അപ്രതീക്ഷിതമായി - സീന ശ്രീവത്സൻ എഴുതിയ കവിത
Mail This Article
എന്റെ കവിത നീയുറക്കെ ചൊല്ലുമെന്നു തന്നെ ഞാൻ കരുതുന്നു.
വെയിൽ തിന്നു നീറിയൊരുച്ചയ്ക്ക്
തീർത്തും അപ്രതീക്ഷിതമായി
എന്റെ വരികളിലൂടെ നിന്റെ ശബ്ദം മുഴങ്ങുമെന്നുതന്നെ വിചാരിക്കുന്നു.
വിചാരങ്ങളുടെ ആകാശങ്ങളിലേക്ക് പറക്കാൻ പാകത്തിന്
എന്റെ കൂടിന്റെ അഴി സൗകര്യപൂർവ്വം
നീ തന്നെ അടർത്തി മാറ്റുമെന്ന്
ഞാൻ സ്വപ്നം കാണുന്നു.
ആകാശത്തെകുറിച്ച് ഞാനെഴുതിയതൊക്കെയും വായിച്ചു
സന്ദേഹിയായ നീ,
അഴികൾക്കിടയിലൂടെ ഞാൻ പുറത്തേക്കിറങ്ങുന്ന വിധം,
കാഴ്ചകൾ കാണുന്ന വിധം ,
ചുണ്ടുകൾ ശലഭങ്ങളാക്കുന്ന വിധം,
കാഴ്ചകളിലേക്ക് ഞാൻ പറന്നുയരുന്ന വിധം,
എന്നിങ്ങനെയീ ക്ഷീണജീവന്റെ ഉയിർപ്പുകൾ
ഭൂമിയിൽ നിന്ന് നോക്കിക്കാണുമെന്ന് ഊഹിക്കുന്നു.
എന്റെ വരികളിലേയ്ക്ക് നീയിറങ്ങിവരുമ്പോൾ
വായിച്ച പുസ്തകങ്ങളിലെ കാണാപ്രണയിനികൾക്ക് മുൻപിൽ
നീ വഴി ചോദിച്ചു നിൽക്കുമെന്ന്
സങ്കൽപ്പിക്കുന്നു.
ഉള്ളിലൂറിയൊരക്ഷരങ്ങൾ നിന്നിലൂടൊഴുകുമ്പോൾ
നിന്റെ ശ്വാസം എന്നെ തൊട്ടറിയുമെന്ന്,
എന്റെയും നിന്റെയുമെന്ന രണ്ടുവാക്കുകളെ
നമ്മൾ മറവിയ്ക്കു കൊടുക്കുമെന്ന്
വ്യാമോഹിക്കുന്നു.
ഒരിക്കലുമവസാനിക്കാത്ത കൗതുകങ്ങളായി
പ്രണയത്തിന്റെ വേലികൾ
മാറ്റി പണിതുകൊണ്ടിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.