ADVERTISEMENT

ബാറ്റിസ്‌റ്റ്യൂട്ട (കഥ)

കോളങ്ങാട്ടുകര ഫുട്ബോൾ ടീം നെല്ലിപ്പറമ്പിൽ കവിതകൾ രചിച്ചു തുടങ്ങിയത് അറുപതുകളിലെപ്പഴോ ആയിരിക്കണം. ടി വി യിൽ മറഡോണ അവതരിക്കുന്നതിനു മുമ്പു തന്നെ ദേശത്തിനു വേണ്ടി കാൽപ്പന്തു കൊണ്ട് വിജയഗാഥകൾ ഏറെയെഴുതിയ പഴയ പുലികൾ കരിപ്പാലും കുഞ്ഞയ്യപ്പനും പ്രാഞ്ചിയും വർക്കിയും കറുപ്പനും കോലഞ്ചേരിയുമെല്ലാം കളം വിട്ടു കഴിഞ്ഞിരുന്നു. കോളേജുകുമാരൻമാർ ആയതോടെ പലരും സ്‌റ്റാറ്റസ് കൂടിയ ക്രിക്കറ്റിലേക്കു കൂടുമാറിയിട്ടും നെല്ലിപ്പറമ്പിൽ ഫുട്ബോളിനു പിറകെ പത്തു മുപ്പതു പേര് എല്ലാ സായാഹ്നങ്ങളിലും പാഞ്ഞു നടന്നു. ചന്ദ്രേട്ടൻ ചായക്കട തുറക്കുമ്പോൾ വെളിച്ചം ഇരുട്ടിനെ തോൽപ്പിക്കാൻ തുടങ്ങിക്കാണില്ല. ആ നേരത്തും നെല്ലിപ്പറമ്പിലെ മൈതാനത്ത് പന്തു തട്ടുന്ന ശബ്ദം കേൾക്കാം. "അത് മ്മടെ താണീടെ ചെക്കനാന്നേയ്... ഷ്കോളിപ്പോവാണ്ടെ പന്തും തട്ടി തെണ്ടി നടക്ക്വല്ലേ ? തന്തേടെ കൂടെ പണിക്കു പൊക്കൂടെ ശവിക്ക്?" കുഞ്ഞിത്താണി ചായകുടിക്കാനിരിയ്ക്കുന്നതോർക്കാതെ ആരോ പറഞ്ഞതും, അദ്ദേഹം പൊട്ടിച്ചിരിച്ചു. "ഡോ, മ്മള് പത്തു വയസ്സായപ്പൊ തൊട്ട് കല്ലു ചെത്താനിറങ്ങീതാ. ഒരു കളീം കളിക്കാൻ പറ്റീട്ടില്ല, ഒരു കാലത്തും! പിള്ളേര് കളിക്കട്ട്റോ. സമയാവുമ്പൊ അവര് ജീവിക്കാന്ള്ള വഴിയൊക്കെ കണ്ടോളും..." പെട്ടെന്നാണ് ചായക്കട നിശ്ശബ്ദമായിപ്പോയത്. കെ ടി എന്ന രണ്ടക്ഷരം കോളങ്ങാട്ടുകര ഫുട്ബോളിന്റെ പര്യായമായത് എത്ര പെട്ടെന്നാണ്! പേരാമംഗലത്തും പോന്നോരും തിരൂരും പൂമലയിലും ചാവക്കാട്ടും ....  അങ്ങനെയങ്ങനെ.... കോളങ്ങാട്ടുകര ഫുട്ബോൾ ക്ലബ്ബ് വിജയക്കൊടി നാട്ടാത്ത ഇടങ്ങളില്ലായിരുന്നു!

സംസ്ഥാനത്തെ തന്നെ പ്രമുഖ ടീമായിരുന്ന തൃശൂർ ജിംഖാനയെ ഞെട്ടിച്ച ചാവക്കാട്ടെ ടൂർണമെന്റിൽ വച്ചാണ് കളിച്ചു തോൽപ്പിക്കാൻ കഴിയാതെ വന്ന കുന്ദംകുളം സാന്റോസിന്റെ സ്റ്റോപ്പർ ബാക്ക് ഭീമൻ വർക്കി കെ ടി യുടെ കാൽ ചവിട്ടി ഒടിച്ചത്. പിറ്റേന്ന് നെല്ലിപ്പറമ്പിൽ പന്തു തട്ടാനിറങ്ങിയ പിള്ളേരെ ഒരാൾ വിരട്ടിയോടിച്ചു. "പാവം ഒരുത്തന്റെ കാല് ഒടിച്ചിട്ടിട്ട് ഒരു തെണ്ടീം ബടെ കളിക്കണ്ട." ആദ്യമായാണ് ഗ്രൗണ്ടിൽ അയാളെ കാണുന്നത്. പന്തെടുത്ത് നെക്കിലേക്ക് ഒരു കമ്പു കുത്തിക്കയറ്റി കാറ്റു മുഴുവൻ അയാൾ കളഞ്ഞു. നെല്ലിപ്പറമ്പിന്റെ കിഴക്ക് റോഡരികിലായി രാമപ്പന്റെ നെല്ലുത്തുംപീടികയാണ്. അതിനോട് ചേർന്ന ഒരു മുറിയിൽ റേഷൻ കടയും. കെട്ടിടത്തിന്റെ വിശാലമായ വരാന്തയിൽ മണ്ണെണ്ണബാരലുകൾ രണ്ടു മൂന്നെണ്ണം എപ്പഴും കാണും. ഇരുട്ടിക്കഴിഞ്ഞാൽ ബാരലുകൾക്കിടയിലെ ഇടുങ്ങിയ മൂലയിൽ ഒളിച്ചു താമസിക്കും പോലെ ഒരാളെ കാണാറുണ്ടെന്ന് പലരും പിന്നീടു പറഞ്ഞു. പടിഞ്ഞാറേ തോട്ടിൽ കുരുത്തി വയ്ക്കാൻ, ചൂണ്ടയിടാൻ, നീണ്ട മുടി തോളിനു കീഴെ അഴിച്ചിട്ട ഒരാൾ നടക്കുന്നത് പലരും കണ്ടിട്ടുണ്ടത്രേ. ആശുപത്രിയിൽ നിന്നു വന്ന കെ ടി യെ സൈക്കിളിനു പിറകിലിരുത്തി നെല്ലിപ്പറമ്പ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക് കൊണ്ടുവന്ന ആ മനുഷ്യൻ ആരാണ്? "അതേയ്, കൊളങ്ങാട്ടരേന്ന് ചെറുപ്പത്തില് നാടുവിട്ടു പോയ ഒരാള്ണ്ടാർന്നു. അപ്പംകുളത്തെ കർപ്പുട്ടിയേട്ടൻ. അയാള്ടെ മോനാത്രേ ഈയ്യ് ഗഡി ! തന്തേം തള്ളേം തട്ടിപ്പോയപ്പൊ ങ്ക്ട് പോന്നതാന്ന്!" സ്വന്തം വീടിന്നടുത്തായിരുന്നു അദ്ദേഹത്തിന്റെ കുടുംബം എന്നു മാത്രം കെ ടി കേട്ടിട്ടുണ്ട്. കർപ്പുട്ടിയുടെ ബന്ധുക്കളാരും ഇപ്പോൾ നാട്ടിലുള്ളതായി പക്ഷെ, അറിയില്ല. കാലിലെ പ്ലാസ്റ്റർ അഴിക്കുന്നതു വരെ കെ ടി യെ സൈക്കിളിലിരുത്തി ഗ്രൗണ്ടിലേക്കു കൊണ്ടുവരുമായിരുന്നു, അയാൾ. അത്യാവശ്യം നന്നായി പന്തുകളിക്കുന്നതു കണ്ട് കെ ടിക്കു പകരം ഒരു മാച്ചിൽ അയാളെ കോളങ്ങാട്ടുകര ടീമിൽ ഇറക്കി. റേഷൻ കടയുടെ പിറകിലെ കഴുക്കോലിൽ ഞാന്നു കിടന്ന ഒരു സഞ്ചി മാത്രമായിരുന്നു അയാൾക്കാകെ ഉണ്ടായിരുന്ന സ്ഥാവര ജംഗമ വസ്തു. ചിലപ്പോൾ അതുമെടുത്ത് എങ്ങോട്ടെന്നില്ലാതെ അയാളു പോകും. തേക്കിൻകാട്ടിലെ ആൽത്തറയിൽ സഞ്ചിയും തലയ്ക്കൽ വച്ച് അയാൾ കിടന്നുറങ്ങുന്നതു കോളങ്ങാട്ടുകരക്കാര് പലരും കണ്ടിട്ടുണ്ട്. എങ്കിലും കോളങ്ങാട്ടുകര റേഷൻ കടയുടെ വരാന്ത തന്നെ ആയിരുന്നു അയാളുടെ പ്രിയപ്പെട്ട സ്ഥലം.

ഫ്രാൻസിൽ1998 ലോകകപ്പു നടക്കുന്നതിന്നിടയിലെ മഴ തോർന്ന ഒരു പ്രഭാതം. ചന്ദ്രേട്ടന്റെ സമോവറിൽ വെള്ളം ചൂടാകുന്നതേയുള്ളൂ. സൈക്കിൾ ചാരിവച്ച്, തൊമ്മന്റെ ആഞ്ഞിലിത്തടിയിൽ കയറിയിരുന്ന് കെ ടി ബൂട്ടിടാൻ തുടങ്ങുമ്പോഴാണ് ഗ്രൗണ്ടിൽ ആരോ പന്തു തട്ടുന്നത്. അർജന്റീനയുടെ നീലക്കുപ്പായവും ട്രാക്ക് സ്യൂട്ടുമണിഞ്ഞ രണ്ടു പേർ! ഒരാളെ മനസ്സിലായി. കർപ്പുട്ടിയേട്ടന്റെ മോൻ. മറ്റേത് ഒരു സ്ത്രീയാണ്. "ഒന്നും പറയണ്ട കെ ടി. ഇത് മറിയ. തേക്കിൻകാട്ട്ള് കാണാറുള്ളതാ. മറ്റേ പണിയൊക്കെയാർന്നു. ഒരിഷ്ടം തോന്നി. ആ ഫീൽഡ് വിടാമ്പറ്റ്വോന്ന് ഒരൂസം ചോദിച്ചപ്പൊ അവള് ഓക്കേന്ന് പറഞ്ഞു. അപ്പത്തന്നെ കൂടെ കൂട്ടി. കണ്ടാ, അവള് നന്നായി പന്തുകളിക്കും ട്ടാ" കറുത്ത ഒരു സുന്ദരിയായിരുന്നു അവർ. പണ്ടാറക്കാലന്റെ ഭാഗ്യം എന്ന് പലരും പറഞ്ഞിരിക്കണം. "രണ്ടും നല്ല 'പൊസ'നാന്ന് തോന്ന്ണ്ടറാ" നേരവും കാലവുമൊന്നുമില്ലാതെ തോന്നുന്ന നേരത്ത് പന്തുതട്ടിക്കളിക്കുന്ന മിഥുനങ്ങളെ കണ്ടപ്പോൾ മുത്തു പറഞ്ഞു. എന്തു ലഹരി ആയിരുന്നാലും അവർ രണ്ടുപേരും വേറെ ഏതോ ലോകത്താണെന്ന് തോന്നുമായിരുന്നു. കൈകൾ കോർത്ത് പരസ്പരം ചേർത്തു പിടിച്ച് അവർ നെല്ലിപ്പറമ്പിലൂടെ, പാടവരമ്പിലൂടെ, കശുമാന്തോപ്പിലെ ഇടവഴികളിലൂടെ പാറി നടന്നു. തവിടും ഉമിയും ഇട്ടിരുന്ന നെല്ലുത്തും പീടികയുടെ പിറകിലെ മുറിക്ക് ഒരു വാതിലൊക്കെയുണ്ടായിരുന്നു. അടച്ചുറപ്പില്ലാത്ത, ഒരു മറ പോലുമില്ലാത്ത പീടിക വരാന്തയിൽ ആണും പെണ്ണും കെട്ടിപ്പിടിച്ചു കിടക്കുന്നതു കണ്ട രാമപ്പൻ അവർക്ക് ആ മുറിയുടെ താഴ് തുറന്നു കൊടുക്കുകയായിരുന്നു.

നെല്ലുത്തും പീടികയുടെ നിരപ്പലകയിടും നേരത്താണ് പോലീസ് ജീപ്പിന്റെ കണ്ണുപൊട്ടുന്ന വെളിച്ചം രാമപ്പനു മേൽ പതിച്ചത്. പീടികക്കു പിറകിലെ അടഞ്ഞുകിടന്ന വാതിലിൽ തട്ടി എസ് ഐ ആക്രോശിച്ചു "ങ്ക്ട് എറങ്ങി വാടാ..." ഉറക്കച്ചടവോടെ രണ്ട് അർജന്റീനക്കാർ പുറത്തിറങ്ങി. "നീയ് ടൗണിലെ ബിസിനസ്സ് ഇങ്ക്ട് മാറ്റിയോടീ?" തൃശൂർ ടൗൺ സ്റ്റേഷനിൽ നിന്ന് പേരാമംഗലത്തേക്ക് ട്രാൻസ്ഫറായി വന്നതാണ് എസ് ഐ കുഴിക്കാടൻ. മറിയ ഒന്നും മിണ്ടാനാകാതെ നിന്നപ്പോൾ "താനെന്താടോ ഇവിടെ വ്യഭിചാരശാല നടത്തുന്നുണ്ടോ?" അയാൾ രാമപ്പനു നേരെ തിരിഞ്ഞു. "ഈ കടത്തിണ്ണേല് കെടക്കണത് ശരിയല്ലാച്ച്ട്ടാണ് ഞാൻ ആ മുറിയില് താമസിച്ചോളാൻ പറഞ്ഞത്, സാറെ. രണ്ടു മനുഷ്യ ജീവികളല്ലേ?" "തന്നെ ഇപ്പൊ ഒന്നും ചെയ്യുന്നില്ല. ഇവരെ ഇങ്ങനെ വിട്ടാപ്പറ്റില്ല. രണ്ടെണ്ണവും വണ്ടീക്കേറ്." "എന്തിനാ സാറെ? ഇവർക്ക് താമസിക്കാൻ വീടൊന്നുമില്ലാത്തവരാണ്. വെറുതെ ഈ രാത്രി സ്റ്റേഷനിൽ കൊണ്ടിരുത്താൻ എന്തു തെറ്റാ അവര് ചെയ്തത്? പ്രായപൂർത്തിയായ രണ്ടാൾക്കാരല്ലേ? അവർക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ." ഒടുവിൽ "നാളെത്തന്നെ സ്റ്റേഷനിലേക്ക് വന്നേക്കണം ട്ട്റാ. പിന്നെ, നിന്റെയീ പെണ്ണ്ങ്ങള്ടെ മാര്ത്തെ മുടി മുറിച്ച്ട്ട് വേണം വരാൻ" എന്നും പറഞ്ഞാണ് കുഴിക്കാടൻ സ്ഥലം വിട്ടത്. "നന്നായി രാമേട്ടാ. താങ്ക്യൂ താങ്ക്യൂ സ്റ്റേഷനില്ക്ക് കൊണ്ടോയാ പെട്ടേനെ. അർജന്റീനേടെ കളിണ്ട്. ന്ന്. റോയൽ ക്ലബില് പോയി കാണാം ന്ന് വിചാരിച്ചിരിക്ക്യാരുന്നു." നീളൻ സ്വർണ്ണമുടി തോളിലിഴഞ്ഞ്, പാറിപ്പറന്ന് ഒരു മാലാഖയെപ്പോലെ മൈതാനത്തു പടർന്നു കയറിയ ബാറ്റിസ്‌റ്റ്യൂട്ട ജാമൈക്കൻ പോസ്റ്റിലേക്ക് മൂന്നാമത്തെ ഗോളും അടിച്ചപ്പോൾ, റോയൽ സ്പോർട്ട്സ് ക്ലബ്ബിന്റെ ടി വി ക്കു മുന്നിലിരുന്ന് മറിയ അയാളുടെ നീണ്ട മുടിയിഴകൾ മുഖത്തോടു ചേർത്തു.

പേരാമംഗലം പോലീസ് സ്റ്റേഷൻ. "നിന്നോട് മുടി മുറിച്ചിട്ട് വരാനല്ലെടാ പറഞ്ഞേ?" എസ് ഐ ചാടി എഴുന്നേറ്റു. "സാറേ, ഞാൻ ബാറ്റിസ്റ്റ്യൂട്ടയാ..." നീണ്ട മുടിയിൽ വിരലോടിച്ച് അയാൾ പറഞ്ഞപ്പോൾ കുഴിക്കാടൻ ആ മുടി ചുരുട്ടിപ്പിടിച്ച് ബാറ്റിസ്‌റ്റ്യൂട്ടയെ വലിച്ചു നിലത്തിട്ടു. മറിയ ഒരു കരച്ചിലോടെ എസ് ഐയുടെ കാലുപിടിച്ചു. "ഇവള് കുറേ സഹായങ്ങളൊക്കെ ചെയ്തു തന്നിട്ടുള്ളതാ. അതോണ്ട് വിടുന്നു. ഇപ്പൊ പൊക്കൊ. എന്റെ മുമ്പിലെങ്ങാനും ഇനി വന്നു പെട്ടാൽ...!" പിന്നെ മറിയയോടായി കുഴിക്കാടൻ പറഞ്ഞു "നീയവിടെ നിൽക്ക്." വൈകുന്നേരം അർജന്റീനയുടെ കുപ്പായവുമിട്ട് ബൂട്ടു കെട്ടി ഇറങ്ങാൻ നേരം അയാൾ ചോദിച്ചു. "അല്ല, ന്തൂട്ടിനാ ആ എസ് ഐ നെന്നോട് നിക്കാൻ പറഞ്ഞേ?" "നീയ് ഉദ്ദേശിച്ചേനന്നെ. നെന്റെ മുടി മുറിക്കണ്ടാച്ച്ട്ട് ഞാൻ എതിരൊന്നും പറഞ്ഞില്ല്യാന്നേള്ളോ" വടക്കേ പോസ്റ്റിനോട് ചേർന്ന ഞാവൽ മരത്തിന്റെ വേരിൽ നീലക്കുപ്പായമിട്ട മറിയ കളി കാണാനിരുന്നു. വെളിച്ചം പൊഴിഞ്ഞു പോകാൻ തുടങ്ങിയ നേരത്ത് ഒരു ജീപ്പു വന്ന് ഗ്രൗണ്ടിനു കിഴക്ക് റേഷൻ കടയുടെ അരികിലായി നിൽക്കുന്നത് പന്തിനു പിറകേ പായുമ്പോഴും അയാൾ ശ്രദ്ധിച്ചു. ബോക്സിന്നകത്തു വച്ച് കെ ടി യുടെ മനോഹരമായ ഒരു പാസ് വലത്തേ കാലിനു പാകത്തിൽ കിട്ടിയപ്പോൾ ബാറ്റിസ്റ്റ്യൂട്ട നിറയൊഴിച്ചത് പോസ്റ്റിലേക്കായിരുന്നില്ല.
 

Content Summary: Malayalam Short Story ' Batistuta ' written by Sudheer Kolangattukara