ADVERTISEMENT

ചെളിയിൽ പുതഞ്ഞടിഞ്ഞ ഒരു തകർന്ന കപ്പൽ പോലെ ആട്ടു പാലത്തിന്റെ അസ്ഥികൂടം അയാൾക്ക് അഭിമുഖമായി ഉണങ്ങി കിടന്നിരുന്നു. നട്ടെല്ലിന് ഇരുവശവും ഒടിഞ്ഞു തൂങ്ങി കിടക്കുന്ന വാരിയെല്ലുകൾ പോലെ ആട്ടു പാലത്തിന്റെ മരപ്പലകകൾ ദ്രവിച്ചു കിടക്കുന്നത് അയാൾ കണ്ടു. അയാളുടെ നേർത്ത മുടിയിഴകളെ ചലിപ്പിച്ചുകൊണ്ട് തലയ്ക്കുമുകളിലൂടെ ഒരു ചെറു കാറ്റ് പതുക്കെ കടന്നു പോയി. ഞങ്ങൾ എല്ലാ ദിവസവും പന്തുകളിക്കുമായിരുന്ന മൈതാനം അവസാനിക്കുന്നിടത്താണ് ആട്ടുപാലത്തിന്റെ മുഖപ്പ്. അതിനുമപ്പുറം മുതിരപ്പുഴയുടെ തീരത്തോട് അടുക്കുന്നിടം ചതുപ്പാണ്. കാട്ടു പൊന്തയും പേരറിയാത്ത ഏതോ വള്ളിച്ചെടികളും അസ്ഥികൂടത്തെ ഏറെക്കുറെ പൊതിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഒരാൾ പൊക്കമുള്ള ഇരുമ്പു തൂണിന് മുകളിലെ കപ്പിയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് വടം ഇപ്പോഴും തുരുമ്പെടുത്തിട്ടില്ല. അതിന്മേൽ പടർന്നു കയറിയിരിക്കുന്ന വള്ളിച്ചെടിയിൽ അവിടവിടെയായി ഭംഗിയുള്ള കടും നീല നിറ കോളാമ്പി പൂക്കൾ. വീട്ടിൽനിന്നിറങ്ങി ഇരുവശത്തും ഒതുക്കി നിർത്തിയിരിക്കുന്ന തേയിലച്ചെടികൾക്കിടയിലെ പായൽ പിടിച്ച ഒറ്റയടിപ്പാതയിലൂടെ സ്കൂളിലേക്ക് ഓടുമ്പോൾ, കർപ്പൂരത്തിന്റെ മണമുയരുന്ന മാടസ്വാമി കോവിലും കടന്ന് ഇരുവശത്തേക്കും ചാഞ്ചാടുന്ന ആട്ടു പാലത്തിന്റെ മുഖപ്പുവരെ എല്ലായിടത്തും പച്ചപ്പുൽ മൈതാനം ആയിരുന്നു. പുൽനാമ്പുകളുടെ ശാലീനതയെ അവഗണിച്ച് ഇന്നവിടെ കാലം സുഖലോലുപതയുടെ സിമന്റ് കൊട്ടാരങ്ങൾ പണിതുയർത്തിയിരിക്കുകയാണ്.

ആന്റപ്പൻ മേസ്തിരി ചിന്തേര് തള്ളിയിടുന്ന മരപ്പൊടി പ്ലാസ്റ്റിക് കൂടിൽ നിറച്ച് പേപ്പറിൽ ചുരുട്ടി ഉരുട്ടി ചാക്കുനൂൽ കൊണ്ട് കെട്ടിയുണ്ടാക്കുന്ന ഫുട്ബോൾ, മൈതാനം കടന്ന് ചതുപ്പിലേക്ക് ഉരുണ്ടു പോയാൽ അതെടുത്തു കൊണ്ടുവരാൻ ഞങ്ങൾക്ക് ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. അന്നൊരിക്കൽ ചതുപ്പിൽ ഒരു കന്നുകുട്ടി  പുതഞ്ഞു പോയിരുന്നു. രവിയുടെ അമ്മയോ, വള്ളിത്തായി ആച്ചിയോ ആരൊക്കെയോ ചേർന്ന് ഏതെങ്കിലും വിധത്തിൽ അതിനെ പുറത്തെത്തിച്ചിരിക്കണം! എന്താണ് സംഭവിച്ചതെന്ന് ഓർമിക്കാൻ കഴിയുന്നില്ല. ആന്റപ്പൻ മേസ്തിരി എന്റെ അമ്മാവനാണ്. കൊച്ചിയിലെ തോപ്പുംപടിയിൽ നിന്നും വല്ല്യാശാരിയുടെ കൈയ്യും പിടിച്ച് ബാല്യത്തിൽതന്നെ മലകയറി വന്നവൻ. പന്ത്രണ്ടാം വയസ്സിൽ കമ്പനിയിൽ കാർപെന്റർ തസ്തികയിൽ ജോലിക്ക് ചേർന്നു. ഇടംകാൽ മുൻപോട്ട് ഊന്നി ഇരുകൈയ്യിലുമായി കൂട്ടിപ്പിടിച്ച ചിന്തേര് സർവശക്തിയുമെടുത്ത് കയ്യെത്താവുന്നത്ര ദൂരത്തേക്ക് നീട്ടി തള്ളി പായിക്കുമ്പോൾ, ചുട്ടുപഴുത്ത പാത്രത്തിൽ പോപ്കോൺ മലരുന്നതുപോലെ മരപ്പൊടി ഇരുവശത്തേക്കും ഉതിർന്നു വീണു. അങ്ങനെയാണ് ആട്ടുപാലത്തിന്റെ ചവിട്ടു പലകകൾ പിറന്നുവീണത്.

Read also: ' എന്റെ ഇഷ്ടം ഞാൻ അവളോടു പറഞ്ഞടാ, നാളെ മറുപടി കിട്ടും'; പിറ്റേന്ന് കണ്ടത് ചുവന്ന പട്ടിൽ പൊതിഞ്ഞ അവന്റെ ശരീരം

കമ്പനി മേസ്തിരിക്ക് കമ്പനിയുടെ തടിപ്പണികൾ മാത്രമേ ചെയ്യുവാൻ അനുവാദമുള്ളൂ. തൊഴിലാളികളുടെ ലയങ്ങൾക്ക് കതകുകൾ.. വാതിലുകൾ.. ഉത്തരങ്ങൾ തുടങ്ങിയവ മാത്രം. പുറംപണി ചെയ്താൽ കൂടുതൽ വരുമാനം കിട്ടിയേനെ. എന്നാൽ അതിന് അനുവാദമില്ല. ഞായറാഴ്ച കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്ന് വന്നാലുടൻ മേസ്തിരി കട്ടിലിനടിയിലെ തടിക്കഷ്ണങ്ങൾ, പലക മുറിച്ചതിന്റെ കഷണങ്ങൾ എന്നിവ എടുത്തു നിരത്തും. ഉളിയെടുത്ത് നീട്ടിത്തേക്കും. ഒരു കണ്ണടച്ചു പിടിച്ച് മിനുക്കം പരിശോധിക്കും. പിന്നെ ഒരത്ഭുതം നടക്കുകയാണവിടെ – ഉരുട്ടി മിനുസപ്പെടുത്തിയ ചില പട്ടിക കഷ്ണങ്ങൾ, ചിന്തേരിട്ട പലകകൾ ഒക്കെ കൂടിച്ചേർന്ന് ചിലപ്പോൾ ഒരു കസേര അല്ലെങ്കിൽ ഒരു കുരണ്ടി  ഒക്കെ ആയിത്തീരുന്നു.  കസേരയുടെ കാലുകളിൽ ചിലപ്പോൾ മീനുകളുടെ രൂപം ഉണ്ടാകും, കുരണ്ടിപ്പലകയുടെ അരികുകൾ ചിലപ്പോൾ താമരയിതളുകൾ ആയിരിക്കും. ദ്വാരങ്ങൾ മെഴുകുവച്ചടച്ച് പോളിഷിട്ട് മിനുക്കി ആ കലാസൃഷ്ടി അനായാസം മുമ്പോട്ട് നീക്കിവെച്ച് എന്നോട് ചോദിക്കും: "എങ്ങനെയുണ്ട്..?" എന്റെ കണ്ണുകളിലെ കൗതുകം അപ്പോഴും മറഞ്ഞിട്ടുണ്ടാവുകയില്ല. വാർണീഷിന്റെ പൈസ വാങ്ങാൻ ടൗണിൽ നിന്ന് വരുന്ന മണിയണ്ണനോ, ഭവന സന്ദർശനത്തിന് പള്ളിയിൽനിന്ന് വല്ലപ്പോഴും വരുന്ന കൊച്ചച്ചനോ ഈ പുത്തൻ ഉരുപ്പടിയിൽ  നോട്ടമിടും ."ഇത് വിൽക്കാനുള്ളതല്ല വീട്ടിലെ ആവശ്യത്തിനാണ്" എന്നു പറഞ്ഞാലും, "മേസ്തിരി വേറൊരെണ്ണം ഉണ്ടാക്കിക്കോളൂ" എന്നും പറഞ്ഞ് അപ്പോൾ തന്നെ പൈസയും കൊടുത്ത് അവരത് കൊത്തിക്കൊണ്ടു പോകും.

ജോണപ്പന് പക്ഷേ അപ്പന്റെ ആ കഴിവുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല. ഞങ്ങളുടെ പന്തുകളിക്കിടയിൽ ജോണപ്പനായിരിക്കും സ്ഥിരം ഗോളി. നേരെ മുമ്പിൽ വന്നു നിന്നു അടിച്ചാലും ജോണപ്പന്റെ കൈകൾക്കിടയിലൂടെ അനായാസം പന്ത് കടന്നുചെന്ന് ഗോൾ ആയിരിക്കും. "ഊള ഗോളി... ഊള ഗോളി ..." എല്ലാവരും ആർത്തു വിളിക്കും. പിന്നെ, ചതുപ്പിനരികത്ത് പൊന്തകാടുകളിൽ പഴുത്തു നിൽക്കുന്ന മഞ്ഞനിറമുള്ള 'കുരങ്ങുപഴം' തേടി നടക്കുമ്പോൾ, ആ വർഷത്തെ ഫുട്ബോൾ മേച്ചിൽ 'ഫിൻലേകപ്പ്' നേടിയ സെവൻ മല എസ്റ്റേറ്റിന്റെ ക്യാപ്റ്റൻ ചുടലച്ചാമിയുടെ ബൂട്ട് ഇടാത്ത കാലിൽ നിന്നും ബുള്ളറ്റ് വേഗത്തിൽ പാഞ്ഞ പന്ത് തട്ടി മാറ്റിയ ഗോളി ചിന്ന പരമന്റെ കഥ വീരസൃത്തോടെ ജോണപ്പൻ പറഞ്ഞുകൊണ്ടിരുന്നു, തന്റെ ജാള്യത മറക്കാൻ എന്നവണ്ണം. ഇരുപത്തി മൂന്നു എസ്റ്റേറ്റുകൾ തമ്മിൽ ഏറ്റുമുട്ടിയിരുന്ന ഫുട്ബോൾ മത്സരം. ഒരു മാസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉത്സവ മാമാങ്കം. മൈതാനത്തിന് ചുറ്റും നിറഞ്ഞു നിൽക്കുകയാവും പുരുഷാരം. മൈതാനത്തോട് ചേർന്നുള്ള പുല്ലു മൊട്ടയിൽ കാണികൾ മുഴുവൻ സ്ത്രീജനങ്ങളാണ്. തിളങ്ങുന്ന വർണ്ണ വസ്ത്രങ്ങൾ.. മല്ലികപ്പൂവും കനകാംബരവും നിറഞ്ഞ മുടിക്കെട്ടുകൾ.. ചാന്ത്.. സുഗന്ധം..! ഒരു ഗോൾ വീഴുമ്പോൾ ഒരു കടലിളക്കം. പിന്നീടുള്ള ഇടവേളയിൽ എതിർ ടീമിന് നേരെയുള്ള ഭരണിപ്പാട്ട്. പിന്നെ  ഉന്തുംതള്ളും.

Read also: സിനിമയിൽ അഭിനയിക്കാൻ അവസരം, തീരാത്ത ബഡായിക്കഥകൾ: അസൂയ മൂത്ത കൂട്ടുകാർ കൊടുത്തത് മുട്ടൻ പണി

ഞങ്ങൾ അരയണകൊടുത്ത് 'ചൊക്കലാൽ രാംസേട്ട് ബീഡി' വാങ്ങി മൈതാനം കടന്നു നവാപ്പഴ മരച്ചുവട്ടിലേക്ക് നടന്നു. ആട്ടു പാലത്തിൽ ആൾ കയറുന്ന കിർ.. കിർ.. ശബ്ദം കേൾക്കുമ്പോൾ, കുരങ്ങ്പഴങ്ങളുള്ള പൊന്തക്കാട്ടിനിടയിലേക്ക് ശരീരം ഒളിപ്പിച്ചു. മരച്ചുവട്ടിലിരുന്ന് മുഖത്തോടുമുഖം പുകയൂതി... അകലെ ഏതോ വലയിലേക്ക് ഗോൾ വീണതിന്റെ ആരവം കേട്ടു. ഇടതുകാൽ ചവിട്ടുമ്പോൾ ഇടതുവശത്തേക്കും, വലതുകാൽ ചവിട്ടുമ്പോൾ വലതുവശത്തേക്കും ചരിച്ചു തള്ളിയാൽ  ആട്ടുപാലം കൂടുതൽ ആടും എന്ന് ജോണപ്പൻ എനിക്ക് പറഞ്ഞു തന്നു. അങ്ങേയറ്റത്ത് നിന്ന് അപരിചിതർ പാലം കയറി വരുമ്പോൾ, ഞങ്ങൾ ഇങ്ങേ അറ്റത്തുനിന്നും ചരിച്ചു തള്ളുന്ന രീതിയിൽ മുമ്പോട്ട് നടക്കും. പാലം കൂടുതൽ ആടുന്നത് കണ്ട് അവർ വെപ്രാളപ്പെടുന്നതു കണ്ട് ഞങ്ങൾ അടക്കി ചിരിക്കും. മഴക്കാലത്തിന്റെ ശക്തിയൊന്നു കുറഞ്ഞപ്പോൾ, പൊൻനിറക്കതിരുകൾ എത്തി നോക്കി തുടങ്ങിയപ്പോൾ, ആട്ടുപാലത്തിന്റെ ചില ചവിട്ടുപലകകളുടെ വക്ക് കുതിർന്ന് അടർന്ന് പോയത് ഞങ്ങൾ മേസ്തിരിയെ അറിയിച്ചു. അതത്ര വലിയ പ്രശ്നമൊന്നും ആയിരുന്നില്ല. "ഞങ്ങളുടെ കാൽ അതിന്റെ ഇടയിൽ പോകും.. അപകടമാണ്... ചോര വരും.." എന്നൊക്കെ ഞങ്ങൾ പരിഭവം പറഞ്ഞു. കമ്പനി അത്ര ചെറിയ പണികളൊന്നും ചെയ്യിക്കുമായിരുന്നില്ല. ആരുടെ കാലാണ് അപകടത്തിൽ പെടാൻ പോകുന്നത്? ഒന്നുമില്ല- വലിയവർ - വിടവ് കണ്ട് മാറി നടന്നു കൊള്ളും.

ആ സമയത്താണ് മുഖം കർച്ചീഫിൽ മൂടിക്കെട്ടി മറച്ച് 'കത്തിച്ചണ്ടൈ  പോടുന്ന' എംജിആർ പടം 'മലൈകള്ളൻ' സിനിമാഷെഡ്ഡിൽ പ്രദർശനമാരംഭിച്ചത്. ആളുകൾ അതു കണ്ട് കൈയ്യടിച്ചു. ഇരുകൈകളും കൂട്ടിപ്പിടിച്ച് ഫൈറ്റ് രംഗങ്ങളിൽ എതിരാളികളെ എം ജി ആർ ഇടിച്ചിടുന്ന രംഗം പടം കാണാതെ തന്നെ ജോണപ്പൻ വിവരിച്ചു കൊണ്ടിരുന്നു. സ്കൂളിലെ ഇന്റർവെല്ലിന് ആട്ടുപാലത്തിനോട് ചേർന്നുള്ള ചതുപ്പോരത്ത് ബട്ടൻസ് അഴിക്കാതെ കാക്കിനിക്കർ ഒരുവശം പൊക്കിപ്പിടിച്ച് മൂത്രമൊഴിക്കുമ്പോൾ സിനിമ കാണാൻ കാശൊപ്പിക്കുവാൻ വഴിയന്വേഷിക്കുകയായിരുന്നു ഞങ്ങളുടെ മനസ്സ്. ഒരു ഞായറാഴ്ച പള്ളിയിൽ നിന്ന് മടങ്ങി വന്ന ആന്റപ്പൻ മേസ്തിരി കട്ടിലിനടിയിൽ നിന്ന് തിടുക്കത്തിൽ എല്ലാമെടുത്തു വെച്ചു. മനസ്സിൽ കുറിച്ചിട്ടിരുന്ന ചില അളവുകളിൽ ഒന്നുരണ്ട് മരപ്പലകകൾ ഒരുക്കിയെടുത്തു. തുണിസഞ്ചിയിൽ ഉളിയും കൊട്ടുവടിയും എടുത്തുവെച്ച് ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി നടന്നു. ആട്ടു പാലത്തിന്റെ കൂറ്റൻ ഇരുമ്പ് തൂണുകളിൽ കെട്ടിയുറപ്പിച്ച ഉരുക്കു വടത്തിൽ പിന്നികോർത്ത് തൂക്കിയിട്ടിരിക്കുന്ന ചവിട്ടു പലകകളുടെ കീഴിൽ കുനിഞ്ഞിരുന്ന് അടർന്നുപോയ പലകകൾ ഇളക്കിമാറ്റി, ഒരുക്കി വച്ചിരുന്ന പലകകൾ പകരം വച്ചു. പിന്നെയെഴുന്നേറ്റു നിന്ന് ഒരു ദീർഘനിശ്വാസത്തോടെ പെരുവിരലും ചൂണ്ടുവിരലും കീഴ്ചുണ്ടിലൂടെ അമർത്തിയടുപ്പിച്ച് പറഞ്ഞു: "കുട്ടികളുടെ കാൽ ഇടയിൽ പോകാൻ പാടില്ല... അവരുടെ ചോര പൊടിയാൻ പാടില്ല..!

Read also: തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ പുതിയ ഹോംനഴ്സ്; അപ്പന്റെയും മകന്റെയും ജീവിതം മാറിമറിഞ്ഞു

കവാത്ത് വെട്ടിയ തേയില ചെടിയുടെ ചുവട്ടിലെ ഉണങ്ങിയ ചുള്ളികൾ ഒരു കീറ ചാക്കിൽ പൊതിഞ്ഞ്, രണ്ടുമൂന്നാവർത്തി എടുക്കാനാവാത്ത ഭാരം രവിയുടെ അമ്മയുടെ അടുക്കളപ്പുറത്ത് എത്തിച്ചതിന് കിട്ടിയ കൂലി കൊണ്ട് സിനിമാഷെഡ്ഡിലെ നീളൻ ബെഞ്ചിലിരുന്ന് ഞങ്ങൾ മലൈകള്ളൻ കണ്ടു. വയറുനിറച്ച് കടലമിഠായി ചവച്ചരച്ചു തിന്നു. സിനിമയുടെ മായികലോകത്തിലെ റോസാപ്പൂവിന്റെ മുഖശ്രീയുള്ള അതിസുന്ദരിയായ നായികയെപ്പോലൊരു സുന്ദരിപ്പെണ്ണിനെ തന്നെ വിവാഹം കഴിക്കണമെന്ന് അന്നേ ഞങ്ങൾ മനസ്സിലുറപ്പിച്ചു. എംജിആറിനെ ഞങ്ങൾ നേരിൽ കാണാൻ പോവുകയാണ്. എന്നാണ് ഇവിടെ വരുന്നത് എന്ന് അറിയില്ല. എന്നാൽ തീർച്ചയായും വരും. ഉറപ്പാണ്. എംഎൽഎ ഗണപതി വലിയ ഭൂരിപക്ഷത്തോടെയാണ് ഇലക്ഷനിൽ ജയിച്ചത്. കൊച്ചച്ചനും ആന്റപ്പൻ മേസ്തിരിയും വിജയത്തെക്കുറിച്ച് ആഹ്ലാദത്തോടെ ഉറക്കെ സംസാരിച്ചു. എം ജി ആറെ പ്രചരണത്തിന് കൊണ്ടുവന്ന ഇലക്ഷൻ തന്ത്രത്തിലൂടെ, തമിഴ് മക്കളുടെ വോട്ടെല്ലാം ഗണപതിക്ക് കിട്ടി. ഹെലികോപ്റ്ററിലാണ് എംജിആർ വന്നത്. കാത്തുനിന്ന ആളുകളുടെ ഇടയിലേക്ക് ഹെലികോപ്ടർ പുഷ്പവൃഷ്ടി നടത്തി. എംജിആറെയല്ല ഹെലികോപ്റ്റർ കാണാൻ കഴിയാത്തതിലായിരുന്നു ഞങ്ങൾക്ക് ദുഃഖം. "ഇനി നന്ദിപറയാൻ എംജിആർ വീണ്ടും വരും..." എന്നു പറഞ്ഞിട്ടാണ് കൊച്ചച്ചൻ പള്ളിയിലേക്ക് മടങ്ങിപ്പോയത്.

വെള്ളക്കാരന്റെ 'ടുക്ക-ടുക്ക' കാറിനേക്കാൾ ശബ്ദത്തിൽ... സിനിമ ഷെഡ്ഡിലെ വമ്പൻ സ്പീക്കറിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദത്തേക്കാൾ ആയിരം മടങ്ങ് ഉച്ചത്തിൽ ഹെലികോപ്റ്ററിന്റെ മുരൾച്ച സ്കൂളിന്റെ സ്ലേറ്റ്കല്ല് മേൽക്കൂരയെ വിറപ്പിച്ചു കൊണ്ട് മുകളിലൂടെ വർക്ക്ഷോപ്പ് ക്ലബ്ബിലേക്ക് പറന്ന് നീങ്ങിയപ്പോൾ ഞങ്ങളെല്ലാവരും കൂടി സ്കൂൾ മുറ്റത്തേക്ക് ഓടി ഇറങ്ങി.. ടീച്ചർമാരുടെ വിലക്കുകൾ വകവയ്ക്കാതെ. ആരുമാരും മുഖം നോക്കാതെ... ആകാശ പക്ഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആയിരം കണ്ണുകൾ.. കൂട്ടത്തോടെ ഞങ്ങൾ ആട്ടുപാലത്തിലേക്ക് ഓടിക്കയറി. പാലത്തിനടിയിലൂടെ മുതിരപ്പുഴയാർ അലോസരപ്പെടുത്തുന്ന ശബ്ദകോലാഹലങ്ങളോട് പ്രതികരിക്കാതെ ശാന്തയായി ഒഴുകുന്നു. തൊട്ടപ്പുറത്തെ പുൽപ്പുറത്തിലേക്ക് ഭീമൻ പക്ഷി ചിറകുകൾ താഴ്ത്തിയിറങ്ങി. വമ്പൻ പങ്കുകൾ ശീൽക്കാരത്തോടെ വായുവിനെ കീറിമുറിച്ചു. ശക്തമായ വായുപ്രവാഹം ഞങ്ങളുടെ പാലത്തേയും വിറപ്പിച്ചു. നവാപ്പഴമരത്തിൽ കാറ്റു പിടിച്ചു.. നാവിൽ വയലറ്റ് കറ പിടിപ്പിക്കുന്ന നവാപഴങ്ങൾ ഞങ്ങൾക്ക് കൈയ്യെത്താത്ത ഉയരത്തിൽ നിന്നും കുടുകുടെ താഴേക്ക് വീണു. കുട്ടികളുടെ ആർപ്പുവിളിക്കിടയിൽ പാലം ഒന്നുലഞ്ഞു. ആർപ്പുവിളികളെ ആർത്തനാദങ്ങളാക്കി മാറ്റിക്കൊണ്ട്  ഭ്രാന്തൻ കാറ്റിന്റെ ശക്തമായ തള്ളലിൽ ആട്ടുപാലത്തിന്റെ ഇരുമ്പ് വടം പൊട്ടി. പാലം മുഴുവനായി മുതിരപ്പുഴയാറ്റിലേക്ക്...

Read also: പഴയ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം; ഇങ്ങനൊരു മകനില്ലെന്ന് അ‌ച്ഛൻ, ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടൽ

തണുത്തുറഞ്ഞ ശാന്തതയിലേക്ക്.. ഞങ്ങളെല്ലാവരും നവാപഴങ്ങളായി.. അലോസരപ്പെടുത്താത്ത ശബ്ദകോലാഹലങ്ങളിലേക്ക് പിഞ്ചു നിലവിളികൾ ആർത്തനാദങ്ങളായി. വെള്ളത്തിലേക്ക് മറിഞ്ഞു മറിഞ്ഞു വീഴുന്ന കുഞ്ഞു ശരീരങ്ങൾ.. എല്ലാവർക്കും ഒരേ നിറം... നരച്ച നീലകള്ളിയുടുപ്പുകൾ.. കാക്കി നിക്കറുകൾ.. സ്കൂളിലെ കുട്ടികളെല്ലാവരും പാലത്തിലേക്ക് ഓടി കയറിയതായിരുന്നു, ഭാരം താങ്ങുവാൻ പാലത്തിന് കഴിവില്ലായിരുന്നു. ഹെലികോപ്റ്റർ കാണുവാൻ കുട്ടികൾ ഒരു വശത്തേക്ക് ചേർന്ന് നിന്നപ്പോൾ പാലം ചെരിഞ്ഞു. ഇരുമ്പുവടം പൊട്ടി. ഒഴുക്കില്ലാത്ത വെള്ളത്തിന് ഐസിന്റെ തണുപ്പായിരുന്നു. ആഴത്തിലേക്ക് പോകും തോറും തണുപ്പ് കൂടിക്കൂടി വരും. എല്ലുകൾ എല്ലാം തണുത്തു കോച്ചും. മടക്കിയ കൈമുട്ടുകൾ പിന്നെ നിവർത്താൻ സാധിക്കുകയില്ല. കാൽമുട്ടുകൾ ചലിപ്പിക്കുവാൻ കഴിയുകയില്ല. അകലെ മലമുകളിലെ തേയിലക്കാടുകളിൽ നിന്നും തലയിലുറപ്പിച്ച ഈറ്റക്കൂടകൾ വലിച്ചെറിഞ്ഞ് തോട്ടം തൊഴിലാളികൾ ഓടിവന്ന് ആറ്റിലേക്ക് ഇറങ്ങി. വെള്ളത്തിൽ നിന്ന് കയറ്റാവുന്ന കുഞ്ഞുങ്ങളെല്ലാം വലിച്ച് കരയ്ക്ക് കയറ്റി. പുൽപ്പുറത്ത് നിരത്തിയിട്ടിരുന്ന നിർജീവമായ പതിനാല് ശരീരങ്ങളിൽ ഒന്ന് ജോണപ്പന്റെതായിരുന്നു. അവന്റെ ചെവിയിൽ നിന്നും കട്ടിച്ചോര ഒലിച്ചിറങ്ങി വെള്ളത്തിൽ അലിഞ്ഞ് നേർത്ത് പുൽനാമ്പുകളിൻമേൽ ഇറ്റിറ്റു വീണു. എന്റെ ശരീരം ഉടക്കിനിന്നത് ഇപ്പോഴും തുരുമ്പെടുത്തിട്ടില്ലാത്ത ഈ ഇരുമ്പുവടത്തിൽ ആയിരിക്കാം. അതിന്മേൽ പടർന്നു കയറിയിരിക്കുന്ന വള്ളിച്ചെടിയിൽ അവിടവിടെയായി ഭംഗിയുള്ള കടും നീലനിറ കോളാമ്പിപ്പൂക്കൾ!

Content Summary: Malayalam Short Story Written by Satheesh O. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com