ADVERTISEMENT

ഒരു ക്രിസ്മസ് കാലം കൂടി എത്തി. ബാലേട്ടന്റെ ഓർമ്മകൾ ഒരു 10-25 വർഷം പുറകോട്ട് പോയി. അത്യാവശ്യം സിനിമക്കാരെയും സീരിയലുകാരെയും ഒക്കെ സഹായിക്കുന്ന ഒരു വ്യക്തിയാണ് തൃശ്ശൂരിലെ ബാലേട്ടൻ. അതായത് ഒന്നോ രണ്ടോ സീനുകളിൽ വന്നു പോകുന്ന നടന്മാരെ സപ്ലൈ ചെയ്യുന്ന ആൾ. തൊണ്ണൂറുകളുടെ അവസാനം വടക്കാഞ്ചേരിയിൽ ഒരു നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ക്രിസ്ത്യൻ പശ്ചാത്തലം ആയിട്ടുള്ള ഇതിവൃത്തമാണ് സിനിമയുടേത്. ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് ബാലേട്ടന് വടക്കാഞ്ചേരിയിൽ നിന്ന് ഒരു വിളി വരുന്നത്. ക്രിസ്മസ് തലേന്ന് ഒരു കരോൾ സീനിൽ അഭിനയിക്കാൻ യൗസേപ്പിതാവ് ആയി വേഷംകെട്ടാൻ ഒരാളെ വേണം. മാതാവായി അഭിനയിക്കാൻ ഒരു മദാമ്മയെ കിട്ടി. പക്ഷേ അവർക്ക് യോജിച്ച ഒരു യൗസേപ്പിതാവിനെ കിട്ടുന്നില്ല. അന്വേഷണം കറങ്ങിത്തിരിഞ്ഞ് ബാലേട്ടന്റെ അടുത്തെത്തി.

പെട്ടെന്ന് മാർക്കറ്റിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ ചാൾസിനെ ഓർമ്മവന്നു ബാലേട്ടന്. ആൾ അതി സുന്ദരനാണ്. ഒരു സായിപ്പിന്റെ ലുക്കും ഉണ്ട്. താടിയൊക്കെ വെച്ച് പിടിപ്പിച്ചു മേക്കപ്പ് ഇട്ടാൽ യൗസേപ്പിതാവിന്റെ ലുക്ക്‌ പെട്ടെന്ന് വരുത്താൻ പറ്റും. ചാൾസ് രാവിലെ മാർക്കറ്റിൽ ചുക്കുകാപ്പി വിൽക്കും പിന്നെ രണ്ടു മൂന്നു കടകളുടെ ഗ്ലാസ് തുടക്കൽ, മുതലാളിമാർ എത്തുന്നതിനുമുമ്പ് ഫിൽറ്ററിൽ വെള്ളം നിറക്കുക, ആകെ കട അടിച്ചുവാരി വൃത്തിയാക്കൽ തുടങ്ങിയ കൊച്ചുകൊച്ചു ജോലികൾ ചെയ്യും. ഉച്ചയോടെ ഇവരുടെ വീടുകളിൽ ചെന്ന് ചോറ്റു പാത്രത്തിൽ ഭക്ഷണം എത്തിക്കും. വൈകുന്നേരമായാൽ ‘ഇടിവാൾ’, ‘കാഹളം’ ഇങ്ങനെ മാർക്കറ്റിൽ മാത്രം ഇറങ്ങുന്ന സായാഹ്ന പത്രങ്ങൾ എല്ലാ കടകളിലും വിതരണം ചെയ്യും. രാത്രിയായാൽ കപ്പലണ്ടി കച്ചവടം. ഇങ്ങനെ നന്നായി അധ്വാനിച്ചു ‘ഉള്ളതുകൊണ്ട് ഓണം പോലെ’ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു ചാൾസ്. ബാലേട്ടൻ ചാൾസിനെ വിളിച്ച് വിവരം പറഞ്ഞു. ഒരു സീൻ എങ്കിൽ ഒരു സീൻ സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ അവസരം കിട്ടിയാൽ ആരാ വേണ്ടെന്ന് വയ്ക്കുക? ബാലേട്ടൻ കൊടുത്ത വണ്ടിക്കൂലിയും ആയി ബസ് കയറി ചാൾസ് വടക്കാഞ്ചേരിയിൽ എത്തി. ഇന്ന് വരെ വെള്ളിത്തിരയിൽ മാത്രം കണ്ടിട്ടുള്ള നടന്മാരെയൊക്കെ നേരിട്ട് കണ്ട് ചാൾസ് ആനന്ദതുന്ദിലനായി. നല്ലൊരു റൂമിൽ താമസിച്ചു, രണ്ടുദിവസം സുഭിക്ഷ ഭക്ഷണം. പകലൊക്കെ ഷൂട്ടിംഗ് കാണും. മൂന്നാം ദിവസം കരോൾ സീൻ എടുത്തു കഴിഞ്ഞു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചെറിയൊരു തുക കവറിൽ ഇട്ടു ചാൾസിന് കൊടുത്തു. എന്നിട്ട് പറഞ്ഞു. “ഇനിയും ആവശ്യം വന്നാൽ വിളിക്കാം കേട്ടോ. നമ്മുടെ സിനിമ തിയറ്ററിൽ വരുമ്പോൾ പോയി കണ്ടോളോ”. ഇതും പറഞ്ഞ് ചാൾസിനെ യാത്രയാക്കി.

Read also: പഴയ കൂട്ടുകാരെ കണ്ടെത്താൻ അന്വേഷണം; ഇങ്ങനൊരു മകനില്ലെന്ന് അ‌ച്ഛൻ, ഒടുവിൽ അവിചാരിതമായി കണ്ടുമുട്ടൽ

സന്തോഷം കൊണ്ട് മതിമറന്ന ചാൾസ് പിറ്റേദിവസം ചുക്ക് കാപ്പിയുമായി മാർക്കറ്റിലേക്ക് ഒരു ഒന്നൊന്നര വരവ് വന്നു. സിനിമാ വിശേഷങ്ങൾ കേൾക്കാൻ ചാൾസിന്റെ സുഹൃത്തുക്കളൊക്കെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ സിനിമയിൽ അഭിനയിച്ചിരുന്ന നടന്മാരൊക്കെ ഒത്തുചേർന്ന് എടുത്ത ഒരു ഫോട്ടോയും ചാൾസിന്റ കൈയ്യിൽ ഉണ്ടായിരുന്നു. തെളിവായി ചാൾസ് അത് എല്ലാവരെയും കാണിച്ചു. പല നടന്മാരും ചാൾസിന്റെ തോളിൽ തട്ടിയതും കുറച്ചു ബഡായികൾ കൈയ്യീന്നിട്ടും ഒക്കെ തട്ടിവിട്ടു ചാൾസ്. ചാൾസ് പഴയ പടി ചുക്കുകാപ്പി കച്ചവടവും കടകൾ ക്ലീനിങ്ങും പത്ര വിതരണവും കപ്പലണ്ടി കച്ചവടവും ഒക്കെയായി പോകുമ്പോഴാണ് സുഹൃത്തുക്കളൊക്കെ കൂടി ചാൾസിനെ പിരി കയറ്റാൻ തുടങ്ങിയത്. അഭിനയിക്കുന്നതിന് പണം മാത്രമല്ലല്ലോ ചെക്കും കിട്ടാറുണ്ടല്ലോ? പല നടന്മാർക്കും വണ്ടിച്ചെക്ക് കിട്ടിയ കഥയൊക്കെ നീ കേട്ടിട്ടില്ലേ? നിനക്ക് ചെക്ക് കിട്ടിയോ? അത് ബാങ്കിൽ പോയി ക്യാഷ് ആക്കി മാറ്റിയോ എന്നൊക്കയുള്ള അന്വേഷണം തുടങ്ങി ചാൾസിന്റെ അഭ്യുദയകാംക്ഷികൾ. ചെക്ക് എന്ന് വച്ചാൽ എന്താണെന്നുപോലും അതുവരെ ചാൾസിന് അറിഞ്ഞുകൂടായിരുന്നു.

Read also: തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ പുതിയ ഹോംനഴ്സ്; അപ്പന്റെയും മകന്റെയും ജീവിതം മാറിമറിഞ്ഞു

"നിന്നെ അഭിനയിപ്പിച്ച് ചെക്ക് ബാലേട്ടൻ എടുത്ത് നിന്നെ പറ്റിച്ചു കാണും. ഇത് അവന്റെ സ്ഥിരം പരിപാടിയാണ്. വല്ലവരെയും അഭിനയിപ്പിച്ച് കാശ് ഉണ്ടാക്കലാണ് അവന്റെ പണി. എടാ നിന്നെക്കൊണ്ട് കൊള്ളാഞ്ഞിട്ടാ. അഭിനയം എന്ന് പറയുന്നത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന പണിയല്ല. അത് ദൈവീകമായ ഒരു കലയാണ്. അതുകൊണ്ടല്ലേ ഈ നടന്മാർ ഒക്കെ ഇത്ര കാശുകാരായത്. ഒരു എൻജിനീയറോ ഡോക്ടറോ നമുക്ക് ആകാം. നിസ്സാരമായി പുസ്തകം തുറന്നിരുന്നു പഠിച്ചാൽ മാത്രം മതി. പക്ഷേ അഭിനയസിദ്ധി അത് ജന്മസിദ്ധമായി ലഭിക്കണം. ഭാഗ്യത്തിന് നിനക്കത് കിട്ടി. പക്ഷേ വേണ്ടരീതിയിൽ അത് പ്രയോജനപ്പെടുത്താൻ അറിയാത്ത വിഡ്ഢി. നിന്റെ സ്ഥാനത്ത് ഞാൻ വല്ലതും ആയിരിക്കേണ്ടിയിരുന്നു."

ഇത്രയുമായപ്പോൾ ഒരു കീരിക്കാടൻ സ്റ്റൈലിൽ ചാൾസ് ബാലേട്ടന്റെ അടുത്തെത്തി. "മര്യാദയ്ക്ക് ചെക്ക് എടുക്ക്. അത് വണ്ടിച്ചെക്ക് ആണോ എന്ന് എനിക്കറിയണം. എന്നെ പല സിനിമക്കാരും വിളിക്കുന്നുണ്ട്. ഇതിനുവേണ്ടി ഇവിടെ ഇങ്ങനെ കയറി ഇറങ്ങാനൊന്നും പറ്റില്ല. സമയം ഇല്ല അതുകൊണ്ടാണ്." ഈ പഞ്ച് ഡയലോഗ് കേട്ട് ബാലേട്ടൻ പകച്ചു. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ അപ്പോൾ തന്നെ ചെക്ക് ബുക്കിൽ നിന്ന് ഒരു ചെക്ക് എടുത്ത് ഒപ്പിട്ടു ബാലേട്ടൻ ചാൾസിന് കൊടുത്തു. പനിയോ ജലദോഷമോ വന്ന് രണ്ടുമൂന്നുദിവസം വരാതെ പിറ്റേദിവസം പ്രത്യക്ഷപ്പെടുമ്പോൾ ചാൾസ് പറയും ഒരു സിനിമയുടെ ഷൂട്ടിന് വേണ്ടി പോയിരിക്കുകയായിരുന്നു. അതാ രണ്ടു ദിവസം എന്നെ കാണാഞ്ഞത് എന്ന്. അന്ന് റിലീസ് ചെയ്ത ആ സിനിമയിലെ ഒരു സീനിൽ ഒഴികെ ചാൾസിനെ പിന്നെ ഇത് വരെ ആരും സിനിമയിൽ കണ്ടിട്ടില്ല. പലപ്പോഴും ചാൾസിനെ തേടി ഒന്നോ രണ്ടോ സീനിൽ അഭിനയിക്കാൻ വിളി എത്തിയെങ്കിലും പിന്നീട് ഒരിക്കലും ബാലേട്ടൻ അവന് ചാൻസ് വാങ്ങി കൊടുക്കാൻ മിനക്കെട്ടില്ല. കൈയ്യീന്ന് ചെക്ക് കൊടുത്തു അവനെ താരമാക്കാൻ ബാലേട്ടന് വട്ടില്ലല്ലോ. ഒരിക്കൽ ബാലേട്ടൻ അവന്റെ സുഹൃത്തുക്കളോട് ചോദിച്ചു അത്യാവശ്യം പേഴ്സണാലിറ്റി ഉള്ള ആ പയ്യനെ നീയൊക്കെക്കൂടി പിരി കയറ്റി അല്ലേ അവന്റെ ഉള്ള ചാൻസ് കൂടി നഷ്ടപ്പെടുത്തിയത് എന്ന്. അവരുടെ മറുപടി ഇങ്ങനെയായിരുന്നു. 

Read also: 'ഞാൻ മരിച്ചാൽ ശരീരം ദഹിപ്പിക്കരുത്, എന്റെ പറമ്പിൽ കുഴിച്ചിട്ടാൽ മതി'; കർഷകന്റെ ജീവിതം, മരണം, പുനർജന്മം

"Yes You said it. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ അവനെ പിരി കയറ്റി ബാലേട്ടന്റെ അടുത്ത് പറഞ്ഞുവിട്ടത്. അവനൊന്ന് ആഞ്ഞ് അഭിനയിക്കാൻ തുടങ്ങിയാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല. അങ്ങനെ അവൻ വലിയ താരം ആകണ്ട. അവസാനം മാർക്കറ്റിൽ ചുക്കുകാപ്പി വിറ്റ് നടന്ന അവൻ കട ഉദ്ഘാടനത്തിന് വരുമ്പോൾ പൂവ് എറിയാൻ നിൽക്കേണ്ട ഗതികേട് ഞങ്ങൾക്ക് വരാതിരിക്കാൻ വേണ്ടി തന്നെയാണ് ഞങ്ങൾ അത് ചെയ്തത്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ വണ്ടി ചെക്ക് കൊണ്ട് ഒരേറു കൊടുത്തു. അത്രയേ ഉള്ളൂ." എത്ര നല്ല സുഹൃത്തുക്കൾ!!!

Content Summary: Malayalam Short Story ' Vandicheque ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com