ADVERTISEMENT

പരിചയം (കഥ)

‘‘ എന്ത് പറ്റി ഗിരിയേട്ടാ ആകെ ഒരു ബേജാറായി ഇരിക്കണത്?’’

‘‘ഒന്നൂല്ലടാ !’’

പിന്നെയും ആ ഇരിപ്പ് തന്നെ, ചോദ്യം ഞാൻ വീണ്ടും ആവർത്തിച്ചു.

‘‘നിന്നോട് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലൊ ഇവിടത്തെ കാര്യങ്ങളൊക്കെ നിനക്കറിയാലോ, ഇനി എന്താ ചെയ്യാന്ന് ആലോചിച്ച് ഇരുന്ന് പോയതാ, വേറെ കുഴപ്പമൊന്നുമില്ല’’

 

‘ഗിരിയേട്ടൻ’ പ്രവാസത്തിന്റെ സിൽവർ ജൂബിലിയുടെ അടുത്തെത്താറായി. നാട്ടിൽ ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് പ്രവാസ ലോകത്തേക്ക് വിമാനം കയറിയത്. തൊണ്ണൂറ്റിയാറിന്റെ തുടക്കത്തിൽ സലാല എന്ന കൊച്ചു പട്ടണത്തിലേക്ക് ഭാഗ്യം തേടി വന്നവരുടെ കൂട്ടത്തിൽ പച്ച പിടിക്കാതെ പോയ ചുരുക്കം ചില ഹതഭാഗ്യരിൽ ഒരുവനാണ് മേൽപ്പറഞ്ഞ ആൾ.

ഞാൻ ആളെ പരിചയപ്പെട്ടിട്ട്  വെറും പത്തു കൊല്ലമേ ആയിട്ടുള്ളൂ. തുടക്കത്തിൽ വളരെ കഷ്ടപ്പാടു നിറഞ്ഞ ജോലിയൊക്കെ ആയിരുന്നു. ഒപ്പം തുച്ഛമായ ശമ്പളവും. ഇന്ന് ജോലിയിലെ കഷ്ടപ്പാടിന് കുറച്ച് അയവു വന്നെങ്കിലും ശമ്പളം ഇപ്പോഴും പഴയപടി തന്നെ. ഇരുപത്തി നാലു കൊല്ലം കൊണ്ട് എഴുപത്തിയഞ്ച് റിയാൽ വർദ്ധിച്ച് നൂറ്റിയറുപത്തിയഞ്ച് റിയാലായി ! അത് തന്നെ വൻ വർദ്ധനവായിട്ടാണ് മൂപ്പരുടെ കമ്പനി നടത്തിപ്പുകാർക്ക് തോന്നുന്നത്.

 

ജോലി സമയം കഴിഞ്ഞാൽ റൂമിനുള്ളിൽ കഴിയാനാണ് കക്ഷിക്ക് താൽപ്പര്യം. മാസത്തിൽ ഒരു തവണ മാത്രം ടൗണിലേക്ക് പോകും, അതും കിട്ടിയ ശമ്പളത്തിന്റെ ഭൂരിഭാഗവും നാട്ടിലേക്ക് അയക്കാൻ വേണ്ടിയും. കയ്യിലെ കാശു കൊടുത്ത് ഒരു കാലി ചായ പോലും വാങ്ങിക്കുടിക്കില്ല. ആകെ ഉള്ള ആർഭാടം നല്ല മത്തി ദിവസവും വാങ്ങി കറി വച്ച് മൂന്നു നേരവും അരിയാഹാരം കഴിക്കലാണ്.

പുറത്ത് അധികം പോകില്ലെങ്കിലും ഈ നഗരത്തിലെ ഒട്ടുമിക്ക ആളുകൾക്കും ഗിരിയേട്ടനെ പരിചയമാണ്. കഠിനാധ്വാനിയും, സത്യസന്ധനും, കൃത്യനിഷ്ഠയുമുള്ള ഗിരിയേട്ടനെ കമ്പനിയിലെ എല്ലാവർക്കും വലിയ കാര്യമാണ്. മാസവരുമാനം ഭൂരിഭാഗവും കൃത്യമായി എല്ലാ മാസവും നാട്ടിലേക്ക് അയച്ചിരുന്ന മൂപ്പർക്ക് ഭാവി നീക്കിയിരുപ്പ് എന്നത് ആരോഗ്യമുള്ള സ്വന്തം ശരീരം മാത്രമായിരുന്നു.

 

എല്ലായിടത്തെപ്പോലെയും ഗിരിയേട്ടൻ ജോലി ചെയ്യുന്ന സ്ഥാപനവും കൊറോണ പ്രതിസന്ധി ഘട്ടത്തിൽ ആളെ കുറക്കലും, ശമ്പളം വെട്ടിച്ചുരുക്കലും, ഓവർടൈം ഇല്ലാതെ പണിയെടുപ്പിക്കലും തുടങ്ങി ജോലിക്കാരെ ഊറ്റി സ്ഥാപനം നടത്തിക്കൊണ്ടുപോകാനുള്ള എല്ലാ വിധ കലാപരിപാടികളും തകൃതിയായി നടത്താൻ തുടങ്ങി. ഇത്രയും കാലം കുംടുംബമൊക്കെ ഉപേക്ഷിച്ച് ഇവിടെ പിടിച്ചു നിന്ന ഒരേ ഒരു കാരണം തുച്ഛമാണെങ്കിലും മാസാവസാനം സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ശമ്പളം മാത്രമാണ്, അതിന് ഇനി ഒരു കുറവു വരുമോ എന്ന ആശങ്കയാണ് ഗിരിയേട്ടനെ തളർത്തിക്കളഞ്ഞത്.

 

പ്രതീക്ഷിച്ച പോലെ മറ്റുള്ളവരുടെ കൂട്ടത്തിൽ ഗിരിയേട്ടന്റെയും ശമ്പളം അൻപത് റിയാൽ വെട്ടിക്കുറച്ച് നൂറ്റി ഇരുപത്തി അഞ്ചാക്കി. തന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചെങ്കിലും ഉള്ള ശമ്പളത്തിൽ നിന്നു മുഴുവൻ തുകയും നാട്ടിലേക്ക് അയക്കാൻ തുടങ്ങി. കുറച്ചു മാസങ്ങൾ എങ്ങിനെയൊക്കെയൊ തന്റെ ചിലവുകൾ മുണ്ടു മുറുക്കി നടത്തിയിട്ടും നാട്ടിൽ നിന്നും മുറുമുറുപ്പിന് ഒരു കുറവുമില്ല. അയക്കുന്ന പൈസ മതിയാകാത്ത വിവരങ്ങൾ കൃത്യമായി ഭാര്യ യശോദ അറിയിച്ചു കൊണ്ടേയിരുന്നു.

 

‘‘വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലേക്ക് വാ നമുക്ക് ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കാം’’

‘‘ഓ വേണ്ട മോനെ, ചെറിയ ഒരു ക്ലീനിംഗ് പണി അവധി ദിവസം കിട്ടിയിട്ടുണ്ട് മൂന്നോ നാലോ റിയാൽ കിട്ടണതാണ് അത് കളയണ്ടല്ലോ, എന്നോട് വിഷമം തോന്നല്ലേ’’

 

ഒരു ദിവസമെങ്കിലും നല്ല ഭക്ഷണം എന്നെ കൊണ്ട് കൊടുക്കാൻ കഴിയുമല്ലോ എന്ന് ഓർത്താണ് മൂപ്പരെ വീട്ടിലേക്ക് വിളിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഗിരിയേട്ടന്റെ റൂമിൽ ചെന്നു നോക്കുമ്പോൾ റൂം പൂട്ടിക്കിടക്കുകയാണ്. കിട്ടിയ പണി കഴിഞ്ഞ് ആളെത്തിയിട്ടില്ല. ഫോണിലേക്ക് ഒന്ന് വിളിച്ച് നോക്കി. ബെൽ അടിക്കുന്നുണ്ട്. എടുക്കുന്നില്ല.

‘‘ഹലോ എന്താ മോനെ’’

രണ്ടാമത്തെ കാൾ ഗിരിയേട്ടൻ എടുത്തു.

‘‘ ഞാൻ ക്ലീനിംഗ് പണിയിലാണ്, ഇന്നലെ പറഞ്ഞിരുന്നില്ലെ’’

‘‘ഉവ്വ് ഞാൻ നിങ്ങടെ റൂമിന്റെ മുന്നിലാണ്, ഒരു പൊതി വാതിൽ പിടിയിൽ തൂക്കി വെച്ചിട്ടുണ്ട്. കുറച്ച് ബിരിയാണി ആണ് രാത്രി കഴിച്ചോളൂ’’

‘‘ആയിക്കോട്ടെ മോനെ, ഞാൻ ഉച്ചക്ക് വെരാത്തത് അനക്ക് വെഷമായില്ലേ’’

‘‘ഏയ് അതൊന്നുമില്ല. ഇങ്ങളിത് വന്നിട്ട് എടുത്ത് കഴിച്ചോളി’’

കൂടുതൽ ഒന്നും പറയാൻ നിന്നില്ല.

 

ശമ്പളം വെട്ടിക്കുറച്ചെങ്കിലും ഈ അമ്പത്തഞ്ചാം വയസ്സിൽ നാട്ടിൽ ഒരു ജോലി കിട്ടാൻ പ്രയാസമായത് കൊണ്ട്, കഷ്ടിച്ച് അരിച്ച് ഉള്ളത് കൊണ്ട് നാട്ടിൽ അയച്ചും ഗിരിയേട്ടൻ പിടിച്ചു നിന്നു. അയക്കുന്ന പൈസ ഒന്നിനും തികയുന്നില്ല എന്ന പരാതി കൂടി വരാൻ തുടങ്ങി. എന്നിട്ടും ഗിരിയേട്ടൻ തന്റെ ജീവിതം ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു. കൊറോണ വർഷം കടന്നു പുതിയ വർഷം എത്തിയപ്പോൾ ഇടിത്തീ പോലെ ആ വാർത്ത ഗിരിയേട്ടനെ വീണ്ടും തളർത്തി. 

വർഷാദ്യം പിരിച്ച് വിടുന്ന മൂന്നു പേരിൽ ഒരാൾ താനാണ്!

 

മനസ്സില്ലാ മനസ്സോടെ ആ തീരുമാനത്തെ ഗിരിയേട്ടൻ അംഗീകരിക്കേണ്ടി വന്നു. ഇരുപത്തഞ്ചാം വർഷം പൂർത്തികരിച്ച തനിക്ക് കമ്പനിയിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല എന്ന വാർത്ത ആ പാവത്തിനെ വല്ലാതെ ഉലച്ചു കളഞ്ഞു.

‘‘ടിക്കറ്റ് മാത്രം കിട്ടുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്, എന്ത് ചെയ്യുമെന്ന് അറിയില്ല മോനേ!’’

വിവരം അറിഞ്ഞ് കാണാൻ ചെന്ന എന്റെ മുഖത്തേക്ക് നോക്കാതെ നിറഞ്ഞ കണ്ണുകളോടെ ആ പാവം പറഞ്ഞൊപ്പിച്ചു.

 

‘‘ നാട്ടിലേക്ക് പോകുമ്പോ ഇപ്പോൾ മൂന്നാല് ടെസ്റ്റ് ഒക്കെ ആക്കിയില്ലെ ഗിരിയേട്ടാ?’’

‘‘ഉവ്വ്, അറിയാം’’

‘‘അപ്പോ എന്താ ചെയ്ക?’’

കൂടുതൽ ഒന്നും മറുപടി പറയാതെ ഗിരിയേട്ടൻ റൂമിനകത്തേക്ക് പോയി.

‘‘എടീ ഞാൻ അടുത്ത മാസം നാട്ടിലേക്ക് വരുവാണ്. ജോലി പോയി, ഇനി ഇവിടെ നിക്കാൻ പറ്റില്ല ‘‘

കുറച്ച് നേരത്തേക്ക് അകത്തുനിന്നും ശബ്ദമൊന്നുമില്ല.

നീണ്ട ഒരു നിശബ്ദതക്ക് ശേഷം

‘‘ ശരി’’

ഈ ഒരു വാക്ക് മാത്രം കേട്ടു അകത്തു നിന്നും!

‘‘ആരാ ഫോണിൽ?’’

വിളറി വെളുത്ത്, വിയർത്ത മുഖവുമായി പുറത്തേക്കു വന്ന ഗിരിയോട്ടനോട് ചോദിച്ചതും ഒരു പൊട്ടിക്കരച്ചിലാണ് ഞാൻ കണ്ടത്.

‘‘നിങ്ങൾ കരയാതെ കാര്യം പറ’’

അടക്കിവെച്ച സങ്കടം അറിയാതെ അണ പൊട്ടിയൊഴുകിയത് പിടിച്ചു നിർത്താൻ ഏറെ പണിപ്പെട്ടു ആ പാവം

‘‘ ഞാൻ വീട്ടിലേക്ക് വിളിച്ചതാണ്. ജോലി പോയി തിരിച്ച് വരുവാണ് എന്ന് പറയാൻ. പക്ഷേ!’’

‘‘എന്ത് പറ്റി ? 

ആരാ ഫോണിൽ സംസാരിച്ചേ?

ഭാര്യ ആണോ? എന്ത് പറഞ്ഞു?’’

‘‘ഞാൻ ഒന്ന് മുഖം കഴുകി വരാം’’

കൂടുതൽ ചോദിക്കുന്നതിന് മുന്നേ  ഗിരിയേട്ടൻ വാഷ്ബേസിനരികിലേക്ക് നടന്ന് നീങ്ങി.

 

‘‘നിങ്ങൾ ഒഴിഞ്ഞ് മാറാതെ കാര്യ പറ’’ ഞാൻ പിറകെ പോയി അടുത്ത് നിന്നു.

ഞാൻ നാട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞു തീരുന്ന മുന്നെ ,എങ്ങിനെ ജീവിക്കും, ലോൺ എങ്ങനെ അടക്കും, മോളെ എങ്ങനെ കെട്ടിക്കും ഇതൊക്കെയാണ് അവളുടെ വേവലാതികൾ, മോൻ ഇപ്പോഴാണ് ജോലിക്ക് പോകാൻ തുടങ്ങിയത് ,അവന് കിട്ടുന്നത് ബൈക്കിന്റെ ലോൺ അടക്കാനും പെട്രോൾ അടിക്കാനും തികയുന്നില്ലത്രെ! 

 

വേറെ മാർഗമില്ല കമ്പനി പിരിച്ച് വിടുന്നതാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾ വന്നാൽ കോറന്റീൻ എവിടെ ഇരിക്കുമെന്നാണ് ചോദിക്കുന്നത്. 

ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്ത് ടാപ്പ് തുറന്ന് വെള്ളം കൈയ്യിലെടുത്ത് മുഖത്തേക്ക് തുരുതുരാന്ന് ഒഴിക്കാൻ തുടങ്ങി.

 

‘‘നിങ്ങൾ എന്താ ഈ കാണിക്കണെ, ആകെ നനഞ്ഞില്ലെ, പോയി തുടച്ച് വസ്ത്രം മാറ്റി വായോ’’

ഒരു നരച്ച ടീ ഷർട്ട് മാറ്റി ഇട്ട് വന്ന് പുറത്തെ മരബെഞ്ചിൽ മിണ്ടാതെ ഇരിപ്പായി.

‘‘അല്ല വീട്ടിൽ കോന്റീൻ ഇരിക്കാൻ സൗകര്യമില്ലെ?’’

ബെഞ്ചിൽ കൂടെ ഇരുന്ന് ഞാൻ സമാധാനപൂർവ്വം ചോദിച്ചു.

‘‘ആകെ രണ്ട് മുറിയിൽ ഒന്നേ അറ്റാച്ച്ഡ് ഉള്ളൂ അത് മകനാണ് ഉപയോഗിക്കുന്നത്, നിങ്ങൾ വന്നാൽ അത് മാറി തന്നാൽ അവന് ബുദ്ധിമുട്ടാകുമെന്നാണ് ഭാര്യ പറയുന്നത്’’

‘‘അപ്പോ പിന്നെ ?’’

‘‘ ഇപ്പോളാണേ സർക്കാർ വക സൗജന്യവുമില്ലല്ലൊ നിങ്ങൾ പാർട്ടിക്കാരോട് പറഞ്ഞ് പുറത്ത് എവിടേലും ഏഴ് ദിവസം നിന്നിട്ട് വന്നാൽ മതി, എനിക്ക് അംഗനവാടി ആഷാ വർക്കിന് പോകേണ്ടതാണ്, ഭർത്താവ് കോറന്റീൻ ആണെന്ന് അറിഞ്ഞാൽ പിന്നെ എനിക്കും പോകാൻ പറ്റില്ല എന്നാണ് അവൾ പറയുന്നത് ’’

‘‘ എന്നാ നിങ്ങൾ നാട്ടിലെ പാർട്ടിയിലെ ആരേലും വിളിച്ച് നോക്ക് ’’

ഗിരിയേട്ടൻ തികഞ്ഞ ഒരു പാർട്ടി ഭക്തനായത് കൊണ്ട് ആ വഴിക്ക് വല്ലതും നടക്കുമോ എന്ന് ശ്രമിക്കാൻ പറഞ്ഞ് ഞാൻ തിരിച്ച് പോന്നു.

നാലു ദിവസങ്ങൾക്ക് ശേഷം ഉച്ചക്ക് എനിക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നു.

 

‘‘ ഹലോ ആരാണ്’’

‘‘അസ്സലാമു അലൈക്കും’’

‘‘വ അലൈക്കും സലാം, ആരാ സംസാരിക്കുന്നത് ?’’

‘‘ എന്റെ പേര് റഹീം ഞാൻ ഗിരിയുടെ കൂടെ വർക്ക് ചെയ്യുന്ന ആളാണ്’’

‘‘ഓ ക്ഷമിക്കണം, ഞാൻ നിങ്ങളെ കണ്ടതായി ഓർക്കുന്നില്ല ക്ഷമിക്കണം’’

‘‘അത് കുഴപ്പമില്ല, ഞാൻ വിളിച്ചത് ഒരു അത്യാവശ്യ കാര്യം പറയാനാണ്’’

‘‘പറയൂ റഹീമേ ’’

‘‘അത് പിന്നെ നമ്മുടെ ഗിരിയേട്ടന് പണിസ്ഥലത്ത് ചെറിയൊരു അപകടം പറ്റി, ഖാബൂസ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി, വേദനിച്ച് കരയണേനിടക്ക് നിങ്ങടെ നമ്പർ തന്ന് അറിയിക്കാൻ പറഞ്ഞു മൂപ്പർ’’

‘‘അള്ളാ! എപ്പോഴാണ, എന്താ സംഭവിച്ചത് ?’’

റഹീമിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ വണ്ടിയെടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു ഞാൻ. 

 

മൂന്ന് തവണ മാത്രം അതും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ചലനമറ്റ ശരീരം! ആ മുഖങ്ങൾ അവസാനമായി കാണാൻ വേണ്ടി മാത്രം വന്നിട്ടുള്ള ഖാബൂസ് ഹോസ്പിറ്റലിൽ, ഗിരിയേട്ടനെക്കുറിച്ചുള്ള ഉത്കണ്ഠ കാരണമായിരിക്കും പതിവിലേറെ പാർക്കിംഗ് തിരക്ക് ഉള്ളത്പോലെ തോന്നി. എങ്ങനയോ വണ്ടി പാർക്ക് ചെയ്ത് അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ അത്യാഹിത വിഭാഗത്തിലേക്ക് ഓടി.

ചെന്നപാടെ വാതിൽക്കൽ സെക്യൂരിറ്റി തടഞ്ഞ് നിർത്തി

‘‘വേൻ ഇൻതറോഹ് സൂറ സൂറ ? ’’

 

എങ്ങോട്ടാ ഇത്ര ധൃതി പിടിച്ചെന്ന് അറബിയിൽ ഉള്ള ചോദ്യം ആദ്യമായിട്ടാണ് അവിടെ കേട്ടത്. പിന്നീടാണ് കോവിഡ് പ്രോട്ടോക്കോൾ എന്ന കാര്യം ഓർത്തത്‌. കാര്യം പറഞ്ഞിട്ടും രോഗികളല്ലാത്തവരെ കടത്തിവിടാൻ അയാൾ  തയ്യാറല്ലായിരുന്നു.

 

പെട്ടന്നാണ് ഡോക്ടർ കബീറിനെ ഓർത്തത്. കൈരളി സലാലയുടെ ഒരു എളിയ പ്രവർത്തകനായ എനിക്ക് കബീറിക്കായെ വിളിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

 

മറുതലക്കൽ കബീറിക്കായുടെ സലാം പ്രതീക്ഷിച്ച് ചെവിയോട് ചേർത്ത ഫോണിൽ നിന്നും വീണ്ടും അറബി മൊഴി. ബാലൻസില്ലാ എന്നുള്ള സ്ഥിരം ഡയലോഗ് മനസ്സിലാക്കാൻ പ്രത്യേകിച്ച് അറബി പഠിക്കേണ്ടതായി തോന്നിയിട്ടില്ല. പക്ഷേ സംപൂജ്യത്തിലും മിസ്കാൾ പോകുന്ന സൗകര്യം ഇന്നാട്ടിലെ ടെലിഫോൺ കമ്പനി തന്നത് സഹായമായി. കബീറിക്ക തിരിച്ച് വിളിക്കുന്നു.

 

‘‘അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി ബറക്കാത്തഹു, എന്താപ്പോ പതിവില്ലാതെ ഒരു മിസ്കാൾ?‘‘

മൂപ്പരുടെ സലാം തന്നെ പകുതി ആശ്വാസം തന്നു.

‘‘വലൈക്കു സലാം’’

മുഴുവൻ സലാം വീട്ടാൻ നിൽക്കാതെ വന്ന കാര്യം പറഞ്ഞൊപ്പിച്ചു.

‘‘ ഞാൻ ഇപ്പോ വരാം’’

കാൾ കട്ടാക്കി പെട്ടന്നു തന്നെ കബീറിക്ക എത്തി. എന്നെയും കൂട്ടി അകത്തേക്ക് കയറി.

 

വരാന്തയുടെ അറ്റത്ത് ഗിരിയേട്ടന്റെ മാനേജറും സുഹൃത്തും നിൽപ്പുണ്ട്. ട്രീറ്റ്മെന്റ് വാർഡിൽ നിന്നും ഗിരിയേട്ടന്റെ കരച്ചിൽ കേൾക്കാം.

വേദനകൊണ്ട് പുളയുന്ന ഗിരിയേട്ടന്റെ വലതു കൈപ്പത്തി തിരിഞ്ഞ് പോയിരിക്കുന്നു. കൈ മുട്ടിന്റെ കുഴ നേരെ എതിർവശത്തേക്കും തിരിഞ്ഞ് പോയിട്ടുണ്ട്. എന്താ സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെങ്കിലും, മൂപ്പരുടെ ജോലിയുടെ സ്വഭാവം വച്ച് ഉയരത്തിൽ നിന്നും വീണതാണെന്ന് ഞാൻ ഊഹിച്ചു.

ഒരു ഈജിപ്ഷൻ ഡോക്ടർ വന്ന് സിസ്റ്ററോട് വേദയ്ക്കുള്ള ഇഞ്ചക്ഷൻ കൊടുക്കാൻ പറഞ്ഞിട്ട് അടുത്ത ബെഡിലേക്ക് പോയി.

‘‘എന്താ സംഭവിച്ചത് ഗിരിയേട്ടാ?’’

സൂചി കുത്തി കുറച്ച് കഴിഞ്ഞ് വേദന ശമിച്ച് കരച്ചിൽ നിർത്തിയപ്പോൾ ഗിരിയേട്ടനോട് ഞാൻ ചോദിച്ചു.

 

‘‘ഒരു നിമിഷത്തേക്ക് ഞാൻ ജോലി ഇല്ലാതെ നാട്ടിൽ പോകുന്ന കാര്യം ചിന്തിച്ച് ശ്രദ്ധ തെറ്റിപ്പോയി, സ്റ്റോറിൽ ഏണിയിൽ നിന്നും വീണതാ ,പിന്നെ ഒന്നും ഓർമ്മ ഇല്ലാ’’

ഈജിപ്ഷൻ ഡോക്ടർ തിരിച്ച് വന്ന് കൈപ്പത്തിയും, കൈമുട്ടും വളരെ ശ്രദ്ധിച്ച് പഴയപടി ആക്കി. എക്സറെ എടുക്കാൻ എഴുതി തന്നിട്ട് കബീറിക്കായുടെ ചോദ്യങ്ങൾക്ക് എക്സറെ വന്നിട്ട് സീനിയർ ഓർത്തോയെ കാണാൻ പറഞ്ഞിട്ട് പോയി .

 

സിസ്റ്ററുടെ സഹായത്തോടെ വീൽചെയറിലിരുത്തി മൂപ്പരെ ഞാൻ എക്സറെ റൂമിലേക്ക് കൊണ്ട് പോയി. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല എന്ന ഭാവത്തിൽ മാനേജർ ചായ കുടിക്കാൻ സുഹൃത്തിനൊപ്പം പുറത്തേക്ക് പോയി.

‘രണ്ട് സ്ഥലത്ത് നല്ല പൊട്ടലുണ്ട്, കൈമുട്ടിൻ്റെ ജോയിൻ്റ് അകന്ന് പോയി, നടുവിന് ചെറിയ ചിന്നലുണ്ട്.’

കുഴപ്പമില്ലലൊ എന്ന ചോദ്യത്തിന് എക്സറെ റൂമിലെ ടെക്നീഷ്യൻ പറഞ്ഞത് കേട്ട് ഞാൻ വല്ലാതെ ആയി.

ഗിരിയേട്ടനോട് ഒന്നും പറയാതെ തിരിച്ച് വാർഡിൽ കൊണ്ട് കിടത്തി.

‘‘ഓപ്പറേഷൻ വേണ്ടി വരും, ഭാവിയിൽ ഹെവി വെയിറ്റ് എടുക്കാൻ കഴിയില്ല സൂക്ഷിക്കണം, എല്ല് പൊട്ടൽ ഉള്ളത് കൊണ്ട് പ്ലാസ്റ്റർ ഇടാം, മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ കൈമുട്ടിലെ ജോയിന്റ് ഓപ്പറേഷൻ നടത്താൻ പറ്റൂ.’’

സീനിയർ ഓർത്തോ വന്ന് പരിശോധിച്ച ശേഷം കബീറിക്കയോട് പറയുന്നത് ഞാൻ കേട്ടു.

 

കമ്പനി അധികൃതരെ ഡോക്ടർ കൺസൾട്ടിംഗ് റൂമിലേക്ക് വിളിപ്പിക്കുന്നത് കണ്ട് ഞാൻ ഗിരിയേട്ടനെ പേടിപ്പിക്കേണ്ടാ എന്ന് കരുതി ഡോക്ടർ പറഞ്ഞ കാര്യം അറിയിപ്പിക്കാതെ യാത്ര പറഞ്ഞ് ഇറങ്ങി.

 

നാലു ദിവസത്തേക്ക് ജോലി സംബന്ധമായി മസ്കറ്റ് പോകേണ്ടി വന്നതിനാൽ മൂപ്പരെ പോയിക്കാണാൻ പറ്റിയില്ല. ജോലി തിരക്കു കാരണം വിളിക്കാനും പറ്റിയില്ല. നാലാം ദിവസം സലാല തിരിച്ചെത്തി ആളെ കാണാൻ റൂമിലെത്തിയ ഞാൻ കാണുന്നത് കമ്പനി വണ്ടിയിൽ പോകാൻ തയ്യാറായി നിൽക്കുന്ന ഗിരിയേട്ടനെയാണ്.

‘‘അല്ലാ പ്ലാസ്റ്റർ ഇട്ട കൈയ്യും വച്ച് എങ്ങോട്ടാ ഹോസ്പിറ്റലിലേക്കാണോ ?’’

ചോദ്യത്തിന് മറുപടി തന്നത് റഹീമാണ്

‘‘നാട്ടിലേക്ക് ആണ് മൂന്നു മണീടെ എക്സ്പ്രസ്സ് ’’

‘‘എന്താ ഗിരിയേട്ടാ വട്ടായോ? മൂന്നാഴ്ച കഴിഞ്ഞാൽ ഓപ്പറേഷൻ വേണം എന്നാണല്ലൊ ഡോക്ടർ പറഞ്ഞത്, അതല്ലാ ഇനി നാട്ടിൽ പോയി ചെയ്യാനാണോ പ്ലാൻ?’’

 

‘‘ഇല്ല മോനെ ഓപ്പറേഷൻ ഒന്നും വേണ്ടി വരില്ല പ്ലാസ്റ്റർ വെട്ടിയാൽ തീരുന്ന കുഴപ്പമേ ഉള്ളൂ എന്നാണ് മാനേജർ പറഞ്ഞത്. എന്തായാലും ക്യാൻസൽ അല്ലെ പിന്നെ ഈ ഒറ്റ കൈയ്യും വച്ച് ഞാൻ എങ്ങനെ ഇവിടെ കഴിച്ചു കൂട്ടും?’’

എന്തോ ആ പറഞ്ഞത് ഉൾക്കൊള്ളാൻ എനിക്ക് ആയില്ല, പക്ഷേ കൂടുതൽ പറഞ്ഞ് ബോധ്യപ്പെടുത്താൻ സമയമില്ലായിരുന്നു. ഇരുപത്തഞ്ച് കൊല്ലത്തെ പ്രാവാസം അവസാനിപ്പിച്ച് പോകുന്ന ഒരു മനുഷ്യന്റെ അവസ്ഥ കണ്ട് നിൽക്കുകയെ നിർവ്വാഹമുള്ളൂ.

 

‘‘എന്തായാലും ചികിത്സക്കുള്ള സഹായമൊക്കെ കമ്പനി നൽകിയിട്ടുണ്ടാകും അല്ലെ റഹീമെ?’’

മറ്റ് ആനുകൂല്യങ്ങൾ ഒക്കെ കൊറോണയുടെ പേരിൽ കൊടുക്കില്ല എന്ന് ഗിരിയേട്ടൻ നേരത്തെ പറഞ്ഞത് വച്ച് ഞാൻ ചോദിച്ചു.

‘‘എവിടെ ആ പാവത്തിനെ ഈ അവസ്ഥയിലും കമ്പനി തന്ത്രപൂർവ്വം ഒഴിവാക്കിയത്. അല്ല നിങ്ങളെന്താ ഓപ്പറേഷന്റെ കാര്യം പറഞ്ഞത് ?’’

 

റഹീമിന്റെ മറുപടിയിൽ വലിയ ആശ്ചര്യമൊന്നും എനിക്ക് തോന്നിയില്ല. സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു കമ്പനി മാനേജ്മെന്റിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട ആവശ്യമില്ല.

 

അങ്ങിനെ ആ ഒരു പരിചയം, സൗഹൃദം അവിടെ അവസാനിച്ചു. അതാണല്ലൊ പതിവ് ഏതൊരു പ്രവാസിയും നാടണഞ്ഞാൽ അവർ അവരുടെ ലോകത്ത് തിരക്കിലും, നമ്മൾ വീണ്ടും പ്രവാസ ജീവിത തിരക്കിലും പരസ്പരം മനപ്പൂർവ്വമോ അല്ലാതെയോ മറക്കാറാണല്ലൊ പതിവ്.

 

പക്ഷേ ആ പതിവിന് വിപരീധമായി ചെന്നിറങ്ങിയ ദിവസം മുതൽ ഉള്ള വിശേഷങ്ങൾ ഗിരിയേട്ടൻ എനിക്ക് വാട്സാപ്പ് ശബ്ദ സന്ദേശമായി അയക്കാൻ തുടങ്ങി. അതിനുള്ള മറുപടികൾ ആ മനുഷ്യന് ഒറ്റപ്പെടലുകളിൽ  ആശ്വാസാമാകുമെങ്കിൽ അത്രയും സമാധാനം.

 

പതിവിന് വിപരീധമായി തന്നെ സ്വീകരിക്കാൻ ആരും തന്നെ വന്നിട്ടില്ല എന്നുള്ളത് കൊറോണ കാരണം ആണെന്ന് ഗിരിയേട്ടൻ സ്വയം ആശ്വസിച്ചു. എയർപോർട്ട് ടാക്സിയിൽ വീട്ടിലേക്കുള്ള വഴികളിൽ ചുമരുകളെല്ലാം സ്ഥാനാർത്ഥികളുടെ പുഞ്ചിരി തൂകുന്ന മുഖങ്ങൾ മാത്രം. വഴിയാത്രക്കാരെല്ലാം മാസ്ക് വച്ചത് കൊണ്ട് ചിരിക്കുന്നുണ്ടോ എന്നറിയില്ല. 

 

രണ്ട് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിസൾട്ടുമായി വരുന്ന എന്നെ കൊണ്ടു പോകുന്ന ടാക്സി ഡ്രൈവർ മാസ്ക്, ഷീൽഡ്, കൈയ്യുറ അങ്ങിനെ സകല സന്നാഹവുമായിട്ടാണ് വണ്ടി ഓടിക്കുന്നത്. പക്ഷേ ഇലക്ഷൻ പ്രചാരണ വാഹനത്തിലെ തിങ്ങി നിറഞ്ഞ ആളുകൾക്ക് ഇതൊന്നും ബാധകമല്ല.

‘‘മോനെ ഏതേലും കടേൽ നിർത്താമോ? കുറച്ച് വെള്ളം വാങ്ങാനാണ് ’’

‘‘പൊന്നമ്മാവാ വീട്ടുമുറ്റത്തല്ലാതെ ഒരു സ്ഥലത്തും നിർത്താൻ പറ്റൂല. എയർപോട്ട് ടാക്സി അതും ഒരു ഗൾഫീന്ന് വന്ന യാത്രക്കാരൻ കൂടെ ഉണ്ടെന്നറിഞ്ഞാൽ എന്നെ ആൾക്കാർ ഓടിക്കും’’

 

യാത്രാമദ്ധ്യേ ഒന്നും കഴിക്കാത്തതിന്റെ ക്ഷീണത്തിൽ ടാക്‌സി ഡ്രൈവറോഡ് പറഞ്ഞത് തെറ്റായിപ്പോയി എന്ന് ഗിരിയേട്ടന് തോന്നി.

വീട്ടുമുറ്റത്ത് വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോൾ പരിചയമുള്ള അയൽപക്കക്കാർ വീടിനകത്തേക്ക് ധൃതിയിൽ കയറിപ്പോയി. കാര്യമായ ലഗേജില്ലാത്തത് കൊണ്ട് ഒറ്റക്കയ്യിൽ ബാഗും തൂക്കി നേരെ വീട്ടിലെ ആകെ ഉള്ള അറ്റാച്ച് റൂമിലേക്ക് കയറി. വീട്ടിലുള്ളവരും മാസ്ക് വച്ചിരുന്നത് കൊണ്ട് അവരും ചിരിക്കുന്നുണ്ടോ എന്ന് അറിയാൻ കഴിഞ്ഞില്ല. ആരും ഒന്നും മിണ്ടിയില്ല. പക്ഷേ പരിചയമില്ലാത്ത ഒരാൾ മാത്രം ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.

 

റൂമിൽ കയറിയ ഉടനെ വസ്ത്രങ്ങളെല്ലാം കഷ്ടപ്പെട്ട് മാറ്റി അലക്കി കുളിച്ച് ഉഷാറായി. അപ്പോഴേക്കും വാതിൽക്കൽ തനിക്ക് ഉള്ള ഭക്ഷണവുമായി ഭാര്യ എത്തി. കാര്യങ്ങൾ ചുരുക്കത്തിൽ ചോദിച്ചറിഞ്ഞ് പെട്ടന്ന് തന്നെ പോയി. ഭക്ഷണം കഴിച്ച പാത്രം കഴുകി വച്ചു ചെറുതായി ഒന്ന് മയങ്ങി.

പടാ പടാ എന്ന ബൈക്കിന്റെ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്ന് എണീറ്റത്.

‘‘മോൻ വന്നോ യശോദേ ?’’

‘‘ആ പണി കഴിഞ്ഞ് ക്ഷീണിച്ചുള്ള വരവാ, അച്ഛൻ വന്നാൽ ഞാൻ എവിടെ കിടക്കും എന്ന് പറഞ്ഞ് വഴക്കാണ് രണ്ട് ദിവസമായിട്ട്.’’

 

താൻ ഇത്ര കാലം ചുട്ടുപൊള്ളുന്ന ചൂടിൽ പണി കഴിഞ്ഞ് താമസിച്ചിരുന്ന ആ ഒറ്റ കുടുസുമുറി ഒരു നിമിഷം കൺമുന്നിൽ മിന്നി മറഞ്ഞു.

രണ്ട് മൂന്ന് മാസമായി വീട്ടു ചിലവ് അവന്റെ ശമ്പളത്തിൽ നടക്കുന്നത് കൊണ്ട് ബൈക്കിന്റെ അടവ് മുടങ്ങിക്കിടക്കുന്നതിന്റെ ദേഷ്യം കൂടി തന്നോട് അവനുണ്ടെന്ന് നേരത്തേ അറിയാം. ഇപ്പോൾ റൂമിന്റെ പ്രശ്നവും എത്രയും പെട്ടന്ന് ഏഴ് ദിവസം കഴിഞ്ഞ് കിട്ടാൻ പ്രാർത്ഥിച്ച് കിടന്നു.

‘‘ യശോദേ....... യശോദേ........ കുളി മുറിയിൽ വെള്ളം വരുന്നില്ലലൊ?’’

‘‘അമ്മ അംഗനവാടി പോയി അച്ഛാ, മോട്ടോർ ഓണാക്കിയിട്ടുണ്ട് വെള്ളം ഇപ്പ വരും’’

 

ഇളയ മകളുടെ ശബ്ദം അങ്ങിനെയെങ്കിലും കേൾക്കാൻ കഴിഞ്ഞു. അമ്മയുടെ കൂടെ റൂമിൽ കിടക്കുന്ന താൻ അച്ഛൻ വന്നാൽ എവിടെ കിടക്കും എന്ന ആവലാതിയിൽ ആണ് അവൾ.

ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ടത് കൊണ്ടാകാം പരിചയമില്ലാത്ത ആ ശബ്ദം വീണ്ടും കേട്ടു !

‘‘എന്താ മോളെ പട്ടി കുരക്കുന്ന ശബ്ദം ഇന്നലെ വന്നപ്പോ മുതൽ കേൾക്കുന്നണ്ടല്ലൊ?’’

 

വന്നപ്പോൾ മുതൽ ചോദിക്കണമെന്ന് വച്ചതാ പക്ഷേ ആരും മിണ്ടാത്തത് കൊണ്ട് ഇന്ന് ചോദിച്ച് പോയി. ആദ്യമായിട്ടാണ് വീട്ടിൽ പട്ടി കുരക്കുന്ന ശബ്ദം.

‘‘അച്ഛാ അത് ഏട്ടൻ വാങ്ങിയ പോമറേനിയൻ ആണ്, ചിന്നു ! അച്ഛനെ അവൾക്ക് പരിചയമില്ലാത്തത് കൊണ്ടാ അച്ഛന്റെ ഒച്ച കേൾക്കുമ്പോ വെറുതെ കുരക്കുന്നതാ’’

 

ഈ വീട്ടിൽ പരിചയമുള്ളവർ ആരും തന്നോട് മിണ്ടാത്തപ്പോൾ ഒരാളെങ്കിലും പരിചയമില്ലാത്തത് നന്നായി എന്ന് സ്വയം ആശ്വസിച്ചു. വോട്ട് ചോദിക്കാൻ നടക്കുന്ന തന്റെ പാർട്ടിക്കാർ പോലും വഴിമാറിപ്പോകുന്നത്  റൂമിലിരുന്ന് മനസ്സിലാക്കി. ഏഴു ദിവസം സഹിച്ച് മുറിയിൽ കഴിച്ച് കൂട്ടി. എട്ടാം ദിവസം പുറത്തിറങ്ങി . 

 

മെഡിക്കൽ കോളേജിൽ പോയി ഓർത്തോയെ കണ്ട ശേഷമാണ് തന്റെ കൈക്ക് സംഭവിച്ചതിന്റെ സത്യാവസ്ഥ ഗിരിയേട്ടൻ മനസ്സിലാക്കിയത്. ഓപ്പറേഷൻ വേണം, ശേഷവും പഴയപടി ജോലി ചെയ്യാൻ കഴിയില്ല. ഇരുപത്തഞ്ച് കൊല്ലം ആത്മാർത്ഥമായി പണിയെടുത്ത തനിക്ക് കിട്ടിയ പ്രതിഫലം.

 

‘‘അച്ഛൻ ഇന്നു മുതൽ ഇവിടെ കിടന്നോ’’

വീട്ടിലെ ഹാളിന്റെ മൂലയിൽ ഇട്ടിരിക്കുന്ന പഴയ ഒറ്റക്കട്ടിൽ ചൂണ്ടി മകന്റെ ആജ്ഞയാണ്. കൂട്ടത്തിൽ അമ്മയുടെ മൗനാനുവാദവും. മറുപടി നൽകാതെ അവന്റെ റൂമിൽ നിന്നും ബാഗെടുത്ത് ആ കട്ടിലിന് അടിയിൽ വച്ചു.

‘‘പ്ലാസ്റ്റർ എന്ന് വെട്ടും ’’

ഭാര്യ മൗനം വെടിഞ്ഞ് ചോദിച്ചു.

‘‘ അടുത്ത ആഴ്ച്ച ’’

കൂടുതൽ പറയാൻ നിൽക്കാതെ തന്നെ നോക്കി നിർത്താതെ കുരയ്ക്കുന്ന ചിന്നുവിന്റെ അടുത്തേക്ക് പോയി.

‘‘പരിചയമായാൽ പിന്നെ കുഴപ്പമില്ല. ’’ മകൾ അവളുടെ തത്വം ആവർത്തിച്ചു.

‘‘ അച്ഛൻ വീട്ടിൽ തന്നെ കാണുമല്ലൊ ചിന്നുവിന്റെ കാര്യങ്ങൾ അച്ഛൻ നോക്കിയാ മതി, അപ്പോ പെട്ടന്ന് ഇണങ്ങിക്കോളും. വില കൂടിയ ബ്രീഡ് ആണ് നന്നായി നോക്കണം’’

 

വെറുതെ ഇരിക്കുന്ന അച്ഛന് മകൻ പണിയും കൽപ്പിച്ച് തന്നു. പറഞ്ഞത് പോലെ ചിന്നു വളരെ പെട്ടന്ന് തന്നെ ഇണങ്ങി. രാത്രി ഉറക്കം വരെ തന്റെ കട്ടിലിന് താഴെയാക്കി ചിന്നു.

 

ഒരാഴ്ച കഴിഞ്ഞ് പ്ലാസ്റ്റർ വെട്ടി, മൂന്നു ലക്ഷം രൂപ ഓപ്പറേഷന് വേണം എന്ന വാർത്ത കേട്ട് വീട്ടിൽ വലിയ പൊട്ടിത്തെറി ഉണ്ടായി. വലിയ കാശ് ചിലവാക്കി ഓപ്പറേഷൻ നടത്തിയാലും പഴയ പോലെ ഭാരപ്പെട്ട പണികളൊന്നും തന്നെ കൊണ്ട് കഴിയില്ല എന്നതാണ് പ്രധാന കാരണം.

 

തന്റെ മരുന്നുകൾക്കും വീട്ടു ചിലവിനും കൂടി മകന്റെ ശമ്പളം തികയാതെയായി. ഫിനാൻസുകാർ വീട്ടിൽ വന്ന് വണ്ടിയെടുത്തു കൊണ്ട് പോയതോടെ മകൻ ദിവസവും വഴക്കായി. താൻ തിരിച്ച് വന്ന ദിവസം തന്നെക്കുറിച്ച് പരിചയം ഉണ്ടായിട്ടും വാ തുറക്കാത്തവർ ഇന്ന് നിർത്താതെ ചിലക്കുകയാണ്. പരിചയമില്ലാത്ത തന്നെ കണ്ട് നിർത്താതെ കുരച്ച നായ ഇന്ന് തന്റഎ കാലിന് ചുറ്റും ഒട്ടിനിൽക്കുന്നു .

 

അന്നു രാത്രി ആരോടും പറയാതെ തന്റെ ഏക സമ്പാദ്യമായ ചെറിയ ബാഗുമായി തന്നെ പരിചയമില്ലാത്ത നാട് തേടി ഗിരിയേട്ടൻ പടിയിറങ്ങി താനറിയാതെ തന്നെ സ്നേഹിക്കുന്ന നായ  പിറകെ പരിചയമുള്ള മണം പിടിച്ച് വരുന്നത് അറിയാതെ !

 

English Summary: Parichayam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com