ADVERTISEMENT

''എന്താണ് ഡോക്ടര്‍ പറഞ്ഞത്?'' രാവിലെ ഡോക്ടറെ കണ്ട് വീട്ടില്‍ മടങ്ങിയെത്തിയ രാജനോട് പ്രിയതമ ആരാഞ്ഞു. ''ഓ, പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല വത്സലേ. ഷുഗറും കൊളസ്‌ട്രോളും ബാക്കി എല്ലാ കുന്ത്രാണ്ടങ്ങളും നോര്‍മല്‍ ആണത്രേ. ഇനി ഒരു മൂന്നുകൊല്ലം ഒന്നും പേടിക്കേണ്ടെന്നാ വിധി പ്രസ്താവിച്ചത്.'' ''ങാ, ശരി. കാപ്പികുടി കഴിഞ്ഞ് മുകളില്‍ ടെറസ്സിലെ ചെടികള്‍ക്ക് കുറച്ച് വെള്ളമൊഴിക്കണം. എനിക്ക് കോണി കയറാന്‍ വയ്യ.'' ''ഓ, ആയിക്കോട്ടെ.'' നനയ്ക്കലൊക്കെ കഴിഞ്ഞ് താഴെയെത്തി രാജന്‍ പത്രപാരായണവും കഴിഞ്ഞ് വിശ്രമിക്കാന്‍ തീരുമാനിച്ചപ്പോഴേക്കും ഉച്ചയായി. ഊണ് കഴിക്കാന്‍ ഇരുന്നപ്പോള്‍ എന്തോ പന്തികേട് തോന്നി. തോന്നിയതായിരിക്കുമെന്നു കരുതി ശ്രദ്ധിച്ചില്ല. പെട്ടെന്ന് നെഞ്ചില്‍ കടുത്ത വേദന. സെക്കന്റുകള്‍ക്കുള്ളില്‍ ഇടതുകൈയ്യിലേക്ക് പടര്‍ന്നു. കുടുകുടെ വിയര്‍ക്കാനും തുടങ്ങി. പോയി കിടക്കാന്‍ ശ്രമിച്ചു. പക്ഷേ, പറ്റുന്നില്ല. പണ്ട് ഒരു ഡോക്ടര്‍ പറഞ്ഞുതന്ന ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളും. അപ്പോള്‍ ഇന്നു രാവിലെ ഡോക്ടര്‍ പറഞ്ഞതോ? ആകെ ഒരു പുകപോലെ.

നട്ടുച്ച. ഭാര്യയുടെ കുളിയും തേവാരവുമൊന്നും കഴിഞ്ഞിട്ടില്ല. ഭാഗ്യത്തിന് മകള്‍ ഉണ്ടായിരുന്നു. അവളെ വിളിച്ച് രാജന്‍ വിവരം പറഞ്ഞു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ അവള്‍ വേഗം ഓട്ടോ പിടിക്കാന്‍ പുറത്തിറങ്ങി. നഗരത്തിന്റെ ഹൃദയഭാഗം. എന്നിട്ടെന്താ? അഞ്ചാമത്തെ ഓട്ടോ കിട്ടി. വേഷം മാറാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ എങ്ങനെയോ ഓട്ടോയില്‍ കയറി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതുപോലെ ഓട്ടോക്കാരന്‍ തിരക്കില്‍ക്കൂടി പരമാവധി വേഗം ആശുപത്രിയിലെത്തിച്ചു. രണ്ട് അറ്റന്റര്‍മാര്‍ സ്ത്രീകള്‍ വേഗം വീല്‍ചെയറില്‍ കയറ്റി കാഷ്വാല്‍റ്റിയില്‍ ഏൽപ്പിച്ചു. ''പോയി കൗണ്ടറില്‍ പണമടച്ച് ഫയലെടുത്തിട്ട് വരൂ.'' നഴ്‌സിന്റെ ഉത്തരവ്. ആള് ചത്താലും കിട്ടാനുള്ള കാശ് കിട്ടട്ടെ. രാജനെ അവര്‍ ഒരു കട്ടിലില്‍ കിടത്തി. മകള്‍ പണമടച്ചുവന്നു. ഡ്യൂട്ടിയിലുള്ള ഏമാന്‍ വിവരങ്ങള്‍ ആരാഞ്ഞു. ഇസിജി എടുക്കാനുള്ള ശ്രമം തുടങ്ങി. നഴ്‌സുമാര്‍ രണ്ടുപേരും മാറിമാറി മര്‍ദ്ദിച്ചപ്പോള്‍ ഇസിജി മെഷിന് ജീവന്‍വെച്ചു. കറപറ ശബ്ദത്തോടെ കടലാസ് പ്രിന്റ് ചെയ്തുവന്നു. ഡ്യൂട്ടിയേമാന്‍ അത് കുറേനേരം തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് വിധിയെഴുതി: ''ഇതില്‍ കുഴപ്പമൊന്നുമില്ല. ഗ്യാസിന്റെയായിരിക്കും. ജെലൂസില്‍ ഒരു കുപ്പി വാങ്ങൂ.''

Read also: ശമ്പളം കൂട്ടിക്കിട്ടാൻ ജോലിക്കാരിയുടെ അതിബുദ്ധി; പക്ഷേ സംഗതി ഏറ്റില്ല, ആപ്പുകൾ വന്നു, പണിയും പോയി

അപ്പോഴേക്കും രാജന്‍ വല്ലാതെ അസ്വസ്ഥനായിക്കഴിഞ്ഞിരുന്നു. ധരിച്ചിരുന്ന ഷര്‍ട്ട് മുഴുവന്‍ വിയര്‍പ്പില്‍ കുതിര്‍ന്നു. വേദനകൊണ്ട് പുളഞ്ഞുതുടങ്ങി. ഡോക്ടര്‍ ഏമാന് ഇതൊന്നും ഒരു വിഷയമല്ല. ജെലൂസിലിന്റെ കുപ്പിയിലെ കാല്‍ഭാഗം കുടിപ്പിച്ചിട്ടും സ്ഥിതി കൂടുതല്‍ മോശം. മകള്‍ വീണ്ടും ഏമാനെ സമീപിച്ചു. ''ഹേയ്, അയാള്‍ക്ക് ഒരു കുഴപ്പവുമില്ല. രണ്ടാമതും ഇസിജി നോക്കി. അതും നോര്‍മലാണ്.'' അഞ്ച് മിനിറ്റ് ഇടിയും തൊഴിയും കഴിഞ്ഞാണ് മെഷിന്‍ അനങ്ങിയത് എന്ന് രാജന്‍ കണ്ടു. ''ഒരു ഡോസ് മരുന്നുകൂടി കൊടുത്ത് അരമണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ പോകാം.'' ഏമാന്‍ ഉറപ്പിച്ച് പറഞ്ഞു. ഈ സമയം കൊണ്ട് രാജന്റെ സമനില തെറ്റിത്തുടങ്ങിയിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞാല്‍ താന്‍ വീട്ടിലേക്കല്ല പരലോകത്തേക്കാണ് എത്തുകയെന്ന് അയാള്‍ക്ക് ഉറപ്പായി. മരിക്കുന്നതിനു മുന്‍പ് ഗംഗാജലം വായില്‍ ഇറ്റിക്കുന്നത് കണ്ടിട്ടുണ്ട്. എനിക്ക് പകരം ജെലൂസില്‍ കുടിച്ച് മരിക്കാനാണോ യോഗം? രാജന്‍ സങ്കടപ്പെട്ടു. ദൈവമേ ഇങ്ങനെയുമുണ്ടോ വിവരം കെട്ടവന്മാര്‍? അവസാനം രണ്ടും കൽപ്പിച്ച് മകളോട് ഡോക്ടറെ വിളിക്കാന്‍ പറഞ്ഞു. ഏമാന്‍ എഴുന്നള്ളി.

''ഇപ്പോള്‍ എങ്ങനെയുണ്ട്?'' ഏമാന്റെ സ്‌നേഹാന്വേഷണം. സാധാരണഗതിയില്‍ ഏമാന്റെ മരണം ഉടന്‍ സംഭവിക്കേണ്ടതായിരുന്നു. പക്ഷേ, രാജന്‍ തീരെ അവശനായിരുന്നതുകൊണ്ട് ആ സല്‍ക്കര്‍മ്മം നടന്നില്ല. തലേയാഴ്ച 'ഏകലവ്യന്‍' സിനിമയില്‍ നരേന്ദ്രപ്രസാദിന്റെ ഡയലോഗ് രാജന് ഓര്‍മ്മ വന്നു. ''ദേഷ്യം വന്നാല്‍ സംസാരിക്കാന്‍ ഏറ്റവും നല്ല ഭാഷ ഇംഗ്ലീഷ്'' ആണെന്ന്. അവശേഷിച്ച അവസാനത്തെ മില്ലിഗ്രാം ഊര്‍ജ്ജവും സംഭരിച്ച് രാജന്‍ ഏമാനോടു പറഞ്ഞു: Take a look at my body. See me sweating like hell. My left hand is locked in pain. Your Gelusil is meant for gastritis. I think this is a heart attack. ഇത് ഒരു ഡോക്ടറോടു പറഞ്ഞാല്‍ സാധാരണ രീതിയില്‍ ഡോക്ടറെ അപമാനിക്കലാണ്. പക്ഷേ, നമ്മുടെ ഏമാന്ന് പ്രത്യേകിച്ചൊരു വികാരവുമുണ്ടായില്ല. ''എന്നാല്‍ നമുക്ക് അഡ്മിറ്റ് ചെയ്യാം, അല്ലേ?'' യാതൊരു ഉളുപ്പുമില്ലാത്ത ചോദ്യം. ''അതാ നല്ലത്.'' രാജന്റെ നേര്‍ത്ത ശബ്ദത്തില്‍ മറുപടി. അങ്ങനെ അവസാനം പാവം രാജനെ കാര്‍ഡിയോളജിസ്റ്റിന്റെ അടുത്തെത്തിച്ചു.

Read also: ചില ടെസ്റ്റുകൾ നടത്തണമെന്ന് ഡോക്ടർ, തനിക്ക് മാറാരോഗമെന്ന് ഉറപ്പിച്ച് രോഗി; ടെൻഷനോട് ടെൻഷൻ..

ഹൃദ്രോഗവിദഗ്ധന്‍ പ്രാഥമിക പരിശോധക്കുശേഷം വൈകാതെ കാത്ത് ലാബിലേക്കു മാറ്റി. പിന്നീട് നടന്നതൊക്കെ കുറെനേരത്തേക്ക് രാജന് നേരിയ ഓര്‍മ്മയേ ഉണ്ടായിരുന്നുള്ളൂ. ''ഞാന്‍ നിങ്ങളുടെ തുടയില്‍ സൂചി കുത്തുവാന്‍ പോകുകയാണ് കേട്ടോ. ചെറുതായി വേദനിക്കും.'' എന്ന് ഡോക്ടര്‍ പറഞ്ഞത് രാജന്‍ വ്യക്തമായി കേട്ടു. കുറേശ്ശെ ബോധം വീണ്ടെടുത്തപ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പടങ്ങള്‍ വരുന്നു. ഒരു കുഴലില്‍ കൂടി ഒരു സൂചിപോലെ എന്തോ നീങ്ങുന്നു. തന്റെ നെഞ്ചിന്റെ ഉള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍. കുഴലിന്റെ ഉള്ളില്‍ ഒരു ഭാഗത്ത് കറുത്ത നിറം. അൽപം കഴിഞ്ഞ് അത് അലിഞ്ഞുപോയി. വേറെ ഒന്നു രണ്ടു ദിക്കില്‍ കൂടുതല്‍ സമയം എന്തൊക്കെയോ ആ ഉപകരണം ചെയ്യുന്നു. പെട്ടെന്ന് ഇലക്ട്രിക് ഷോക്കടിച്ചതുപോലെ ഒരു വേദന തന്റെ മുതുകിലും ഇടതുകൈയിലും രാജന് അനുഭവപ്പെട്ടു. ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാ വേദനയും പമ്പകടന്നു. ''വേദന മാറിയില്ലേ?'' എന്ന ഡോക്ടറുടെ ചോദ്യത്തിന് രാജന്‍ തലകുലുക്കി മറുപടി പറഞ്ഞു.

പിന്നെയൊന്നും രാജന് ഓര്‍മ്മയില്ല. താന്‍ മേഘങ്ങള്‍ക്കിടയില്‍കൂടി പൊങ്ങിപൊങ്ങി പോയ്‌ക്കൊണ്ടിരിക്കുന്നു. ചുറ്റും നീലാകാശം മാത്രം. കുറെ ദൂരം പോയപ്പോള്‍ ഒരു വലിയ മതില്‍ക്കെട്ടും അതില്‍ ഒരു വാതിലും. അവിടെ നിന്നിരുന്നയാള്‍ രാജനോട് ചോദിച്ചു: ''പെട്ടിയും കിടക്കയുമായി സ്വര്‍ഗ്ഗത്തിലേക്ക് വരാന്‍ തന്നെ ഞങ്ങളാരും വിളിച്ചില്ലല്ലോ. സമയമാകുമ്പോള്‍ വിളിക്കാം കേട്ടോ. അപ്പോള്‍ വന്നാല്‍ മതി. വേഗം ആ നരകത്തിലേക്ക് തന്നെ തിരിച്ചുപോ. തനിക്കവിടെ കുറച്ചുകാലം കൂടി അനുഭവിക്കാനുണ്ട്.'' അയാള്‍ പാവം രാജനെ തള്ളി താഴേക്കിട്ടു. എത്രയോ പൊക്കത്തില്‍നിന്ന് ചാക്കുകെട്ട് പോലെ വന്ന് വീണ വേദനയില്‍ ഉറക്കെ നിലവിളിച്ച് രാജന്‍ ചാടിയെഴുന്നേറ്റു. താനെവിടെയാണ്? എവിടെയാണ് സ്വര്‍ഗ്ഗം? രണ്ട് കൈയ്യിലും സൂചി കുത്തിക്കയറ്റിയിട്ടുണ്ട്. കുറെ ചുവപ്പും പച്ചയും നിറമുള്ള സംഖ്യകള്‍ അനങ്ങുന്ന മീറ്ററുകള്‍ ചുറ്റും. തലയ്ക്ക് മുകളില്‍ എയര്‍കണ്ടീഷണറിന്റെ ശബ്ദം. ഫാന്‍ പതുക്കെ കറങ്ങുന്നു. വെള്ളക്കുപ്പായമിട്ട സ്ത്രീകളും പുരുഷന്മാരും.

Read also: ആ വഴിയിൽ യക്ഷികളെ കണ്ടവരുണ്ട്, അത് പേടിച്ച് വണ്ടികള്‍ സ്പീഡിൽ സ്ഥലം വിടും; പക്ഷേ അന്നു രാത്രി...

''രാജേട്ടാ, എന്താ സ്വപ്നം കണ്ടോ?'' തന്റെ പ്രിയതമയുടെ ശബ്ദം. ''ചേട്ടന്‍ ഇപ്പോള്‍ ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് കാര്‍ഡിയാക് ഐസിയുവില്‍ ആണ്. മൂന്ന് ബ്ലോക്കുണ്ടായിരുന്നു. രണ്ട് സ്റ്റെന്റ് ഇട്ടിട്ടുണ്ട്. ഒരെണ്ണം പൊട്ടിച്ചുകളഞ്ഞു. നമുക്ക് മൂന്നുനാലു ദിവസം കഴിഞ്ഞാല്‍ വീട്ടില്‍ പോകാം. ഒന്നും പേടിക്കാനില്ല എന്നാണ് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞത്.'' ''എന്റെ വത്സലേ, എന്റെ ടെസ്റ്റ് റിസല്‍ട്ട് നോക്കിയിട്ട് രാവിലെ നമ്മുടെ ഡോക്ടറും ഇതുതന്നെയാണ് പറഞ്ഞത്. മൂന്നുകൊല്ലം ഒന്നും പേടിക്കേണ്ടെന്ന്. പക്ഷേ, മൂന്നു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് പകുതിവഴി പോയി. അപ്പോഴോ?'' ''എന്റെ ചേട്ടാ, ഈ നരകത്തില്‍ കുറച്ചുകാലംകൂടി കഴിയാന്‍ ആയുസ്സ് നീട്ടിത്തന്നില്ലേ, ഭഗവാന്‍? എന്തായാലും മരിച്ചാല്‍ ഇനി മുകളിലെ നരകത്തില്‍ പോകേണ്ടിവരില്ല. അതിനേക്കാള്‍ വലിയ നരകം ഇവിടെത്തന്നെയല്ലേ? നമുക്കൊരുമിച്ച് മരിക്കാം.'' വത്സല സമാധാനിപ്പിച്ചു.

Content Summary: Malayalam Short Story ' Punarjanmam ' Written by Muthedathu Madhavankutti