ADVERTISEMENT

നഗരത്തിരക്കിലെ വഴിയോരത്തെ ചെറിയ ഒരു മരത്തിന്റെ തണലിൽ ആ അമ്മയെ കണ്ടപ്പോൾ അയാൾക്ക്‌ വലിയ ഒരു നൊമ്പരമായിരുന്നു അനുഭവപ്പെട്ടത്. അവരുടെ മുന്നിൽ  ഉള്ള ഒരു കൂടയിൽ രണ്ടു പൈനാപ്പിൾ, കുറച്ചു മാങ്ങകൾ,ഒന്നോ രണ്ടോ നാളികേരം ഒക്കെ ഉണ്ടായിരുന്നു. താഴെ  വിരിച്ചിട്ട ഒരു പുൽപായിൽ ഇരിന്നുകൊണ്ടവർ വരുന്നവരുടെയും പോകുന്നവരുടെയും മുഖത്തേക്ക് ആകാംഷയോടെ അതിലേറെ ദയനീയമായി നോക്കുന്നതു കണ്ടപ്പോൾ അയാൾ വല്ലാതൊരു വിഷമത്തോടെ മുഖം  തിരിച്ചു. 

 

അറുപതു വയസ്സായിക്കാണും. ഐശ്വര്യപൂർണ്ണമായ മുഖം കുടുംബത്തിലെ പ്രാരാബ്ധമാകാം അവരെ തെരുവിൽ എത്തിച്ചത് എന്നവൻ ഊഹിച്ചു. പതിവിനു വിപരീതമായികുറച്ചു നേരത്തെ വന്നതുകൊണ്ടാണ് അവനവിടെ പാർക്കിങ് കിട്ടിയത്. അതുകൊണ്ടു തന്നെയാണ്  അവിടെ ഒതുങ്ങിക്കൂടി ചില്ലറ സാധനങ്ങൾ വിൽക്കുന്ന ആ വയോധിക അവന്റെ കണ്ണിൽ പെട്ടതും. ബാങ്കിൽ നിന്നും ഇറങ്ങി വരുന്ന മണിക്കുട്ടിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളും ആ  അമ്മയെ ശ്രദ്ധിക്കുകയാണ് എന്ന് തോന്നി. കാറിൽ കയറുമ്പോൾ വിഷാദം നിറഞ്ഞ അവളുടെ മുഖം അവൻ ഒന്നുകൂടി ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു. 

 

‘എന്താ എന്തുപറ്റി ?’

 

‘ഹേയ് ഞാൻ കൂട്ടുകുടുംബ സംവിധാനത്തിലെ പൊയ്‌പ്പോയ മഹത്വത്തെക്കുറിച്ച് ഓർത്തുപോയതാണ്    . ഇന്ന് ഛിന്നഭിന്നമായികൊണ്ടിരിക്കുന്ന ആ സംവിധാനത്തിലെ അപചയത്തിന്റെ ഇരയാണ്  പച്ചക്കറി വിൽക്കുന്ന ഈ അമ്മ. കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി അവരുടെ മക്കളുടെ അക്കൗണ്ട് ഒക്കെ ഞാൻ ജോലി ചെയ്യുന്ന ഈ ബാങ്കിലാണ് ഇച്ചായാ അവരുടെ ബാങ്കു  ബാലൻസ് കണ്ടാൽ ഇച്ചായൻ ഉറപ്പായിട്ടും ഞെട്ടും.

 

അയാൾക്കതൊരു പുതിയ അറിവായിരുന്നു. ലാളനകൾ ഏൽക്കാൻ യോഗമില്ലാത്ത  തന്റെ   ബാല്യകാലം. ഡൊമിനിക് എന്ന മഹാനായ ആ മനുഷ്യൻ ഇല്ലായിരുന്നു എങ്കിൽ..? തന്റെ വളർച്ചയുടെ ഓരോ പടവുകളും  അദ്ദേഹം പടുത്തുയർത്തിതന്നതാണ്.     ജീവിതത്തിനുള്ളിൽ നല്ലതും ചീത്തയുമായ എത്രയോ അനുഭവങ്ങൾ. ആരോ  എന്നോ  എവിടെയോ.. ബോധപൂർവ്വമോ അല്ലാതെയോ  മറന്നു വച്ച  തന്റെ ബാല്യവും ഇന്ന് എവിടെയോ മറന്നുപോയ  തന്റെ കഴിഞ്ഞു പോയ ആ യാതനകളും എല്ലാം ഒരു നിമിഷം അവന്റെ മനസ്സിലേക്ക് ഓടി എത്തിയതുപോലെ...  

 

‘ഇച്ചായൻ എന്താ  ആലോചിക്കുന്നേ?’.  

 

‘ഒന്നുമില്ല നമ്മൾക്ക്   അങ്ങിനെ ഒരാൾ ഇല്ലാതെ പോയിഅല്ലേ ? ആ ലോചനയിലായിരുന്നു ഞാൻ’ 

   

 വണ്ടി മുന്നോട്ടു നീങ്ങവേ മണിക്കുട്ടി  ബാക്കി കാര്യങ്ങൾ കൂടി തുടർന്നു

 

‘അവർക്കു രണ്ടാണും രണ്ടു പെണ്ണും  ആണ് മക്കളായിട്ടുള്ളത്. മൂത്തമകൻ നഗരത്തിൽ ഒരു കോളേജിലെ അധ്യാപകനാണ്.  രണ്ടാമത്തവൻഎവിടെയോ  ബിസിനസ് ചെയ്യുകയാണ് എന്നാണറിവ്    പെൺകുട്ടികളിൽ മൂത്തവൾ ബംഗളൂരുവിലും അതിനു താഴെയുള്ളവൾ  അങ്ങ് വിദേശത്തും ആണ്’

 

 ഡ്രൈവിങ്ങിനിടയിൽ അവൾ പറയുന്നത് കേട്ട്  അയാൾ സ്വൽപം ആശ്വാസത്തോടെ പറഞ്ഞു.  

 

‘ഓഹോ അപ്പോൾ അവർക്ക് ഇവരോടൊപ്പം താമസിക്കാൻ കഴിയുന്നുണ്ടാവില്ല അല്ലെ?  ആ അമ്മ പഴയ  ഒരു രീതിയിൽ ജനിച്ചു വളർന്നുവന്നവർ അല്ലേ. പിന്നെ മക്കളും പേരക്കുട്ടികളും എല്ലാമായി നാട്ടുമ്പുറങ്ങളിലെപോലെ  കഴിഞ്ഞു എന്ന് വരില്ല. പരിമിതികൾ ഉണ്ടല്ലോ  മണിക്കുട്ടീ അതൊക്കെ ആവും കാരണങ്ങൾ പിന്നെ  പഴമയുടെ മണം  പുതുതലമുറക്ക് പിടിക്കില്ലല്ലോ’ 

 

 അവൾ തെല്ലുനേരം മൗനിയായിരുന്നതു ഭേദിക്കാനെന്നോണം അയാൾ ചോദിച്ചു 

 

‘അല്ല അപ്പോൾ അവരുടെ ഭർത്താവ്?’

 

‘മരിച്ചുപോയിഎട്ടുവർഷത്തോളം ആയിക്കാണും എന്നാണറിവ്’

 

‘ മരിക്കുന്നതിന് മുന്നേ അയാൾ സ്വത്തുക്കൾ എല്ലാം  നാലുമക്കൾക്കുമായി വീതിച്ചു നൽകിയിരുന്നു. ഇവർക്കായി നീക്കിവെച്ച ആ പഴയ വീട്  ഇവർക്ക് ശേഷം ഇളയമോൾക്കുള്ളതാണ് അതുകൊണ്ടു ഈ അമ്മയെ മറ്റു മക്കൾക്ക് ആർക്കും വേണ്ട’

 

‘അപ്പോൾ ഇളയവളോ അവർക്കു ഇവരെ നോക്കിക്കൂടെ. ഗൾഫിൽ അല്ലേ? ചിലവിനുള്ള പൈസ എങ്കിലും എത്തിക്കാമല്ലോ?’

 

‘‘ അവിടെയാണ് ഇച്ചായാ  പ്രശ്നം. കുറച്ചു വർഷങ്ങൾ ആയി  ആ സ്ത്രീ അവിടെ ജയിലിൽ ആണ് എന്നാണ് കേട്ടറിവ്. അവരുടെ ഭർത്താവിന് എന്തോ ഒരു ബിസിനസ് ഉണ്ടായിരുന്നു. അതിനു വലിയ ഒരു എമൗണ്ട് ലോൺ എടുത്തിരുന്നത് മുടങ്ങി പോയി ഈ സ്ത്രീയുടെ ജോബ് ഗ്യാരന്റിയിൽ ആയിരുന്നു അത്. മാന്ദ്യം വന്നപ്പോൾ  ജോലി നഷ്ട്ടപെട്ടു പൈസയടക്കാൻ നിവർത്തിയില്ലാതെ കേസായി അയാൾ അവിടെ നിന്നും മുങ്ങിയതോടെ   ഇവർ അകത്തും ആയി എന്നാണറിവ്.

 

‘എന്ത് ബിസിനസ് ആയിരുന്നു അവർക്കവിടെ’

 

‘ ഏതോ മാൻ പവർ സപ്ലൈ  കമ്പനി ആയിരുന്നു എന്ന് തോന്നുന്നു. അവരുടെ സപ്ലൈ കമ്പനിയിൽ  ജോലി ചെയ്തിരുന്ന അനേകം തൊഴിലാളികളെ കൂടി പട്ടിണിക്കിട്ടാണ് അയാൾ; മുങ്ങിയത്’

 

അവൾ പറഞ്ഞതുകേട്ട് അയാളൊന്നു ചിരിച്ചു.

 

‘ വിദേശത്തു മിക്കവാറും മാൻപവർ കമ്പനികൾ ഈ ഉടായിപ്പു കാണിക്കുന്നുണ്ട് എന്നാണ് എന്റെ അറിവ്. സ്‌പോൺസറിൽ നിന്നും ചാടിപ്പോയവരെ കൊണ്ടൊക്കെ പണി ചെയ്യിപ്പിച്ചുകൊണ്ട്  നാട്ടിൽ സൗധം കെട്ടിപ്പടുക്കുന്നവർ ആണവർ  അവസാനം   ഭക്ഷണവും ഒന്നും ഇല്ലാതെ നരകയാതന അനുഭവിക്കുന്ന തൊഴിലാളികളെ കുറിച്ച് ഞാനും കേട്ടിട്ടുണ്ട്’

 

മണിക്കുട്ടി സംശയത്തോടെ അവനെ ഒന്ന് നോക്കികൊണ്ട്‌ തുടർന്നു 

 

‘ ചിലപ്പോൾ ഇച്ചായൻ പറഞ്ഞപോലെ ആവാനും വഴിയുണ്ട്. എന്തായാലും കോടിക്കണക്കിനു രൂപയുണ്ടെങ്കിലേ അവർക്കിനി പുറത്തിറങ്ങാൻ കഴിയൂ എന്നാണ് ഞാൻ കേട്ടത്. അവരുടെ എൻ ആർ ഐ അക്കൗണ്ടിൽ   ഉണ്ടായിരുന്ന ഒരു കോടിയോളം രൂപ  കുറച്ചു വർഷങ്ങൾക്ക് മുൻപേ  ബിസിനസ് ആവശ്യത്തിനാണ് എന്ന് പറഞ്ഞു വലിച്ചിരുന്നു എന്ന് മാനേജർ പറഞ്ഞതുകേട്ടു. എന്തോ ഒരു പ്രോപ്പർട്ടി ലോണുമായി ഉള്ള പ്രശ്നത്തിന്റെ കാര്യം പറഞ്ഞു  മറ്റൊരു ബാങ്കില‌ മാനേജർ ഞങ്ങളുടെ ബാങ്കിൽ വന്നിരുന്നു അന്നേരം അവർ തമ്മിൽ സംസാരിച്ച വിഷയം ആണിത്’.

 

‘അപ്പോൾ ആ സ്ത്രീയെ  സഹോദരങ്ങളും കൈവിട്ടു അതിനിടയിൽ  ഈ പാവം അമ്മ  എന്ത്   ചെയ്യാനാ അല്ലെ ? എന്തൊക്കെയോ കുറച്ചു ദുരൂഹതകൾ ഉണ്ടല്ലോ മണിക്കുട്ടീ? എന്തായാലും   നീ വാ...നമ്മൾക്ക് ഒരു കോഫി കുടിച്ചു ബാക്കി സംസാരിക്കാം’ 

 

 അയാൾ അസ്വസ്ഥതയോടെ വണ്ടി ഓരം ചേർത്ത് നിർത്തി പറത്തിറങ്ങി. കൂടെ അവളും. നല്ല മാർക്കോടെ എൻജിനീയറിങ് കഴിഞ്ഞു പട്ടണത്തിലെ ഒരു പ്രൈവറ്റ് കമ്പനിയിലെ ഉദ്യോഗസ്ഥനായി മാറിയപ്പോൾ അയാൾ  ആദ്യത്തെ ശമ്പളം തന്നെ താൻ  വളർന്ന അനാഥാലയത്തിലെ കുട്ടികൾക്കായി ഭക്ഷണവും ഉടുപ്പും പഠന സാമഗ്രികൾക്കുമായി ഫാദർ ഡൊമൈക്കിനെ ഏൽപ്പിക്കുകയായിരുന്നു .

 

‘നിന്നെ പോലുള്ള അഞ്ചുപേർ മതി മോനെ അഞ്ഞൂറ് പേർക്ക് ഇതുപോലെ ഉന്നതിയിൽ എത്താൻ  കഴിയും അതിനുള്ള മനസ്സു പലർക്കും ഇല്ലാതെപോയി നിനക്ക് എന്നും നല്ലതു വരട്ടെ’

 

ഫാദറിന്റെ കണ്ണിൽ നിന്നും വീണ കണ്ണുനീർ അവന്റെ കണ്ണിലും ഓളങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമായിരുന്നു 

 

‘ഫാദർ ഞാൻ ജീവിച്ചിരിക്കുവോളം അങ്ങയെ മറക്കില്ല ഇവിടവും മറക്കില്ല. ഇന്നത്തെ ഞാൻ എന്തോ അത് അങ്ങ് തന്നന്നതാണ് ഇവിടെ നിന്നും നേടിയതാണ്’

 

അന്ന് ഫാദറെ  കണ്ടു  തിരിച്ചിറങ്ങാൻ നേരമാണ് ആദ്യമായി  മണികുട്ടിയെക്കണ്ടത്. അവളും  ഫാദറിന് കീഴിലുള്ള   മറ്റൊരു അനാഥാലയത്തിലെ അന്തേവാസിയായിരുന്ന   അവളും തന്നെപോലെ തന്നെ   സന്തോഷപൂർവം ആദ്യശമ്പളം ഫാദറിനെ  ഏൽപിക്കാൻ വന്നതായിരുന്നു. ആ കണ്ടുമുട്ടൽ മറ്റൊരു പ്രതീക്ഷയിലേക്കുള്ള പ്രയാണത്തിലേക്കു അയാൾ അറിയാതെ ചെന്നെത്തുവാൻ കാരണാമായി. ഫാദർ ഡൊമിനിക് തന്നെ  അവരെ  ചേർത്തുവച്ചു. ഒരേ പോലെ വളർന്നവർ ഒരേ ചിന്തകളും ഒരേ വ്യക്തിത്വവും  അവരുടെ ജീവിതം സ്വർഗീയമാക്കി കഴിഞ്ഞിരുന്നു. അയാൾ   മണികുട്ടിയെ നോക്കി കൊണ്ട് പറഞ്ഞു.  

 

‘ എനിക്ക് ഫാദറെ ഒന്ന് കാണണംന്നു തോന്നുന്നു മണിക്കുട്ടീ നമ്മൾക്കൊന്നു പോയാലോ ?’

 

‘പോകാം.. ശമ്പളം കിട്ടിയിട്ട് ഇച്ചായനോട്  പറയാം എന്നാണ് കരുതിയത് ഒന്നാം  തീയതി ആവുന്നല്ലേ ഉള്ളൂ’

  

‘നമുക്ക് എന്റെ ശമ്പളത്തിൽ നിന്നും നിന്റെ വകകൂടി കൊടുക്കാം. ഫാദറെക്കണ്ട്  ഒന്ന്  സംസാരിക്കാതെ ഒരു സുഖമില്ല. നീ പറഞ്ഞ ആ ജയിലിൽ കിടക്കുന്ന അവരുടെ കാര്യം കൂടി ഒന്ന് സൂചിപ്പിക്കാം. ഫിനാൻഷ്യലായി ഒന്നും ചെയ്യാൻ കഴിയില്ല എങ്കിലും അദ്ദേഹത്തിന്റെ പിടിപാടിൽ എന്തെങ്കിലും നടന്നാലോ..? നിന്റെ കയ്യിൽ അവരുടെ ഗൾഫിലെ അഡ്ഡ്രസ്സോ മറ്റോ ഉണ്ടോ’ 

 

അവൾ തെല്ലുനേരം ആലോചിച്ചിട്ട് പറഞ്ഞു. 

 

‘ വേണമെങ്കിൽ അതിപ്പോൾ തന്നെ ഞാൻ എടുക്കാം മാനേജർ പോയിട്ടുണ്ടാവില്ല  എൻ ആർ ഐ അക്കൗണ്ടിൽ കൃത്യമായ അഡ്രസ് ഉണ്ട് അവരുടെ വീടിന്റെ അഡ്രസുമുണ്ട്’

 

അവൻ ഉടൻ പറഞ്ഞു

 

‘എങ്കിൽ ഒന്ന് എടുക്കൂ നമ്മൾക്കീ വിഷയം ഫാദറിനോട് ഇന്നുതന്നെ  ഒന്ന് സൂചിപ്പിക്കുകയും ചെയ്യാം’    

           

ഫാദർ ഡൊമിനിക് അവർ പറയുന്നത് ശ്രദ്ധയോടെ കേട്ട് തലയാട്ടികൊണ്ടു പറഞ്ഞു 

 

‘ അവരെ നമ്മുടെ സഭയുടെ കീഴിലുള്ള ഏതെങ്കിലും അനാഥാലയത്തിൽ ആക്കാവുന്നതേ ഉള്ളൂ പക്ഷേ പ്രശനം അവിടം കൊണ്ട് തീരുന്നില്ലല്ലോ കുഞ്ഞേ..?’ 

 

 അയാൾ ഒരു ഞെട്ടലോടെ ഫാദർ ഡൊമിനിക്കിനെ ഒന്നു നോക്കി 

 

‘ഹേയ് അവരെ ഒരു അനാഥയായി കാണാൻ കഴിയില്ല ഫാദർ’

 

‘എങ്കിൽ കുഞ്ഞുങ്ങൾക്ക് അവരെ ഏറ്റെടുക്കാമല്ലോ. പക്ഷേ നല്ലോണം ആലോചിട്ടുവേണം ഒരു തീരുമാനം എടുക്കാൻ പ്രത്യേകിച്ച് മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന ആളാവുമ്പോൾ’

 

‘ഞാൻ ആരാണ് ഫാദർ ? കൈക്കുഞ്ഞായി എന്നെ ആരോ ഇവിടെ ഏൽപ്പിച്ചപ്പോൾ എനിക്കെന്തു മതമായിരുന്നു.  അതെല്ലാം എന്നിൽ പിന്നീട് ചാർത്തപ്പെട്ടതല്ലേ അതെനിക്ക് വിഷമമുള്ള കാര്യമല്ല !’

 

‘പറഞ്ഞുവന്നത് അതല്ല കുഞ്ഞേ.  ഇതെല്ലാം  ഇപ്പോൾ ആളുകൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന സംഭവമായി മാറിയിട്ടുണ്ട്. പിന്നെ അവരുടെ സ്വത്തിനുവേണ്ടിയാണ് കുഞ്ഞിതെല്ലാം ചെയ്യുന്നത് എന്ന് മറ്റുള്ളവർ പറയാനിടവരും അതൊക്കെ സൂക്ഷിക്കണം എന്ന ഞാൻ പറഞ്ഞത്’

 

 കൂട്ടത്തിൽ ഒന്നോ രണ്ടോ പേര് ഉണ്ടാവാം ദയയും മനസ്സാക്ഷിയും മരവിക്കാത്തവർ. ബാലൻസ് ചെയ്യുന്ന  ലോകമാണിത് ഫാദർ..! എനിക്ക് ആരെയും   പേടിയില്ല.

 

‘ഫാദർ വികാരാധീനനായി അവനെ ഒന്ന് സൂക്ഷിച്ചുനോക്കി’

 

‘ അപ്പോൾ ഇനി മറ്റുകാര്യത്തിലേക്കു കടക്കാം നോക്ക് കുഞ്ഞേ ഇവിടെ നിന്നും പോയവരിൽ പലരും ഉന്നതിയിൽ ഉണ്ടെങ്കിലും ഞാൻ അവരുടെ മുന്നിലും  കൈനീട്ടാറില്ല എന്നറിയാമല്ലോ. ഇക്കാലമത്രയും എന്റെ കുഞ്ഞുങ്ങളെ പോറ്റാൻ എനിക്ക് ആരുടെ മുന്നിലും കൈ നീട്ടേണ്ടിയും  വന്നിട്ടില്ല. നിങ്ങളെ  പോലെ നല്ലമനസ്സുള്ളവർ ലോകത്തിൽ ഉള്ളിടത്തോളം അതിനൊരു മുട്ടണ്ടാവില്ല. കർത്താവു അതിനുള്ള ഇടവരുത്തില്ല അത്രമാത്രം നിങ്ങൾക്ക് വാരിക്കോരി തന്നുകൊണ്ടിരിക്കും. നിങ്ങളിലൂടെ അത്  അനേകം അനാഥർക്കു പങ്കുവക്കാനായി കർത്താവു എന്നെപ്പോലെ ചിലരെ നിയോഗിക്കുന്നു എല്ലാം  അവിടുത്തെ കൃപ’

 

സംസാരത്തിനിടക്ക് ഫാദർ കുശിനിക്കാരനെ വിളിച്ചു  അവർക്കു രണ്ടുപേർക്കും ഓരോ  ചായ കുടിക്കാൻ ഉള്ള ഏർപ്പാട് ചെയ്തു ശേഷം തുടർന്നു.

  

‘കുഞ്ഞേ... നന്മയുള്ളവരുടെ നേരായ മാർഗ്ഗത്തിലെ പൈസകൊണ്ട് മാത്രമേ ഞാൻ ഇവിടെയുള്ള കുഞ്ഞുങ്ങൾക്ക് അറിവ് പകരൂ.. അതിനേ നേരും നെറിയും  ഉണ്ടാവൂ. പക്ഷേ സാമ്പത്തികമായി സഹായം ചെയ്യാൻ കഴിയാത്ത ചിലർക്ക് മറ്റുരീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ പ്രതീക്ഷ കൈവിടണ്ട  ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ’

 

 അന്ന് രാത്രി അയാൾ ഉറങ്ങിയതേ ഇല്ല ..അനാഥത്വത്തിന്റെ ഭീകരരൂപം മാത്രമായിരുന്നു അയാളുടെ മനസ്സിൽ. എല്ലാം ഉണ്ടായിട്ടും  ആ അമ്മയുടെ മുഖത്തെ നിഷ്കളങ്കമായ ആകാംഷാനിറഞ്ഞ മുഖം.!  ആ മരത്തിന്റെ തണലത്തുനിന്നു തന്റെ കൂടയിലെ സാധനങ്ങൾ വാങ്ങാൻ ആരെങ്കിലും ഉണ്ടോ എന്നുള്ള   ആകാംഷ നിറഞ്ഞ നോട്ടം  അതെല്ലാം അവനെ വല്ലാതെ നൊമ്പരപ്പെടുത്തി. ഇടക്കെഴുന്നേറ്റ മണിക്കുട്ടി ഉറക്കപ്പിച്ചിൽ എന്നോണം  ഒരു മുന്നറിയിപ്പും കൂടാതെ അവനോടു ചോദിച്ചു.

 

‘ആ അമ്മയെ നമ്മൾക്കിങ് കൊണ്ടുവന്നാലോ.? നമ്മുടെ അമ്മയായിട്ട്’

 

അവൻ അന്ധാളിച്ചുപോയി. പറയാൻ വാക്കുകൾ കിട്ടാതെ വിമ്മിഷ്ടപെടുന്ന അവനെ ഒന്ന് നോക്കി അവൾ വീണ്ടും പുതപ്പിനിടയിലേക്കു ഊളിയിട്ടു. പിറ്റേ ദിവസം നാലുമണിയാവാൻ അവൻ കാത്തിരുന്നു. ഓഫീസിൽ നിന്നും നേരെ പോയത്  മണിക്കുട്ടി ജോലി ചെയ്യുന്ന ആ ബാങ്കിന് മുന്നിലേക്കായിരുന്നു. ആ അമ്മ അവിടെ തന്നെ ഇരിപ്പുണ്ട് അവൻ സാവധാനം കാർ ഒതുക്കി നിർത്തി അങ്ങോട്ട് നടന്നു.അവന്റെ വരവ് കണ്ടതും  അവർ അവനെ ആകാംഷാപൂർവം ദയനീയമായി ഒന്ന് നോക്കി.

 

‘അമ്മേ എന്തൊക്കെ ഉണ്ട് ഇന്ന് കൂടയിൽ’

 

അവന്റെ അമ്മേ വിളി അവരെ മറ്റൊരു തലത്തിലേക്ക് എത്തിച്ചപോലെ തോന്നി ആ കണ്ണുകൾ ഈറനണിയുന്നതുകണ്ടവൻ മുഖം തിരിച്ചു. അവർ ഒന്നും മിണ്ടാതെ അടച്ചു വച്ച കാർബോർഡ് മാറ്റി .അതിൽ നിറയെ മാമ്പഴങ്ങൾ ആയിരുന്നു.

 

‘അമ്മക്ക് ഇതിനു എന്ത് വിലതരണം’

 

അവരുടെ മുഖം ആർദ്രമാകുന്നത് കണ്ട് അവൻ മെല്ലെ അവർക്കുമുന്നിൽ ഇരുന്നു. 

 

‘നൂറുരൂപ തന്നാൽ മതി മോൻ ഇതെല്ലം കൊണ്ടുപൊക്കോളൂ’

 

ചുരുങ്ങിയത് ഒരു പത്തുകിലോ എങ്കിലും കാണും കിലോ ഇരുപത്തി അഞ്ചു രൂപ യെങ്കിലും മാർക്കറ്റ് വിലയുള്ളപ്പോൾ ഇവർ എന്തിനാണിത് പത്തുരൂപക്കു വിൽക്കുന്നത് അവൻ അവരോടു മെല്ലെ ചോദിച്ചു.

 

‘നൂറുരൂപക്കു ഇത്രയും തന്നാൽ അമ്മക്ക് നഷ്ടമാവില്ലേ..?’

 

‘ ഇത് ഞാൻ വച്ച മാവിൽ ഉണ്ടായ മാമ്പഴങ്ങൾ ആണ് എന്റെ മക്കൾക്ക് ഒന്നും വേണ്ട യോഗമുള്ളവർ വേറെയും ഉണ്ടല്ലോ ദാ മോനെ പോലെ. എന്നാലും ഇത്രയധിയകം വേണ്ട അമ്മേ അമ്മക്കിതു വിറ്റാൽ ഒരു അഞ്ഞൂറ് രൂപയെങ്കിലും കിട്ടും അതുകൊണ്ടു അമ്മ നഷ്ടത്തിൽ വിൽക്കേണ്ട ഞാൻ വില തന്നേക്കാം’

 

 ഒട്ടും പ്രതീക്ഷിക്കാതെ അവരുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നതു  കണ്ടു അവൻ വല്ലാതായി. ഇടറുന്ന ശബ്ദത്തോടെ അവർ പറഞ്ഞു.

 

‘ എനിക്ക്എല്ലാം നഷ്ടപെടുകയാ മോനെ ഒന്നും ബാക്കിയുണ്ടാവില്ല. അതുകൊണ്ടു മോൻ ഒരു നൂറു രൂപ തന്നു ഇത് കൊണ്ടുപോയ്‌ക്കോളൂ. എനിക്ക് നേരത്തെ വീട്ടിൽ എത്തി വല്ലതും ഉണ്ടാക്കി കഴിച്ചു കിടന്നുറങ്ങാലോ.’

 

അവൻ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു മണിക്കുട്ടി കൂടി വരട്ടെ ഇന്നു ഇവരുടെ കൂടെ ആ വീട്ടിൽ പോണം.

 

‘ എന്റെ ഭാര്യകൂടി വന്നോട്ടെ എന്നിട്ടു അമ്മയെ ഞങ്ങൾ അമ്മയുടെ വീട്ടിൽ കൊണ്ടുപോയി ആക്കാം ഈ മാമ്പഴങ്ങൾ മുഴുവനും ഞാൻ എടുക്കുന്നു’. തെല്ല് ആഹ്ലാദത്തോടെ അവർ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു എന്നിട്ടു സാവധാനം പറഞ്ഞു.

 

‘ആ നൂറുരൂപ തന്നാൽ എനിക്ക് കടയിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങാമായിരുന്നു’

 

അവൻ പേഴ്‌സ് എടുത്തു അതിൽ നിന്നും  അഞ്ഞൂറുരൂപയുടെ ഒരു നോട്ടെടുത്തു ആ കയ്യിൽ കൊടുത്തു. 

 

‘അമ്മ തൽക്കാലം ഇത് വെച്ചോളൂ എന്നിട്ടു സാധനങ്ങൾ വാങ്ങിക്ക് അപ്പോഴേക്കും എന്റെ ഭാര്യവരും അമ്മയെ വീട്ടിലാക്കിയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ’

 

അവർ ഒന്നും പറയാതെ തലതാഴ്ത്തി. ആ കൂട മുന്നിലേക്ക് നീക്കി വച്ചുകൊടുത്തു അവൻ അതെടുത്തു മെല്ലെ കാറ് ലക്ഷ്യമാക്കി നടക്കവേ മണിക്കുട്ടി വന്നു അത് പിടിക്കാൻ സഹായിച്ചു.

 

‘ ഓ അപ്പോൾ ആ അമ്മയെ സഹായിക്കാൻ തന്നെ തീരുമാനിച്ചു അല്ലേ ..അവരുടെ കയ്യിൽ നിന്നും ദിവസവും നമ്മൾക്കിതുപോലെ എന്തെങ്കിലും ഒക്കെ വാങ്ങാം അല്ലെ ഇച്ചായാ?’

 

അയാൾ അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു.

 

‘ അപ്പോൾ ഇന്നലെ നീ പറഞ്ഞു അവരെ വീട്ടിലേക്കു കൊണ്ടുവന്നാലോ എന്ന് അത് മറന്നോ.?’

അവൾ അത്ഭുതത്തോടെ അവനെ നോക്കി.

 

‘ഞാൻ പറഞ്ഞോ ? എപ്പോൾ.?  എന്നാൽ കൂട്ടിക്കളയാം പക്ഷേ എനിക്കോർമ്മയില്ല’

 

 അവൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.

 

അവർ അതുകൊണ്ടുപോയി വണ്ടിയിൽ വെച്ച് തിരിച്ചു ഖാദറിന്റെ കടയിൽ ചെന്നപ്പോൾ അവർ സാധങ്ങൾ എല്ലാം എടുത്തു സഞ്ചിയിൽ നിറക്കുകയായിരുന്നു.  മണിക്കുട്ടി കൂടി സഹായത്തിനു ഒപ്പം കൂടിയതോടെ സംഗതി വളരെ വേഗത്തിൽ ആയി. ശേഷം അവരെയും  കൂട്ടി കാറിൽ കയറി. അവർ ചൂണ്ടിക്കാണിച്ച വഴിയിലൂടെ വണ്ടി മുന്നോട്ടു നീങ്ങി. മൂകതക്ക് വിരാമമിടാൻ എന്നോണം അവൻ സംസാരം തുടങ്ങാൻ തീരുമാനിച്ചുകൊണ്ട് മണികുട്ടിയെ നോക്കി.

 

‘അമ്മയുടെ മക്കൾ എല്ലാം എന്ത് ചെയ്യുന്നു?’

 

‘ അവരെല്ലാം മരിച്ചുപോയിഎന്ന് വിശ്വസിക്കാൻ ഞാൻ പാടുപെടുകയാണ്  മോനെ.!  അവരെ എനിക്ക് എന്തിഷ്ടമാണെന്നോ. പക്ഷേ അവർക്കാർക്കും എന്നെ വേണ്ട  ഭർത്താവ് മരിച്ചുപോയതോടെ എല്ലാം തീർന്നു  എല്ലാം’

 

‘ വീടുഭാഗം വച്ച് എല്ലാവർക്കും വേണ്ടതുകിട്ടിയപ്പോൾ എന്നെ ആർക്കും വേണ്ടാതായി’

 

‘അല്ല അമ്മയുടെ ഒരു മകൾ വിദേശത്തല്ലേ അങ്ങിനെ പറഞ്ഞുകേട്ടു’

 

അവരുടെ മുഖം വല്ലാതെ വിളറിവെളുത്തപോലെ ആയിരിക്കുന്നത് അവൻ കണ്ണാടിയിലൂടെ ശ്രദ്ധിച്ചു.

 

‘നാലഞ്ചു വർഷമായി ഒരു വിവരവും ഇല്ല മോനെ. എവിടെയാണ്, അവൾക്കെന്തു പറ്റി എന്നുപോലും അറിയില്ല. ആരും പറയുന്നതും ഇല്ല. അറിയാൻ ഞാൻ പല വാതിലുകൾ മുട്ടി ഒന്നും തുറന്നില്ല ഇതുവരെ. തറവാട് എന്റെ കാലശേഷം  അവൾക്കായിരുന്നു  വിദേശത്തു എന്തോ ആവശ്യം ഉണ്ട് എന്നുപറഞ്ഞു അവളതു എന്നേ എന്റെ കയ്യിൽ നിന്നും എഴുതിവാങ്ങി ബാങ്കിൽനിന്നും ലോൺ എടുത്തിരുന്നു.

 

അടച്ചുതീർക്കേണ്ട കാലാവധികഴിഞ്ഞു ഒരുകൊല്ലായി കുറച്ചുനാളുകൾ ആയി ആരൊക്കെയോ വരുകയോ അളക്കുകയോ ഒക്കെ ചെയ്യുന്നു ബാങ്കു ലേലത്തിന് വെക്കാൻ പോണു  എന്നോ ആരൊക്കെയോ വാങ്ങുന്നു എന്നോ ഒക്കെ കേൾക്കുന്നുഎനിക്കൊന്നും അറിയില്ല മോനെ ആരും ഒന്നും പറയുന്നില്ല എനിക്കതു നഷ്ടപെടുന്ന ദിവസം ഞാൻ അവിടെത്തന്നെ കിടന്നുമരിക്കും’

 

 

അവരുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നതുകണ്ടു മണിക്കുട്ടി അവനെ നോക്കി നിർത്താൻ ആംഗ്യം കാണിച്ചു 

 

‘ മറ്റുള്ള മക്കൾ അമ്മ എങ്ങനെ കഴിയുന്നു എന്നുപോലും തിരക്കി വരാറില്ല. അവരുടെ ഭാഗത്തുള്ള പറമ്പിലോട്ടു കയറാൻ പോലും അനുവാദമില്ല എന്റെ ദുർവിധി. മകൾക്കായി കൊടുത്ത തറവാട്ട് സ്ഥലത്തുള്ള വകയിൽ നിന്നും  വീണുകിട്ടുന്നതു വല്ലതും പെറുക്കിവിറ്റുകൊണ്ടിതുവരെ കഴിഞ്ഞു. എന്റെ കർമ്മഫലം അല്ലാതെ എന്തുപറയാൻ’

 

അവർ കണ്ണുപൊത്തി കരയുകയായിരുന്നു. ദിവസങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്ന വിഷമങ്ങൾ ആവും അവ അണപൊട്ടി ഒഴുകി പോകട്ടെ എന്ന് അവനും കരുതി പിന്നീട് ഒന്നും സംസാരിച്ചില്ല.  

 

ഗ്രാമത്തനിമയാർന്ന ഒരു ഇടവഴിയിലൂടെ വണ്ടി മുന്നോട്ടു നീങ്ങവേ തെങ്ങും മാവും കവുങ്ങും തിങ്ങിനിറഞ്ഞ മരങ്ങൾക്കു നടുവിൽ തലയുയർത്തിനിൽക്കുന്ന പ്രതാപത്തോടെയുള്ള ഓടുമേഞ്ഞ  ഒരു ഇരുനില വീട് കാണിച്ചുകൊണ്ടവർ പറഞ്ഞു 

 

‘മോനെ ഇതാണ് വീട് ഇപ്പോൾ  ഇതിൽ നിന്നും എനിക്കൊന്നും എടുത്തുപയോഗിക്കാൻ പാടില്ല എന്നാണ് ബാങ്കിൽ നിന്നും കിട്ടിയ ഉത്തരവ്. ആരും കാണാതെയാ ഞാൻ ആ മാമ്പഴങ്ങൾ പറിച്ചത്‌. വരൂ ഒരു ചായയുണ്ടാക്കിത്തരാം ഇത്രദൂരം വന്നതല്ലേ’

 

‘ഇല്ലമ്മേ നാളെ ആവട്ടെ അമ്മയുടെ വീടൊന്നു കാണണം എന്നേ ഉണ്ടായിരുന്നുള്ളൂ’

 

അവർ മനസ്സില്ല മനസ്സോടെ കാറിൽ നിന്നും പുറത്തിറങ്ങി അയാൾ ഇറങ്ങാതെ മണികുട്ടിയെ കണ്ണുകാണിച്ചു വാങ്ങിയതെല്ലാം  ഇറക്കി വെക്കാൻ മണിക്കുട്ടി കൂടി സഹായിച്ചു.

 

‘ എന്തായാലും മക്കൾ ഇറങ്ങൂ ഒരു ഗ്ളാസ് ചായ ഈ അമ്മയുടെ കൈകൊണ്ടു ഇന്ന് കുടിച്ചിട്ടേ പോകാവൂ ..നാളെ ആരുകണ്ടു.. വരൂ '' 

 

അവർ വല്ലാതെ നിർബന്ധം പിടിച്ചതുകൊണ്ടയാളും പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു. പ്രതാപമുള്ള ഒരു തറവാട് ഒരു ജീവിതകാലം മുഴുവൻ മക്കളെ പോറ്റിയ അവർക്കു മക്കൾ കൊടുക്കുന്ന സമ്മാനം.!   അതാണീ നഷ്ടം ..പാവം ! 

 

അടുത്തൊന്നും വീടുകൾ ഇല്ല പക്ഷേ വീടുനിൽക്കുന്ന പറമ്പ് പല കഷണങ്ങൾ ആയി അതിർത്തി തിരിച്ചു കമ്പിവേലി കെട്ടി ഇട്ടിരിക്കുന്നു വീടിനോടു ചേർന്നുള്ള സ്ഥലവും മറ്റും  വെറുതെ ഒന്ന് നടന്നുകണ്ടതിനു ശേഷം അയാൾ പൂമുഖത്തുവന്നു ഇരുന്നുകൊണ്ട് ചുറ്റും ഒന്നുകണ്ണോടിച്ചു  അപ്പോഴാണ്. പൂമുഖത്തെ ചുമരിൽ പതിച്ച ഒരു ജപ്തി നോട്ടീസ്  അയാളുടെ ദൃഷ്ടിയിൽ പെട്ടത് അയാൾ ചാടി എഴുന്നേറ്റു അത് വായിച്ചെടുത്തു.

 

തീയതിപ്രകാരം മറ്റന്നാൾ ആണ് ജപ്തി. അയാൾ  ചുമരിൽ നിന്നും അത് പറിച്ചെടുത്തു കയ്യിൽ പിടിച്ചു കൊണ്ട് മെല്ലെ കാറിനടുത്തേക്ക് നടന്നു. ഫാദർ ഡൊമിനിക്കിനെ വിളിക്കുകയായിരുന്നു ലക്‌ഷ്യം. ഒറ്റ റിങ് അടിച്ചതും ഫാദർ ഫോൺ എടുത്തു.

 

‘ കുഞ്ഞേ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു ഇന്നലെ നീ പറഞ്ഞ കാര്യം ഞാൻ അന്വേഷിച്ചു.ആ സ്ത്രീ  കുറച്ചു ദിവസം അവിടെ  ജയിലിൽ കിടന്നിട്ടുണ്ട്  ആ കേസെല്ലാം  എംബസി ഇടപെട്ടു  വർഷങ്ങള്ക്കു മുന്നേ  തീർന്നതാണല്ലോ’  

 

അയാൾക്കതു വിശ്ശ്വസിക്കാൻ പ്രയാസമായി തോന്നി .

 

‘ഫാദർ എല്ലാം കൃത്യമായി അറിഞ്ഞോ.? സംഗതി സത്യമാണോ ?’

 

‘എംബസിയിൽ നിന്നെപ്പോലെ ഒരുത്തൻ ഉണ്ട്. അവനാണ് പറഞ്ഞത് നൂറു ശതമാനം വിശ്വസിക്കാം’

 

അവരുടെ ഭർത്താവവിടെ ഏതോ ഒരു  ബാങ്കിനെ കബളിപ്പിച്ചു നല്ലൊരു പൈസയും കൊണ്ട് ആദ്യം കാനഡയിലേക്ക് മുങ്ങി എന്നാ പറഞ്ഞത്. അതിന്റെ പേരിൽ ജാമ്യക്കാരിയായ ആസ്ത്രീയെ കുറച്ചുകാലം ജയിലിലിട്ടു. പിന്നീട് ചില സംഘടനകളോ എംബസിയോ ഒക്കെ ഇടപെട്ടു ആസ്ത്രീയെ പുറത്തിറക്കി. അതിന്റെ തുടർകഥയെന്നോണം നാട്ടിലെ പ്രോപ്പർട്ടി ബാങ്കിൽ വെച്ച് കിട്ടുന്നപണം കൊണ്ട് അവളും പോയി. അവർക്കിനി ഗൾഫിൽ കാലുകുത്താൻ പറ്റില്ല ഇതുകഴിഞ്ഞിട്ടിപ്പോൾ കൊല്ലം നാലഞ്ചായി.

 

 അവന്റെ മനസ്സിലൂടെ ആയിരം ചിന്തകൾ കെട്ടഴിഞ്ഞു സ്വതന്ത്രമായി ഓടി തുടങ്ങിയിരുന്നു. ഇപ്പോൾ എല്ലാ കാര്യത്തിനും ഒരു വ്യക്തത വന്നുകഴിഞ്ഞിരിക്കുന്നു.ഈ പാവം അമ്മയുടെ മകൾ കൂടി അവരെ വഞ്ചിച്ചിരിക്കുന്നു! ഇനി മണികുട്ടിയോടു കാര്യം പറഞ്ഞു ഇന്ന് തന്നെ ഈ അമ്മയെ ഇവിടെ നിന്നും കൂട്ടണം പക്ഷെ ഏതാനും നേരത്തെ മാത്രം പരിചയമുള്ള വരോടൊപ്പം  അവർ വരുമോ..?  

 

ആ അമ്മയും മണികുട്ടിയും കൂടി ചായയും കടയിൽ നിന്നും വാങ്ങിയ കഴിക്കാനുള്ള  എന്തോ സാധങ്ങളും കൂടി കൊണ്ടുവരുന്നതുകണ്ടയാൾ കാറിനടുത്തുനിന്നും മെല്ലെ  അങ്ങോട്ട് ചെന്ന് ആ തിണ്ണയിൽ ഇരുന്നു.

 

പാവം അമ്മ അവർക്കു ഒന്നും അറിയാൻ വയ്യ ഒരു പക്ഷെ ഈ ജപ്തി നോട്ടീസുപോലും കണ്ടു കാണില്ല അതോ കണ്ടിട്ടും ഒന്നും ചെയ്യാനില്ലാത്തതുകൊണ്ടു കണ്ടതായി ഭവിക്കാത്തതാണോ.?

 

 നിർവികാരമായ ഒരു ശാന്തതയോടെ കയ്യിലുണ്ടായിരുന്ന സാധനം വെച്ച് അവർ അകത്തേക്കുപോയ തക്കം നോക്കി   അയാൾ മണികുട്ടിയോടു കാര്യങ്ങൾ മുഴുവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

 

 മണിക്കുട്ടി തെല്ലു പരിഭ്രമത്തോടെ അവനടുക്കലേക്കു ഒന്നുകൂടി നീങ്ങി നിന്നുകൊണ്ടു പതുക്കെ പറഞ്ഞു.

  

ഈ അമ്മക്ക് വീട് ജപ്തിയായതും അവരുടെ മകൾ ഇനി തിരിച്ചുവരാൻ സാധ്യതയില്ല എന്നും മറ്റുമക്കൾ ഒരിക്കലും അവർക്കരികിലേക്കു വരില്ല എന്നെല്ലാം  അറിയാമെന്നു തോന്നുന്നു ഇച്ചായാ.  കാരണം അവർ ഇന്ന് വാങ്ങിയ സാധങ്ങളുടെ കൂടെ രണ്ടു പാക്കറ്റ് എലിവിഷം ഉണ്ടായിരുന്നു ഇതാ അത്. മണിക്കുട്ടി തോൾ ബാഗിൽ നിന്നും അതെടുത്തുകൊണ്ട് അവനു നേരെ നീട്ടി വിങ്ങിപ്പൊട്ടി.

 

‘ഈ  അമ്മ മരിക്കും..! അവർ ആത്മഹത്യചെയ്യും   ഇന്നതിന് കഴിഞ്ഞില്ല എങ്കിൽ നാളെ അവർ അത് ചെയ്തിരിക്കും അവരുടെ മുഖത്തെ ആ ശാന്തത കണ്ടോ അത് അപകടമാണ്

 .നമ്മൾക്കവരെ കൊണ്ടുപോകാം ഇച്ചായാ ..പ്ലീസ് ..!’

 

 മനസ്സും ശരീരവും ഒരുപോലെ ആയിരുന്ന അവരുടെ ചിന്തകൾ ഒരിക്കലും വിഭിന്നമായിരുന്നില്ല.

കയ്യിൽ ഉണ്ടായിരുന്ന ചായ തിണ്ണയിൽ വെച്ച് അവർ രണ്ടുപേരും കൂടി  ഒരുമിച്ചകത്തേക്കുകയറി സാവകാശം അടുക്കളയിലേക്കു നടന്നു മണികുട്ടിയെ കണ്ടതും അവർ ആകാംഷയോടെ ചോദിച്ചു.

 

 ''മോള് സാധനങ്ങൾ എടുത്തുവാക്കുമ്പോൾ ഇതിൽ ഒരു പൊതി ഉണ്ടായിരുന്നത് കണ്ടുവോ''

 

മണിക്കുട്ടി അയാളെ ഒന്നു നോക്കി ശേഷം ആ അമ്മയുടെ മുഖത്തു  സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു  !  

 

‘ആ ..രണ്ടു എലിവിഷത്തിന്റെ പാക്കറ്റ് അല്ലെ ?   ഞാനതെടുത്തു വെച്ചിട്ടുണ്ട് അല്ല.. അമ്മക്കിതിപ്പോൾ എന്തിനാ എലിവിഷം ? ഈ വീട് മറ്റന്നാൾ ജപ്തിയാവാൻ പോകുവല്ലേ ഇവിടെ നിന്നും ഇറങ്ങാൻ പോകുമ്പോൾ എന്തിനാ  അവയെ കൂടി കൊന്നിട്ട് ആ പാപം കൂടി ഈ അമ്മ ഏറ്റെടുക്കുന്നേ ?’

 അവർ കാണെ കാണെ നിന്ന് കിതച്ചുകൊണ്ട് രണ്ടുപേരെയും മാറി മാറി നോക്കി അവസാനം അതൊരു വലിയ പൊട്ടിക്കരച്ചിലായി മാറി. മണിക്കുട്ടി വേഗം ചെന്ന് അവരെ കെട്ടിപിടിച്ചു കൊണ്ട് ഗാഢ ഗാഢം പുണർന്നു ഒപ്പം അയാളും. 

 

‘അമ്മയുടെ ഈ രണ്ടു കുട്ടികൾ ഇന്ന്  ജീവിച്ചിരിപ്പുണ്ട് ഉടുത്ത തുണിയില്ലാതെ ഒന്നും ഇവിടെ നിന്നും എടുക്കേണ്ട  അമ്മ വരൂ..! ’

 

അവർ രണ്ടുപേരും കൂടി അവരെ പിടിവിടാതെ ആ കാറിനരികിലേക്കു കൂട്ടിക്കൊണ്ടുവന്നു. അതിന്റെ വാതിൽ തുറന്ന് അതിനകത്തിരുത്തി ഒപ്പം മണികുട്ടിയും ആ അമ്മയുടെ കൂടെ പിന്നിൽ കയറിയിരുന്നു.അതുകണ്ട് അയാൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു 

 

‘മണിക്കുട്ടീ നിന്റെ മാത്രം അല്ല എന്റെകൂടി അമ്മയാണത് അതു നിനക്കോർമ്മവേണം’

 

അതുകേട്ട് ആ അമ്മയൊന്നു ചിരിച്ചു..  കണ്ണീരിൽ കുതിർന്ന സന്തോഷമുള്ള പുഞ്ചിരി..!   

 

English Summary : Madhuramee Mathruthwam - Short Story By Hari Vadassery

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com