'കാടിനടുത്താണ് പണി', വിഷപ്പാമ്പുകളുള്ള വഴിയിലൂടെ വേണം ജോലി കഴിഞ്ഞ് തിരികെ വരാൻ...
Mail This Article
“ബാറ്ററിക്ക് നല്ല വിലയാണ്. ഈ റേഡിയോയാണെങ്കിൽ ബാറ്ററി തിന്നു തീർക്കുകയും ചെയ്യും” അപ്പുണ്ണിയുടെ രോദനമാണിത്. നിലമ്പൂർ - ഊട്ടി റോഡിൽ വഴിക്കടവ് എന്ന സ്ഥലത്തുനിന്ന് നാലു കിലോമീറ്ററോളം ഒരു ചെമ്മൺറോഡിലൂടെ നടന്നാൽ എത്തിപ്പെടുന്ന സ്ഥലമാണ് “വെള്ളക്കട്ട”. നിലമ്പൂർ കോവിലകത്തിന്റെ സ്ഥലം പാട്ടത്തിനെടുത്ത് മാവൂർ ഗ്വോളിയോർ റയോൺസ് കമ്പനിക്ക് പൾപ്പ് നിർമ്മിക്കാൻ ആവശ്യമുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ കമ്പനി വകയായി വെച്ചു പിടിപ്പിച്ചു കൊണ്ടിരിക്കുന്ന കാലം. അവരുടെ ഓഫിസും കുറച്ചു ക്വാർട്ടേഴ്സുകളും ഇവിടെയുണ്ട്. കൂടാതെ നാട്ടുകാരുടെ രണ്ടുമൂന്ന് പലവ്യഞ്ജന കടകളും ചായക്കടകളും. ഒരു ചായക്കട പട്ടാമ്പിക്കാരൻ അപ്പുണ്ണിയുടേതാണ്. അധികം പൊക്കം ഇല്ലാത്ത, തടിച്ചു പരന്ന ശരീരമുള്ള, ഷർട്ട് ഇടാത്ത, അധികം സംസാരിക്കാത്ത ഒരു മനുഷ്യൻ. ഏതായാലും ഇദ്ദേഹത്തിന്റെ കടയിൽ ഒരു ട്രാൻസിസ്റ്റർ റേഡിയോയുണ്ട്, അത് പ്രവർത്തിക്കാനുള്ള ബാറ്ററിയുടെ കാര്യം അപ്പുണ്ണി പറഞ്ഞതാണ് മുകളിൽ എഴുതിയത്. ഫിലിപ്സ് കമ്പനിയുടെ റേഡിയോ ആയതുകൊണ്ട് പുള്ളിക്കാരന്റെ പ്രസ്താവന ശരിയായിരുന്നില്ല. വളരെ കുറഞ്ഞ രീതിയിൽ മാത്രമേ ഈ സെറ്റിന് ബാറ്ററി ചെലവാകുകയുള്ളൂ.
ഈ സ്ഥലത്തുനിന്ന് വീണ്ടും ചെമ്മൺ റോഡ് വഴി ഉദ്ദേശം മൂന്ന് കിലോമീറ്റർ ദൂരം നടന്നാൽ വനപ്രദേശം തുടങ്ങുകയായി. കെഎസ്ഇബിയുടെ നിർദ്ദിഷ്ട ജലവൈദ്യുതപദ്ധതിയുടെ ഇൻവെസ്റ്റിഗേഷൻ നടത്താൻ വേണ്ടി ഈ വനത്തിനകത്ത് തകര ഷീറ്റുകളും കാട്ടുകഴകളും ചേർത്തുണ്ടാക്കിയ ഒരു ഷെഡ്ഡുണ്ട്. അതിനകത്ത് സർവ്വേ നടത്താനും മറ്റു വിവര ശേഖരണത്തിനും വേണ്ടതായ ഉദ്യോഗസ്ഥരും, ഡ്രില്ലിംഗ് നടത്തി ഭൂമിയിൽ ഏത് ലെവലിലാണ് പാറ ഉള്ളതെന്ന് കണ്ടുപിടിക്കാനുള്ള ഒരുപറ്റം തൊഴിലാളികളും താമസിക്കുന്നു. “പാണ്ടിയാർ – പുന്നപ്പുഴ” എന്ന പേരിലുള്ള ഒരു ജലവൈദ്യുത പദ്ധതിയുടെ പവർഹൗസ്, പെൻസ്റ്റോക്ക്, സർജ്ഷാഫ്റ്റ് തുടങ്ങിയവയുടെ ഇൻവെസ്റ്റിഗേഷനാണ് ഈ ഷെഡ്ഡിൽ താമസിക്കുന്നവരുടെ ജോലി. ഈ ഷെഡ് ഞങ്ങളുടെ ഓഫിസും വാസസ്ഥലവുമാണ്. ഡാം, ടണൽ തുടങ്ങിയവയുടെ വിവരശേഖരണത്തിന് “കടുവാകുന്ന്” എന്ന ഒരു ഓഫിസ് ഇതുപോലെ ഘോര വനത്തിനകത്ത് പ്രവർത്തിക്കുന്നുണ്ട്.
“വെള്ളക്കട്ട” വനത്തിനകത്തുള്ള ഓഫിസിലാണ് ഞാനും എന്റെ സതീർഥ്യനായ മുകുന്ദനും താമസിക്കുന്നത്. (മുകുന്ദൻ 2020 ൽ കൊറോണ അസുഖം ബാധിച്ച് മരണമടഞ്ഞു). രാവിലെ തന്നെ ഞങ്ങളുടെ മെസ്സിൽ നിന്ന് പ്രഭാതഭക്ഷണം (മിക്കവാറും കഞ്ഞിയാണ്) കഴിച്ചു തൊഴിലാളികളെയും കൂട്ടി സർവ്വേ നടത്താനുള്ള ഉപകരണങ്ങളും മറ്റുമായി വനത്തിനകത്ത് കൂടി നല്ല കുത്തനെയുള്ള കയറ്റം കയറി ജോലി സ്ഥലത്തെത്താൻ തന്നെ നല്ല ഒരു പരിശ്രമം നടത്തണം. വൈകുന്നേരത്തോടെ ജോലി നിർത്തി ഓഫിസിൽ എത്താനും കുറെ ദൂരം നടക്കണം. വന്നതിനുശേഷം അത്യാർത്തിയോടെ ദാഹവും വിശപ്പും മാറ്റാൻ വെള്ളം കൂടുതലുള്ള കഞ്ഞി അകത്താക്കും. ക്ഷീണം കൊണ്ട് പിന്നെ കുറെ നേരത്തേക്ക് ഒന്നും ചെയ്യാൻ പറ്റുകയില്ല. കുറേനേരം കഴിഞ്ഞ് അടുത്തു തന്നെയുള്ള “കാരക്കോട്ട പുഴ”യിൽ പോയി കുളിച്ച് വൃത്തിയായി ഞാനും മുകുന്ദനും കൂടി വെള്ളക്കട്ടയിലെ അപ്പുണ്ണിയുടെ കടയിലേക്ക് പോകും. ഞങ്ങൾ കൈയ്യിൽ ഒരു ടോർച്ച് കരുതിയിട്ടുണ്ടാവും, കാരണം തിരിച്ചുവരുമ്പോൾ മിക്കവാറും രാത്രി ആയിട്ടുണ്ടാവും. പ്രധാനമായും പോകുന്നത് ഒരു പാൽ ചായ കുടിക്കാനും വൈകുന്നേരം ആകാശവാണിയിലെ പ്രാദേശിക വാർത്ത കേൾക്കാനുമാണ്. ഞങ്ങൾ വനവാസികൾക്ക് ന്യൂസ് പേപ്പർ കിട്ടാൻ ഒരു മാർഗ്ഗവും ഇല്ല. ആ കാട്ടിനകത്ത് റേഡിയോ പ്രക്ഷേപണം കേൾക്കുകയുമില്ല. നാട്ടിൽ എന്തു നടക്കുന്നുവെന്നറിയാതെ ഒരു ജോലിയും പേറി ജീവിക്കുന്നവരാണ് ഞങ്ങൾ.
വെള്ളക്കട്ടയിലേക്കുള്ള ചെമ്മൺ റോഡിലുള്ള നടത്തം കുറച്ച് അപകടം പിടിച്ചതാണ്. കാരണം വനത്തിനകത്ത് നിന്നും റോഡിന് താഴെ ഭാഗത്തുള്ള വയലിലേക്ക് വെള്ളം കുടിക്കാനും ഇര തേടാനും വേണ്ടി പലതരം നീളവും വണ്ണവും ഉള്ള ഉഗ്ര വിഷപാമ്പുകൾ റോഡ് മുറിച്ച് കടന്നുപോയതിന്റെ പാടുകൾ ഞങ്ങൾ എന്നും കാണാറുണ്ട് .ഭാഗ്യത്തിന് ഒന്നിനെയും നേരിൽ കണ്ടിട്ടില്ല, പിന്നീട് കടയിൽ പോയി കുറച്ചുനേരം വിശ്രമിച്ച് പാൽചായയും എന്തെങ്കിലും ലഘു കടികളും വാങ്ങി കഴിച്ചു പ്രാദേശിക വാർത്തകൾ കേട്ടാണ് തിരിച്ചു പോരുന്നത്. അപ്പുണ്ണിക്ക് വാർത്തകളോടൊന്നും തന്നെ പ്രിയമില്ലെന്നാണ് തോന്നുന്നത്. നാടകഗാനങ്ങളും സിനിമ ഗാനങ്ങളും ഒക്കെയാണ് അദ്ദേഹത്തിന് ഇഷ്ടം. അപ്പോൾ ഞങ്ങൾ ഈ വാർത്ത ഇടാൻ പറഞ്ഞാൽ വലിയ ഇഷ്ടത്തോടെയല്ല റേഡിയോ തുറക്കുന്നത്. ഞങ്ങൾ ഭംഗിയായി ‘അപ്പുണ്ണിയേട്ടാ’ എന്ന് നീട്ടി വിളിച്ച് പുള്ളിയെ പാട്ടിലാക്കിയിട്ടുണ്ട്. എന്നാലും ശരീര ഭാഷ കാണുമ്പോൾ അറിയാം ഇതൊന്നും പുള്ളിക്ക് ദഹിക്കുന്നില്ലായെന്ന്. 1969ൽ ആണല്ലോ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയായി നീലം സഞ്ജീവ റെഡ്ഡിയും സ്വതന്ത്ര സ്ഥാനാർഥിയായി വി.വി. ഗിരിയും തമ്മിൽ മത്സരിക്കുന്നത്. ഗിരി കേരള ഗവർണറായി ഉണ്ടായിരുന്നുവല്ലോ.
ഞാനും മുകുന്ദനും ഗിരി ജയിക്കണമെന്ന് ആഗ്രഹമുള്ളവരായിരുന്നു. ഇലക്ഷൻ കഴിഞ്ഞു, റിസൾട്ട് അറിയുന്ന ദിവസം ഞങ്ങൾ നേരത്തെ തന്നെ അപ്പുണ്ണിയുടെ കടയിൽ സന്നിഹിതരായി. നല്ല ഈണത്തിൽ തന്നെ അപ്പുണ്ണി ഏട്ടാ എന്ന് വിളിച്ചു ചായയ്ക്ക് ഓർഡർ കൊടുത്തു. ചായയും ഒരു അരിമുറുക്കും കഴിച്ചു. വാർത്തയുടെ സമയം അടുത്തടുത്തു വന്നു. ഒരുതരത്തിൽ റേഡിയോ ഓൺ ചെയ്യാൻ പറഞ്ഞു. വാർത്തയിൽ റിസൾട്ട് പറയുന്ന ഒരു ലക്ഷണം പോലും കേൾക്കുന്നില്ല. ആവശ്യമുണ്ടായിട്ടല്ല വീണ്ടും ഒരു ചായയും കടിയും കഴിച്ചു. തീർന്നില്ല അവിടെയുള്ള പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു വെച്ചിട്ടുള്ള ഓറഞ്ച് അല്ലിയുടെ രൂപത്തിലുള്ള ചുവപ്പ്, മഞ്ഞ, വെള്ള, പച്ച നിറത്തിലുള്ള ലോസഞ്ചർ മിഠായി വാങ്ങി അതും നുണഞ്ഞിരുന്നു. ചെറുനാരങ്ങയുടെ രുചിയുള്ള ഏതോ കെമിക്കൽസ് ഒഴിച്ച് ഉണ്ടാക്കിയതാണ് അത്. എന്തുവന്നാലും തരക്കേടില്ല അപ്പുണ്ണി ഏട്ടനെ സുഖിപ്പിക്കാൻ വേണ്ടിയാണ് ഈ ത്യാഗങ്ങൾ ചെയ്യുന്നത്. റേഡിയോയിൽ നമുക്കാവശ്യമുള്ള വാർത്തയല്ലാതെ വേറെ എന്തൊക്കെയോ കസറുന്നുണ്ട്.
അപ്പുണ്ണിയുടെ ശരീരഭാഷ മോശമാകുന്നത് ഞങ്ങൾ കണ്ടു. വീണ്ടും ചായയ്ക്ക് ഓർഡർ കൊടുത്തു. എന്നാൽ അപ്പുണ്ണി മിന്നൽ വേഗത്തിൽ റേഡിയോയുടെ അടുത്തേക്ക് പോവുകയും, “അത് ഗൗരി തന്നെ ജയിക്കും” എന്ന് പറഞ്ഞു റേഡിയോ ഓഫാക്കി അകത്തേക്ക് പോവുകയും ചെയ്തു. എത്ര സോപ്പ് ഇട്ടിട്ടും പുള്ളി വഴങ്ങിയില്ല. ഞങ്ങളും കടയിൽ വന്ന മറ്റ് രണ്ടുപേരും തരിച്ചിരുന്നു പോയി. മണ്ണും ചാണകവും തിരിച്ചറിയാനുള്ള വിവരമില്ലാത്ത അപ്പുണ്ണി എന്ന അപ്പുണ്ണി ഏട്ടനെ ഞങ്ങൾ മനസ്സാ ശപിച്ചു ഇറങ്ങിപ്പോന്നു. ഞങ്ങളുടെ ധൈര്യക്കുറവ് കൊണ്ട് അവിടെ ഒരു പൊലീസ് കേസ് ഉണ്ടാകാനുള്ള സകല സാധ്യതകളും ഒഴിവായി. പോരുന്ന വഴിയിൽ ഏത് ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടാലും അതിന്റെ വാൽ പിടിച്ച് പൊക്കി എറിയുമായിരുന്നു. അത്രയും ദേഷ്യത്തിലാണ് ഓഫിസിൽ തിരിച്ചെത്തിയത്. ഓഫിസിലെ ഞങ്ങളുടെ സഹവാസികൾ ആരാണ് ജയിച്ചത് എന്ന് ചോദിച്ചു “അത് ഗൗരി തന്നെ ജയിക്കും” എന്ന് പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു. അവർക്ക് എന്ത് മനസ്സിലായോ ആവോ.
പിറ്റെ ദിവസം വൈകുന്നേരമാണ് ഞങ്ങൾക്ക് റിസൾട്ട് അറിയാൻ കഴിഞ്ഞത്. അതുവരെ ഒരു വീർപ്പുമുട്ടലായിരുന്നു. അപ്പുണ്ണി പറഞ്ഞത് ഗൗരി എന്നാണെങ്കിലും ജയിച്ചത് വി. വി. ഗിരി തന്നെയായിരുന്നു. ഞങ്ങൾ ഇത്രയൊക്കെ ത്യാഗം സഹിച്ച് ബലം പിടിച്ചിരിക്കേണ്ട കാര്യമുണ്ടായിരുന്നോയെന്ന് മണ്ണും ചാണകവും തിരിച്ചറിയാൻ കഴിവില്ലാത്തവനാണെന്ന് ഞങ്ങൾ കരുതിയ അപ്പുണ്ണിയെ ഓർത്ത് ജാള്യത തോന്നി. ഞങ്ങളെ ഒഴിവാക്കാൻ വെറുതെ ഗൗരിയെ ഗോദയിലിറക്കിയതാണെങ്കിലും അതു തന്നെ സംഭവിച്ചു. അനാവശ്യമായി ടെൻഷനടിക്കാതെ പാട്ടും കേട്ടിരിക്കുന്ന അപ്പുണ്ണിയെ മാതൃകയാക്കുന്നതാണ് നല്ലതെന്ന് തോന്നി. നമോവാകം അപ്പുണ്ണിയേട്ടാ..
Content Summary: Malayalam Short Story ' Appunniyum Gauriyum ' Written by C. Ashokan