ADVERTISEMENT

അന്ന് രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റു ഉമ്മറത്ത് വന്നു നിൽക്കുന്ന സമയത്ത് കണ്ടു പറമ്പിന്റെ മൂലയോട് ചേർന്ന് റോഡിൽ ഒരു കൂട്ടം ആളുകൾ എന്തൊക്കെയോ സംസാരിക്കുന്നു, കൂട്ടത്തിൽ എന്റെ അച്ഛനുമുണ്ട്.. ഞാനോടി ചെന്നു അച്ഛന്റെ അടുത്തേക്ക്.. ചെറിയ ശാസനാസ്വരത്തിൽ എന്നോട് വീട്ടിൽ പോയിക്കൊള്ളാൻ പറഞ്ഞു, എന്നെ അവിടെനിന്ന് ഓടിച്ചു വീട്ടിലേക്ക്.. ചെറിയൊരു സങ്കടത്തോടെ ഞാനമ്മയുടെ അരികിലേക്ക് ചേർന്നുനിന്നു.. അമ്മ പറഞ്ഞു "നാരായണിചേച്ചിയുടെ ഇളയ മോൻ കണ്ണൻ തൂങ്ങി മരിച്ചു, നമ്മുടെ മുന്നിലെ പറമ്പിന്റെ അങ്ങേ അറ്റത്തുള്ള മാവിന്റെ മുകളിൽ.." ആളുകൾ തൂങ്ങിയും മരിക്കുന്നുണ്ട് എന്നറിഞ്ഞത് ഞാനന്നാണ്...

അച്ഛന്റെ അച്ഛൻ മരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, ഒരു പുലർച്ച, അപ്പൂപ്പൻ കിടക്കുന്ന മുറിയിൽ, അടക്കം പറയുന്ന ശബ്ദം, ഉണർന്നപ്പോൾ അടുത്ത് അമ്മയില്ല.. വേഗം എഴുന്നേറ്റ് നോക്കുമ്പോൾ അപ്പൂപ്പന്റെ മുറിയിൽ വല്യച്ഛന്മാരും അച്ഛനും അമ്മയും പിന്നെ കുറച്ച് ആളുകളും ഉണ്ട്.. ഞാൻ അതിനിടയിൽ കൂടി അമ്മയുടെ അടുത്തേക്ക് ചെന്നു.. അപ്പൂപ്പൻ കട്ടിലിൽ കിടക്കുന്നു... അച്ഛന്റെ കൈയ്യിലാണോ അതോ അമ്മയുടെ കൈയ്യിലാണോ എന്നോർമ്മയില്ല, ഒരു ഗ്ലാസ്സിൽ വെള്ളം, അതിൽ നിന്ന് സ്പൂൺ കൊണ്ട് കുറേശ്ശേ അപ്പൂപ്പന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കുന്നുണ്ട്, എന്നെക്കണ്ടപ്പോൾ അച്ഛൻ എന്നെ അടുത്ത് നിർത്തിക്കൊണ്ട്  പറഞ്ഞു, കുറച്ച് വെള്ളം അപ്പൂപ്പന്റെ വായിലേക്ക് ഒഴിച്ച് കൊടുക്കാൻ.. എന്താണ് ഏതാണ് എന്നൊന്നും അറിയാതെ ഞാനും അപ്പൂപ്പന്റെ വായിലേക്ക് വെള്ളം ഒഴിച്ച് കൊടുത്തു, വെള്ളം മെല്ലെ ഇറക്കിയത് പോലെ, അങ്ങനെ എല്ലാവരും വായിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട്.. പിന്നെക്കണ്ടത് വായിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ്.. അപ്പോൾ വല്യച്ഛൻ പറയുന്നത് കേട്ടു "അച്ഛൻ പോയീട്ടോ..." അമ്മയെന്റെ ചെവിയിൽ പറഞ്ഞു, നമ്മുടെ അപ്പൂപ്പൻ മരിച്ചു പോയെന്ന്.. അതാണ് ഞാൻ ആദ്യമായി കണ്ട മരണം..

അതിനിടക്കാണ് ഈ തൂങ്ങിമരണം കേൾക്കുന്നത്.. എന്റെ വീടിന്റെ മുന്നിലെ റോഡിന്റെ അപ്പുറത്തെ പറമ്പിലാണ് മരണം നടന്നത്... വല്യച്ഛന്റെ മോള്, കുഞ്ഞേച്ചി വന്നിട്ട് കണ്ണൻ ചേട്ടൻ തൂങ്ങിയ മാവ് കാണിച്ച് തന്നു, മാത്രമല്ല മാവിന്റെ മുകളിൽ ചുവന്ന നിറത്തിലുള്ള ഷർട്ട് ആണെന്ന് തോന്നിപ്പിക്കുന്ന ഒരു തുണി തൂങ്ങിക്കിടക്കുന്നതും കണ്ടൂ.. ശരീരം തീരെ വ്യക്തമായിരുന്നില്ല, അത്രക്ക് ദൂരെയായിരുന്നു.. ഓർത്തപ്പോൾ സങ്കടം തോന്നി.. കണ്ണേട്ടൻ ഇനിയില്ല.. ഞങ്ങൾ ചില കുട്ടികളോട് കളിതമാശപറയാനും കൈയ്യിൻമേൽ പിടിച്ച് തൂക്കാനും ഒന്നിനും ഒന്നിനുമിനി കണ്ണേട്ടൻ വരില്ല.. എന്തിനാണ് കണ്ണേട്ടൻ ഇങ്ങനെയൊരു കടുംകൈ ചെയ്തത്.. കല്യാണം കഴിഞ്ഞിരുന്നില്ല വയസ്സ് ഒരു 35 ഒക്കെയായിട്ടും, അമ്മ പറയുന്നത് കേട്ടു.. എല്ലാവർക്കും വിഷമമായ വാർത്തയായിരുന്നു അത്.

പട്ടത്തെ ശ്രീദേവി ചേച്ചിയെയും കണ്ണൻ ചേട്ടനെയും ഒരുമിച്ച് കുളക്കടവിലും തോട്ടിലും പിന്നെ അതിലെ പോകുന്ന ബസ്സിലും ഒക്കെ കണ്ടവരുണ്ട് അന്ന്.. ഒരു ദിവസം ഞങ്ങൾ അമ്പലക്കുളത്തിലേക്ക് പോകുമ്പോൾ, ആൽത്തറ മതിലിൽ, ശ്രീദേവി + കണ്ണൻ എന്ന് എഴുതിയത് കണ്ടിട്ട് കൂടെയുള്ള പെണ്ണുങ്ങളൊക്കെ അടക്കിച്ചിരിച്ചത് ഞാനും കണ്ടിരുന്നു... ശ്രീദേവി ചേച്ചിയുടെ അച്ഛൻ പട്ടാളക്കാരനാണ്... ചേച്ചിയെ പഠിപ്പിച്ച് ഒരു ജോലിക്കാരിയാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം..എന്നാല് ചെച്ചിയാണെങ്കിൽ മടിച്ചിക്കോതയും..എപ്പോഴും ചേച്ചിയുടെ അമ്മ പറയുന്നത് കേൾക്കാം, "അച്ഛനിങ്ങു വരട്ടെ, നിന്റെ തോന്ന്യാസമൊക്കെ ഞാൻ നിർത്തി തരാമെന്ന്.." ആര് കേൾക്കാൻ, ശ്രീദേവി ഉറച്ച നിലപാടിലെന്ന പോലെ അന്നും എന്നും കണ്ണേട്ടനെ കണ്ടിരുന്നു..

അങ്ങനെയിരിക്കെയാണ് പട്ടാളക്കാരൻ, ശ്രീദേവിചേച്ചിയുടെ അച്ഛൻ മേജറ് രാധാകൃഷ്ണൻ നാട്ടിലെത്തിയത്... നാട്ടിലൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതും നോക്കി നാട്ടുകാരുമിരുന്നു... പ്രത്യക്ഷത്തിൽ ഒന്നും നടന്നില്ല.. സമാധാനം, ശാന്തം.. പിന്നെയെപ്പഴോ കണ്ണേട്ടൻ വീട്ടിലേക്ക് വന്നപ്പോ ഞങ്ങളെ കണ്ട ഭാവമില്ല.. തമാശ പറഞ്ഞില്ല മിണ്ടിയില്ല.. ചേട്ടൻ എന്തോ വിഷമത്തിലാണ് എന്നുമാത്രം മനസിലായി.. ശ്രീദേവിചേച്ചിയെ അവരുടെ അച്ഛൻ പെങ്ങളുടെ വീട്ടിൽ കൊണ്ട് വിട്ടുവെന്ന് ശാന്തച്ചേച്ചിയും ജമീലുമ്മയും അമ്മയോട് പറയുന്നത് കേട്ടു.. മാത്രമല്ല, കൂടെയുള്ള ഒരു പട്ടാളക്കാരന്റെ മകനുമായി ചേച്ചിയുടെ കല്യാണവും ഉറപ്പിച്ചുവത്രെ.. കല്യാണത്തിനാണെങ്കിൽ ഇനിയേറെ ദിവസവുമില്ല.. ഞങ്ങളൊക്കെ കല്യാണം കൂടാനുള്ള പാവാടയും ബ്ലൗസും തയ്പ്പിച്ച്  റെഡിയായിക്കഴിഞ്ഞിരുന്നു.. എല്ലാവർക്കും സന്തോഷം, കണ്ണേട്ടൻ മാത്രം വിഷാദനായി കണ്ടൂ.. ചേച്ചിയെ ഒന്ന് കാണാൻ പോലും കഴിയാത്ത വിഷമമാണ് കണ്ണേട്ടന് എന്ന് പിന്നീടാണ് മനസ്സിലായത്...

അപ്പോഴേക്കും പൊലീസ് ജീപ്പ് വന്നു, അതിൽനിന്ന് രണ്ട് മൂന്ന് പൊലീസുകാർ ചാടിയിറങ്ങി നേരെ കണ്ണൻ ചേട്ടൻ തൂങ്ങിക്കിടക്കുന്ന മാവ് ലക്ഷ്യമാക്കി പോയി.. പൊലീസുകാരെക്കണ്ട് പേടിച്ച ഞാൻ അകത്തേക്കും ഓടി... കണ്ണേട്ടൻ ഇനി വരില്ലല്ലോ എന്ന വിഷമത്തിൽ ഞാനും എവിടെയോ കിടന്നു ഉറങ്ങിപ്പോയി...

Content Summary: Malayalam Short Story ' Kannettan ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com