ADVERTISEMENT

മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാളും സ്വാതന്ത്ര്യ ദിനവും ഒരു ദിവസമാണ്. അന്ന് പൊതുവെ മുക്കുവ ക്രിസ്ത്യാനികൾ ഒന്നും കടലിൽ പണിക്കു പോകാറില്ല, കൊല്ലത്ത് വാടി കടപ്പുറത്ത് ഓൾഡ് മങ്ക് റമ്മും പിന്നെ അന്തോണിച്ചയും, മോൻ ജെറിനും, അന്തോണിച്ചയുടെ കെട്ടിയോള് മേബിള് വച്ച നല്ല ഒന്നാന്തരം ചാള കറിയും സമാസമം ആയാൽ അയൽവക്കത്തൊള്ള സുനിതയ്ക്കും സിന്ധുവിനൊന്നും ഇരിക്കപ്പൊറുതി ഇല്ല, കള്ളടിക്കുമ്പോ അന്തോണിച്ച കെട്ടിയോളെ നല്ല പള്ളു വിളിക്കും, അത് കേട്ട് അവതിമാന മാറത്തടിയും ബഹളോം ആയിരിക്കും, ചോദിക്കാൻ സിന്ധുവോ സുനിതയോ ചെന്നാൽ അവർക്കും കിട്ടും തെറിവിളി, ഇപ്പൊ പിന്നെ ജെറി കെട്ടി മോൻ ആയത് കൊണ്ട് ഒന്ന് അടങ്ങിട്ടൊണ്ട്, ജെറിടെ മോൻ ബെക്കാമിനു ഏഴു വയസായി. അത് കൊണ്ട് തന്നെ അപ്പാപ്പന്റെ തെറി ഒക്കെ ചെറുമോൻ പഠിക്കുമോ എന്ന പേടീം സ്നേഹോം  കാരണം അന്തോണിച്ച തെറിവിളിയുടെ കനമൊന്ന് കുറച്ചിട്ടുണ്ട്. പക്ഷെ പതിനഞ്ചാം തിയതി ഓൾഡ് മങ്ക് തലയ്ക്കു പിടിച്ച എപ്പോളോ അച്ചാ എഴുന്നേറ്റു, കൈലി താഴെ പോകാതെ പിടിച്ചിട്ടുണ്ട്, എന്നിട്ട് ബെക്കാമിനോട് ഡാ നീ ആ ബൈബിൾ എടുത്തേ, നിനക്ക് വായിക്കാൻ അറിയാമോ എന്ന് നോക്കട്ട്.

"എന്തെ നിങ്ങക്ക് ഇപ്പ ബൈബിൾ കേൾക്കാൻ ഇത്ര പൂതി" എന്ന് മേബിൾ ചോദിച്ചതും ഭാ ക*&^ %%%% എന്ന് പള്ളു വന്നതും ഒരുമിച്ച് ആയിരുന്നു. കേട്ടപാടെ മേബിൾ നെഞ്ചത്തടി തുടങ്ങി "എന്റ മാതാവേ ഞാൻ കത്തിച്ച മെഴുകുതിരി എല്ലാം പാഴായല്ലോ", ഇത് കേട്ട് ജെറി ഉറക്കെ "അമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്ക്, അപ്പൻ എന്താ വീണ്ടും തുടങ്ങിയോ പള്ളു വിളി ദേ ചെറുക്കൻ കേൾക്കുന്നുണ്ട്", പക്ഷെ ഇതൊന്നും അന്തോണിച്ച കേൾക്കുന്നില്ലായിരുന്നു വാ പിഴച്ചത് ഓർത്തു കൊച്ചു മോനെ കുറ്റ ബോധത്തോടെ നോക്കുക ആരുന്നു, അപ്പാപ്പന്റെ പള്ളിൽ വലിയ ഞെട്ടൽ ഒന്നും അവനു ഉണ്ടായിരുന്നില്ല, വാടീലെ അത്യാവശ്യം തെറി വിളി ഒക്കെ അവനും കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അപ്പാപ്പൻ ഇങ്ങനെ ഒക്കെ പറയും എന്ന് ആള് കരുതിയില്ല, അവൻ പതിയെ ബൈബിൾ എടുത്ത് അപ്പാപ്പന്റെ അടുത്ത് ചെന്ന്, അന്തോണിച്ച അവനെ ചേർത്ത് പിടിച്ചിട്ടു "അപ്പാപ്പന്റെ മോൻ ഏതേലും ഒന്ന് കണ്ണടച്ച് എടുത്ത് വായിക്കടാ" എന്ന് പറഞ്ഞു. തന്റെ കഴിവ് തെളിയിക്കാൻ കിട്ടിയ അവസരം ആയതു കൊണ്ട് അവൻ അപ്പൊ തന്നെ ബൈബിൾ തുറന്നു, അവന്റെ കൊച്ചു കൈയ്യിൽ ആദ്യ കുറച്ചു പേജ് മാത്രം ആണ് കിട്ടിയത് അവനതു തുറന്നു, ഉൽപത്തി 12 വായിച്ചു തുടങ്ങി, അബ്രഹാമിന്റെ കഥ ഓരോന്നായിട്ടു തപ്പി തടഞ്ഞു അവൻ വായിച്ചു, ദൈവം ആവശ്യപ്പെട്ട് ഇസഹാക്കിനെ ബലികൊടുക്കാൻ കൊണ്ട് പോയതും അവിടുന്ന് ദൈവദൂതൻ പ്രത്യക്ഷപെട്ടതും പിന്നെ ഇസഹാക്കിനു പകരം മുട്ടനാടിനെ ബലി കൊടുത്തതും ഒക്കെ അവനാവേശത്തോടെ വായിച്ചു, അഞ്ചാം വയസുകാരന്റെ വായന അപ്പാപ്പൻ കരുതിയതിലും മേലെ ആയിരുന്നോണ്ടാകാം അന്തോണിച്ച പോക്കറ്റിൽ കിടന്ന കാശെല്ലാം എടുത്തു അവനു കൊടുത്ത് "അല്ലേലും കള്ളും സ്നേഹവും മൂക്കുമ്പോൾ അങ്ങേരു കാശെല്ലാം വാരി എറിയുന്നത് പണ്ടേ ഒള്ളതാണ്, അങ്ങനെ കുറെ കാശ്! കണ്ട അവൻമാരും അവളുമാരും കൊണ്ട് പോയതാണ് പണ്ട്", സാധാരണ ഈ ഡയലോഗിൽ മേബിളിന്റെ തലമുടി കുത്തി പിടിച്ചു അടി നാഭിക്ക് ചവിട്ട് വരെ കിട്ടുന്നത് ആണ് പക്ഷെ ഓൾഡ് മങ്കിന്റെ വീര്യവും ചെറുമോന്റെ കഥ വായനയും കൂടെ ആയപ്പോൾ അന്തോണിച്ച പതിയെ കണ്ണടച്ച്.

വൈകുന്നേരം ബോധം വരുമ്പോളേക്കും ജെറിൻ കടലിൽ പോകാൻ തയാർ ആയിട്ട് ഉണ്ടായിരുന്നു, പുറത്തെ മഴയും കോളും കണ്ടിട്ട് അന്തോണിച്ച ജെറിനോട് "എടാ നല്ല പെശിരും കോളും ഉണ്ടല്ലോ, ഇന്ന് പോണമേ" ജെറിൻ "ഒന്ന് പോ അപ്പ നമ്മ എത്ര കോള് കണ്ടേക്കണ്, അല്ല സുനാമി വന്നപ്പ കടലിൽ കിടന്ന ആളാണ് പറണത്" അന്തോണിച്ച ഒന്നും മിണ്ടിയില്ല, ജെറിൻ കടലിൽ പോയി കുറെ കഴിഞ്ഞപ്പോൾ ബെക്കാം അപ്പാപ്പന്റെ അടുത്തു വന്നു, അപ്പാപ്പ ഈ സുനാമി എന്ന് പറഞ്ഞ എന്താ "സുനാമി എന്ന് പറഞ്ഞാൽ പണ്ട് പത്തിരുപത് കൊല്ലം മുന്നേ ക്രിസ്മസുക്ക പിറ്റേന്ന് കടലു നല്ല ക്ഷോഭിച്ച്, കുറെ തീരത്ത് ഉള്ളവരെയും എല്ലാം കൊണ്ട് പോയി, ബെക്കാം അപ്പോൾ സംശയത്തോടെ അപ്പാപ്പനോട് ചോദിച്ചു "ഏരേരത്ത് അമ്മാമ്മേടെ വീട് കടല് കൊണ്ട് പോയ പോലെയാ" അന്തോണിച്ച ചെറുമോനോട് പറഞ്ഞു "അത് ചെറിയതെരയാണഡാ, ഇത് അതിനെക്കാട്ടി വലിയ തിരകൾ ആണ്, തെങ്ങിന്റെ അത്രേം വലുപ്പം കാണും" "പോ അപ്പാപ്പ കള്ളം പറയാതെ അപ്പാപ്പൻ കണ്ടോ" അവൻ ചോദിച്ചു "ഞാൻ ടിവി യിൽ കണ്ടതാണ്"‌ അതെന്താ അപ്പാപ്പൻ കടലിൽ പോയില്ലേ കടലിൽ ആയിരുന്നന്നാണല്ലോ അപ്പ നേരത്തെ പറഞ്ഞത്. "അങ്ങനെ അല്ലടാ നമ്മ തീരത്തു അതികം പ്രശ്നം ഇല്ലായിരുന്നു. അന്ന് ക്രിസ്മസുക്ക് നേരത്തെ പോലെ ഞാൻ ഇച്ചിരി കള്ളും കുടിച്ചു ഇച്ചിരി ബഹളം ഉണ്ടാക്കി, നിന്റെ അമ്മാമ്മയില്ലേ അവള് കിടന്നു കാറി. ഞാൻ സഹികെട്ട് വള്ളം ഇറക്കി കടലിൽ പോയി കിടന്നു, അങ്ങ് ദൂരേക്ക്‌ ഒന്നും അല്ലടാ പുലിമുട്ടുക്ക ഇക്കരെ ആയിരുന്നു. സങ്കടം വരുമ്പോ പോയിരിക്കാൻ പറ്റിയ സ്ഥലം ആണ് കടൽ, "അപ്പാപ്പൻ സങ്കടം വരുന്നോണ്ട് ആണോ കക്കൂസിൽ തൂറാതെ കടപ്പറത്തു പോയി തൂറുന്നതു" അവൻ കുസൃതി ചിരിയോടെ ചോദിച്ചു "ആണെടാ വയറ്റിലെ മാത്രം അല്ലടാ മനസ്സിലെയും മാലിന്യം കളയാൻ കടൽ ബെസ്റ്റാണ്" ആ പറഞ്ഞത് അവനു അങ്ങോട്ട് മനസ്സിൽ ആയില്ല, അവന്റെ സുനാമി സംശയം അങ്ങോട്ടു മാറിയിട്ട് ഇല്ലായിരുന്നു. 

"അപ്പോ അപ്പാപ്പനെ കടല് കൊണ്ട് പോയില്ലേ" ഇല്ലടാ അന്ന് ലോകത്ത് ഒരുപാട് ഇടത്ത് കടൽ വലിയ രീതിയിൽ കേറി പക്ഷെ നമ്മ കൊല്ലത്ത് അഴിക്കൽ എന്ന കരയിൽ ഒഴിച്ച് വേറെ എവിടേം കേറിയില്ല, അവിടെ കുറെപേരേ കടല് എടുത്തേച്ചും പോയി" "അതെന്താ ഇവിടെ കടൽ കേറാഞ്ഞത്" ഉത്തരം പറഞ്ഞത് മേബിൾ അമ്മച്ചി ആയിരുന്നു. "ഇങ്ങേരന്നു കടലിൽ കിടക്കുകയല്ലേ, കടലിനുപോലും ഇങ്ങേരെ ഒന്നും വേണ്ട" അന്തോണിച്ച അത് കേട്ട മട്ടു കാണിക്കാതെ അവനോടു പറഞ്ഞു "നീ പുലിമുട്ട് കണ്ടിട്ടില്ലേ കടലിലെ ആ പാലം" "ങാ നമ്മൾ നടക്കാൻ പോയ" "ങാ അത് തന്നെ അത് ഉള്ളോണ്ട് നമക്ക് ഒന്നും അങ്ങോട്ട് പറ്റിയില്ല പക്ഷെ പതുക്കെ കടല് കേറി, ഇപ്പൊ കാണുന്ന റോഡ് ഇല്ലേ അതിന്റെ അടുത്ത് വരെ കടല് കേറി, പക്ഷെ അതിനു മുന്നേ ഞാൻ ഇങ്ങു വന്നാരുന്നു" വീട്ടിൽ കേറാത്തോണ്ടു ഇവര് കരുതി ഞാൻ കടലിൽ ആണെന്നു "അപ്പാപ്പന് എവിടെ പോയാരുന്നു" എന്ന ബെക്കാമിന്റെ ചോദ്യത്തിന്, അവ്യക്തമായി "ങാ എവിടെയോ ഓർമ ഇല്ല" എന്ന് മാത്രം അന്തോണിച്ച മറുപടി പറഞ്ഞു, അപ്പോൾ മേബിൾ അമ്മച്ചി അപ്പാപ്പനെ ദേഷ്യത്തോടെ നോക്കുന്ന അവൻ കണ്ടു. പിറ്റേന്ന് ബെക്കാം സ്കൂളിൽ പോയി ഉച്ച കഴിഞ്ഞു വന്നു, നല്ല മഴ കാരണം ക്ലാസ് ഉച്ച വരെ ഉണ്ടായിരുന്നോളു, മഴയത്ത് കുളിച്ചാണ് വന്നത്, തിരുന്നാൾ കൂടാൻ എരേരത്ത് പോയ അവന്റെ അമ്മ നീതു വീട്ടിൽ ഉണ്ടായിരുന്നു, മഴ നനഞ്ഞു വന്ന അവന്റെ ചന്തിക്കിട്ട് അവിടെ ഇരുന്ന കമ്പു എടുത്തു ഒറ്റ വീക്കു കൊടുത്താണ് അവൾ സ്വീകരിച്ചത്, അടുത്ത അടി അടിക്കും മുന്നേ അപ്പാപ്പൻ അവന്റെ രക്ഷയ്ക്ക് എത്തി, "നീ ഒന്ന് അടങ്ങു പെണ്ണെ കടലിൽ പോണവന്റെ മകൻ ആകുമ്പോൾ ഇച്ചിരി മഴ ഒക്കെകൊള്ളും, കടലിൽ കിടന്നു അവന്റെ അപ്പനും അപ്പാപ്പനും ഒക്കെ കുറെകൊണ്ടത് ആണ്, ദേണ്ടെ കിടക്കുന്നു രാത്രി മുഴുവൻ മഴയുംകൊണ്ട് കയ്യെല് തികയാത്ത കരുവായും കൊണ്ട് വന്നു കിടക്കുന്ന ഒരുത്തൻ", രാത്രി പണി കഴിഞ്ഞു ഉറങ്ങുന്ന ജെറിയെ ചൂണ്ടി കാണിച്ചിട്ട് അന്തോണിച്ചൻ പറഞ്ഞു.

മറുപടി ഇത്തവണയും പറഞ്ഞത് മേബിൾ അമ്മച്ചി ആണ് "ഓ നിങ്ങള് പിന്നെ കൊട്ടയിൽ ആണല്ലോ കൊണ്ട് വന്നത്, അല്ല കൊണ്ട് വന്നു കാണും ഇവിടെ അല്ല കാപ്പിരിച്ചിടെ വീട്ടിൽ ആയിരിക്കും" ഇത്തവണ അന്തോണിച്ചക്കു സഹിച്ചില്ല, "നാവടക്കടി പേത്തിച്ചി" എന്നും പറഞ്ഞു അവിടെ ഇരുന്ന മൊന്ത എടുത്തു കെട്ടിയോൾക്കിട്ടു എറിഞ്ഞു. ബഹളം കേട്ടാണ് ജെറി എണീറ്റത്, “എന്തോന്നാ സമാധാനം തരുത്തില്ലേ, രാത്രി മൊത്തം കടലിൽ കിടന്നിട്ടാണ് വരുന്നേ എല്ലാണ്ണം അത് ഓർക്കണം” ജെറി പറഞ്ഞു. ഉറക്കം പോയ സങ്കടത്തിൽ TV ഓൺ ആക്കി അവൻ ന്യൂസ് ചാനൽ ഇട്ടു, "കേരളത്തിൽ ശക്തമായ മഴ തുടരുന്നു, ഡാമുകളുടെ ഷട്ടർ തുറക്കാൻ ഉത്തരവ് ആയി, മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുഖ്യമന്ത്രി അറിയിച്ചു" "ഓ അവിടെ ഇരുന്നു പറഞ്ഞാൽ മതിയല്ലോ, പണിക്കു പോയില്ലേ ഇവിടുത്തേ പട്ടിണി അവർക്കു അറിയാമോ" ജെറിൻ ഫോൺ എടുത്ത് ആരെ ഒക്കെയോ വിളിച്ച് "വള്ളം തള്ളാൻ ഒരുത്തനും വരണില്ല അപ്പ, എല്ലാം പേടിതൂറികൾ ആണ്" "ചില പേടികള് ഗുണം ചെയ്യും എങ്കിൽ അത് നല്ലത് ആണ്" അന്തോണിച്ചാ പറഞ്ഞു. "ഓ നീങ്ങാ പിന്നെ..., കേട്ടോടാ ബെക്കാമെ ആനിയാടി കാലത്താരും പോകാത്ത പള്ളിയാങ്കല്ലിൽ മീൻ പിടിച്ച സെയ്ന്റ് ആന്റണി വള്ളത്തിലെ കിളവനെ നീ കണ്ടിട്ടുണ്ടോ, ഇല്ലേ വേണേ ഞാൻ തലക്കിട്ടു കിളുത്തികാണിക്കാം.," അപ്പന്റെ മുടിയിൽ പതിയെ പിടിച്ചു ഒന്നു കറക്കി ജെറി. അന്തോണിച്ച ചിരിച്ചു, ബെക്കാമും ചിരിച്ചു. മേബിളിന്റെ ദേഷ്യമടങ്ങാത്തതുകൊണ്ട് അടുക്കളയിൽ പാത്രങ്ങൾ ഉരസ്സുന്ന ശബ്ദമൽപം കഠിനം ആയിരുന്നു. അന്ന് ജെറികടലിൽ പോയില്ല. 

മഴ ശക്തമായി, മൂന്നാം ദിവസം ഉച്ചയ്ക്കു തോരാത്ത മഴയത്ത് അന്തോണിച്ച കുടപിടിച്ചു പത്രം വായിക്കാൻ വായനശാലയിൽ എത്തിയപ്പോഴാണ് മയ്യപ്പെട്ടി വിൽക്കുന്ന ജോർജിനെ കണ്ടത്, "അന്തോണിച്ചാ സംഘത്തിലെ എല്ലാവരെയും സാംസൺ വിളിക്കുന്നുണ്ടല്ലോ (അവിടുത്തെ പ്രധാനരാഷ്ട്രീയ നേതാവ് ആണ് സാംസൺ),നിങ്ങ പോണില്ലേ" "ഇല്ലെടാ ഞാനറിഞ്ഞില്ല എന്താണ് കാര്യം" പ്രളയത്തിൽ ചിലയിടത്തൊക്കെ വെള്ളം കേറി, രക്ഷാപ്രവർത്തനത്തിന് ബോട്ടും കൊണ്ട് മൽസ്യതൊഴിലാളികളെ വിടാൻ ആണ് തീരുമാനം, നീന്തൽ അറിയാവുന്ന എല്ലാവരെയും സാംസൺ വിളിക്കുന്നുണ്ട്. അൽപമൊന്നു ആലോചിച്ചിട്ട് അന്തോണിച്ചൻ സംഘത്തിലൊട്ടു നടന്നു. അവിടെ ജെറിയടക്കം കുറെ മൽസ്യതൊഴിലാളികൾ നിൽക്കുന്നുണ്ട്. സാംസൺ പറഞ്ഞു അവസാനിപ്പിക്കുകയായിരുന്നു, "ഈ ഒരവസരത്തിൽ നമ്മളാണ് സഹായിക്കേണ്ടത്, നമ്മളിൽ വന്നു ചേർന്നിരിക്കുന്നത് ഒരു ചരിത്ര ദൗത്യമാണ്, ഇതിൽ ഉണ്ടാകുന്ന സകല നാശനഷ്ടങ്ങളും ഗവണ്മെന്റ് നിങ്ങൾക്ക് പരിഹാരം നൽകും." ജെറിൻ ഇടയ്ക്കു കേറി "ഈ നഷ്ടം തരും എന്ന് പറഞ്ഞിട്ട് ഉള്ള ബോട്ടു തകരാർ ആയാൽ, സർക്കാർ തരുമോ.., എന്ത് വിശ്വസിച്ചു ആണ് ഞാങ്ങ പോവുക, പറഞ്ഞ പലതും കിട്ടാതെ കിടക്കുന്ന കൂട്ട ഇതും കിടന്നാൽ ഞാങ്ങ എന്ത് ചെയ്യും, ജെറി പറഞ്ഞതും അന്തോണിച്ച പള്ളു വിളിച്ചതും ഒരുമിച്ച് ആയിരുന്നു. "ഭാ ക&%^%ക്ക പുള്ളേ, നിന്നേം നിന്റെ മോനേം പോലെ കുറെ എണ്ണം ആണ് അവിടെ വെള്ളത്തിൽ കിടന്നു ശ്വാസം മുട്ടുന്നേ, എന്നാടാ അത് നിന്റെ വള്ളം ആയതു, അത് ഞാൻ വാങ്ങിയ വള്ളം ആണ്, അത് നശിച്ചാൽ ഞാൻ സഹിച്ചു, ചാകാൻ കിടക്കുന്ന കുറെ മനുഷ്യന്മാരെ സഹായിക്കാൻ നിനക്ക് വയ്യെങ്കിൽ നിനക്ക് എന്റെ വള്ളോം എന്നല്ല ഒന്നും എഴുതി തരില്ല, എടാ സാംസ ഇവിടെ നിക്കണ ഒരുത്തനും വന്നില്ലേലും ഞാൻ വരുമെടാ , ഈ പ്രായത്തിൽ വെള്ളത്തിൽ കിടക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല ഇവന്റെയൊക്കെ കൂടെ കിടക്കുന്നതിലും ഭേദം എവിടേലും പോയി ചാകുന്നത് ആണ്."

“ഒന്നടങ്ങ് അന്തോണിച്ചാ” സാംസൺ പറഞ്ഞു, "ഡേയ് ആരെയും നിർബന്ധിക്കുന്നില്ല ഇത് ഒരു ചരിത്ര നിമിഷം ആണ്, സർക്കാർ സഹായം ചോദിച്ചു ആദ്യം എത്തിയ തീരങ്ങളിൽ ഒന്നാണ് നമ്മുടെത്, നിങ്ങൾക്കു സമ്മതം ആണെങ്കിൽ ഞാൻ വള്ളം കൊണ്ട് പോകാൻ ലോറി വിളിക്കാം" കൂടിയവരിൽ ജെറിയും ഒന്ന് രണ്ടു പേരും ഒഴിച്ച് എല്ലാവരും വരാം എന്ന് പറഞ്ഞു. മടിച്ചു നിക്കുന്ന ജെറിയെ നോക്കി തുപ്പിയിട്ടു അന്തോണിച്ച “ഞാൻ ഉണ്ടട, സെന്റ്. ആന്റണി വള്ളം, നീ എഴുതിക്കോ” എന്നുറക്കെ പറഞ്ഞു. ലോറികൾ ഓരോന്നായി വന്നു അന്തോണിച്ചയുടെ വള്ളവും കേറ്റി, അന്തോണിച്ച കേറും മുന്നേ ലോറിയിൽ ജെറി ഉണ്ടായിരുന്നു, "വീട്ടിപോയിരിയപ്പ, അലമാരിയിൽ ഓൾഡ് മങ്കിരുപ്പുണ്ട് അടിചോണ്ടു കിടന്നുറങ്ങ്" അന്തോണിച്ച ചിരിച്ചു. ഓരോ ലോറിക്കും കൈ വീശി കാണിച്ചും കമന്റ് പറഞ്ഞും അന്തോണിച്ച അവിടെ തന്നെ നിന്ന്, കുത്തി ഒഴുകിയ ഒരു നദിയിൽ നില തെറ്റിയ ജീവനുകൾ മത്സ്യത്തൊഴിലാളികളുടെ കരുതൽ ചൂണ്ടയിൽ കരകണ്ടു. കടല് പോലെ ഓരോ മുക്കുവനും നദിയെ കണ്ടു, കൂട്ടം തെറ്റിയ ഒരു മനുഷ്യ കുഞ്ഞിനെ ജെറി കണ്ടു. കടൽ പോലെ അവൻ കരകവിഞ്ഞ നദിയെ കണ്ടു. കുഞ്ഞു അവന്റെ അച്ഛന്റെ അടുത്തെത്തി. കടലിനു മുക്കുവന്മാരെ അറിയാം മുക്കുവന്മാർക്കു കടലിനെയും... പക്ഷെ എല്ലാ ജലത്തിനും ഉപ്പുരസം ഇല്ലല്ലോ. എല്ലാ വള്ളവും എത്തി, സെന്റ് ആന്റണിയും എത്തി പക്ഷെ ജെറി എത്തിയില്ല.

ഒരു വർഷത്തിന് ശേഷം ജെറിയുടെ ആണ്ടുകുർബാനയ്ക്കു പള്ളിയിലെ വികാരി ഗബ്രിയേലച്ഛൻ പ്രസംഗത്തിൽ ജെറിയെ ഉപമിച്ചത് ക്രിസ്തുവിനോട് ആയിരുന്നു. ഒരു ജനതയുടെ രക്ഷയ്ക്ക് വേണ്ടി അവൻ സ്വയം ബലി ആയി എന്ന് അച്ഛൻ പറഞ്ഞു നിർത്തി. ബെക്കാം ചുറ്റും നോക്കി. അപ്പാപ്പൻ ഇല്ല, സെമിത്തേരിയിലെ ചടങ്ങിന് ശേഷം അവൻ കടപ്പുറത്തേക്ക് ഓടി, സെന്റ് ആന്റണി വള്ളം ഇല്ല. അവൻ അപ്പനെ ഓർത്തു, കടലിൽ നോക്കി നിന്നു, കടലിന്റെ ഇരമ്പലുകൾ അവനെ ആശ്വസിപ്പിക്കുന്നതായി തോന്നി. ചെറിയ തിരമാലകൾ കാലിൽ ഉരസുമ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു ശക്തി അവനിൽ വന്നു ചേർന്നു. അപ്പാപ്പൻ പണ്ട് പറഞ്ഞതവനോർത്തു. മനസിലെ മാലിന്യങ്ങൾ എന്താണ് എന്ന് അവനു ഇപ്പോൾ അറിയാം. അവൻ കടലിലേക്ക് നോക്കി അപ്പാപ്പാ എന്നുറക്കെ വിളിച്ചു. കടലിൽ ദൂരെ എവിടെയോ ഒരു വള്ളത്തിൽ ഒരു മുക്കുവൻ അബ്രഹാമിനെ ഓർക്കുക ആയിരുന്നു. ഇസഹാക്കിനെ ബലി കൊടുക്കാൻ നേരം പ്രത്യക്ഷപ്പെട്ട മാലാഖയെ ആ മനുഷ്യനോർത്തു. ആഞ്ഞുവീശുന്ന കാറ്റിൽ പലകയിൽ കെട്ടിയിട്ട കുപ്പായത്തിൽ നിന്ന് നോട്ടുകൾ പറന്നു പോയി. അയാളുടെ കണ്ണിലെ ഉപ്പു കടൽ ഓരോന്നായി പെയ്തിറങ്ങി. ദൂരെ ഒരു നാട്ടിൽ ഒരുകൊച്ചു കുഞ്ഞു അപ്പന്റെ നെഞ്ചിലെ ചൂടേറ്റു തന്നെ രക്ഷിച്ച ഒരു മാലാഖയെ ഓർക്കുന്നുണ്ടായിരുന്നു.

Content Summary: Malayalam Short Story ' Muttanad ' Written by Jithu B. Alex