ടു ദിവസം നീണ്ട നോമ്പുപെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ അവസാനിക്കുക. നേർച്ചവിളമ്പ് കരക്കാരുടെ അവകാശമാണ്. പള്ളിയുടെ പടിഞ്ഞാറ് പള്ളി കുളത്തിനുസമീപത്ത് കുഴിപ്പുരയിടംകാരും തിരുവഞ്ചൂർ– പറമ്പുകരക്കാരും രണ്ട് ഇടങ്ങളിലായി. പള്ളിയുടെ വടക്ക് പാരിഷ് ഹാളിനടുത്ത് മാലം, അരീപ്പറമ്പ്, അമേന്നൂർ കരക്കാരും തെക്ക് ആശുപത്രിക്കരികിൽ മണർകാട്, വെള്ളൂർ കരക്കാരും. തേക്കിലയിൽ കറിനേർച്ച വിളമ്പിക്കുന്നവരിലേറെയും ഇടവകക്കാരല്ലാത്ത പുറത്തുനിന്നെത്തിയ ഭക്തജനങ്ങൾ.
മെഴുകുതിരി വിൽക്കുന്നവർ, ലോട്ടറി കച്ചവടക്കാർ, കാറ്റാടി വിൽപ്പനക്കാർ, പാമ്പും പുറ്റും വിൽക്കുന്നവർ, പാച്ചോറിനുള്ള പ്ലാസ്റ്റിക്ക് കൂടുവിൽപന നടത്തുന്നവർ, നിരോധിതമേഖല ആയിട്ടും ഒളിച്ചും പാത്തും എത്തുന്ന യാചകർ, ചിന്തികച്ചവടക്കാർ ... ഇങ്ങനെ ഭക്തജനങ്ങളെ കൂടാതെ പെരുന്നാൾ പറമ്പുകളിൽ ഉണ്ടും ഉറങ്ങിയും ആഘോഷിക്കുന്ന ഒട്ടനവധി ജീവിതങ്ങൾകൂടി ചേർന്നതാണ് എല്ലാ പെരുന്നാളുകളുടെയും എന്നപോലെ മണർകാട്ടെ എട്ടുനോമ്പ് പെരുന്നാളിന്റെയും കാഴ്ചകൾ.
ഇനി പതിനാലാം തീയതി നട അടക്കുന്നതുവരെ പുണ്യചിത്ര ദർശനത്തിനും വർണ്ണവിളക്കുകൾ കാട്ടി കുട്ടികളെ സന്തോഷിപ്പിക്കാനും എത്തുന്നവരുടേതുമാണ് മണർകാട്ട് പള്ളിയുടെ വൈകുന്നേരങ്ങൾ.