ADVERTISEMENT

"ഞാൻ ഈ ക്രിസ്മസ് വെക്കേഷൻ സുമേടെ വീട്ടിൽ പോയി നിക്കാണ്. അച്ചു വെക്കേഷന് വരണുണ്ട്. എന്റെ കൊച്ചുമോനെ കണ്ടിട്ട് എത്ര നാളായി." "അപ്പൊ എന്റെ അഞ്ചു വയസുള്ള കൊച്ച് എവിടന്ന് വന്നതാണാവോ" കഥാനായിക മനസ്സിലോർത്തു. "ആ പിന്നേയ്.. ഞാൻ ഇവിടില്ലെന്ന് വച്ച് എന്റെ ചെക്കനെ നീ പട്ടിണിക്കിട്ടേക്കല്ലേ. ഒരാഴ്ച കഴിഞ്ഞ് ഞാൻ ഇങ്ങ് തിരിച്ചു വരും, അപ്പൊ ഈ വീട് ഇവിടെ ഇതുപോലെ കണ്ടേക്കണം. എന്റെ ചെടികളൊന്നും വെള്ളമൊഴിക്കാതെ കരിയിച്ചു കളഞ്ഞേക്കല്ലേ" "ഇവരിത് എന്താ ഈ പറയണത്, ഇവരുടെ മോൻ.. അതായത് എന്റെ മനുവേട്ടന് കൊടുക്കാതെ ഞാൻ ഒരു മിഠായി പോലും കഴിക്കാറുണ്ടോ? ഈ വീട് ഞാൻ എന്താ മറിച്ചു വിൽക്കോ? അപ്പൊ, അതല്ല. അമ്മ ഇവിടെ ഇല്ലാത്തത് കൊണ്ട് ഒന്നും നേരാംവണ്ണം നടക്കില്ലെന്ന് വരുത്തി തീർക്കണം, അത്ര തന്നെ. ഇപ്പൊ മോളുടെ അടുത്തേയ്ക്ക് പോകണതും എന്നെപ്പറ്റി ഉള്ളതും ഇല്ലാത്തതും പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുണ്ടാക്കാനല്ലേ. ആ സാരില്യ. എല്ലാം എന്റെ വിധി."

അപ്പൊ നമ്മുടെ നായിക.. പ്രിയ അങ്ങനെയാണ്, ചേമ്പിലയിൽ തട്ടി വെള്ളം തെറിച്ചു പോകുന്നത് പോലെ അവളുടെ മേൽ വീഴുന്ന ആക്ഷേപങ്ങളും പരിഹാസങ്ങളും എല്ലാം കേട്ടില്ലെന്ന മട്ടിൽ തട്ടിക്കളയുകയാ അവളുടെ പതിവ്. ഒരു കണക്കിന് മനുവിന് അതാശ്വാസവുമാണ്. തന്റെ അമ്മയുടെ അടുത്ത് വാദിച്ചു ജയിക്കാൻ ഒരിക്കലും പ്രിയയ്ക്ക് ആവില്ലെന്ന് അയാൾക്കറിയാം. അവളും കൂടി അങ്ങനെ തുടങ്ങിയിരുന്നെങ്കിൽ രണ്ടു പേരുടെയും ഇടയിൽ കിടന്ന് മനു പെട്ട് പോയേനേ! അവൾ ഓഫീസിൽ പോകുന്നതിനു മുൻപേ തന്നെ കൊണ്ടുപോകാനുള്ള സാധനങ്ങൾ പാക്ക് ചെയ്ത് അമ്മ വീട്ടിൽ നിന്ന് ഇറങ്ങി. അവൾ ഓഫീസിൽ നിന്ന് തിരിച്ചു വന്നപ്പോൾ അന്ന് മുതൽ ത്രിസന്ധ്യാനേരത്തും വഴി വരെ കേൾക്കാവുന്ന സീരിയൽ കരച്ചിലുകൾ ഇല്ല. ഉറക്കെയുള്ള ഫോൺ വിളികളില്ല, കാലിൽന്മേൽ കാൽ കയറ്റിയിരിക്കുന്ന അധികാരഹുങ്കുകൾ ഇല്ല. മനസ്സിൽ എന്തെങ്കിലും കുനിഷ്ട് കേറിയാൽ ഉണ്ടാകുന്ന ബലൂൺ പോലെ വീർപ്പിച്ച വദനവുമില്ല. മനു ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പതിവുപോലെ വച്ചിട്ട് പോയ താക്കോൽ എടുത്ത് വീട് തുറന്നവൾ അകത്തുകയറി. അമ്മ ഉണ്ടെങ്കിൽ ജോലി കഴിഞ്ഞ് വന്ന് ക്ഷീണിതയാണെങ്കിൽ പോലും ഒരു നിമിഷം വിശ്രമിക്കാതെ നേരെ കുളിക്കാൻ കയറും, പിന്നെ ഓടിവന്ന് അടുക്കളയിൽ കയറി ചായയും അതിനുള്ള പലഹാരവുമുണ്ടാക്കി ആദ്യം തന്നെ അമ്മയ്ക്ക് കൊടുക്കും. എന്നിട്ടേ അവളുടെ മോന് പോലും കൊടുക്കൂ. അവസാനം അവൾ കഴിച്ചാൽ കഴിച്ചു, അത്ര തന്നെ. 

ഇന്ന് പതിവിലും വിപരീതമായി.. ഓഫീസിൽ നിന്ന് വന്നിട്ട് അവൾക്കൊന്ന് ഇരിക്കണമെന്ന് തോന്നി. തോളിൽ നിന്ന് ബാഗ് ഊരിമാറ്റി സോഫയിൽ വച്ച് ഫാൻ ഓൺ ചെയ്ത് അവൾ മെല്ലെ കസേരയിലേയ്ക്ക് ചാഞ്ഞു. എത്ര വൈകി കിടന്നാലും വൈകി എഴുന്നേൽക്കാൻ പാടില്ലെന്ന ഒരു നിയമം ഇവിടെ നിലനിൽക്കുന്നതിനാലാവും എന്നും ഉറങ്ങിത്തീർക്കാൻ ബാക്കിയുള്ള ഉറക്കത്തെ എന്നോ ഉറങ്ങിത്തീർക്കാൻ മാറ്റി വച്ചിരിക്കുകയാണ് അവൾ. അതുകൊണ്ടാവണം അവൾ പോലുമറിയാതെ അവളുടെ കണ്ണുകളിലേയ്ക്ക് മയക്കം പാഞ്ഞെത്തിയത്. ഏകദേശം പതിനഞ്ചു മിനിറ്റോളം അവൾ അതേ കിടപ്പ് കിടന്നു. പെട്ടെന്നാണ് കണ്ണ് തുറന്നത്. തനിക്കു മാത്രമായി ഇനി ഒരു ചായ ഉണ്ടാക്കണോ? വേണ്ട, അവൾ മടിച്ചു. മനുവേട്ടൻ വരാൻ രാത്രിയാവും. ചൂടോടെ രാത്രി എന്തെങ്കിലും ഉണ്ടാക്കി ഒരുമിച്ച് ഇരുന്നു കഴിക്കണം. അമ്മ ഉള്ളപ്പോൾ മനുവേട്ടന് ആദ്യം കൊടുക്കും, ശേഷം അമ്മയോടൊപ്പം ഇരുന്നാണ് അവൾ കഴിക്കുന്നത്. ഇനിയിപ്പോ ഒരാഴ്ച മനുവേട്ടന്റെ കൂടെ ഒന്നിച്ചിരുന്ന് കഴിക്കണം. നേരത്തെ കിടക്കണം. സ്വപ്നത്തിൽപ്പോലും പേടിപ്പെടുത്തുന്ന അമ്മയുടെ മുഖം ഓർത്തിട്ടാവും എന്നും അലാറം അടിക്കുമ്പോൾ പ്രിയ ചാടിയെഴുന്നേൽക്കുന്നത്. ഇനി കുറച്ചു ദിവസത്തേയ്ക്ക് ചാടിയെഴുന്നേൽക്കണ്ട, നിന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാൻ നിനക്ക് ഒരാഴ്ച സമയമുണ്ട്. അവൾ അവളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. കുളി കഴിഞ്ഞു വന്ന് സോഫയിൽ ചാരിക്കിടന്ന് മൊബൈൽ നോക്കുന്നത് കണ്ട് ആ വീടുകളുടെ ചുമരുകൾ പോലും അവളെ കളിയാക്കി ചിരിച്ചു. അവർ അവളെ നോക്കി പറയും പോലെ, 'പ്രിയേ, ഇതൊക്കെ നിനക്ക് പതിവില്ലാത്തത് ആണല്ലോ' ന്ന്.

അതേ, പതിവില്ലാത്ത ചില കാര്യങ്ങൾ, അവൾ പലർക്കുമായി മാറ്റി വച്ച അവളുടെ സ്വപ്‌നങ്ങൾ, എല്ലാം ഈ ഒരാഴ്ച കൊണ്ട് നടത്തിയെടുക്കണം. സുഖനിദ്രയിലാഴ്ന്നു പോകുന്ന മട്ടിലുള്ള ആ കിടപ്പിൽ കിടന്നു കൊണ്ട് അവൾ മനസ്സിൽ കണക്കു കൂട്ടി. തന്റെ തിരക്കുകൾക്കിടയിൽ അവൾ മാറ്റിവച്ച ചില ഫോൺ വിളികൾ, അത് തീർത്തും അവളെ മനസിലാക്കുന്നവർക്ക് വേണ്ടിയുള്ളതാണ്, ഒരിക്കലും പരിഭവവും പരാതികളും പറയാത്തവർ, അവളെ സ്നേഹിക്കുന്നവർ അവരെ ഒക്കെ മതിയാവോളം വിളിക്കണം, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ വീണ്ടും വീണ്ടും പറയണം. എഴുതാൻ മാറ്റി വച്ചവയെല്ലാം എഴുതിത്തീർക്കണം. തങ്ങൾക്കു മാത്രമായ് പുറത്തൊന്നു ചുറ്റണം. ഭക്ഷണം കഴിക്കണം. ഇതുവരെ നടക്കാത്ത.. അവളുടെ ഉള്ളം കൊതിക്കുന്ന.. ന്യൂ ഇയർ രാവുകളുടെ ശോഭ കണ്ടാസ്വദിക്കാൻ.. മനുവേട്ടന്റെ ബൈക്കിന് പുറകെ.. ധനുമാസരാവിന്റെ കുളിർകാറ്റേറ്റ്.. മനുവേട്ടനെ മുറുക്കെ കെട്ടിപ്പിടിച്ചിരുന്ന് ബീച്ചിലൂടെ ഒരു നൈറ്റ് റൈഡിനു പോകണം. മുൻപൊരിക്കൽ ഇതുപോലൊരു അവസരം വന്നപ്പോൾ മനുവേട്ടന് എങ്ങുമില്ലാത്ത തിരക്കായിരുന്നു, അവളുടെ ആശകളൊക്കെയും വെള്ളത്തിൽ വരച്ച വര പോലെ ആയി. അല്ലെങ്കിലും 'കാട്ടുകോഴിയ്ക്ക് എന്ത് സംക്രാന്തി?' അതുപോലെ ആവില്ല ഇത്തവണ എന്ന് മനുവേട്ടൻ വാക്ക് തന്നിട്ടുണ്ട്, പലപ്പോഴും 'തന്ന വാക്കും പഴയ ചാക്കും ഒരുപോലെ' എന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും അവളുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ലായിരുന്നു.  

ആഘോഷിക്കാൻ, മനസ്സിലെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാൻ ഇനി ഒരു ദിവസം കൂടി ബാക്കി. അങ്ങനെ ന്യൂ ഇയർ രാവിനെ വരവേൽക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രിയ ധൃതിയിൽ ഓഫീസിൽ നിന്നിറങ്ങി വീട്ടിലേയ്ക്ക് നടന്നു. ''പ്രിയാ, സോറി ഡാ, എനിക്കൊരു അത്യാവശ്യം ഉണ്ട്. വരാൻ ഇത്തിരി വൈകും. ഒഴിവാക്കാൻ പറ്റാത്ത കാര്യം ആയിപ്പോയി. നീ ഒന്ന് എന്നോട് ക്ഷമിക്ക്. ഞാൻ നേരത്തെ വരാൻ നോക്കാം." കലിപ്പ് എന്താണെന്ന് പോലും അറിയാത്ത അവളിലേയ്ക്ക് കലിപ്പിന്റെ ചില ചെറുകണങ്ങൾ അരിച്ചു കയറാൻ തുടങ്ങി. തന്റെ ആശ തൻ കോട്ടയുടെ ഓസോൺ പാളിയ്ക്ക് സുഷിരം വീണു തുടങ്ങി. 'ആ സാരില്യ. വേഗം വരുമായിരിക്കും.' അവൾ മനസ്സിനെ സ്വയം ആശ്വസിപ്പിച്ചു. മോന്റെ കരാട്ടെ ക്ലാസ്സിന്റെ മീറ്റിങ് ഉണ്ട് രാത്രി എട്ട് മണിക്ക്. രക്ഷകർത്താക്കൾ എല്ലാവരും എത്തണം എന്ന് ഉണ്ണിക്കുട്ടൻ പ്രത്യേകം പറഞ്ഞിരുന്നു. ഉണ്ണിക്കുട്ടൻ ഇപ്പൊ പ്രിയയുടെ വീട്ടിലാണ്, വെക്കേഷൻ ആയാൽപിന്നെ അമ്മൂമ്മയും മുത്തശ്ശനും മാത്രം മതി അവന്. ഒരു വേദിയിൽ ആദ്യമായി ഉണ്ണിക്കുട്ടന്റെ കരാട്ടെ പ്രോഗ്രാം നടക്കുകയാണ്. രക്ഷകർത്താക്കൾ വന്നേ മതിയാകൂ. 'ഇനി അതിനും ഈ രാത്രിയിൽ ഞാൻ പോകേണ്ടി വരുമോ?' നടന്ന് വീടെത്തി. സാധാരണ വച്ചിട്ട് പോകാറുള്ള സ്ഥലത്തു നോക്കുമ്പോൾ വീടിന്റെ താക്കോൽ കാണുന്നില്ല. അത്ര പുതിയ വീടൊന്നും അല്ലാത്തത് കൊണ്ട് തന്നെ അതിന് പകരം വേറെ താക്കോലും ഇല്ല. അവൾ കുറെയേറെ നേരം പരതി. കാണാതെ ആയപ്പോൾ പ്രിയ മനുവിനെ വിളിച്ചു. "വീടിന്റെ താക്കോൽ എവിടെ?" "സോറി പ്രിയാ, എനിക്ക് ഒരബദ്ധം പറ്റി. ധൃതിയിൽ വന്നപ്പോൾ താക്കോൽ എന്റെ കൈയ്യിൽ ആയിപ്പോയി. ഞാൻ അത്യാവശ്യസ്ഥലത്തേയ്ക്ക് പോവുകയാണ്. അവിടെ നിന്ന് ഒരുപാട് ദൂരെയാണ് ഞാൻ ഇപ്പൊ. നീ എന്നോട് ഒന്ന് ക്ഷമിക്ക്." അവൾ മുഴുവൻ കേൾക്കാൻ നിന്നില്ല. ഫോൺ കട്ട് ചെയ്തു. 

തോളിൽ നിന്ന് ബാഗൂരി വച്ച് അവൾ സിറ്റ് ഔട്ടിൽ കുറച്ചു നേരം ഇരുന്നു. താൻ ഇനി എന്ത് ചെയ്യും! കുറച്ചു നേരം കഴിഞ്ഞു. 'ഹാ, പുഷ്പ്പിച്ചു നിൽക്കുന്ന അമ്മായിയമ്മയുടെ വളർത്തുമക്കളായ ചെടികൾക്ക് വെള്ളമൊഴിക്കാം', അവൾ പൈപ്പിൻ ചുവട്ടിലേക്ക് നടന്നു. വെള്ളമെടുത്ത് ചെടികൾക്ക് നനച്ചു തുടങ്ങിയപ്പോഴേയ്ക്കും മൊബൈൽ റിങ് ചെയ്യുന്നു. കരാട്ടെ ക്ലാസ്സിൽ നിന്നാണ്. മീറ്റിങ് തുടങ്ങാറായി. എല്ലാവരും ഉണ്ണിക്കുട്ടന്റെ പാരന്റിനെ വെയ്റ്റ് ചെയ്ത് ഇരിക്കുകയാണ്. ഇനി ഈ രാത്രിയിൽ താൻ തന്നെ പോവുക, അല്ലാതാരാ? സാനിറ്റൈസറിന്റെ അമിതോപയോഗം മൂലം വെളിച്ചം തരുന്ന അവളുടെ മൊബൈലിന്റെ കണ്ണ് അടിച്ചു പോയിരിക്കുന്നു. ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീഴാതെ നോക്കാൻ മൊബൈലിന് ഇപ്പൊ വെളിച്ചം നൽകുന്ന കണ്ണുകളില്ല. അരണ്ട വെളിച്ചത്തിലൂടെ അവൾ നടന്നു നടന്ന് മീറ്റിങ് നടക്കുന്ന.. വീട്ടിൽ നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്തെത്തി. അരമണിക്കൂർ നീണ്ടു നിന്ന മീറ്റിങ്ങിനുശേഷം അവൾ ഇരുട്ടിലൂടെ നടന്നു നീങ്ങുമ്പോൾ വഴിയരികിൽ പൈപ്പ് പണിയെല്ലാം നിർത്തിവച്ച് വിശ്രമിക്കുന്ന.. ഉച്ചത്തിൽ കളിചിരികൾ പറയുന്ന ഒരു കൂട്ടം ബംഗാളികളുണ്ടായിരുന്നു. അവളുടെ നടത്തത്തിന് ആക്കം കൂടി. അതുകൊണ്ടാവും സമയമറിയാതെ അവൾ വേഗം വീടെത്തിയത്. ഇനിയെന്ത് ചെയ്യണം. സമയം എട്ടര കഴിഞ്ഞു. പകുതിയാക്കിയ ചെടിനനക്കൽ കംപ്ലീറ്റ് ചെയ്യാമെന്ന് കരുതി വീണ്ടും പൈപ്പ് ഓൺ ചെയ്തു. 'വെള്ളത്തിന് വരാൻ എന്താ ഒരു ബുദ്ധിമുട്ട്, ഈശ്വരാ, ടാങ്കിലെ വെള്ളം തീർന്നോ? നനയ്ക്കാതെ ഈ ചെടിയെങ്ങാനും കരിഞ്ഞു പോയാൽ പിന്നെ എന്റെ അവസ്ഥ പരിതാപകരം.'

തൊണ്ട വരളുന്നു, കടയിൽ കയറി വാങ്ങിയ മിൽമപ്പാൽ അവളെ നോക്കി ചിരിക്കുന്നു. ബാഗ് തുറന്ന് കുപ്പിയിൽ ബാക്കി ഉണ്ടായിരുന്ന വെള്ളമെടുത്ത് തൊണ്ട നനച്ചു. സിറ്റ് ഔട്ടിലെ ലൈറ്റ് ഓഫ് ചെയ്തേക്കാം. ബാഗുമായി ഓഫീസിൽ നിന്ന് വന്ന വഴി തുടങ്ങിയ ഇരിപ്പ് വഴിയിലൂടെ പോകുന്ന അപരിചിതർ കാണണ്ട. ഇരുട്ടിൽ ഇരുന്ന് അവൾ മൊബൈലിൽ ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം എല്ലാം മാറി മാറി നോക്കി, മൊബൈലിന്റെ ഉച്ചിയിൽ ബാറ്ററി തീരുന്നതിന്റെ ചുമന്ന വര വീണു തുടങ്ങി. വീടിനകത്തു കടക്കാതെ മൊബൈൽ ചാർജ് ചെയ്യാൻ എന്ത് ചെയ്യും? പെട്ടെന്നാണ് വർക്ക് ഏരിയയിലെ വാഷിങ് മെഷീനിന്റെ കാര്യം അവൾക്ക് ഓർമ്മ വന്നത്. വീടിന്റെ പുറകുവശത്ത് എത്താൻ എന്ത് ചെയ്യും? അയൽക്കാർ ഒക്കെ വീട് പൂട്ടിയിട്ട് ന്യൂ ഇയർ ആഘോഷിക്കാൻ പോയി. എന്നോ മനുവേട്ടനോട് പറഞ്ഞതാ പുറകുവശത്തെ ബൾബ് കത്തുന്നില്ലെന്ന്. അതൊന്ന് ശരിയാക്കിത്തരാൻ ഇതുവരെ ആയില്ലല്ലോ. ഈ ഇരുട്ടത്ത് ഞാൻ.. സ്റ്റെയർകേസിനു താഴെ അന്നൊരിക്കൽ ഒരു വളവളപ്പനെ കണ്ടതിന്റെ പേടി ഇതുവരെ മാറിയില്ല. മൊബൈൽ ചാർജ് ചെയ്യണമെങ്കിൽ അവൾക്ക് ഇരുട്ടത്തൂടെ പോയെ തീരൂ. അവൾ ധൈര്യം സംഭരിച്ച് വീടിനു പിന്നാമ്പുറത്തെത്തി മൊബൈൽ ചാർജ് ചെയ്യാൻ വച്ചു തിരിച്ചെത്തി വീണ്ടും സിറ്റ് ഔട്ടിൽ ഇരുന്നു. തൊണ്ട വീണ്ടും വരണ്ടു തുടങ്ങി, ശരീരം തളരുന്നത് പോലെ. ഓഫീസിൽ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഊണ് കഴിച്ചതല്ലേ, ഇപ്പൊ രാത്രി മണി പത്താകുന്നു. അവളുടെ വയറിലെ രസമുകുളങ്ങൾ വിശപ്പിന്റെ പെരുമ്പറ മുഴക്കിത്തുടങ്ങി. 

അത്യാവശ്യം ചാർജായ മൊബൈൽ എടുത്ത് അവൾ മനുവേട്ടനെ വിളിച്ചു. "ദാ, ഇപ്പൊ എത്തും. എത്തി മോളെ.. എത്തി." പിന്നൊന്നുമില്ല മറുപടി. സമയം പോകാൻ ഇനി ആകെ ഉള്ള ആശ്രയം മൊബൈൽ ആണ്, വീണ്ടും മൊബൈൽ എടുത്ത് പാട്ട് കേൾക്കാൻ തുടങ്ങി. അതിനിടയിൽ പലയിടത്തു നിന്ന് ന്യൂ ഇയറിനെ വരവേറ്റുകൊണ്ട് പടക്കങ്ങൾ പൊട്ടിത്തുടങ്ങി, പൂത്തിരികൾ കത്തിത്തുടങ്ങി. പപ്പാനികൾ ഇറങ്ങിത്തുടങ്ങി. അവൾക്കൊരേയൊരു പ്രാർഥന മാത്രം. ആരും ഇവിടേയ്ക്ക് വരല്ലേയെന്ന്. സമയം കടന്നു പോകുന്നു, പത്തര.. പതിനൊന്ന്.. ക്ഷമയുടെ നെല്ലിപ്പലക കണ്ടുതുടങ്ങിയവൾക്കുള്ള മറുപടി ഒന്ന് മാത്രം. "എടാ, ഞാൻ എത്തി എത്തി.. സോറി ഡാ. മനുവേട്ടന്റെ പാറുവല്ലേ" അവൾക്കതിൽ തീരെ പ്രേമം തോന്നിയില്ല. തന്റെ മോഹങ്ങൾ, സ്വപ്‌നങ്ങൾ, ഒക്കെ തല്ലിക്കെടുത്തിയ മനുവിനോട് തീരണില്ല അവളുടെ കലിപ്പുകൾ. വീട്ടിലേയ്ക്ക് ഒന്ന് വിളിച്ചാലോ, ഒരാശ്വാസത്തിന്. അപ്പൊ ദാ, വാട്ട്സാപ്പിൽ അനിയത്തിയുടെ ഫോട്ടോസ്, എല്ലാവരും അമ്പലത്തിൽ പോയിരിക്കുന്നു, അതെ അവിടെ ഇന്ന് അമ്പലത്തിൽ താലപ്പൊലിയാണ്. ഞാനെന്റെ വിഷമങ്ങൾ ആരോട് പറയാൻ! ആര് കേൾക്കാൻ! അവൾക്ക് കരച്ചിൽ വന്നു തുടങ്ങി.

പതിനൊന്നര മുതൽ ഇടതടവില്ലാതെ മനുവിനെ വിളിച്ചുകൊണ്ടിരുന്ന പ്രിയയുടെ ഫോൺ കോളുകൾക്ക് മറുപടിയായി കൃത്യം പതിനൊന്ന് അൻപത്തിയഞ്ചിന് മനുവിന്റെ ബൈക്കിന്റെ ഹോണടി ശബ്ദം ഗേറ്റിന് മുൻപിൽ വന്നു നിന്നു. ബൈക്ക് അവിടെ നിർത്തി ഗേറ്റ് തുറന്ന് പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് ഓടി വന്ന് വാതിൽ തുറന്നപ്പോഴേയ്ക്കും ആകാശത്തു പൂത്തിരികൾ കത്തി, അവിടെ വിരിഞ്ഞ പൂത്തിരിയോടൊപ്പം എങ്ങും ആഘോഷാരവത്തിൻ മാറ്റൊലികൾ.. "ഹാപ്പി ന്യൂ ഇയർ". ഇതുകണ്ടതോടെ അവളുടെ മോഹങ്ങൾ മോഹഭംഗങ്ങളാക്കിയ രാവിനെ ദയനീയമായി നോക്കിക്കൊണ്ട് അകത്തു കയറുമ്പോഴും തീരണില്ല പ്രിയയുടെ കലിപ്പുകൾ. തീരണില്ല.. തീരണില്ല.. തീരണില്ലവളുടെ കലിപ്പുകൾ. അവളുടെ കലിപ്പിന്റെ തീ അണയ്ക്കുവാൻ മുൻപിൽ നിന്ന് പശ്ചാത്താപക്കൈ കൂപ്പുന്ന മനുവിനായില്ല. കെട്ടുപോയ വിശപ്പിന്റെ രസമുകുളങ്ങളെ തണുപ്പിക്കാൻ അവൾ ആർത്തിയോടെ കുടിച്ചിറക്കിയ വെള്ളത്തിനുമായില്ല. തളർന്നവശയായ് കിടന്നപ്പോൾ തൊട്ടടുത്ത് വന്ന് കവിളിലും നെറുകയിലും മാറി മാറി നൽകിയ അവന്റെ ചുംബനങ്ങൾക്കായില്ല, അവന്റെ പ്രണയത്തിന്റെ വരിഞ്ഞു മുറുക്കുന്ന ആലിംഗനങ്ങൾക്കുമായില്ല.

Content Summary: Malayalam Short Story ' Theeranilla Avalude Kalippukal ' written by Smitha Renjith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com