‘മഴയെ എന്തിനാണ് അവർ ഭയക്കുന്നത്?’
Mail This Article
ഓർമകളുടെ മഴ (കഥ)
അകലെനിന്നും, മഴയുടെ ആരവം കനക്കുകയാണ്. തെക്കേപ്പുറത്തെ ജനാലകൾ തുറന്ന് അയാൾ പാടത്തേക്ക് നോക്കി. അതേ.. മാനം ഇരുളുന്നു, മഴക്ക് മുന്നേയുള്ള തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട്. മഴക്കോള് കൊള്ളുന്ന ആകാശത്തിന്റെ വശ്യത ആയാൾ അങ്ങനെ നോക്കിനിന്നു. ഇരുണ്ട ആകാശവും.. കാറ്റിൽ ആടിയുലയുന്ന മാമരച്ചില്ലകളും, ഒരു ചിത്രകാരന്റെ ക്യാൻവാസിലെ സൃഷ്ടിപോലെ മനോഹരം ആയിരുന്നു..
മഴ വീണുതുടങ്ങി.. പാടത്തു മേഞ്ഞുകൊണ്ടിരുന്ന കാലികൾ കരയുന്നു. തകൃതിയായി നടന്നുകൊണ്ടിരുന്ന കളി പാതിക്ക് ഉപേക്ഷിച്ചു വരമ്പത്തേക്ക് ഓടുന്ന കുട്ടികളുടെ ബഹളവും അതിനൊപ്പം കേൾക്കാം..
‘എന്തിനാണ് അവർ ഓടുന്നത്?’
‘മഴയെ എന്തിനാണ് ഭയക്കുന്നത്?’
ഇരുട്ട് പരന്ന തെക്കേപ്പുറത്തെ മുറിയുടെ ജനാലക്കരികിൽ നിന്നുകൊണ്ട് പാടത്തേക്ക് നോക്കി തന്നോട് തന്നെ അയാൾ സംസാരിച്ചു... കുട്ടികൾ എന്തൊക്കയോ പറയുന്നുണ്ട്..
‘‘എന്തൊരു മഴയാ ഇത്... നശിച്ച മഴ!’’
ഇതെല്ലാം ശ്രദ്ധിച്ച് അയാൾ അവിടെത്തന്നെ നിന്നു.
മഴ കനക്കുകയാണ്. ഓടിൻപുറത്ത് പതിക്കുന്ന മഴത്തുള്ളികൾ ഒരു വെള്ളച്ചാട്ടം പോലെ താഴേക്ക് കുതിക്കുകയാണ്.. കാറ്റിൽ തെറിച്ചുവീണ തൂവാനങ്ങൾ, രോമവൃതമായ അയാളുടെ കൈകളെ മഴത്തുള്ളികൾക്കൊണ്ട് മോടിപിടിപ്പിച്ചു. തണുക്കുന്നുണ്ടെങ്കിലും ജനാലകൾ അടക്കാൻ അയാൾ തുനിഞ്ഞില്ല.
മാറിമറിയുന്ന മഴയുടെ ഭാവങ്ങൾ അയാൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.. മഴ അയാൾക്ക് ഓർമ്മകൾ ആണ്.. കുട്ടിക്കാലത്തെ ഓർമ്മകൾ! മഴയിൽ ഉയർന്ന മണ്ണിന്റെ മണം, തന്റെ ഓർമകൾക്ക് വ്യക്തത നൽകി. പള്ളിക്കൂടം വിട്ട് വരുമ്പോൾ മഴ പെയ്തതും വാഴയിലതണ്ട് കടിച്ച് മുറിച്ച് ഇല കുടയാക്കിയതും കൂട്ടുകാരുമൊത്ത് പെരുമഴയത്ത് തൊടിയിൽ കളിച്ചതും.. തല്ലു വാങ്ങിയതും മഴനനയുന്ന പുഴയുടെ ഭംഗി കാണാൻ കൊതിച്ചതും കുഞ്ഞുനാളിൽ ഇടി കുടുങ്ങുന്ന മഴയിൽ അമ്മയോടൊപ്പം ചുരുണ്ടുകൂടി ഇരുന്നതും അമ്മ ചുട്ടുകൊടുത്ത കശുമാങ്ങയുടെ മണവും രുചിയും എല്ലാം അയാൾ ഓർത്തു.. അയാളുടെ മനസ്സ് അമ്മയെ തിരഞ്ഞു...
ഇന്ന് അമ്മ ഇല്ല.. അമ്മയുടെ കരുതൽ ഇല്ല.. അമ്മയുടെ വിളികൾ ഇല്ല.. അയാൾ മാത്രം.
അയാളുടെ കണ്ണു നിറഞ്ഞു. തെറിച്ചുവീണ ഒരു തൂവാനത്തുള്ളിക്കൊപ്പം ആ കണ്ണുനീർ താഴെ പതിച്ചു. അയാൾ ജനാലകൾ അടച്ചു.. തിരികെ നടന്നു. ഉമ്മറപ്പടിയിലെ ചാരുകസേരയിൽ ഇരുന്നു ദൂരേക്കു നോക്കുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
English Summary: Ormakalude mazha, Malayalam short story