ADVERTISEMENT

"മാഷേ..." എന്ന വിളി കേട്ടുകൊണ്ടാണ് അവൻ ഉമ്മറത്തെക്ക് വന്നതും എന്താ "മാളു.." വിളി കേട്ടതും. മാഷേ നമുക്ക് ഒന്ന് ഗുരുവായൂരു പോയാലോ ഇതുവരെയും എന്നെ എങ്ങും കൊണ്ടുപോയിട്ടില്ലല്ലോ. അപ്പോഴാണ് അവൻ അതിനെ കുറിച്ച് ആലോചിക്കുന്നതു തന്നെ. സ്നേഹിച്ചു നടന്നിരുന്ന കാലത്തും അവളെ എങ്ങും കൊണ്ടുപോയിട്ടില്ല. അവൾ ഒന്നും ആവശ്യപെട്ടിട്ടും ഇല്ല. കുറച്ച് എതിർപ്പുകളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അവസാനം രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായി ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയായിരുന്നു. ജോലിയുടെ തിരക്കും വീട്ടിലെ പ്രശ്നങ്ങളും ഒക്കെ മാറ്റിവച്ച് സ്വസ്ഥമായ ഒരു ജീവിതം തുടങ്ങാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. താൻ ഒരുപാടു സ്നേഹിച്ചവളെയാണ് തനിക്ക് കിട്ടിയിരിക്കുന്നത്. എന്നിട്ടും അവൾക്ക് വേണ്ടി തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. അത് അവനൊരു സങ്കടം തന്നെയാണ്. ഇന്ന് എന്തായാലും അവളെയും കൊണ്ട് കണ്ണന്റെ അടുത്ത് പോകണം.

മാളു നീ ഇതുവരെ റെഡിയായില്ലേ.. ബസ്സ് പോകും വേഗം ആവട്ടെ അവൻ തിടുക്കം കൂട്ടി. ദാ ഇപ്പോ വരാം മാഷേ. ഈ സാരിയുടെ പ്ലീറ്റ് ഒന്നു ശരിയാക്കട്ടെ. അവൾ ഒരു കണക്കിന് സാരി ഒക്കെ ഉടുത്ത് ഓടി വന്നു. പോകാം ഞാൻ റെഡി. പിന്നെ അവളുടെ കൈയ്യും പിടിച്ച് ഓടുകയായിരുന്നു ബസ്സ്റ്റോപ്പിലേക്ക്. ബസ്സിൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല. രണ്ടു പേർക്കും കൂടി ഒരുമിച്ചിരിക്കാൻ സീറ്റു കിട്ടി. ബസ്സ് വിട്ടു. അവൾ അപ്പോൾ നല്ല സന്തോഷത്തിലായിരുന്നു. തന്റെ മാഷിന്റെ കൂടെ പുറത്തു പോകുന്നതിലും കണ്ണനെ കാണാൻ പോകുന്നതിലും ഉള്ള സന്തോഷം അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം അവന്. അവൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് വഴിയിൽ കാണുന്ന കാഴ്ചകളെ കുറിച്ചൊക്കെ. അവൻ അപ്പോൾ ആലോചിക്കയായിരുന്നു. താൻ ഒരു ട്യൂട്ടോറിയൽ കോളജിൽ പഠിപ്പിക്കുന്ന സമയം അവിടെ അവൾ പഠിക്കാൻ വന്നതും. തനിക്കവളെ ഇഷ്ടപ്പെട്ടതും ഒക്കെ. അവളോട് തന്നെ തന്റെ ഇഷ്ടം തുറന്നു പറഞ്ഞതും. അവൾ തന്നെയും ഇഷ്ടപ്പെട്ടിരുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം. പിന്നീട് സ്വന്തമായി കൈയ്യിൽ കിട്ടിയപ്പോൾ ഒന്നിനും സമയം ഇല്ലാതെയായി. ഒരു പരിഭവവും പറയാതെ അവൾ തന്റെ നിഴലായി കൂടെ കൂടി. അപ്പോഴെക്കും അമ്പലത്തിൽ എത്തിയിരുന്നു. ദീപാരാധന ആവാറായിട്ടുണ്ട്. നല്ല സംഗീതവും ഒപ്പം കളഭത്തിന്റെയും പൂക്കളുടെയും സുഗന്ധവും ഒഴുകി വരുന്നുണ്ട്. അതിൽ ലയിച്ചു നടക്കുമ്പോഴാണ് പെട്ടെന്ന് ഒരു വിളി.

മാഷേ എനിക്ക് ഒരു മുഴം മുല്ലപ്പൂ മാല വാങ്ങി തലയിൽ ചൂടി തരോ. ഒരു മുല്ലപ്പൂ മാലക്കാരന്റെ അടുത്ത് നിന്നാണ് വിളിക്കുന്നത്. ഞാൻ ചെന്ന് മാല വാങ്ങി തലയിൽ ചൂടി കൊടുത്തു. പിന്നെ കണ്ണനെ കാണാൻ കയറി. അവിടെ നിറപുഞ്ചിരിയുമായി ഞങ്ങളെയും കാത്ത് കണ്ണൻ ഇരിപ്പുണ്ട്. രണ്ടു പേരും തൊഴുകൈയ്യോടെ പ്രാർഥിച്ചു. ഭഗവാനെ ഒരുപാടു സ്നേഹിച്ച ഇവളെ എനിക്ക് തന്നതിനുള്ള നന്ദി പ്രാർഥനയ്‌ക്കൊപ്പം കണ്ണുനീരായി ഒഴുകി. അവളും പ്രാർഥിക്കയായിരുന്നു. മനസ്സിൽ കൊണ്ടു നടന്നിരുന്ന ഈ മാഷിനെ എനിക്ക് തന്നതിന് ഒരുപാടു നന്ദി ഭഗവാനെ എന്നും. രണ്ടു പേരും മതിവരുവോളം കണ്ണനെ കണ്ട് പുറത്തിറങ്ങി. ഇനി എന്താ പരിപാടി അവൻ അവളോട് ചോദിച്ചു. ഉടനെ മറുപടി വന്നു. എനിക്ക് കച്ചേരി കേൾക്കണം. കുറച്ചുനേരം അവിടെ ഇരുന്ന് കച്ചേരി കേട്ടു. ഇനി നമുക്ക് പോകാം. പോകാം മാഷേ.., പക്ഷേ എനിക്ക് കുറച്ച് കുപ്പിവള വാങ്ങി ഇട്ടു തരുമോ എന്നായി അവൾ. വാങ്ങി തരാലോ. പിന്നെ അവൻ അവളെയും കൊണ്ട് കടയിൽ പോയി കൈ നിറയെ കുപ്പി വള വാങ്ങി ഇടു കൊടുത്തു. അതു കഴിഞ്ഞപ്പോഴെക്കും അവൾക്ക് വിശക്കുന്നു എന്നു പറഞ്ഞു. അവിടെ കണ്ട ഒരു കോഫി ഹൗസിൽ കയറി മസാല ദോശയും കോഫിയും വാങ്ങി കഴിച്ചിട്ടാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.

ബസ്സിലെ മങ്ങിയ വെളിച്ചത്തിൽ പുഞ്ചിരിയോടെ പുറത്തെ കാഴ്ചകൾ നോക്കിയിരിക്കുന്ന അവളുടെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഭാവമായിരുന്നു. ആഗ്രഹിച്ചതെല്ലാം നേടിയതിന്റെ സംതൃപ്തി നിഴലിക്കുന്ന ആ മുഖം ഭഗവാന്റെ മുന്നിലെ നെയ്ത്തിരി നാളം പോലെ തിളങ്ങുകയായിരുന്നു. അവളോട് ഒന്ന് കൂടി ചേർന്നിരുന്ന് ചുണ്ടുകളിൽ നിന്നടരാതെ മൗനമായി അവൻ പറഞ്ഞു തീർത്തത്, മഞ്ചാടിക്കുരു പോലെ നീ കൂട്ടി വച്ചിരുന്നത് ഇത്രയും ആഗ്രഹങ്ങൾ ആയിരുന്നോ പെണ്ണേ...

Content Summary: Malayalam Short Story ' Manjadikkuru ' Written by Jisha Balu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com