ദയവായി, ജീവിക്കാൻ പാടുപെടുന്നവനെ പണംകാട്ടി പറ്റിക്കരുതേ...
Mail This Article
കടപ്പാലം താണ്ടുന്നവർ (കഥ)
വരവും ചിലവും കൂട്ടിമുട്ടിയ്ക്കുന്ന കടപ്പാലത്തിന് ബലക്ഷയം വന്നതോടെ അയാൾ ബസ്സിലെ വരവും പോക്കും അവസാനിപ്പിച്ച് ഇരുപതുരൂപ ലാഭിക്കാനായി നടത്തം തുടങ്ങി. കോവിഡ് കാലത്ത് ആവശ്യങ്ങളുടേയും പരാധീനതകളുടേയും എണ്ണം കൂടിക്കൂടി വരികയാണ്. ട്യൂഷൻഫീസ് ഇന്നും അടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസ്സിനിരിക്കില്ലെന്നാണ് മകന്റെ ഭീഷണി. വായ മൂടിക്കെട്ടി മാസ്ക് വെച്ചിരിക്കുന്നതിനാൽ അയാൾ പിറുപിറുത്തുകൊണ്ട് നടക്കുന്നത് ആരും അറിഞ്ഞില്ല.
സാമൂഹിക അകലം പാലിച്ചിരുന്ന് ബസ്സിൽ യാത്ര ചെയ്യുന്നവരെ അയാൾ അസൂയയോടെ നോക്കി. കോവിഡിന് മുമ്പുള്ള തിക്കിത്തിരക്കിയുള്ള ബസ്സുയാത്രയാണ് അയാളുടെ ഓർമ്മയിൽ വന്നത്. നടന്നു പോകുന്നതിനാൽ ബസ്സിനു പൈസ കൊടുക്കേണ്ട, ആരോഗ്യം കൂടും, പ്രകൃതിഭംഗിയും ആസ്വദിക്കാം! ബസ്സുയാത്രയെന്ന കയ്പ്പേറിയ മുന്തിരി ആ ടാറിട്ട റോഡിലേക്ക് തുപ്പിക്കളഞ്ഞ്, അയാൾ മിഷൻ കോർട്ടേഴ്സിൻ്റെ കോൺക്രീറ്റു ചെയ്ത ഇടവഴിയിലേക്ക് കടന്നു.
കുറച്ചു ദൂരക്കൂടുതലുണ്ടെങ്കിലും അധികം തിരക്കില്ലാത്ത ആ വഴിയിൽ വണ്ടികളിടിയ്ക്കുമെന്ന ഭയമില്ലാതെ അയാൾ നടന്നു. നടത്തത്തിന്റെ വേഗം കുറച്ചൊന്നു കൂട്ടിക്കൊണ്ട് അയാൾ മനസ്സിൽ പറഞ്ഞു:
‘‘ഈ വേഗത്തിൽ നടന്നാൽ അഞ്ചരയോടെ വീട്ടിലെത്താം. എത്തിയ ഉടനെ ഓടിനുമേലെ ടാർപായ വലിച്ചുകെട്ടണം. ചോർച്ച തടയാൻ അതല്ലാതെ ഇപ്പോൾ വേറെ മാർഗ്ഗമില്ല. വൈകുന്നേരത്തോടെ ആ പണി തീർന്നില്ലെങ്കിൽ മഴ വന്നാൽ ചുമരുമുഴുവൻ ഇനിയും കുതിരും. രണ്ടായിരം രൂപയെങ്കിലും കയ്യിലില്ലാതെ ആശാരിപ്പണി നടക്കില്ല.’’
എത്ര ഞെക്കിത്തുറിപ്പിച്ചാലും ഏഴായിരമുള്ള മാസശമ്പളത്തിൽനിന്നും രണ്ടായിരം രൂപ മാറ്റിവെയ്ക്കാൻ പറ്റില്ലെന്ന് അയാൾക്കുറപ്പായിരുന്നു.
ചിന്തിച്ചുകൊണ്ട് നടക്കവെ, പെട്ടെന്നാണ് കുറച്ചു മുൻപിലായി രണ്ടായിരത്തിന്റെ പുത്തനൊരു നോട്ട് റോഡിൽ കിടക്കുന്നത് അയാൾ കണ്ടത്. ഉള്ളിലൊരാന്തലോടെ ആരെങ്കിലും അടുത്തുണ്ടോ എന്നറിയാൻ അയാൾ ചുറ്റിലും കണ്ണോടിച്ചു. രണ്ടുമൂന്നാളുകൾ കുറച്ചകലെയായി സംസാരിച്ചുകൊണ്ട് നിൽക്കുന്നതല്ലാതെ ആ വഴിയിൽ വേറെ ആരുമുണ്ടായിരുന്നില്ല. അയാൾ ആ രണ്ടായിരത്തിന്റെ നോട്ട് കുനിഞ്ഞെടുക്കുവാൻനേരം ചെറിയൊരു കാറ്റിൽ അത് കുറച്ച് മുമ്പിലേക്ക് പറന്നു പോയി.
ആരും തൊട്ടടുത്തില്ലാത്തതിനാൽ വേവലാതിപ്പെടാതെ അയാൾ രണ്ടടി മുന്നോട്ട് വെച്ച് അതെടുക്കുവാനായി വീണ്ടും കുനിഞ്ഞു. കൈപ്പിടിയിലെത്തും മുൻപേ നശിച്ചകാറ്റ് വീണ്ടും! ഇപ്പോഴത് കുറച്ചുകൂടി മുന്നിലേക്ക് പറന്നുപോയി.
ഇനി അതെങ്ങാനും കാനയിൽ വീണാലോ എന്ന ആധിയോടെ അയാൾ ഇത്തവണ ഓടിയാണ് അതെത്തിപ്പിടിക്കാൻ ശ്രമിച്ചത്. എന്നാൽ അയാൾ അവിടെയെത്തും മുൻപേ അത് വീണ്ടും മുന്നിലേക്ക് പറന്നു. ഇപ്പോഴത് മുൻപ് കണ്ട ആളുകളുടെ അടുത്തുവരെ എത്തിയിട്ടുണ്ട്. അവരെ ശ്രദ്ധിക്കാതെ അയാൾ വീണ്ടും ഓടിച്ചെന്ന് ആ രണ്ടായിരത്തിന്റെ നോട്ട് കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു. അയാളത് കുനിഞ്ഞെടുത്ത് നിവരുമ്പോഴേക്കും അവിടെ നിന്നിരുന്നവർ അയാളുടെ അടുത്തെത്തിയിരുന്നു. അയാളുടെ കയ്യിൽ നിന്നും ആ രണ്ടായിരത്തിന്റെ നോട്ടുവാങ്ങി തൊട്ടപ്പുറത്തു കിടക്കുന്ന ഒരു വാനിലേക്ക് കൈചൂണ്ടി അതിലൊരാൾ ചിരിച്ചുകൊണ്ട് പറഞ്ഞു:
‘‘സാറെ, ‘ചെറുകിട പറ്റിപ്പ്’ എന്ന ടിവി പരമ്പരയുടെ ഭാഗമായുള്ള ഫോട്ടോ ഷൂട്ടാണിത്. സാറ് വിഷമിക്കേണ്ട, പലവിധ സമ്മാനങ്ങളാണ് സാറിനെ കാത്തിരിക്കുന്നത്.’’
അവർ അയാൾക്ക് ഒരു ഷൂ പോളിഷ്, കാറിന്റെ ഗ്ലാസ്സ് തുടയ്ക്കുവാനുള്ള ഷാംപൂ, കാറിനുവേണ്ട ഒരു വിൻഡ് ഷീൽഡ്, പിന്നെ കുളിക്കാനുള്ള ഒരു സോപ്പ് എന്നിവ നൽകി. അയാളുടെ കൈകളിലേക്കിവ നൽകുമ്പോൾ ഓരോ വട്ടവും വാനിലെ ക്യാമറയിലേക്ക് നോക്കി ചിരിക്കുവാൻ അവർ പറയുന്നുണ്ടായിരുന്നു.
തനിക്കൊട്ടും ആവശ്യമില്ലാത്ത സാധനങ്ങൾ സമ്മാനമായി കിട്ടുമ്പോഴും ഇളിഭ്യനായി അയാൾ ക്യാമറനോക്കി ചിരിച്ചു. പിന്നെ, അവർ തന്ന സോപ്പിട്ട് എത്ര കുളിച്ചാലും തിരിച്ചു കിട്ടാത്ത മാനത്തിന്റെ വിലയായി ആ രണ്ടായിരം രൂപയെങ്കിലും അവർക്ക് തന്നുകൂടെ എന്നൊരു ചെറിയ ആഗ്രഹത്തോടെ അവിടെനിന്നും നടന്നുനീങ്ങി.
നഷ്ടബോധത്തിന്റെയും, പറ്റിക്കപ്പെടലിന്റേയും വിങ്ങലോടെ കുറച്ചുദൂരം നടന്ന് തിരിഞ്ഞുനോക്കിയപ്പോൾ ക്യാമറയിലേക്കുനോക്കി കളിയാക്കി ചിരിച്ചുകൊണ്ട് നടന്നരംഗം തമാശയോടെ വിവരിക്കുന്നവരെയാണ് അയാൾ കണ്ടത്. അയാൾ മെല്ലെ തിരിച്ചുനടന്ന് അതിലൊരുവന്റെ അടുത്തെത്തിയതും അവന്റെ മുഖത്ത് കൈപ്പത്തികൊണ്ട് ആഞ്ഞടിച്ചതും വളരെ പെട്ടെന്നായിരുന്നു. അയാളെ പിടിച്ചു മാറ്റാൻ വന്ന മറ്റൊരുവനെ തള്ളിമാറ്റി അയാൾ വാനിലേക്ക് ഓടിക്കയറി ക്യാമറ പിടിച്ചുവലിച്ച് താഴെയിട്ടു. അയാളുടെ അടുത്ത ചെയ്തിക്കുമുന്നേ മറ്റുള്ളവർ ഓടിയെത്തി അയാളെ കീഴ്പ്പെടുത്തിക്കഴിഞ്ഞിരുന്നു.
വായിലൂടെ ഒഴുകിവരുന്ന ചോര തുടച്ച്, അവർ കൊടുത്ത സമ്മാനങ്ങൾ വഴിയിൽ ചിതറിക്കിടക്കുന്നത് നിസംഗതയോടെ നോക്കി അയാൾ നടത്തം തുടർന്നു; കടപ്പാലം കടക്കാനുള്ള പുതിയ വഴികൾ തേടി.
English Summary: Kadappalam Thandunnavar, Malayalam short story