മാതാപിതാക്കളെ അനാഥാലയത്തിൽ ആക്കുന്നവരേ, മക്കളെ നിങ്ങൾ അനാഥാലയത്തിൽ ആക്കുമോ?
Mail This Article
അനാഥാലയം (കഥ)
ആ യുവാവും ഭാര്യയും കൂടി അനാഥാലയം നടത്തിപ്പുകാരനായ ഫാദറിന്റെ മുന്നിൽ ചെന്നു. അവർക്കൊപ്പം അവരുടെ കുട്ടികളും, പ്രായമായ പിതാവുമുണ്ടായിരുന്നു. വളരെ താഴ്മയോടും ദുഃഖത്തോടും കൂടി അവർ വരാന്തയിലിരുന്ന, പിതാവിനെ ചൂണ്ടി ഫാദറിനോട് പറഞ്ഞു.
"ഫാദർ ദയവുചെയ്ത് ഞങ്ങളെ സഹായിക്കണം. എന്റെ പിതാവിനെ ഈ അനാഥാലയത്തിൽ ചേർക്കണം. ഞങ്ങടെ വീട് വളരെ ചെറുതാണ്. എല്ലാവർക്കും കൂടി താമസിക്കാനുള്ള സൗകര്യമില്ല. പോരാത്തതിന് ജോലിത്തിരക്കുകൾമൂലം ഞങ്ങൾക്ക് അച്ഛനെ നന്നായി ശ്രദ്ധിക്കാനും കഴിയുന്നില്ല. ഇതിനിടയിൽ വേണം ഈ രണ്ടുകുട്ടികളുടെ കാര്യം നോക്കാൻ."
"ഇവിടെ പൂർണ്ണമായും അനാഥരെ മാത്രമേ പ്രവേശിപ്പിക്കൂ. നിങ്ങടെ പിതാവ് അനാഥനല്ലല്ലോ? മകനും മരുമകളും കൊച്ചുമക്കളുമൊക്കെ ഉള്ള ആളല്ലേ? പിന്നെങ്ങനെ ഇവിടെ ചേർക്കാനാവും?" ഫാദർ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി.
"അങ്ങനെ പറയരുത് ഫാദർ, എത്ര രൂപവേണമെങ്കിലും ഡൊണേഷൻ തരാം. ഞങ്ങളെ കൈവെടിയരുത്. ഫാദറൊന്നു മനസ്സുവെച്ചാൽ മതി എല്ലാം നടക്കും. ഒരനാഥനായി പരിഗണിച്ചുകൊണ്ട് എന്റെ പിതാവിനെ ഇവിടെ ചേർക്കാമല്ലോ?"
"അനാഥനായിക്കണ്ടുകൊണ്ട് അല്ലേ? കൊള്ളാം..." എന്നു പറഞ്ഞ് ഫാദർ ഏതാനം നിമിഷം ചിന്തയിലാണ്ടു.
"പൂണ്ണമായും അനാഥരല്ലാത്തവരെ അംഗങ്ങളായി ചേർക്കാൻ ഇവിടുത്തെ നിയമം അനുവദിക്കുന്നില്ല. അങ്ങനെ കള്ളം എഴുതിച്ചേർത്തുകൊണ്ട് ഇവിടെ അഡ്മിഷൻ കൊടുത്താൽ ഞാൻ കുറ്റക്കാരനാവും... എന്റെ ജോലിപോലും നഷ്ടമാവും. പോരാത്തതിന് ഒരിക്കൽ ഇതുപോലൊരാൾക്ക് ഇവിടെ അഡ്മിഷൻ കൊടുത്താൽ... ഭാവിയിൽ ഇതുപോലുള്ള ഒരുപാട് അപേക്ഷകൾ ഞങ്ങളെ തേടിയെത്തും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് പറ്റില്ലെന്ന്."
ഈ സമയം യുവാവിന്റേയും യുവതിയുടേയും മുഖം വിവർണ്ണമായി. അവർ പരസ്പരം നോക്കി, തുടർന്നു ദയനീയമായി ഫാദറിനേയും. ഈ സമയം ഫാദർ അവരെനോക്കി പറഞ്ഞു.
"നിങ്ങടെ വിഷമം എനിക്ക് മനസ്സിലാവും. പക്ഷേ, നിങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരം ഞാനെത്ര ആലോചിച്ചിട്ടും കണ്ടെത്താനാവുന്നില്ല. പിന്നെ, എന്റെ മുന്നിലുള്ള ഏക പോംവഴി ഒന്നുമാത്രമാണ്. അതെന്തെന്നു കേൾക്കുമ്പോൾ, നിങ്ങൾക്കത് ഒരിക്കലും ഉൾകൊള്ളാൻ കഴിയില്ല. ഒരുപക്ഷേ, എന്നോട് ദേഷ്യം തോന്നുകയുമാവാം. എന്നിരുന്നാൽത്തന്നെയും... ഞാനോലോചിച്ചുനോക്കിയിട്ട് നിങ്ങളെ സഹായിക്കാൻ ഈ ഒരു മാർഗമേ കാണുന്നുള്ളൂ ..."
"എന്താണ് ഫാദർ?" അവർ ആകാംക്ഷയോടെ ഫാദറിനെ നോക്കി.
"എല്ലാവർക്കും കൂടി താമസിക്കാൻ വീട്ടിൽ സൗകര്യമില്ല, കൊച്ചുവീടാണ്. ഇതാണല്ലോ നിങ്ങളുടെ പ്രധാനപ്രശ്നം? പിന്നെ ജോലിത്തിരക്കുമൂലം കുട്ടികളേയും അച്ഛനേയും ഒരുമിച്ചു നോക്കാൻ കഴിയുന്നില്ല. ഇതാണല്ലോ രണ്ടാമത്തെ പരാതി? ഇതിനുള്ള ഏകപരിഹാരം ഇവിടെ മുതിർന്നവരെ താമസിപ്പിക്കുന്ന അനാഥമന്ദിരത്തോടനുബന്ധിച്ച് കുട്ടികളെ താമസിപ്പിക്കുന്ന ഒരനാഥമന്ദിരവുമുണ്ട്. അവിടെ അനാഥരല്ലാത്ത, മാതാപിതാക്കൾക്ക് നോക്കാൻ കഴിവില്ലാത്ത കുട്ടികളേയും ചേർത്തിട്ടുണ്ട്. ആ അനാഥമന്ദിരത്തിൽ നിങ്ങളുടെ കുട്ടികളെ ചേർക്കുക. അപ്പോൾ പിന്നെ, വീട്ടിൽ എല്ലാവർക്കും താമസിക്കാനുള്ള സൗകര്യവുമാകും. കുട്ടികളെ നോക്കാനായി സമയം ചിലവഴിക്കുകയും വേണ്ട. പിതാവുമൊത്തു നിങ്ങൾക്ക് കഴിയുകയുമാവാം."
ഫാദറിന്റെ പരിഹാരമാർഗം കേട്ട് അവർ കോപിഷ്ഠരായി. കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് ആ യുവാവ് ഫാദറിനുനേരെ ശബ്ദമുയർത്തി.
"എന്ത് എന്റെ മക്കളെ അനാഥാലയത്തിൽ ചേർക്കാമെന്നോ? ഇല്ല ഫാദർ അതൊരിക്കലും നടക്കില്ല." അവന്റെ ശബ്ദം വിറകൊണ്ടു.
"ഈ പിഞ്ചുകുഞ്ഞുങ്ങളെ അനാഥാലയത്തിൽ ചേർക്കണമെന്നുപറയാൻ ഫാദറിനെങ്ങനെ തോന്നി? വിവരം കൂടിയവർക്ക് എന്തും പറയാമെന്നാണോ? ഇതും പറഞ്ഞിവിടേയ്‌ക്ക് വന്ന ഞങ്ങളെ പറഞ്ഞമാതിയല്ലോ?" പറഞ്ഞുനിർത്തിയിട്ട് തന്റെ മക്കളെ ചേർത്തുപിടിച്ചു ആ യുവതി.
കോപിഷ്ഠരായി ജ്വലിച്ചുകൊണ്ടുനിന്ന ഇരുവരേയും സമാധാനിപ്പിച്ചുകൊണ്ട് ഏതാനം നിമിഷത്തിനുശേഷം ഒരു ചെറുപുഞ്ചിരിയോടെ ഫാദർ പറഞ്ഞു.
"എന്റെ അഭിപ്രായത്തെ അംഗീകരിക്കാൻ നിങ്ങൾക്ക് ആവുന്നില്ല. പക്ഷേ, നിങ്ങടെ പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴിയാണ് ഞാൻ പറഞ്ഞത്. ഇതല്ലാതെ വേറൊരു മാർഗം ഈ പ്രശ്ന പരിഹാരത്തിനില്ല"
"ജന്മം നൽകി വളർത്തി വലുതാക്കിയ പിതാവിനെ ജോലിത്തിരക്കിന്റേയും, വീട്ടിലെ അസൗകര്യങ്ങളുടേയും പേരുപറഞ്ഞുകൊണ്ട് അനാഥാലയത്തിൽ ഉപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ... ഇതേ അസൗകര്യങ്ങളും, ജോലിത്തിരക്കുകളുമെല്ലാം ഉണ്ടായിട്ടും സ്വന്തം കുഞ്ഞുങ്ങളെ അനാഥാലയത്തിൽ ഉപേക്ഷിക്കാൻ നിങ്ങൾ തയാറുമല്ല."
"അപ്പോൾ നിങ്ങടെ പ്രശ്നം വീട്ടിലെ അസൗകര്യമോ... ജോലിത്തിരക്കുകളോ ഒന്നുമല്ല. പ്രായമായ പിതാവിനെ എന്നന്നേക്കുമായി വീട്ടിൽ നിന്നും ഒഴിവാക്കണം. അതിനായി നിങ്ങൾ പലവിധ ന്യായങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. അത്രമാത്രം." ഒരു നിമിഷം നിർത്തിയിട്ട് ഫാദർ അവരുടെ മുഖത്തേക്ക് നോക്കി. ഇരുവരും നിശബ്ദരായി തലകുമ്പിട്ടു നിൽക്കുകയാണ്.
"ഒരുകാര്യം നിങ്ങൾ മറക്കരുത്. ഒരുകാലത്ത്, ഇത്രയൊന്നും സൗകര്യങ്ങളും സമ്പത്തുമൊന്നും ഇല്ലാതിരുന്ന കാലത്ത് വളരെ ബുദ്ധിമുട്ടിയും പട്ടിണികിടന്നും ത്യാഗം സഹിച്ചുമെല്ലാമാണ് മാതാപിതാക്കൾ നിങ്ങളെ ഓരോരുത്തരേയും വളർത്തി വലുതാക്കിയത്. അന്നൊന്നും നിങ്ങൾക്കുള്ളതുപോലുള്ള നല്ലവീടോ, ശമ്പളമുള്ള ജോലിയോ ഒന്നും ഉണ്ടായിരുന്നില്ല. എന്നുകരുതി ഒരു മാതാപിതാക്കളും അവരുടെ കുട്ടികളേയോ മാതാപിതാക്കളേയോ ഉപേക്ഷിക്കുകയോ കൊന്നുകളയുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അക്കാലത്ത് ഇതുപോലുള്ള അനാഥമന്ദിരങ്ങളും ഉണ്ടായിരുന്നില്ല."
"അതുകൊണ്ടാണ് ഞാൻ പറഞ്ഞത് സ്വന്തം മാതാപിതാക്കളെ അനാഥാലയത്തിൽ ഉപേക്ഷിക്കുന്നതിനോളം വലിയ തെറ്റല്ല സ്വന്തം കുട്ടികളെ അനാഥാലയത്തിൽ ഉപേക്ഷിക്കുന്നത്. ഇനി എന്തുവേണമെന്നു നിങ്ങൾക്ക് തീരുമാനിക്കാം." പറഞ്ഞുനിർത്തിയിട്ട് ഫാദർ മെല്ലെ എഴുന്നേറ്റ് വരാന്തയിലെ ചാരുബെഞ്ചിലിരുന്ന ആ പിതാവിന്റെ അരികിലേയ്ക്ക് നടന്നു.
ഏതാനം സമയം ആ ദമ്പതികൾ തലകുമ്പിട്ടുമിണ്ടാതിരുന്നു. തുടർന്ന് ഫാദറിന്റെ മുന്നിലേയ്ക്ക് ചെന്നുകൊണ്ട് പറഞ്ഞു.
"ഫാദർ ഞങ്ങളോട് ക്ഷമിക്കണം. ഞങ്ങൾക്ക് തെറ്റ് മനസ്സിലായി. ഇനി ഒരിക്കലും ഈ തെറ്റിന് ഞങ്ങൾ മുതിരില്ല." ഫാദറിനോട് യാത്രപറഞ്ഞുകൊണ്ട് പിതാവിനേയും കൂട്ടി അവർ കാറിൽകയറി.
ഈ സമയം കാറിലിരുന്നുകൊണ്ട് ആ വൃദ്ധപിതാവ് നന്ദിയോടെ ഫാദറിനെനോക്കി. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നത് ഫാദർ കണ്ടു. അത് നന്ദിയുടേയും കടപ്പാടിന്റേയും നിസ്സഹായതയുടേയുമെല്ലാം കണ്ണുനീരാണെന്നു ഫാദറിനുതോന്നി.
ഫാദർ പുഞ്ചിരിപൊഴിച്ചുകൊണ്ട് ആ പിതാവിനെനോക്കി കൈവീശിക്കാണിച്ചു. ആ നിമിഷം ഫാദറിന്റെ മിഴികളിൽനിന്നും ആനന്ദത്തിന്റെ ഏതാനും കണ്ണുനീർത്തുള്ളികൾ അടർന്നുവീണു.