ചങ്ങാതി – ദീപുരാജ് സോമനാഥൻ എഴുതിയ കവിത
Mail This Article
കോടമഞ്ഞിൻ മേലാപ്പണിഞ്ഞ
തണുത്തൊരുപുലരിയിൽ
മലഞ്ചെരുവിലാണവനെ
കണ്ടതാദ്യമായ്,
തെരുവിലെപീടികതിണ്ണയിൽ, കട്ടൻനുണഞ്ഞിരിക്കെ,
വന്നണഞ്ഞവൻ, മുച്ചക്രശകടത്തിൽ.
സഹജമാംപുഞ്ചിരിയാൽ
തിരക്കിയവനെങ്ങോട്ടാണ് യാത്രയീതണുത്തവെളുപ്പിന്,
മലയേറിനഗരത്തിലെത്തണം,
ശരിയെന്നുചൊല്ലിയവൻ.
ആണ്ടുകൾ പതിനഞ്ചാവുന്നു, എത്രയോ സഞ്ചാരവേളകൾ
ലഹരിയിലമർന്നുല്ലസിച്ച്, കുഴഞ്ഞുറങ്ങിയസമാഗമങ്ങൾ
വല്ലാതടുത്തുപോയവനുമായി, ആത്മസോദരനെപ്പോൽ,
ഹൃദയത്തിൽവെളിച്ചമുള്ളവൻ,
ജീവിതത്തിൽതോറ്റവൻ,
ദാമ്പത്യത്തിൻ ഇരുൾകച്ച പുതച്ചവൻ,
തണലായെന്നും കൂടെനിന്നവൻ.
മിനിഞ്ഞാന്നാണവസാനമായ്,
മാറോടുചേർത്തുപുണർന്നത്
മലയുടെതുഞ്ചത്തൊഴിഞ്ഞ
കോണിലൊരുമരചോട്ടിൽ
ലഹരിനുണഞ്ഞവനൊരുപാട്
കരഞ്ഞന്നൊരുപൈതൽ
പോൽ, ധാരയായടർന്നുവീണശ്രുകണ
ങ്ങളാലീറനായിമാറിടം,
ചുഴലിയിലുമിളകാപടുമരത്തെ ചാരിയവൻ, മുറിഞ്ഞവാക്കുകളുതിർത്തു,
ആടിയുലഞ്ഞദാമ്പത്യത്തിൻ ഉറക്കമില്ലാരാവുകളുടെകദനം.
മലഞ്ചെരുവിലെ, ശബ്ദമുഖരിതാംവീടിനുള്ളകം, പൊട്ടിചിതറും കറിച്ചട്ടികൾ,
വലിച്ചുകീറും കുപ്പായങ്ങൾ,
കണ്ണീരിൽകുതിർന്ന,
പേടിച്ചരണ്ടകുഞ്ഞുങ്ങളുടെ
ഭാവമാറ്റങ്ങൾ,
എപ്പോഴോയിരുളിനെപുതച്ച്, തണുപ്പിനെവാരിപുണർന്ന്, ഉറക്കത്തിലേക്കുവഴുതിയത്,
പ്രാപ്തമല്ലായിരുന്നാശ്വാസ
വചനങ്ങളാൽശാന്തനാക്കാൻ, ശരിയാവില്ലൊന്നുമെന്ന്
നന്നായറിഞ്ഞിട്ടുമെല്ലാം
ശരിയാവുമെന്ന വലിയനുണ
പറഞ്ഞന്ന്, വിടചൊല്ലി.
മൂന്നാംപക്കം,
സുഖമോയെന്നറിയാനായ്,
വിളിച്ചപ്പോളപ്പുറത്തൊരു
കുഞ്ഞുശബ്ദം, മകളാണ്,
പപ്പയെതിരക്കിയപ്പോളവൾ, ഇന്നലെപോയെൻപപ്പ ഉറങ്ങിയുണർന്നീല്ല,
വിളിച്ചുണർത്താനായ്
ശ്രമിച്ചാവോളമെല്ലാരും,
പറ്റിക്കാനാണെനാദ്യമോർത്തു, അതെപറ്റിക്കാനായിരുന്നു, എന്നേക്കുമായ്....
മിഴികളിലിരുൾനിറഞ്ഞ്..
വിയർത്തൊലിച്ചാടിയുലഞ്ഞ്,
വീഴാതിരിക്കാനായ് കൈകളാൽപരതിയൊരിടം,
ചിരിച്ചുകൊണ്ടവൻകൈതന്നു
എന്താചങ്ങാതീ
പോരുന്നോയെൻ കൂടെ?