ADVERTISEMENT

ഇരതേടുന്നവർ (കഥ)

സഹകരണ ബാങ്കിൽ നിന്നും എടുത്ത ലോണിന്റെ പലിശ അടക്കുവാൻ പ്രാകി കൊണ്ട്, തലേന്ന് ഭാര്യ അയൽക്കൂട്ടത്തിൽ നിന്നും കടമെടുത്തു തന്ന മുഷിഞ്ഞ നോട്ടുകൾ കൈയിൽ ഇരുന്നു വിറങ്ങലിക്കുമ്പോളാണ് ടൈയും കോട്ടും സൂട്ടുമിട്ടു ഏതാനും പേര് മുറ്റത്തെത്തിയത്. വരാന്തയിൽ കിടന്ന ഒരു കാലൊടിഞ്ഞ ബെഞ്ചിൽ ഇരുന്നു അംബാനിയുടെയും ജെഫ് ബെസോസിന്റെയും പുതിയ ബംഗ്ലാവിനെ കുറിച്ചാണ് വന്നവർ സംസാരിച്ചു തുടങ്ങിയത്. ഇപ്പറഞ്ഞവരൊക്കെ ആരാണെന്നറിയാതെ അന്ധാളിച്ചു നിന്ന അയാളോട് അവർ ചോദിച്ചു.

 

‘‘ഇങ്ങനെയൊക്കെ മതിയോ ഒരു കോടീശ്വരൻ ആകണ്ടേ ...’’-

 

അങ്ങനെ ചോദിച്ചാൽ ആരെങ്കിലും വേണ്ടെന്നു പറയുമോ. അയാളോട് ലോക സാമ്പത്തിക സ്ഥിതിഗതികളുടെ ചലന ഗതികളെക്കുറിച്ചും പുതിയ വ്യാപാര ക്രയ വിക്രയ സാധ്യതയെക്കുറിച്ചും ഇടതടവില്ലാതെ അവർ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. ഒപ്പം ഇരുനൂറു പേജുള്ള നോട്ട് ബുക്കിന്റെ താളുകളിൽ ഇടത്തോട്ടും വലത്തോട്ടുമുള്ള കാലുകളുടെ ചിത്രങ്ങളും നിറഞ്ഞു കൊണ്ടിരുന്നു. ഓരോ കാലുകളും ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും സംഖ്യകളായി പെരുകി അയാളുടെ മനക്കോട്ടയുടെ അടിത്തറ പാകി. നോട്ട് ബുക്കിലെ കാലുകളിൽ അനേകം തുകകൾ വന്നടിഞ്ഞു കൂടുന്നത് മാത്രം അയാൾ കണ്ടു.

 

ചോർന്നൊലിക്കുന്ന കൂരയ്ക്ക് പകരം പടുകൂറ്റൻ വീടുയർന്നു വന്നു, പിന്നെ ടീവി, ഫ്രിഡ്ജ്, വാഷിംഗ്മെഷീൻ, മുറ്റത്തു വിലകൂടിയ കാർ. അയാൾ ഇടിഞ്ഞു വീഴാറായ അരഭിത്തിയിൽ അള്ളിപ്പിടിച്ചിരുന്നു സ്വപ്ന രഥത്തിലൂടെ യാത്രയായി. മുടക്കു മുതലാകട്ടെ ചെറിയ സംഖ്യയും. പിന്നെ ഒട്ടുമാലോചിച്ചില്ല. 

 

പലിശ അടക്കാൻ വെച്ചിരുന്ന തുക, കോട്ടിട്ട ആളുടെ ഇടത്തെ കാലായി അലിഞ്ഞുചേരാൻ അധികസമയമെടുത്തില്ല. കണ്മുന്നിൽ നിന്നും വന്നവർ മറഞ്ഞപ്പോൾ വരും നാളുകളിൽ വന്നു ചേരുന്ന വലിയ തുകകളോർത്തു അടക്കാനാവാത്ത സന്തോഷത്തിൽ നിറമുള്ള ദിവാസ്വപ്നത്തിൽ അയാൾ ചേക്കേറുമ്പോൾ കഴുത്തിൽ ടൈ കെട്ടിയവർ അടുത്ത ഇരയെ കുരുക്കുന്ന തിരക്കിലായിരുന്നു.

 

English Summary: Writers Blog - Irathedunnavar, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com