ADVERTISEMENT

"ആ ഫോൺ ഒന്ന് കുറച്ച് നേരം ഓഫാക്കി വയ്ക്കൂ കുട്ടീ.. ഏതു നേരം നോക്കിയാലും അതിൽ കുത്തി ഇരിക്ക്യാ..." ഉമ്മറപ്പടിയിൽ ഫോണിൽ തോണ്ടിക്കൊണ്ട് ഇരുന്നു ചിരിക്കണ അമ്മുവിനോട് മുത്തശ്ശൻ പറഞ്ഞു. ഫോണിൽ മുഴുകിയിരിക്കണ അമ്മുവുണ്ടോ അതൊക്കെ അറിയണു.. അവൾ കാഴ്ച്ചകളുടെ മായാലോകത്ത് ഇതന്നെ ജീവിതലക്ഷ്യം എന്ന ചിന്തയിൽ മുഴുകിയിരിക്ക്യാണ്‌. "ദേവ്വ്വോ... ഒന്നിങ്ങട് വന്നാ, ഈ പെണ്ണിനോട് പറഞ്ഞേ... ത്രിസന്ധ്യ നേരാണ്... ആ ഉമ്മറപ്പടീന്ന് എണീറ്റു പോയി പഠിക്കാൻ പറയ്.." "അമ്മോ, ഞാൻ അങ്ങട് വന്നാണ്ടല്ലോ..." വിളക്ക് വച്ച് മടങ്ങുമ്പോ അമ്മ അമ്മൂനോട് താക്കീത് നൽകി.. "ഹോ!, നാശം മനുഷ്യനെ കുറച്ച് നേരം വെറുതെയിരിക്കാനും സമ്മയ്ക്കില്ല... ഇവിടുന്നെവിടെക്കെങ്കിലും പോവാ നല്ലത്... ഒരു മുത്തശ്ശനും അമ്മേം കുമ്മേം..." അമ്മു മുത്തശ്ശനെ ഗൗനിക്കാതെ മൂടുംതട്ടി നീറ്റു. "ഇപ്പളത്തെ കുട്ട്യോൾടെ ഓരോ കാര്യം, അല്ല പണ്ടും ഇങ്ങനേണ്ടാർന്നു.." മുത്തശ്ശൻ ആ ചാരുകസേരയിൽ പണ്ടത്തെ സോഷ്യൽ മീഡിയ ഓർത്ത് കിടന്നു.. ചിന്തകളിലൂടെ സ്ക്രോൾ ചെയ്യാൻ തുടങ്ങി.

വൈകുന്നേരം ജോലി കഴിഞ്ഞു വന്നതും, കുളിച്ച് നാട്ടിലെ വായനശാലയിലേക്ക് വച്ച് പിടിക്കും. അവിടെ ആഴ്ച്ചപ്പതിപ്പുകളിലൂടെ ഒന്ന് ഊളിയിടും.. സിനിമാ വാരികയിൽ നായികാ നായകന്മാരുടെ ആരുടേങ്കിലും വിവാഹ വാർത്തയുണ്ടെങ്കിൽ "ഹോ! അങ്ങനെ ഇവരും ഒരു വഴിക്കായി..." എന്നൊരു കമന്റും പാസാക്കി ഏതെങ്കിലും അപസർപ്പക നോവലും എടുത്ത് നാരാണേട്ടാ ഇതൊന്ന് ചേർത്തേക്ക് എന്ന് പറഞ്ഞു നേരെ അമ്പലപ്പറമ്പിലേക്ക്... അതിനിടയ്ക്ക് 5:30 ക്ക് പാസ്സീയണ സുമയ്ക്കായി ഒരു പത്തുമിനിറ്റ് പീടികമുക്കിൽ കാത്തിരിപ്പ്. സമയത്തിന്റെ കാര്യത്തിൽ സുമ കഴിഞ്ഞേള്ളു.. സുമ വന്നതും, അതിൽ നിന്നും ഇറങ്ങണ സൗമ്യ, ഫാത്തിമ, കീർത്തി, ജ്യോതി, അന്നമ്മാചാക്കോ, സുമലത പി., ചിറ്റാരത്തെ കമലം... കൗസൂ... ശൊ! ഇന്നും കൗസു ഇല്ലല്ലോ... പാടപ്ലാവിലെ കൗസുന്റെ വയ്യായ ഇനീം മാറീല്ലേ! ടെൻഷൻ ആയി, "അല്ല! സൗമ്യേ, കൗസൂന്റെ അസുഖം മാറീല്ലേ?", കൂട്ടത്തിൽ ഫ്രണ്ട് ലിസ്റ്റിലുള്ള സൗമ്യോട് കാര്യം തിരക്കി... "പോയന്ന്വേഷിച്ചോക്ക്... ഹും!" സൗമ്യക്ക് ആ കുശലാന്വേഷണം അത്ര രസിച്ചില്ല... അങ്ങനെ പഠിക്കാനും, ടൈപ്പിനും, തയ്യലിനും പോയ കുട്ട്യോളെ നോക്കി അറ്റന്റൻസ് എടുത്ത് ഒരു 10 മിനിറ്റ്... എല്ലാവർക്കും ലൈക്ക് കൊടുത്ത് കിർണീം.. കിർണീം... സൈക്കിളിൽ നേരെ അമ്പലപ്പറമ്പിലേക്ക്.. 

Read also: രണ്ടു പേരുടെയും അച്ഛനമ്മമാർ വന്നതോടെ വീട്ടിൽ മുട്ടൻ അടി; കുടുംബം രക്ഷിക്കാൻ പതിനെട്ടാം അടവ്

അവിടെ ആൽത്തറയിൽ ഗ്രൂപ്പ് എല്ലാം സജ്ജമാണ്. മിലിറ്ററി റിട്ടയേർഡ് ഗോപാലേട്ടൻ, സഖാവ് ഉണ്ണി, മാധവൻ, ടെയ്‌ലർ ഭാസ്‌ക്കരൻ, കണ്ടക്ടർ സുകു, മേലേരി മധു, എക്സ് ഗൾഫ് കോയമൻസിലിൽ കൊച്ചുബീരാൻ അങ്ങനെ ഒരു സോഷ്യൽ സൊറപറ ടീം തന്നെയാണ് ആ ആൽത്തറ.. സൈക്കിൾ കൊണ്ട് നിർത്തീതും, വടക്കേലെ കുഞ്ഞൻ സുകു, "ടോ, ആ സൈക്കിൾ ഒന്ന് തന്നാ ഇപ്പൊ വരാം..." ആ പഞ്ചായത്തിൽ ഡൈനാമോ ഇള്ള ഏക സൈക്കിൾ നമ്മുടേതാണ്. "വേഗം വേണം, വീട്ടിലേക്ക് അരിമേടിച്ച് കൊണ്ടോണ്ടതാണ്..." സുകുവിനെ ചട്ടം കെട്ടി. "കൊണ്ടോരാടോ ഓന്റൊരു മുന്ത്യേ ശകടം!.." സുകു സൈക്കിൾ എടുത്ത് മണ്ടി. "നമ്മടെ പാലപ്പറമ്പിലെ വത്സല കുറച്ചൂസായി വീട്ടിൽ വന്നു നിൽപ്പാണല്ലോ.. എന്താണാവോ കാര്യം!"  കണ്ടക്ടർ സുകു പോസ്റ്റ് ഇട്ടു. "അത്, കാവിലെ ഉത്സവല്ലേ വരണേ, അതോണ്ട് വന്നതാവും..." ടെയ്‌ലർ ഭാസ്‌ക്കരൻ മറുപടി പറഞ്ഞു. "അതൊന്നല്ല, ഓളിത്ര നേരത്തെ വരാറൊന്നുല്യ.." പണ്ടുതൊട്ടേ വത്സലടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധള്ള സുകു ഓർമ്മപ്പെടുത്തി. "ഓള് വരേ.. വരാതിരിക്ക്യേ എന്താച്ചാ ആയിക്കോട്ടെ, ഇങ്ങളെന്തിനാ ഇപ്പൊ അത് ചർച്ച ചെയ്യണേ..." ബീരാൻ വട്ടം കേറി നിന്നു. പണ്ട്, ഗൾഫിൽ പോണേന് മുൻപ് ബീരാൻ ഓൾടെ സ്ഥിരം ബോഡി ഗാർഡ് ആയിരുന്നു. വടക്കേ കുറുമ്പത്തെ സുരേഷ് ഒരു ഇടിമിന്നൽ പോലെ ഓളേം കൊണ്ട് ഒളിച്ചോടിയില്ലെങ്കിൽ ഇന്ന് മൻസിലിൽ ബീവിയായി കഴിയേണ്ട പെണ്ണാ... ഹാ! അതൊക്കെ ഒരു കാലം.. ബീരാൻ ചിന്തകൾക്ക് അത്തർ പൂശി. 

Read also: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ, ഗ്യാസ് ട്രബിളെന്ന് ആശ്വസിപ്പിച്ച് ഡോക്ടർ; മരണം മുന്നിൽക്കണ്ട നിമിഷം

"ശാന്തേ!, രാമു ഇപ്പഴും ബിലായിലന്ന്യാ?" അമ്പലത്തിൽ നിന്നും മടങ്ങണ ശാന്തോട് മിലിട്ടറി ഗോപാലേട്ടന്റെ സ്പെഷ്യൽ കുശലം. "ആ അതെ, ഈ മാസം വരിണ്ടത്രേ, അമ്മൂനൊരു ആലോചന ശരിയായേക്കുണു, അപ്പോ രാമേട്ടൻ വന്നിട്ട് ബാക്കി ആലോചിക്കാന്ന് കരുതിരിക്ക്യാ..." അങ്ങനെ പറഞ്ഞു ആൽത്തറ കൂട്ടത്തിലേക്ക് നോക്കാതെ ശാന്ത നടന്നു നീങ്ങി. "ഓൾക്കൊരു മാറ്റുല്യ... ശാന്ത പഴേപോലെതന്നെ..." ഗോപാലേട്ടൻ അയവിറക്കി. "ഓൾക്ക് നല്ല മാറ്റണ്ട്, തന്റെ കണ്ണിനാ മാറ്റല്ല്യാത്ത്..." സഖാവ് ഉണ്ണി ബീഡിപ്പുക നീട്ടിയെടുത്ത് ശാന്തനട നോക്കിയിരിക്കണ ഗോപാലേട്ടനോട് പറഞ്ഞു. പണ്ട്, ശാന്തേടെ ആലോചന അവരുടെ വീട്ടുകാർ മടക്ക്യേപ്പോ... ഓളെ വിളിച്ചെറക്കിക്കൊണ്ടോരാൻ ഈ ഉണ്ണി കൂടെ നിക്കാന്ന് പറഞ്ഞതാ... കേട്ടില്ല!, അന്ന് ശാന്തേനേ വിളിച്ചിറക്കി കൊണ്ടോരാൻ പോയിട്ട് മൂപ്പര് "ശാന്ത കാത്തിരിക്കണം, ഇപ്പൊ അടിയന്തിരമായി അതിർത്തിയിലേക്ക് മടങ്ങേണ്ടതുണ്ട്. വീട്ടുകാരെ വേദനിപ്പിക്കേണ്ട, യുദ്ധം കഴിഞ്ഞു ഗോപേട്ടൻ ഉടനെ എത്താം..." എന്ന് സത്യൻമാഷടെ ഡയലോഗും അടിച്ച് അതിർത്തി കാക്കാൻ പോയി. കാത്തിരിക്കാന്ന്‌ ഒരു സേയ്ക്ക് പറഞ്ഞ ശാന്ത ആ വഴി വന്ന ബിലായിക്കാരൻ രാമനെ കെട്ടി. ഇപ്പൊ കെട്ടിക്കാൻ പ്രായത്തിൽ രണ്ട് കുട്ട്യോളുമായി സുഖായി കഴിയുന്നു. ഗോപാലേട്ടൻ ഇന്നും നഷ്ടപ്രണയത്തിന്റെ തംബുരുമീട്ടി എന്നും ശാന്ത ദീപാരാധന തൊഴാൻ വരണത് നോക്കി നിക്കും.  ഇന്നെത്തെക്കൂട്ട് പ്രണയം നിരസിച്ചാൽ ആസിഡ് അഭ്യാസവും, നാണംകെടുത്തലും അന്നുണ്ടായിരുന്നില്ല.. അതോണ്ട് ഇന്നും അവർക്കിടയിൽ ആ പ്രണയം തളിർവെറ്റില പോലെ സംശുദ്ധിയോടെ നിലകൊള്ളുന്നു.

Read also: ' അമ്മ വിവാഹം കഴിക്കണം, എന്നിട്ടേ എനിക്കൊരു ജീവിതമുള്ളു...', മകളുടെ വാക്കുകൾ ഇടിത്തീ പോലെ അവർക്കു തോന്നി

"ബീരാനിനി മടക്കം എന്നാ...?" മാധവേട്ടൻ ചോദിച്ചു. "ഇനി പൂരം കഴിഞ്ഞേള്ളൂ മാധേട്ടാ... അവിടെ അറബി വിളിച്ചോണ്ടിരിക്കിണ്ട്, സാരല്ലാ പൂരം കൂടാണ്ട് മടങ്ങാൻ ഒരു മടി..." "ആ, അത് നന്നായി..." സൗഹൃദ സദസ്സുകളിൽ മൗനിയായി എല്ലാം കേട്ടാസ്വദിക്കുന്ന മാധവേട്ടൻ ചിരിച്ച് മറുപടി പറഞ്ഞു. ഇരുട്ടായി തുടങ്ങി. തിരുമേനി നട അടച്ച് മടങ്ങാൻ ചൂട്ടും കത്തിച്ച് എത്തി... "ന്തായി ഇന്നത്തെ ചോരകുടി കഴിഞ്ഞോ ആവോ!" "ഇല്യാ..., ഇനി തിരുമേനീടെ ചോരകൂടി ബാക്കിണ്ട്..." മേലേരി മധുന്റെ ആ കമന്റ് കേട്ട് സദസ്സിൽ ചിരി പടർന്നു. ലൈക്കും ഷെയറും വേറേം... ആ ചൂട്ടിൽ നിന്നും എല്ലാരും ചൂട്ടും കത്തിച്ച് തൽക്കാലത്തേക്ക് ലോഗൗട്ട് പറഞ്ഞു പിരിഞ്ഞു. സുകു സൈക്കിളുമായെത്തി. ഡയനാമോ ഇള്ളോണ്ട്, നമുക്ക് ചൂട്ട് വേണ്ട. നേരെ ചാരുകസേരയിലേക്ക്... 

"മുത്തശ്ശാ, മുത്തശ്ശാ... അമ്മേ ഈ മുത്തശ്ശനെ ഒന്ന് വിളിക്കിണ്ടോ!..." ആലോചനയിൽ മുഴുകിയ മുത്തശ്ശനോടുള്ള പ്രതിഷേധം അമ്മു രേഖപ്പെടുത്തി. "അച്ഛാ, എത്ര നേരായി ആ കുട്ടി വിളിക്കുണു. എന്തൊരു ആലോചന്യാത്..." അതെ... കുറച്ച് നേരത്തേക്ക് ഒന്നും അറിയാതെ ആ പഴയകാലത്തെ ഒന്നോർത്തുപോയി... കൂട്ടത്തിൽ ആ മുഖത്ത് ഒരു സ്മൈലിയും...

Content Summary: Malayalam Short Story ' Gramabook ' Written by Vinod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com